വെല്ലുവിളിച്ചു നടന്ന സ്മൃതി ഇറാനി പറയുന്നു – രാഹുൽ ഇപ്പോൾ മിടുമിടുക്കൻ എന്ന്…

രാഹുൽ വിഷയങ്ങൾ പഠിക്കുന്നു നയങ്ങൾ മാറ്റുന്നു... ഇന്ത്യൻ രാഷ്ട്രീയത്തിൽ രാഹുൽ ശക്തൻ തന്നെ...

രാഷ്ട്രീയ അഭിപ്രായങ്ങൾ ഇരുമ്പുലക്കയല്ല എന്ന് പണ്ട് പറഞ്ഞ കമ്മ്യൂണിസ്റ്റ് ആചാര്യനായിരുന്നു സാക്ഷാൽ ഇ എം എസ് നമ്പൂതിരിപ്പാട്. രാഷ്ട്രീയത്തിൽ അദ്ദേഹത്തിൻറെ വാക്കുകൾക്ക് ഇന്നും വലിയ പ്രസക്തി ഉണ്ട്. കാരണം മാറ്റങ്ങൾക്ക് അനുസരിച്ച് നേതാക്കൾ പലരും സ്വഭാവത്തിലും പ്രതികരണത്തിലും പ്രസ്താവനയിലും മാറ്റങ്ങൾ വരുത്തി കൊണ്ടിരിക്കുകയാണ്. ഇതിൻറെ ഏറ്റവും വലിയ ഒരു ഉദാഹരണമാണ് ബിജെപിയുടെ ഉയർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയും രാഹുൽ ഗാന്ധിയെ അമേഠിയിൽ തോൽപ്പിച്ച ആളുമായ സ്മൃതി ഇറാനിയുടെ പുതിയ തുറന്നുപറച്ചിൽ. ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് രാഹുൽ ഗാന്ധിയെ വാനോളം പുകഴ്ത്തുന്ന പ്രസ്താവനയുമായി സ്മൃതി ഇറാനി വന്നിരിക്കുന്നത്.

കോൺഗ്രസ് നേതാവായ രാഹുൽഗാന്ധി പഴയ രാഹുൽ ഗാന്ധി അല്ല, സ്വഭാവത്തിലും പ്രവർത്തനത്തിലും വലിയ മാറ്റങ്ങളാണ് രാഹുൽഗാന്ധിയിൽ കാണുന്നത്. രാഷ്ട്രീയത്തിൽ പരാജയങ്ങൾ മാത്രം ഏറ്റുവാങ്ങിയിരുന്ന രാഹുൽ ഗാന്ധി ഇപ്പോൾ വിജയങ്ങൾ മാത്രം ഏറ്റുവാങ്ങുന്ന നേതാവായി വളർന്നിരിക്കുന്നു എന്നാണ് അവർ പറഞ്ഞത്.

ഒരു നേതാവ് എന്ന നിലയിൽ സ്വന്തം രാഷ്ട്രീയ പാർട്ടിയുടെ വളർച്ചയ്ക്ക് ഉതകുന്ന പുതിയ രാഷ്ട്രീയ തന്ത്രങ്ങൾ മെനയുവാനും, അത് ജനങ്ങൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അവതരിപ്പിക്കുവാനും ഇപ്പോൾ രാഹുൽഗാന്ധിക്ക് കഴിയുന്നുണ്ട്. ഒരു രാഷ്ട്രീയ നേതാവ് എന്ന നിലയിൽ ജാതി മതം രാഷ്ട്രീയം ജനാധിപത്യം നിയമനിർമ്മാണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ആഴത്തിലുള്ള പഠനം നടത്തുവാനും കാലോചിതമായ നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കാനും ഉള്ള കഴിവ് രാഹുൽഗാന്ധി നേടിയിരിക്കുന്നു എന്നാണ് സ്മൃതി ഇറാനി പറയുന്നത്. രാഹുൽ ഗാന്ധിയെ നോക്കിയാൽ തന്നെ ഇതിൻറെ പ്രകടമായ ലക്ഷണങ്ങൾ കാണാൻ കഴിയും. പാർലമെന്റിലും പുറത്തും അദ്ദേഹം അണിഞ്ഞുവരുന്ന വെള്ള ടീഷർട്ട് പോലും ചർച്ചയായി മാറുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അദ്ദേഹത്തിൻറെ ഈ വേഷമാറ്റം ആകർഷിച്ചിട്ടുള്ളത് ഇന്ത്യയിലെ യുവജനതയെ ആണ് എന്ന കാര്യവും എടുത്തു പറയേണ്ടതാണ്. അതുപോലെതന്നെ കഴിഞ്ഞ പല തെരഞ്ഞെടുപ്പ് അവസരങ്ങളിലും പ്രചരണത്തിന് എത്തുന്ന തലങ്ങളിൽ രാഹുൽ ഗാന്ധി ക്ഷേത്രദർശനത്തിന് തയ്യാറാക്കുന്നത് കണ്ടിട്ടുള്ളതാണ്. എന്നാൽ ഇത്തരം പ്രകടനങ്ങൾ ജനങ്ങൾ ഉൾക്കൊള്ളില്ല എന്നും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇത് ഗുണം ചെയ്യില്ല എന്നും തിരിച്ചറിഞ്ഞ രാഹുൽ ഗാന്ധി, ആ നിലപാടിലും മാറ്റം വരുത്തിയതായി സ്മൃതി ഇറാനി പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് തന്നെയാണ് പ്രധാനം. കഴിഞ്ഞ കാലങ്ങളിലെ തെരഞ്ഞെടുപ്പ് പരാജയങ്ങളിൽ കാരണമായി ഉണ്ടായ ഘടകങ്ങൾ വിശദമായി പഠിച്ചു പ്രവർത്തന ശൈലിയിൽ മാറ്റം വരുത്തിയതാണ് ഇപ്പോൾ രാഹുൽ ഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലെ ശക്തി കേന്ദ്രമായി മാറിയത് എന്നും അവർ പറഞ്ഞു.

കോൺഗ്രസ് പ്രസിഡൻറ് ആയിരുന്നപ്പോഴും ആ പദവി ഉപേക്ഷിച്ച്, വെറും കോൺഗ്രസ് നേതാവ് മാത്രമായി മാറിയപ്പോഴും രൂക്ഷമായ വിമർശനങ്ങൾ രാഹുൽ ഗാന്ധിക്കെതിരെ സ്ഥിരമായി നടത്തിയിരുന്ന ബിജെപി നേതാവാണ് സ്മൃതി ഇറാനി. അങ്ങനെയുള്ള നേതാവാണ് ഇപ്പോൾ നിലപാട് മാറ്റി രാഹുൽഗാന്ധിയെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുന്നത്. 2014ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ അമേഠി മണ്ഡലത്തിൽ രാഹുൽ ഗാന്ധി സ്മൃതി ഇറാനിയെ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ ആ മണ്ഡലം കേന്ദ്രീകരിച്ച് സ്മൃതി നടത്തിയ ജനകീയ ഇടപെടലുകളുടെ സഹായത്തോടുകൂടി 2019ലെ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിയെ തറ പറ്റിക്കാൻ സ്മൃതിക്ക് കഴിഞ്ഞു. എന്നാൽ ഒരു തിരുത്തെഴുത്ത് പോലെ ഈ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ വലിയ നേതാവല്ലാത്ത കിഷോരി ലാൽ ശർമ എന്ന ആളിനോട് മത്സരിച്ചു സ്മൃതി ഇറാനി തോൽവി ഏറ്റുവാങ്ങി. മാത്രമല്ല ഈ തെരഞ്ഞെടുപ്പിൽ അമേഠി മണ്ഡലം വിട്ട് രാഹുൽ ഗാന്ധി റായിബറലി മണ്ഡലത്തിൽ മത്സരിച്ചപ്പോൾ അദ്ദേഹത്തെ ആക്ഷേപിച്ചുകൊണ്ട് അമേഠി മണ്ഡലത്തിൽ മത്സരിക്കാൻ ധൈര്യമുണ്ടോ എന്ന് രാഹുലിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.  ഈ വെല്ലുവിളിക്ക് ശേഷമാണ് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ വലിയ തോൽവി സ്മൃതി ഇറാനി ഏറ്റുവാങ്ങിയത്.

വെറും ബിജെപിയുടെ ഒരു നേതാവ് എന്ന രീതിയിൽ ആയിരുന്നില്ല കഴിഞ്ഞ കാലങ്ങളിൽ സ്മൃതി ഇറാനിയുടെ സ്ഥാനം. യഥാർത്ഥത്തിൽ പുറത്തുവരുന്ന ഏത് വിഷയത്തിലും കുറിക്ക് കൊള്ളുന്ന രീതിയിൽ ബിജെപിയുടേതായ നിലപാടുകൾ തുറന്നടിക്കുന്ന പാർട്ടിയുടെ വക്താവ് കൂടിയായിരുന്നു സ്മൃതി ഇറാനി. അങ്ങനെയുള്ള ഒരാളാണ് ഇപ്പോൾ രാഹുൽ ഗാന്ധിയെ ആദരിക്കാനും അംഗീകരിക്കാനും സ്നേഹം പങ്കിടാനും മുന്നോട്ടുവന്നിരിക്കുന്നത്. രാഹുൽ ഗാന്ധിയെ നല്ലവനായി കണ്ടുകൊണ്ട് നടത്തുന്ന സ്മൃതിയുടെ ആദ്യ പ്രസ്താവന അല്ല ഇത്. ഇതിനുമുമ്പും രാഹുൽ ഗാന്ധിയോടുള്ള രാഷ്ട്രീയ ശത്രുത ഉപേക്ഷിച്ചുകൊണ്ട് പ്രതികരണം നടത്താൻ സ്മൃതി ഇറാനി മുന്നോട്ടു വന്നിരുന്നു. ഇവരുടെ ഇത്തരത്തിലുള്ള പ്രസ്താവനകളും മറ്റും പാർട്ടിയുടെ മുതിർന്ന നേതാക്കളിൽ എതിർപ്പ് ഉണ്ടാക്കിയിട്ടുണ്ട് എന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.