സിപിഎം എന്ന പാർട്ടിയെയും സർക്കാരിനെയും സ്വന്തം കൈപ്പിടിയിൽ ഒതുക്കിയ പിണറായി വിജയൻ എന്ന നേതാവിന്റെ പ്രതാപം മങ്ങുകയാണ്. എക്കാലത്തും തന്റെ വാക്കുകൾ അംഗീകരിച്ച ഒപ്പം നിന്നിരുന്ന കണ്ണൂരിലെ മുതിർന്ന സിപിഎം നേതാക്കൾ പിണറായിയിൽ നിന്നും അകലാൻ തുടങ്ങിയതാണ് പുതിയ പ്രതിസന്ധിക്ക് തുടക്കം. രണ്ടാം പിണറായി സർക്കാരിൻറെ തുടക്കം മുതലാണ് സിപിഎമ്മിനകത്ത് പ്രതിസന്ധികൾ ഉരുണ്ടുകൂടാൻ തുടങ്ങിയത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനും ഇടതുപക്ഷ മുന്നണിക്കും വലിയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നതോടുകൂടി പാർട്ടിക്കുള്ളിൽ ചേരിതിരിവുകൾ നേതാക്കന്മാർ തന്നെ ഏറ്റെടുക്കുന്ന സ്ഥിതി വന്നു. പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെ ധിക്കാരപരമായ പ്രവർത്തനശൈലിയും സർക്കാരിൻറെ പിടിപ്പുകളും പാർട്ടിയെ ജനങ്ങളിൽ നിന്നും അകറ്റി എന്ന് പാർട്ടി സംസ്ഥാന കമ്മറ്റിയിൽ തുറന്നുപറച്ചിൽ ഉണ്ടായി. ജില്ലാ നേതാക്കൾ സംസ്ഥാന കമ്മിറ്റിക്ക് കൈമാറിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനും എതിരായ വിമർശനം ഉണ്ടായത്. ഇത്തരത്തിൽ വിമർശനം ഉണ്ടായ സംസ്ഥാന കമ്മിറ്റി യോഗത്തിൽ യോഗം പൂർത്തിയാകാതെ ഗൗരവത്തോടെ പിണറായി വിജയൻ ഇറങ്ങിപ്പോയതും ശ്രദ്ധേയമായിരുന്നു.
പാർട്ടിയെയും സർക്കാരിനെയും വിട്ടുമാറാതെ ഓരോരോ പ്രതിസന്ധികൾ കടന്നുവരുന്നതാണ് പാർട്ടിയിലെ ഭിന്നതകൾ രൂക്ഷമാകാൻ കാരണമാകുന്നത്. ഭരണത്തിൽ ഇരിക്കുന്ന ഇടതുമുന്നണിയുടെ കൺവീനർ സ്ഥാനത്തുനിന്നും ഇ പി ജയരാജനെ മാറ്റിയതാണ് ഏറ്റവും ഒടുവിൽ പാർട്ടിക്ക് പുതിയ തലവേദനയായി മാറിയത് കണ്ണൂരിന്റെ ശക്തനായ കമ്മ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ അംഗീകരിക്കപ്പെട്ടിരുന്ന ജയരാജനെ കൺവീനർ പദവിയിൽ നിന്നും വിശദീകരണം പോലും നൽകാതെ പുറത്താക്കുന്ന തീരുമാനമാണ് പാർട്ടി കമ്മിറ്റി എടുത്തത്. തന്നെ പുറത്താക്കുന്ന തീരുമാനം ഉണ്ടാകും എന്ന് മുൻകൂട്ടി അറിഞ്ഞ ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാതെ കണ്ണൂരിലേക്ക് മുങ്ങുകയാണ് ചെയ്തത്. ഇത്തരം ദുരനുഭവം ഏറ്റെടുക്കേണ്ടി വന്ന ജയരാജൻ കണ്ണൂരിൽ എത്തി തൻറെ രാഷ്ട്രീയ തന്ത്രങ്ങൾ പാർട്ടി നേതാക്കൾക്കും മുഖ്യമന്ത്രിക്കും എതിരെ പ്രയോഗിക്കുന്നതിനുള്ള ആലോചനകളാണ് തുടങ്ങിവെച്ചത്.പാർട്ടിയിൽ പോലും ഏകാധിപത്യ ശൈലി കാണിക്കുന്ന പിണറായി വിജയൻ ശക്തനായ നിന്നിരുന്നപ്പോൾ സഹികെട്ട് കൂടെ നിന്നിരുന്ന മുതിർന്ന ചില സിപിഎം നേതാക്കൾ ഇപ്പോൾ പിണറായി തള്ളിപ്പറഞ്ഞു പുതിയ സംഘത്തിൻറെ ശക്തി കൂട്ടാൻ ശ്രമിക്കുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി കേരളത്തിലെ സിപിഎം നേതാക്കൾ പ്രയോഗിക്കുന്ന ചില തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഉണ്ട്. ചില മണ്ഡലങ്ങളിൽ രാഷ്ട്രീയമില്ലാത്ത ആൾക്കാരെ കണ്ടെത്തി സ്ഥാനാർഥിയാക്കി സിപിഎം സ്വതന്ത്രൻ എന്ന ലേബലിൽ എല്ലാരുടെയും വോട്ട് കിട്ടാൻ സാഹചര്യമൊരുക്കുന്ന തന്ത്രമായിരുന്നു ഇത്. ഈ തന്ത്രത്തിന്റെ ആവിഷ്കാരം വഴിയാണ് ഇപ്പോൾ പിണറായിക്കെതിരെ തിരിയുന്ന സംഘത്തിൽ പെടുന്ന എംഎൽഎ മാരായ പി വി അൻവറും കെ ടി ജലീലും അതുപോലെതന്നെ മുൻ എംഎൽഎ ആയ കാരാട്ട് റസാക്കും എല്ലാം. അൻവർ ഇപ്പോൾ സിപിഎമ്മിന്റെ വലിയ ആരാധകൻ ആണെങ്കിലും കോൺഗ്രസിൽ നിന്നും ആണ് ഇദ്ദേഹം സിപിഎമ്മിൽ എത്തിയത്. അതുപോലെതന്നെ മുസ്ലിം ലീഗ് പാർട്ടിയുടെ കരുത്തനായ യുവജന നേതാവ് ആയിരുന്നു കെ.ടി ജലീൽ. അദ്ദേഹം ലീഗുമായി ഇടഞ്ഞപ്പോൾ സിപിഎം ഏറ്റെടുത്ത് സ്വതന്ത്രനായി മത്സരിപ്പിക്കുകയാണ് ഉണ്ടായത്. കാരാട്ട് റസാക്കിന്റെ കാര്യത്തിലും ഇതൊക്കെ തന്നെയാണ് ഉണ്ടായത്. ഇത്തരത്തിൽ ചെറുപ്പകാലം മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനം ശീലിക്കാതെ കടന്നു വന്നിട്ടുള്ള പല നേതാക്കളും ഇപ്പോൾ ജനങ്ങൾ വെറുക്കുന്നു എന്ന തിരിച്ചറിവോടുകൂടി സിപിഎം വിടുകയോ അതല്ലെങ്കിൽ പാർട്ടിയെ പിളർത്തി മറ്റൊരു ശക്തികേന്ദ്രം ഉണ്ടാക്കി മുന്നോട്ടു നീങ്ങുന്നതിനോ ആലോചന നടത്തിക്കൊണ്ടിരിക്കുകയാണ്.
സിപിഎം കേരള ഘടകത്തിൽ നേതൃനിരയിലുള്ള ആൾക്കാരെല്ലാം മുഖ്യ ശത്രുവായി ഇപ്പോൾ കാണുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ തന്നെയാണ്. മുഖ്യമന്ത്രിയുടെ പേരിലും കുടുംബാംഗങ്ങളുടെ പേരിലും വരെ വലിയ തോതിലുള്ള അഴിമതി ആരോപണങ്ങൾ ഉയരുമ്പോൾ ഒന്നും മിണ്ടാതെ പാർട്ടിയെ കുരിശിൽ തറക്കുന്ന നിലപാടാണ് പിണറായി തുടരുന്നത്. ഏറ്റവും ഒടുവിൽ സ്വന്തം പാർട്ടിയിലെ നിയമസഭാ അംഗമായ അൻവർ പോലീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ നടത്തിയ നിരവധി ക്രിമിനൽ കുറ്റങ്ങളും പാർട്ടിയുടെ നേതൃനിരയിലുള്ള മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി നടത്തുന്ന കൊള്ളരുതായ്മകളും തുറന്നു പറയുമ്പോൾ അൻവറിനെ ഭീഷണിപ്പെടുത്തി, മിണ്ടാതെ ആക്കാനുള്ള സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത് എന്നാണ് സിപിഎമ്മിലെ മുതിർന്ന നേതാക്കൾ അഭിപ്രായപ്പെടുന്നത്. ശശിയുടെ കാര്യം മാറ്റി നിർത്തിയാൽ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെ പേരിൽ തെളിവുകൾ അടക്കം അൻവർ മുന്നോട്ടുവെച്ച ആരോപണങ്ങൾ അന്വേഷിക്കുന്നതിന് മുഖ്യമന്ത്രി എന്തുകൊണ്ട് മടി കാണിക്കുന്നു എന്നാണ് ഈ നേതാക്കൾ ചോദിക്കുന്നത്.
ഇതിനിടയിലാണ് മുഖ്യമന്ത്രിപദം തൽക്കാലത്തേക്ക് മാറ്റിവെക്കാൻ തയ്യാറായാൽ പകരമായി മരുമകൻ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയായി വാഴിക്കുക എന്ന പിണറായിയുടെ മനസ്സിലിരിപ്പ് മുതിർന്ന നേതാക്കൾ കണ്ടെത്തിയത്. സിപിഎം എന്ന പാർട്ടിക്കും മുതിർന്ന നേതാക്കൾക്കും ഒരുതരത്തിലും അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ല ഇത്. അതുകൊണ്ടുതന്നെയാണ് മുഖ്യമന്ത്രിക്കെതിരെ നേതാക്കളുടെ നീക്കങ്ങളിൽ കൂടുതൽ സഖാക്കൾ പിന്തുണയുമായി എത്തുന്നത് എന്നാണ് പറയപ്പെടുന്നത്.മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രി പദവി ഇല്ലാത്ത അവസ്ഥ ചിന്തിക്കാൻ പോലും കഴിയില്ല. മുഖ്യമന്ത്രിപദം നഷ്ടപ്പെടുന്ന ദിവസം നിരവധി അന്വേഷണ ഏജൻസികൾ പിറകെ എത്തും എന്നത് പിണറായി ഭയപ്പെടുന്നുണ്ട്. ഇതിന് ഒരു തട ഇടാനാണ് താൻ മുഖ്യമന്ത്രിപദം മാറിയാൽ മരുമകനായ റിയാസിനെ മുഖ്യമന്ത്രിയാക്കുക എന്ന ചിന്തയിൽ പിണറായി എത്തിയിരിക്കുന്നത്. മുഹമ്മദ് റിയാസ് മുഖ്യമന്ത്രിയായാൽ പിണറായിയുടെയും കുടുംബ അംഗങ്ങളുടെയും പേരിൽ ഉയർന്നിട്ടുള്ള അഴിമതി ആരോപണങ്ങൾ പുറത്തു വരാതിരിക്കുന്നതിന് വഴിയൊരുക്കും എന്നാണ് പിണറായി കണക്കുകൂട്ടുന്നത്.
ഇതിനിടയിലാണ് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ തൻറെ പാർട്ടി സെക്രട്ടറി പദവി ആധികാരികമായി ഉപയോഗിച്ചുകൊണ്ട് പാർട്ടിക്കുള്ളിൽ പുതിയ ചില സമവാക്യങ്ങൾ രൂപപ്പെടുത്തുന്നതിന് നീക്കം നടത്തുന്നത്. പിണറായിയുടെ കാലം കഴിഞ്ഞാൽ ഇടതുമുന്നണിക്ക് അധികാരം കിട്ടുന്ന സാഹചര്യം ഉണ്ടായാൽ മുഖ്യമന്ത്രി പദവിയിലേക്ക് തൻറെ പേര് ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള തന്ത്രപരമായ നീക്കങ്ങളാണ് പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ നടത്തിക്കൊണ്ടിരിക്കുന്നത്. സിപിഎമ്മിന്റെ ആധികാരിക സംഘടന നേതൃത്വം ആയ പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മറ്റിയിലും പരമാവധി തനിക്ക് അനുകൂലമായ അഭിപ്രായം രൂപപ്പെടുത്തുന്നതിനുള്ള നീക്കമാണ് ഗോവിന്ദൻ മാസ്റ്റർ നടത്തുന്നത്. പാർട്ടിയുടെ ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ഗുരുതര രോഗബാധയാൽ ആശുപത്രിയിൽ ഐസിയുവിൽ കഴിയുകയാണ്. ഈ സാഹചര്യത്തിൽ സിപിഎം പാർട്ടിക്ക് ഒരു പുതിയ ദേശീയ സെക്രട്ടറിയെ കണ്ടെത്തേണ്ട സാഹചര്യം ഉണ്ടായാൽ. ഒന്നാമത്തെ പരിഗണനയിലേക്ക് വരുന്ന ഒരു പേര് കേരളത്തിൽ നിന്നുള്ള എം എ ബേബി ആയിരിക്കും. ഡൽഹിയിൽ സ്ഥിരമായി പാർട്ടി പ്രവർത്തനം നടത്തുന്ന ബേബിക്ക് പോളിറ്റ് ബ്യൂറോ അംഗങ്ങളുടെയും കേന്ദ്ര കമ്മിറ്റി അംഗങ്ങളുടെയും ഇടയിൽ വലിയ ബന്ധവും സ്വാധീനവും ഉണ്ട്. ഇത് ഉപയോഗപ്പെടുത്തിയാൽ സിപിഎം പാർട്ടിയുടെ ദേശീയ സെക്രട്ടറി പദവിയിലേക്ക് ബേബി വരുവാൻ ആണ് സാധ്യത. എം എ ബേബി കുറച്ചുകാലമായി പിണറായി വിജയനയിൽ നിന്നും അകലം പാലിച്ചു മുന്നോട്ടുപോകുന്ന ആളാണ്. കേരളത്തിൽ ഉരുത്തരിയുന്ന പാർട്ടിയിലെ പുതിയ ചേരിതിരിവുകളിൽ സ്വാഭാവികമായും ബേബി പിണറായി വിരുദ്ധ ചെയ്തിക്കൊപ്പം നിൽക്കും എന്നത് ഉറപ്പാണ്. ഇത്തരത്തിൽ ഒരു പുതിയ നീക്കം ഉണ്ടായാൽ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററും ബേബിക്കൊപ്പം മുന്നോട്ട് നീങ്ങും എന്നതാണ് യാഥാർത്ഥ്യം.
പല കാരണങ്ങളുടെ പേരിൽ പിണറായി വിജയൻറെ ഇടപെടലുകൾ നിരാശപ്പെടുത്തിയ ഒരു ഡസനോളം മുതിർന്ന നേതാക്കൾ പിണറായി വിരുദ്ധരായി ഇപ്പോൾ പാർട്ടിക്കകത്ത് ഉണ്ട്. മുൻ മന്ത്രിമാരായ തോമസ് ഐസക്ക്, ജി സുധാകരൻ, എ.കെ. ബാലൻ, എ വിജയരാഘവൻ, കണ്ണൂർ നേതാക്കളായ ഇ പി ജയരാജൻ അതുപോലെതന്നെ എം.വി ജയരാജൻ, തുടങ്ങിയവരെല്ലാം പിണറായിക്കെതിരായ നീക്കങ്ങളിൽ ഒത്തുചേരും എന്നാണ് പുറത്തുവരുന്ന വാർത്തകൾ.
കഴിഞ്ഞ എട്ടുവർഷമായി മുഖ്യമന്ത്രി പദത്തിലും അതിനു മുൻപ് 15 വർഷത്തിലധികം സിപിഎം പാർട്ടിയുടെ സെക്രട്ടറി പദവിയിലും ഏകാധിപത്യ അന്തരീക്ഷത്തിൽ പ്രവർത്തിച്ച വളർന്ന പിണറായി വിജയൻ ഒരിക്കൽ പോലും ആർക്കും മുന്നിലും തലകുനിക്കാൻ തയ്യാറായിട്ടില്ല. എന്നാൽ ഇപ്പോൾ സ്ഥിതി മാറിയിരിക്കുന്നു. പാർട്ടിക്ക് അകത്തു തന്നെ തൻറെ ശക്തി ക്ഷയിച്ചതായി പിണറായി തിരിച്ചറിയുന്നുണ്ട്. സർക്കാരിൻറെ തണലിൽ ഉദ്യോഗസ്ഥരെയും ചുരുക്കം ചില പാർട്ടി നേതാക്കളെയും കൂടെ നിർത്താം എന്ന മുഖ്യമന്ത്രിയുടെ ശൈലിക്കും തിരിച്ചടിയായി മാറിയത് പാർട്ടി എംഎൽഎ ആയ അൻവറിന്റെ വെളിപ്പെടുത്തലുകളും പുറത്തുവിട്ട തെളിവുകളും ആണ്. സർക്കാരും പാർട്ടിയും പെട്ടന്ന് പരിഹരിക്കാൻ കഴിയാത്ത കുരുക്കിലാണ് ഇപ്പോൾ എത്തിനിൽക്കുന്നത്. അതുകൊണ്ടുതന്നെ പാർട്ടിയുടെ താഴെത്തട്ടിലുള്ള ഘടകങ്ങളിൽ എല്ലാം വലിയ എതിർപ്പാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെയും പാർട്ടിയുടെ നേതാക്കളെയും കൂടുതൽ പ്രതിസന്ധിയിൽ ആക്കുന്നത് ഇപ്പോഴത്തെ പ്രത്യേക ഒരു സാഹചര്യം കൂടിയാണ്. കേരളത്തിലെ സിപിഎമ്മിന്റെ പാർട്ടി സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. ഒന്നാം ഘട്ടം എന്ന നിലയിൽ പാർട്ടിയുടെ ബ്രാഞ്ച് സമ്മേളനങ്ങൾ നടന്നുവരികയാണ്. ഇത്തരത്തിൽ നടക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങളിൽ കമ്മ്യൂണിസത്തിന്റെ കോട്ടയായ കണ്ണൂരിൽ പോലും വിമർശനങ്ങളുടെ കുത്തൊഴുക്കാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററുടെ മണ്ഡലത്തിൽ പെടുന്ന മൊറാഴ ബ്രാഞ്ച് കമ്മിറ്റി യോഗം പ്രവർത്തകർ ബഹിഷ്കരിച്ചതോടെ മാറ്റിവയ്ക്കുന്ന സ്ഥിതി ഉണ്ടായി. തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയിലും സംഘർഷവും ചേരിതിരിവും രൂക്ഷമാണ്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ മണ്ഡലത്തിൽ സിപിഎമ്മിന്റെ വോട്ടുകൾ വലിയതോതിൽ ചോർന്നു എന്നും ഇതെല്ലാം ഒഴുകിയെത്തിയത് ബിജെപി സ്ഥാനാർത്ഥിയുടെ പെട്ടിയിൽ ആണ് എന്നുമുള്ള ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങളും ജില്ലയിലെ സിപിഎം നേതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്.ഏതായാലും ശരി കേഡർ പാർട്ടി ആയും പട്ടാള ചിട്ടയുള്ള പാർട്ടിയായും ഒക്കെ പറഞ്ഞുകൊണ്ടിരുന്ന കേരളത്തിലെ സിപിഎം വലിയ പൊട്ടിത്തെറിയുടെ മുന്നിലാണ്. ഇപ്പോഴത്തെ ഒരു പങ്ക് നേതാക്കളുടെ രഹസ്യ നീക്കങ്ങൾ പരിശോധിച്ചാൽ അവർക്ക് ശക്തി കൂടിവരികയാണെങ്കിൽ പാർട്ടി തന്നെ രണ്ടായി പിളരുന്ന സാഹചര്യം ഉണ്ടാകും. പിണറായി വിഭാഗവും വിരുദ്ധ വിഭാഗവും. എന്ന രീതിയിലുള്ള നീക്കങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. മാത്രവുമല്ല സർക്കാരിനെതിരെ ഉയർന്നിട്ടുള്ള പരാതികൾ ജനങ്ങൾ ചോദിക്കുമ്പോൾ മറുപടി പറയാൻ കഴിയാത്ത ഗതികേടിലേക്ക് പാർട്ടിയുടെ സാധാരണ സഖാക്കൾ എത്തിയതും അവർ അത് പാർട്ടി യോഗങ്ങളിൽ തുറന്നു പറയുന്നതും പാർട്ടിക്ക് അസ്വസ്ഥത ഉണ്ടാക്കുകയാണ്.