അമേരിക്കൻ പര്യടനം നടത്തിക്കൊണ്ടിരുന്ന കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി അവിടെ നിരവധി പരിപാടികളിലും സംവാദങ്ങളിലും പങ്കെടുത്തു പ്രസംഗിക്കുകയും ഇന്ത്യയെ സംബന്ധിച്ചുള്ള സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയുകയും ചെയ്തത് വലിയ വാർത്തയായി മാറിയിരിക്കുകയാണ്. അമേരിക്കയിലെ മിക്കവാറും രാഹുൽ ഗാന്ധി പങ്കെടുത്ത എല്ലാ യോഗങ്ങളിലും ഇന്ത്യക്കാരായ ആൾക്കാർ അടക്കം വലിയ ജനാവലിയാണ് പങ്കെടുത്തത്. താൻ വളർന്നുവന്ന കുടുംബ പശ്ചാത്തലവും രാഷ്ട്രീയ പശ്ചാത്തലവും താൻ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ മഹത്തായ പാരമ്പര്യവും എടുത്തുപറഞ്ഞു കൊണ്ടുള്ള പ്രസംഗങ്ങളും പ്രസ്താവനകളുമാണ് അമേരിക്കയിൽ രാഹുൽ ഗാന്ധി നടത്തിയത്. തൻറെ മാതൃരാജ്യം കഴിഞ്ഞ 10 വർഷക്കാലത്തിനിടയിൽ വലിയ പ്രതിസന്ധിയിലേക്കാണ് എത്തിച്ചേർന്നത് എന്ന രാഹുലിന്റെ പ്രസ്താവനയും വിവാദമായിട്ടുണ്ട്. ഇന്ത്യയിൽ ജനാധിപത്യവും മതേതരത്വവും വലിയ ഭീഷണിയെ നേരിടുകയാണ് എന്ന് വ്യക്തമാക്കിയ രാഹുൽഗാന്ധി സിഖ് സമുദായ വിശ്വാസികൾ നേരിടുന്ന ചില പ്രതിസന്ധികൾ തുറന്നുപറയുകയും ചെയ്തു. നരേന്ദ്രമോദിയും ബിജെപിയും അധികാരത്തിൽ വന്നശേഷം സിഖ് ജനത വലിയ ആശങ്കയിൽ ആണെന്നും അവരുടെ ജീവിതം തന്നെ അരക്ഷിതാവസ്ഥയിൽ ആണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മതപരമായ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരിൽ തലപ്പാവ് അണിഞ്ഞു കൊണ്ട് ക്ഷേത്രത്തിൽ പോകാൻ പോലും കഴിയാത്ത ഗതികേടിലാണ് സിക്കുകാർ എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അദ്ദേഹത്തിൻറെ ഈ പ്രസ്താവനയെ വളച്ചൊടിച്ചു കൊണ്ടാണ് ഇന്ത്യയിലെ ബിജെപി നേതാക്കൾ രാഹുൽ വിരുദ്ധ പ്രസ്താവനകളുമായി കടന്നുവന്നിരിക്കുന്നത്.
അമേരിക്കയിൽ രാഹുൽ നടത്തിയ സത്യസന്ധമായ വിശദീകരണത്തെ വളച്ചൊടിച്ച്, രാജ്യത്തിൻറെപ്രതിച്ഛായ തകർക്കുന്ന പ്രവർത്തനമാണ് രാഹുൽ ഗാന്ധി നടത്തുന്നത് എന്നാണ് ബിജെപിക്കാർ ആരോപിച്ചത്. ഇന്ത്യയിലെ ജനാധിപത്യ ബോധം തകർക്കുവാനും ബിജെപിയെയും പ്രധാനമന്ത്രിയെയും അപകീർത്തിപ്പെടുത്തുവാനും രാഹുൽഗാന്ധി ശ്രമിക്കുന്നു സ്വന്തം പേരിനൊപ്പം ഗാന്ധി എന്ന വാക്ക് ഇല്ലായിരുന്നുവെങ്കിൽ, രാഹുൽഗാന്ധി വെറും വഴിയോര കച്ചവടക്കാരന്റെ സ്ഥിതിയിൽ എത്തുമായിരുന്നു എന്നും ആണ് ബിജെപിയുടെ ദേശീയ നേതാവ് പ്രസ്താവിച്ചത്. മാത്രവുമല്ല സിഖ് മത വിഭാഗത്തിന്റെ ആൾക്കാർക്ക് ഇടയിൽ ഭിന്നത ഉണ്ടാക്കാനും അതുവഴി ഒരു വിഭാഗത്തിന്റെ വോട്ട് നേടിയെടുക്കാനും ഉള്ള തന്ത്രമാണ് രാഹുൽ ഗാന്ധി പയറ്റുന്നത് എന്നും ബിജെപി ആരോപിക്കുന്നു. ഇത് മാത്രമല്ല രാഹുൽ ഗാന്ധി ഇപ്പോൾ നടത്തുന്ന സിഖ് മതവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ പഴയ ഒരു ചരിത്രം ആവർത്തിക്കുന്നതിന് വഴിയൊരുക്കും എന്ന കാര്യം രാഹുൽ ഓർമിക്കണം എന്നും ബിജെപി പറയുകയാണ്. രാഹുൽ ഗാന്ധിയുടെ അമ്മൂമ്മയായ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് സിഖ് സമൂഹത്തിനിടയിൽ ചേരിതിരിവ് ഉണ്ടാവുകയും, ഒരു വിഭാഗവുമായി ഇന്ദിരാഗാന്ധി കൂട്ടുചേരുകയും ചെയ്തത് ഇതിൻറെ ഒടുവിലത്തെ ഫലം സ്വന്തം സുരക്ഷ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഇന്ദിരാഗാന്ധി മരിക്കുന്ന സ്ഥിതി ആയിരുന്നു, എന്നത് രാഹുൽ ഗാന്ധി മറക്കരുത് എന്നും ബിജെപി നേതാക്കൾ പറയുന്നുണ്ട്. ഇത് മാത്രമല്ല നിരവധിയായ വ്യക്തിപരമായ ആക്ഷേപങ്ങളും ആരോപണങ്ങളും ആണ് ബിജെപി നേതാക്കൾ തുടർന്നുകൊണ്ടിരിക്കുന്നത് ഈ വിഷയത്തിൽ നടപടിയെടുക്കണം എന്ന ആവശ്യപ്പെട്ടുകൊണ്ട് കോൺഗ്രസ് നേതാക്കൾ പ്രധാനമന്ത്രിക്ക് പരാതി നൽകി കഴിഞ്ഞിട്ടുമുണ്ട്.
യഥാർത്ഥത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഒപ്പം ഉള്ള അമിത് ഷാ തുടങ്ങിയ നേതാക്കൾക്കും ഇപ്പോൾ എന്താണ് സംഭവിച്ചിട്ടുള്ളത് എന്ന പരിശോധനയാണ് യഥാർത്ഥത്തിൽ നടത്തേണ്ടത്. പത്ത് വർഷക്കാലം രണ്ട് തെരഞ്ഞെടുപ്പുകളിൽ ആയി വമ്പൻ ഭൂരിപക്ഷത്തോടെ കൂടി ഒറ്റയ്ക്ക് ഭരിച്ച നരേന്ദ്രമോദിയും ബിജെപിയും ആ നിലയിൽ നിന്നും താഴെ വീണു മറ്റു പാർട്ടികളുടെ സഹായത്തോടെ ഭരണത്തിൽ തുടരുകയാണ്. ഈ സർക്കാർ എത്ര കാലം മുൻപോട്ടു പോകും എന്ന കാര്യത്തിലുള്ള ആശങ്കയാണ് യഥാർത്ഥത്തിൽ ബിജെപി നേതാക്കളെ അലട്ടുന്നത്. കൂട്ടുകക്ഷി സർക്കാർ എന്ന നിലയ്ക്ക് ഗവൺമെൻറ് തീരുമാനങ്ങൾ എല്ലാം എല്ലാരുടെയും അംഗീകാരത്തോടെ മാത്രമേ നടപ്പിൽ വരുത്താൻ കഴിയുകയുള്ളൂ. കഴിഞ്ഞ 10 വർഷക്കാലവും നരേന്ദ്രമോദി ആർ എസ് എസ് – സംഘപരിവാർ ശക്തികളുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചു കൊണ്ടുള്ള ഭരണമാണ് നടത്തിയിരുന്നത്. മതപരമായ പ്രീണനവും ജാതീയമായ വേർതിരിവുകളും സ്ഥിരമായി ആവർത്തിക്കുന്ന ഏർപ്പാടാണ് നരേന്ദ്രമോദിയുടെ രണ്ടു സർക്കാരുകൾ നടത്തിയത്. ഇന്ന് ഏതായാലും അത്തരത്തിൽ ഏകപക്ഷീയ തീരുമാനവുമായി ബിജെപിക്ക് മുന്നോട്ടുപോകാൻ കഴിയുന്നില്ല, ഇതിൻറെ നിരാശ മൂലം ഉണ്ടാകുന്ന വിരോധമാണ് രാഹുൽഗാന്ധിക്ക് മേൽ അടിച്ചേൽപ്പിക്കുന്നത്.
രാഹുൽ ഗാന്ധി തന്റെ പ്രസ്താവനയിൽ പറഞ്ഞിട്ടുള്ള ബിജെപി ഭരണകൂടത്തിന്റെ മതവിദ്വേഷം എന്നതിന് എത്രയോ തെളിവുകളാണ്. നമ്മുടെ രാജ്യത്ത് നടന്നിട്ടുള്ളത് ഇപ്പോഴും അവസാനിക്കാതെ നിരന്തരം അക്രമങ്ങളും, കൊലപാതകങ്ങളും നടക്കുന്ന മണിപ്പൂരിലേക്ക് തിരിഞ്ഞുനോക്കാൻ പോലും കഴിഞ്ഞിട്ടില്ല. രാജ്യത്ത് മതന്യൂനപക്ഷങ്ങൾ ആയ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആശങ്കയിൽ ജീവിക്കുകയാണ് എപ്പോൾ വേണമെങ്കിലും സംഘപരിവാർ ശക്തികളുടെ അക്രമങ്ങൾക്ക് ഇരയാകാം എന്ന ഭയപ്പാടിലാണ് ഈ മതവിഭാഗം വിശ്വാസികൾ ജീവിക്കുന്നത്. ഇതുതന്നെയാണ് സിക്കുകാരുടെ കാര്യത്തിലും ഉള്ളത് എന്നാണ് രാഹുൽ ഗാന്ധി സൂചിപ്പിച്ചത് രാജ്യത്ത് നടക്കുന്ന രാഷ്ട്രീയമായ ക്രൂരകൃത്യങ്ങളും മതവിദ്വേഷങ്ങളും ജനാധിപത്യം തകർക്കലും തുറന്നുപറയാൻ ഇന്നത്തെ സാഹചര്യത്തിൽ രാഹുൽഗാന്ധി അല്ലാതെ മറ്റൊരു നേതാവും ഇല്ല എന്നതും ശ്രദ്ധേയമാണ്.ലോകസഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതൃത്വവും ആയ രാഹുൽ ഗാന്ധി പഴയ രാഹുൽ ഗാന്ധി അല്ല എന്ന് പ്രധാനമന്ത്രി മോദിയും മറ്റു ബിജെപി നേതാക്കളും തിരിച്ചറിയുന്നുണ്ട്. രാജ്യത്ത് ഉണ്ടാകുന്ന ഏത് ചെറിയ വിഷയത്തിലും ഇടപെടൽ നടത്തി പ്രതിഷേധിച്ച് മുന്നോട്ട് പോകുന്ന രാഹുൽ ഗാന്ധിയെ തടയുവാൻ കഴിയാത്ത സാഹചര്യമാണ് ബിജെപി നേതാക്കളുടെ ഉറക്കം കെടുത്തുന്നത്.
സിക്കുകാരുടെ ദുരനുഭവം മാത്രമല്ല കഴിഞ്ഞദിവസം തമിഴ്നാട്ടിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുത്ത കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാ രാമന് മുന്നിൽ ഒരു ഹോട്ടൽ ഉടമ ജി എസ് ടി യെ എതിർത്തുകൊണ്ട് സ്വന്തം അഭിപ്രായം പറഞ്ഞപ്പോൾ, അയാൾക്ക് നേരെ ധിക്കാരപരമായി സംസാരിച്ചു അയാളെ കൊണ്ട് മാപ്പ് പറയിപ്പിച്ച മന്ത്രിയുടെ നടപടി ഒരു ബിജെപി നേതാവ് വീഡിയോയായി പകർത്തി സമൂഹമാധ്യമങ്ങളിൽ വിട്ടത് വലിയ ചർച്ചയായി മാറി. കേന്ദ്രമന്ത്രിയുടെ സമനില വിട്ട ഈ വിഷയത്തിൽ രാഹുൽ ഗാന്ധി പ്രതികരിച്ചു ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല കേന്ദ്രസർക്കാരിനും പ്രധാനമന്ത്രിക്കും അംബാനി അദാനി തുടങ്ങിയ മുതലാളിമാർ മാത്രം മതി. ഒരു സാധാരണ ബിസിനസുകാരൻ ഒരു സത്യം പറഞ്ഞാൽ അത് അംഗീകരിക്കാനുള്ള പക്വതയും കേന്ദ്ര ധനകാര്യ മന്ത്രിക്ക് ഇല്ലാതെ പോയി, ഇനിയെങ്കിലും ഇതൊക്കെ ഒന്ന് തിരിച്ചറിഞ്ഞ് പൊതുജനത്തിന്റെ മാനസികാവസ്ഥ കണ്ടുപഠിക്കണം എന്നാണ് ഈ വിഷയത്തിൽ രാഹുൽ ഗാന്ധി പ്രതികരിച്ചത്.ഏതായാലും രാഹുൽഗാന്ധി എന്തുപറഞ്ഞാലും അതിനെയെല്ലാം ഏറ്റുപിടിക്കുന്നതിനും അന്യായവും അവാസ്തവമായ വിഷയങ്ങൾ നിരത്തി രാഹുൽ ഗാന്ധിയെ ആക്ഷേപിക്കുവാനും തയ്യാറാകുന്ന ബിജെപി നേതാക്കൾ യഥാർത്ഥത്തിൽ ഒരിക്കലും ഉണ്ടാകാത്ത വിധത്തിൽ ദയനീയമായി രാഹുൽ ഗാന്ധിയെ ഭയപ്പെടുന്നു എന്നതാണ് പുതിയ സംഭവവികാസങ്ങൾ വ്യക്തമാക്കുന്ന വസ്തുത.