ഓടിക്കോ – സഖാക്കൾ ബക്കറ്റുമായി വരുന്നുണ്ട്.

സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസ് ഫണ്ട് പിരിക്കാൻ ബക്കറ്റ്.

കേരളത്തിലെ സിപിഎം എന്ന പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് തിരുവനന്തപുരം എ.കെ.ജി ഭവൻ ആണ്.എന്നാൽ ഈ കെട്ടിടത്തിലെ സൗകര്യങ്ങൾ ഇപ്പോഴത്തെ സഖാക്കൾക്ക് മതിയാകാതെ വന്നതുകൊണ്ട് ആയിരിക്കാം ആധുനിക സൗകര്യങ്ങൾ ഉള്ള പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസിൻറെ നിർമ്മാണം തുടങ്ങിയത്.നിലവിലെ എ കെ ജി ഭവന്റെ എതിർവശത്തായിട്ടാണ് പുതിയ ഓഫീസ് കെട്ടിടം ഏതാണ്ട് പൂർത്തിയായിരിക്കുന്നത് കെട്ടിടം പണി നടത്തുന്നതിനുള്ള ചെലവിന് പണം കണ്ടെത്തുന്നതിന് നേരത്തെ ബക്കറ്റ് പിരിവ് തീരുമാനിച്ചിരുന്നു എങ്കിലും വയനാട് ദുരന്തത്തിൻ്റെ പേരിൽ പിരിവ് മാറ്റിവെക്കുകയായിരുന്നു.ഇപ്പോൾ പുതിയ തീരുമാനപ്രകാരം ഒക്ടോബർ 4 -5 തീയതികളിൽ സംസ്ഥാനതലത്തിൽ ബക്കറ്റ് പിരിവ് നടത്തി പത്തു കോടിയോളം രൂപ സംഘടിപ്പിക്കാൻ ആണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്.നിലവിലെ പാർട്ടി ഓഫീസിന് എതിർവശത്തായി 32 സെൻറ് സ്ഥലം പാർട്ടി വാങ്ങുകയും അവിടെ 60,000 ചതുരശ്ര അടി വിസ്തൃതിയിലുള്ള കെട്ടിടം നിർമ്മിക്കുന്നതിനും ആണ് പ്രവർത്തനം നടന്നത്.കെട്ടിടത്തിന്റെ പണി ഏകദേശം പൂർത്തിയായി കഴിഞ്ഞ സാഹചര്യത്തിലാണ് ബക്കറ്റ് പിരിവ് നടത്തുന്നതിന് തീരുമാനിച്ചിരിക്കുന്നത്.അന്തരിച്ച പാർട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്റെ കാലത്താണ് പുതിയ ഓഫീസിനുള്ള സ്ഥലം വാങ്ങിയത്.2022ൽ പിണറായി വിജയനാണ് കെട്ടിടത്തിന്റെ തറക്കല്ല് ഇട്ടത്.

കേരളത്തിൽ പണപ്പിരിവിന്റെ കാര്യത്തിൽ എല്ലാ കാലത്തും വിദഗ്ധന്മാരായി മാറിയവരാണ് കമ്മ്യൂണിസ്റ്റുകാർ.സിപിഐ എന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മാത്രമാണ് 1964 വരെ രാജ്യത്ത് ഉണ്ടായിരുന്നത്.ആ പാർട്ടി പിളർന്ന സിപിഐ എം സിപിഎമ്മും ആയി മാറുകയാണ് ഉണ്ടായത്.കേരളത്തിൽ ഈ രണ്ടു പാർട്ടികളിൽ സിപിഎം ആണ് വലിയതോതിൽ ജന സ്വാധീനം നേടിയെടുത്തത്.ആദർശക്കാരായ നേതാക്കന്മാർ മുഴുവൻ സിപിഐയിൽ ആയിരുന്നു.എങ്കിലും അണികളുടെ കാര്യത്തിൽ സിപിഐ ദുർബലമായി മാറുകയാണ് ഉണ്ടായത്.ഇതൊക്കെയാണെങ്കിലും രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളും ഏതു കാര്യത്തിനും പണം പിരിച്ചെടുക്കുന്നതിൽ വലിയ മിടുക്ക് കാണിച്ചവരാണ്.പണ്ടൊക്കെ കമ്മ്യൂണിസ്റ്റുകാർ നടത്തിയിരുന്ന പാർട്ടി പിരിവുകൾ ജനങ്ങളെ ആകർഷിക്കുന്ന രീതിയിൽ ഉള്ളതായിരുന്നു… തേങ്ങ പിരിവ്.മാങ്ങ പിരിവ്.ഉൽപന്ന പിരിവു തുടങ്ങിയ പഴയകാല പിരിവുകൾ അവസാനിച്ചു കഴിഞ്ഞപ്പോൾ രസീതുമായി നാട്ടിൽ ഇറങ്ങി പണം പിരിക്കുന്ന ഏർപ്പാടായി മാറി.ഇതും തള്ളിക്കളഞ്ഞു കൊണ്ടാണ് ഒടുവിൽ സിപിഎം ബക്കറ്റ് പിരിവ് എന്ന ഏർപ്പാടുമായി ജനങ്ങൾക്ക് മുന്നിൽ എത്തിയത്.ഈ പിരിവ് തന്ത്രം ഒരു മഹാത്ഭുതമായിരുന്നു എന്നാണ് കഴിഞ്ഞകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്.സഖാക്കൾ ബക്കറ്റ് പിരിവിന്റെ തീയതി തീരുമാനിച്ചു ബക്കറ്റുമായി രാവിലെ ജനങ്ങൾക്കിടയിൽ ഇറങ്ങും.വൈകുന്നേരം ആകുമ്പോൾ പിരിവ് അവസാനിക്കും.ഒടുവിൽ ബക്കറ്റ് ചൊരിഞ്ഞിട്ട് കണക്കുകൂട്ടുമ്പോൾ സംസ്ഥാനതലത്തിൽ കോടികളുടെ വരുമാനം കവിഞ്ഞിരിക്കും.ഇതെങ്ങനെ സംഭവിക്കുന്നു എന്നത് മാത്രം ആർക്കും അറിയില്ല.സഖാക്കൾ മാത്രം ബക്കറ്റുമായി ഇറങ്ങുമ്പോൾ കോടികൾ കുമിഞ്ഞു കൂടുന്ന അനുഭവം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്2017 ൽ ആണ് ഒടുവിലായി സിപിഎം സഖാക്കൾ ബക്കറ്റുമായി തെരുവിൽ ഇറങ്ങിയത്. അന്ന് പാർട്ടി തീരുമാനിച്ച കോടിക്കണക്കിന് രൂപ സഖാക്കൾ പിരിച്ചെടുത്തു എന്നാണ് പിന്നീട് പാർട്ടി തന്നെ പുറത്തുവിട്ട കണക്കുകളിൽ പറഞ്ഞിരുന്നത്.എന്നാൽ ഈ പിരിവ് തന്ത്രത്തിന്റെ രഹസ്യങ്ങൾ പാർട്ടി പ്രവർത്തകരിൽ നിന്ന് തന്നെ പുറത്തുവന്നതോടുകൂടി നേതൃത്വം യോഗത്തിൽ പോലും ചർച്ച ചെയ്യുന്ന സ്ഥിതിയുണ്ടായി.ബക്കറ്റുമായി ജനങ്ങളെ കബളിപ്പിക്കാൻ ഇറങ്ങുകയും ആവശ്യമുള്ള തുക വലിയ സമ്പന്നന്മാരിൽ നിന്നും ഭീഷണിപ്പെടുത്തി വാങ്ങുകയും ചെയ്യുന്ന തന്ത്രമാണ് പാർട്ടി നടത്തിയത് എന്നുള്ള രീതിയിൽ വാർത്തകൾ പുറത്തുവന്നിരുന്നു.പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ ഈ വിഷയം വന്നപ്പോൾ ആണ് മേലിൽ ബക്കറ്റ് പിരിവ് വേണ്ട എന്നും രസീതു നൽകി പിരിവ് നടത്തുന്ന രീതി മതി എന്നും തീരുമാനിച്ചത്.

പഴയ തീരുമാനം മാറ്റി വീണ്ടും ബക്കറ്റുമായി തെരുവിൽ ഇറങ്ങാനുള്ള പാർട്ടി നിർദേശം എന്തുകൊണ്ട് ഉണ്ടായി എന്നതിൽ ഇതുവരെ വിശദീകരണം ഒന്നും വന്നിട്ടില്ല.പാർട്ടി ആസ്ഥാനമന്ദിരത്തിന്റെ ഫണ്ടു പിരിവുമായി ജില്ലാതലത്തിൽ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.ഈ യോഗത്തിൽ പലതരത്തിലുള്ള പാർട്ടി പിരിവുകൾ തുടരുന്നതിൽ പരാതി പറഞ്ഞ സഖാക്കളോട് പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ ദേഷ്യപ്പെട്ടു എന്ന വാർത്തയും പുറത്തുവരുന്നുണ്ട്.സിപിഎം ജനങ്ങളുടെ പിന്തുണയിൽ പ്രവർത്തിക്കുന്ന പാർട്ടി ആണ് എന്നും സ്ഥിരമായി പിരിവുമായി ജനങ്ങൾക്കിടയിൽ ഇറങ്ങുന്നതിൽ നാണക്കേട് കാണേണ്ട കാര്യം ഇല്ല എന്നും ജനങ്ങളാണ് പാർട്ടികളുമായി ഏതുവിധത്തിലും സഹകരിക്കുന്നത് എന്നും ഗോവിന്ദൻമാസ്റ്റർ മറുപടി പറഞ്ഞതായിട്ടാണ് അറിയുന്നത്.ഇതിനിടയിൽ ബക്കറ്റ് പിരിവിന്റെ വാർത്തകൾ പുറത്തുവന്നപ്പോൾ പാർട്ടിയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ് .എന്തിനാണ് ഇപ്പോൾ ഈ പണപ്പിരിവ് എന്ന ചോദ്യം ഉയർന്നിരിക്കുന്നത്.കാരണം സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസിൻറെ പുതിയ കെട്ടിടം പണി ഏതാണ്ട് പൂർണമായും അവസാനിച്ചിട്ടുണ്ട്.ഇത്രയും പണി പൂർത്തീകരിക്കാൻ കോടിക്കണക്കിന് രൂപ ചെലവഴിച്ചത് ആയിട്ടും പറയുന്നുണ്ട്.ഈ തുക എവിടെ നിന്ന് പാർട്ടി സംഘടിപ്പിച്ചു എന്നതിനുള്ള വിശദീകരണം ആണ് പാർട്ടിക്കാർ ചോദിക്കുന്നത്.കെട്ടിട നിർമ്മാണത്തിന് ആവശ്യമായ തുക ചെലവഴിച്ച ശേഷം ബക്കറ്റ് പിരിവുമായി എന്തിനാണ് സഖാക്കളെ തെരുവിൽ ഇറക്കുന്നത് എന്നും ജനങ്ങളും ചോദിക്കുന്നുണ്ട്

 

അപ്പോൾ പാർട്ടി ആസ്ഥാനമന്ദിരം പണി നടത്തുന്നതിന് സർക്കാർ സംവിധാനം വഴി സമ്പന്നന്മാർ അടക്കമുള്ള വ്യവസായികളിൽ നിന്നും പണം സ്വന്തമാക്കിയിട്ടുണ്ട് എന്നാണ് ജനം സംശയിക്കുന്നത്.പണിപൂർത്തിയാക്കിയ ശേഷം ചെലവായ തുകയുടെ കണക്ക് ബോധിപ്പിക്കുവാൻ വേണ്ടിയാണ് ബക്കറ്റ് പിരിവ് എന്ന തന്ത്രവുമായി ഇറങ്ങുന്നതിന് പാർട്ടി നേതൃത്വം തീരുമാനിച്ചത് എന്നും പറയപ്പെടുന്നുണ്ട്.കേരളത്തിലെ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഏതു കാര്യം ഉദ്ദേശിച്ചാലും അതിന് എത്ര കോടി ചെലവ് വന്നാലും അതൊക്കെ ഉണ്ടാക്കിയെടുക്കാൻ കേരളത്തിലെ സിപിഎം എന്ന പാർട്ടിയുടെ നേതാക്കൾക്ക് അറിയാം.അത് അവർ നടപ്പിൽ വരുത്തുകയും കാര്യങ്ങൾ കൃത്യമായി ചെയ്ത് തീർക്കുകയും ചെയ്യും.അതാണ് കേരളത്തിലെ സിപിഎമ്മിന്റെ കഴിഞ്ഞകാല ചരിത്രം.