ദൈവത്തിൻറെ സ്വന്തം നാടാണ് കേരളം എന്നൊക്കെ അഭിമാനത്തോടെ പറയാറുണ്ടെങ്കിലും ഇതൊന്നും അല്ല സത്യാവസ്ഥ എന്നത് വ്യക്തമാക്കുന്നതാണ് പുറത്തുവരുന്ന പല കണക്കുകളും. കേരളം ദൈവത്തിൻറെ സ്വന്തം നാട് തന്നെ ആയിരിക്കാം. മനുഷ്യരുടെ നാട് അല്ല എന്ന വിലയിരുത്തൽ ഉണ്ടായാൽ അതിനെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. ഒരു സംസ്ഥാനത്ത് ജനങ്ങളുടെ ജീവിത നിലവാരം ഉയരുന്നുണ്ടോ എന്നതാണല്ലോ പ്രാധാന്യമുള്ള കാര്യം. ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിലെ ഓരോ ജില്ലകളിലും വന്ന് തൊഴിൽ ചെയ്ത് വലിയ വരുമാനവും ഉണ്ടാക്കി സ്വന്തം നാട്ടിലേക്ക് പോകുന്നുണ്ട്. ഇതൊക്കെ വാസ്തവം ആണെങ്കിലും കേരളത്തിൽ ജനിക്കുകയും ഇവിടെ വളരുകയും ഉന്നത വിദ്യാഭ്യാസം വരെ നേടുകയും ചെയ്യുന്ന മലയാളികളായ യുവതി യുവാക്കളുടെ സ്ഥിതി എന്താണ് എന്ന് വ്യക്തമാക്കുന്ന ഒരു റിപ്പോർട്ട് വന്നിരിക്കുന്നത് നമുക്ക് അഭിമാനം പകരുന്ന വസ്തുതകൾ നിറഞ്ഞതല്ല.
കേരളത്തിലെ 100 ചെറുപ്പക്കാരെ നിരത്തി നിർത്തിയാൽ അതിൽ 29 യുവാക്കൾ തൊഴിൽ ഇല്ലാത്ത ആൾക്കാരാണ് എന്നാണ് പുതിയ ഒരു പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്. കേരളത്തിൽ ഈ പറയുന്ന കണക്കുപ്രകാരം ആണെങ്കിൽ ഏറ്റവും കൂടുതൽ തൊഴിൽ ഇല്ലാത്ത ചെറുപ്പക്കാർ ഉള്ള സംസ്ഥാനം നമ്മുടെ കേരളം ആണ്. കേന്ദ്രസർക്കാരിൻറെ കീഴിലുള്ള സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിലാണ് കേരളത്തിലെ യുവാക്കളുടെ തൊഴിലില്ലായ്മ സംബന്ധിച്ച് വിവരങ്ങൾ പറഞ്ഞിരിക്കുന്നത്.15 വയസ്സിനും 19 വയസ്സിനും ഇടയിലുള്ള ചെറുപ്പക്കാരിൽ തൊഴിലില്ലാത്തവരുടെ എണ്ണം 30 ശതമാനത്തിൽ അധികം വരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ കേരളത്തിൽ പഠനം പൂർത്തീകരിച്ച് പുറത്തുവരുന്ന യുവതി യുവാക്കളിൽ തൊഴിൽ ലഭ്യമല്ലാത്ത ആൾക്കാരുടെ എണ്ണം കൂടിക്കൂടി വരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
റിപ്പോർട്ടിൽ പറയുന്നു മറ്റൊരു കണക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കേരളത്തിൽ തൊഴിൽരഹിതരുടെ നിരക്ക് ഏഴ് ശതമാനത്തിൽ അധികം വർദ്ധിച്ചു എന്നാണ്. കേരളത്തെ കൂടാതെ ലക്ഷദ്വീപിൽ 36 ശതമാനവും ആൻഡമാൻ ദ്വീപിൽ 33 ശതമാനവും തൊഴിൽരഹിതർ ഉള്ളതായി പറയുന്നുണ്ട്. ഈ രണ്ടു പ്രദേശങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളാണ് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. മധ്യപ്രദേശിലും ഗുജറാത്തിലും തൊഴിൽരഹിതരായ യുവാക്കളുടെ എണ്ണം കേരളത്തെ അപേക്ഷിച്ച് കുറവാണ് എന്നും റിപ്പോർട്ടിലുണ്ട്.
കേരളത്തിലെ ചെറുപ്പക്കാരുടെ സ്വഭാവമാറ്റം വലിയ ചർച്ചയായി ഇപ്പോൾ നിലനിൽക്കുന്നുണ്ട്. കേരളത്തിൽ ഉന്നത വിദ്യാഭ്യാസത്തിലേക്ക് കടക്കുന്ന പുതിയ തലമുറ കേരളത്തിന് പുറത്തോ അല്ലെങ്കിൽ അന്യരാജ്യങ്ങളിലോ ഉപരിപഠനം നടത്തുവാൻ താല്പര്യ കാണിച്ചു കൊണ്ടിരിക്കുകയാണ്. കാനഡ ജർമ്മനി അമേരിക്ക ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് കടന്ന് അവിടെ പഠനം പൂർത്തീകരിച്ചാൽ വലിയ ശമ്പളം ലഭ്യമാകും എന്നും കൂടുതൽ ജോലിക്കുള്ള സാധ്യതയും ഉള്ളതുകൊണ്ടുമാണ് യുവാക്കൾ കൂടുതലായി അന്യ രാജ്യങ്ങളിലേക്ക് വിദ്യാഭ്യാസകാലത്തുതന്നെ കടക്കുന്നത്. ഇത്തരത്തിൽ അന്യ രാജ്യങ്ങളിലേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിൽ നിന്നും പോകുന്ന ചെറുപ്പക്കാരുടെ എണ്ണം വലിയതോതിൽ വർദ്ധിച്ചുവരുന്നതായി സർക്കാർ തന്നെ പറയുന്നുണ്ട്. സ്വാഭാവികമായും യുവതലമുറയുടെ ഈ മനസ്സ് മാറ്റം ഭാവികേരളത്തിന്റെ വളർച്ചയെ മുരടിപ്പിക്കും എന്ന കാര്യത്തിൽ തർക്കമില്ല. നമ്മുടെ യുവതലമുറ സാങ്കേതികമായും മറ്റും നേടുന്ന ഉന്നത വിദ്യാഭ്യാസവും അവരുടെ പ്രവർത്തനശേഷിയും കേരളത്തിൽ തന്നെ ലഭ്യമാകുമ്പോൾ ആണ് നമ്മുടെ സംസ്ഥാനം വികസനത്തിലേക്ക് നീങ്ങുന്നതിന് അവസരം ഉണ്ടാവുക. ഇപ്പോൾ കാണുന്ന രീതിയിൽ യുവതലമുറ അന്യ രാജ്യങ്ങളിലേക്ക് പഠനകാലത്ത് തന്നെ മാറുകയും പഠനം കഴിഞ്ഞ ശേഷം അവിടെത്തന്നെ ജോലി സമ്പാദിക്കുകയും ഭാവിജീവിതം അവിടെത്തന്നെ തുടരുകയും ചെയ്യുന്ന വളരെ ആശങ്കയുണ്ടാക്കുന്ന അവസ്ഥയാണ് വന്നുകൊണ്ടിരിക്കുന്നത്.
നമ്മുടെ കേരളം നേരിട്ടുകൊണ്ടിരിക്കുന്ന മറ്റൊരു വലിയ പ്രശ്നമായി മാറുകയാണ് വാർദ്ധക്യത്തിലേക്ക് കടന്ന് ജനങ്ങളുടെ എണ്ണം വർദ്ധിക്കുന്നു എന്നത് ഇതു സംബന്ധിച്ച്. പുറത്തുവന്ന ഒരു ഔദ്യോഗിക റിപ്പോർട്ടർ പറയുന്നത് ജനസംഖ്യയിൽ 70 വയസ്സിനുമേൽ പ്രായമുള്ള വാർദ്ധക്യത്തിൽ എത്തിയ ജനങ്ങളിൽ ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനം കേരളമായി മാറിയിരിക്കുന്നു എന്നണ്. കേരളത്തിലെ മൊത്തം ജനസംഖ്യയിൽ 16 ശതമാനത്തിൽ അധികം ഈ പറയുന്ന പ്രായം തികഞ്ഞ വൃദ്ധന്മാരായി മാറിയ ആൾക്കാർ ആണ്. തൊട്ട് അടുത്ത് നിൽക്കുന്നത് തമിഴ് നാടാണ്. അവിടെ 14 ശതമാനത്തോളം ജനങ്ങൾ 70 വയസ്സിന് മുകളിൽ പ്രായം എത്തിയ ആൾക്കാരാണ്. വാർദ്ധക്യത്തിൽ എത്തിയ ആൾക്കാർ ഏറ്റവും കുറവുള്ള സംസ്ഥാനം ബീഹാർ ആണ് എന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്.
കേരളത്തിൽ അടുത്തകാലത്തായി കൂടുതൽ വ്യാപകമായി പ്രവർത്തനമാരംഭിച്ചിട്ടുള്ള ഒരു ഏർപ്പാടാണ് വൃദ്ധസദനങ്ങൾ. മക്കൾ വലുതാവുകയും വിവാഹശേഷം കുടുംബ ജീവിതത്തിലേക്ക് കടക്കുകയും ചെയ്യുമ്പോൾ ഇവരുടെ മാതാപിതാക്കൾ ഒറ്റപ്പെടുന്ന സ്ഥിതിയാണ് ഉണ്ടാകുന്നത്. വലിയ ഉദ്യോഗസ്ഥരായി കഴിയുന്ന മക്കൾ പോലും സ്വന്തം മാതാപിതാക്കളെ തിരിഞ്ഞു നോക്കാത്ത അനുഭവങ്ങൾ കൂടിക്കൊണ്ടിരിക്കുകയാണ്. ഇത്തരത്തിൽ അവഗണനയും നിഷേധവും സഹിക്കവയ്യാതെ ആകുമ്പോൾ ആണ് പ്രായാധിക്യത്തിൽ എത്തിയ ആൾക്കാർ വൃദ്ധസദനങ്ങളിൽ അഭയം തേടുന്നത്. കേരളത്തിൽ പലതരത്തിലുള്ള വൃദ്ധസദനങ്ങൾ ആരംഭിച്ചു. ഒരു പുതിയ ബിസിനസ് മേഖലയായി മാറിക്കഴിഞ്ഞു. ആഡംബര സൗകര്യങ്ങൾ ഉള്ള വൃദ്ധസദനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവരെല്ലാം മക്കളിൽ നിന്നോ അല്ലെങ്കിൽ വൃദ്ധരിൽ നിന്നോ വലിയ തുകകൾ ഈടാക്കി കൊണ്ടാണ് താമസത്തിന് സൗകര്യം ഒരുക്കുന്നത്.
വൃദ്ധന്മാരുടെ എണ്ണം വർദ്ധിച്ചുവരുന്നതിന് പിന്നിൽ നമ്മുടെ കേരളത്തിലെ ആരോഗ്യപരിപാലനത്തിന്റെയും സംരക്ഷണത്തിന്റെയും ഒരു ഘടകം കൂടി ഉണ്ട്. ചികിത്സാ സൗകര്യങ്ങൾ എല്ലാം ലഭിക്കുന്നതുകൊണ്ട് മരണനിരക്ക് കുറയുകയും രോഗബാധിതരുടെ എണ്ണം കുറയുകയും ഒക്കെ ചെയ്യുന്നുണ്ട്. ഈ അനുകൂല സാഹചര്യവും ഉള്ളതുകൊണ്ടാണ് കേരളത്തിലെ ആൾക്കാരുടെ ആയുർ ദൈർഘ്യം വർദ്ധിക്കുന്നതും വൃദ്ധന്മാരുടെ എണ്ണം കൂടിക്കൂടി വരുന്നതും. യഥാർത്ഥത്തിൽ സംസ്ഥാന സർക്കാർ ഗൗരവമായി കാണേണ്ട ഒരു വിഷയമായി പ്രായാധിക്യത്തിൽ എത്തിയവരുടെ എണ്ണ പെരുപ്പം മാറിയിട്ടുണ്ട്. കൂടുതൽ കൂടുതൽ വൃദ്ധസദനങ്ങൾ വ്യാപകമായി തയ്യാറാക്കുന്നതിന് സർക്കാർ തന്നെ ഒരു സംവിധാനം ഉണ്ടാക്കണം എന്നതിൻറെ സൂചന കൂടിയാണ് വർദ്ധിച്ചുവരുന്ന വാർദ്ധക്യത്തിൽ എത്തിയവരുടെ എണ്ണം.