കോൺഗ്രസിന്റെ ശക്തി കേന്ദ്രവും ലോകസഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽഗാന്ധി കഴിഞ്ഞദിവസം നേതൃയോഗത്തിൽ എല്ലാ നേതാക്കളെയും എടുത്തിട്ട് കുടയുന്ന വാർത്തകളാണ് പുറത്തുവന്നത്.ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ കാര്യത്തിൽ ആലോചന നടത്തിയ യോഗത്തിലാണ് രാഹുൽ ഗാന്ധി മറ്റു നേതാക്കൾക്ക് നേരെ പൊട്ടിത്തെറിച്ചത്.വലിയ പ്രതീക്ഷയുണ്ടായിരുന്ന തെരഞ്ഞെടുപ്പ് വിജയം അട്ടിമറിച്ചത് ജനങ്ങൾ എതിരായതുകൊണ്ട് അല്ല മറിച്ച് ആ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെ കയ്യിലിരുപ്പിന്റെ തകരാറാണ് തോൽവി വിളിച്ചുവരുത്തിയത് എന്നു രാഹുൽ ഗാന്ധി തുറന്നടിച്ചു. പാർട്ടിയുടെ വിജയവും അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളും ഹരിയാനയിൽ ചുമതലയുള്ള ഒരു നേതാവും നടത്തിയില്ല.തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിനിർണയത്തിൽ പോലും പാർട്ടിയുടെ കാര്യങ്ങൾ അല്ല വലുത് സ്വന്തം ഇഷ്ടങ്ങളാണ് വലുത് എന്ന രീതിയിൽ മുതിർന്ന നേതാക്കളടക്കം പ്രവർത്തിച്ചതാണ് ഈ തോൽവിക്ക് കാരണം. ഹരിയാനയിൽ കോൺഗ്രസ് അധികാരത്തിൽ വരും എന്ന് രാഹുൽ ഗാന്ധിയോ കോൺഗ്രസ് നേതാക്കളോ മാത്രമായിരുന്നില്ല വിശ്വസിച്ചിരുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് നടന്ന എല്ലാ സർവ്വേകളിലും ഹരിയാനയിൽ കോൺഗ്രസ് വിജയം ഉറപ്പായി പ്രവചിച്ചിരുന്നു. എന്നിട്ടും എന്തുകൊണ്ട് കോൺഗ്രസ് തോറ്റു എന്ന കാര്യത്തിൽ സംസ്ഥാനത്തിലെ കോൺഗ്രസ് നേതാക്കളാണ് കൃത്യമായ മറുപടി ജനങ്ങൾക്ക് നൽകേണ്ടത് എന്നുകൂടി രാഹുൽഗാന്ധി പറഞ്ഞുവെച്ചു.
ഹരിയാനയിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുന്ന അവസരത്തിൽ അവിടുത്തെ പി സി സി പ്രസിഡൻറ് അടക്കം മുതിർന്ന എല്ലാ നേതാക്കളും ജയസാധ്യതയുള്ള സ്ഥാനാർത്ഥി എന്നതിന് പകരം സ്വന്തം ഇഷ്ടക്കാരായ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിന് വാശി പിടിക്കുകയും അതിനുവേണ്ടി വലിയതോതിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. ഇത് സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഫലം ദോഷകരമായി ബാധിച്ചു. മുതിർന്ന പല നേതാക്കളും സ്വന്തക്കാരായ ആൾക്കാരെ സ്ഥാനാർത്ഥി പട്ടികയിൽ അനധികൃതമായി ഉൾപ്പെടുത്തിയതിൽ ഹരിയാനയിലെ മുതിർന്ന കോൺഗ്രസ് നേതാവായ ഷെൽജ അടക്കം പ്രതിഷേധവുമായി വന്നിരുന്നു. ജയസാധ്യതയില്ലാത്ത സ്ഥാനാർത്ഥികൾ പട്ടികയിൽ വന്നിരിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ഷെൽജ പാർട്ടിക്കെതിരായ നീക്കങ്ങൾ നടത്തിയത്. മുതിർന്ന നേതാവായ ഷെൽജയുടെ അഭിപ്രായങ്ങളെ ഒരുതരത്തിലും പരിഗണിക്കാതെ സംസ്ഥാനത്തെ ചില മുതിർന്ന നേതാക്കൾ സ്വന്തക്കാരെ തിരികി കയറ്റി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുകയാണ് ചെയ്തത്.
ഹരിയാനയിൽ വ്യാപകമായി തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ ആളാണ് രാഹുൽ ഗാന്ധി. അദ്ദേഹം എത്തിയ സ്ഥലങ്ങളിൽ എല്ലാം വലിയ ജനാവലി തടിച്ചു കൂടുകയും ചെയ്തിരുന്നു. കോൺഗ്രസിനോടും സഖ്യകക്ഷികളോടും ജനങ്ങൾക്കുള്ള താല്പര്യം ആയിരുന്നു ഈ വൻ ജനാവലി ഒഴുകിയെത്താൻ വഴി ഒരുക്കിയത്. സ്റ്റേജിൽ കയറിയുള്ള പ്രസംഗം മാത്രമായിരുന്നില്ല ജനങ്ങൾക്കിടയിൽ അവിടെത്തന്നെ തങ്ങിക്കൊണ്ട് റോഡ് ഷോകൾ നടത്തുവാനും രാഹുൽഗാന്ധി തയ്യാറായി. ഇതിനെല്ലാം ഉപരിയായി സർവ്വേ ഫലം പോലും കോൺഗ്രസിനെപിന്തുണച്ചതിന് പിന്നിൽ ഹരിയാന രാഷ്ട്രീയത്തിലെ യഥാർത്ഥ കണക്കെടുപ്പ് ഉണ്ടായിരുന്നു. പത്തുവർഷമായി ഹരിയാനയിൽ ഭരണം തുടർന്നു വരുന്ന ബിജെപി സർക്കാരിൻറെ കർഷക ദ്രോഹ നടപടികളും യുവജനങ്ങളുടെ തൊഴിലില്ലായ്മയും എല്ലാം നിലവിലെ സർക്കാരിൻറെ പിടിപ്പുകേടായി ജനം കണ്ടെത്തിയിരുന്നു. ഭരണവിരുദ്ധ വികാരം സംസ്ഥാന മൊട്ടാകെ നിറഞ്ഞുനിൽക്കുന്ന രാഷ്ട്രീയ അന്തരീക്ഷം കൂടി ചൂണ്ടിക്കാണിച്ചുകൊണ്ടാണ് കോൺഗ്രസിന്റെ വിജയത്തിൻറെ കാര്യം സർവ്വേ നടത്തിയവർ പോലും പറഞ്ഞുവെച്ചത്. കോൺഗ്രസ് നേതാക്കളുടെ യോഗത്തിൽ രാഹുൽ ഗാന്ധി ഇത്തരം കാര്യങ്ങൾ എല്ലാം തുറന്നടിച്ചു. അടുത്തകാലത്ത് ഒരിക്കലും ഉണ്ടാവാത്ത വിധത്തിൽ കോൺഗ്രസ് പാർട്ടിക്ക് ഏറ്റവും അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം നിറഞ്ഞുനിന്ന ഒരു സംസ്ഥാനത്ത് വിജയം നഷ്ടപ്പെടുത്തി കനത്ത തോൽവിയിലേക്ക് പാർട്ടിയെ എത്തിച്ചത് അവിടുത്തെ നേതാക്കളുടെ തോന്ന്യാസങ്ങളാണ് എന്ന് രാഹുൽ ഗാന്ധി നേതാക്കളുടെ മുഖത്ത് നോക്കി പറഞ്ഞു. ഹരിയാനയിലെ കോൺഗ്രസ് പാർട്ടിയുടെ ഭരണത്തിലേക്കുള്ള തിരിച്ചുവരവ് ആയിരുന്നില്ല അവിടുത്തെ നേതാക്കളുടെ ലക്ഷ്യങ്ങൾ. തനിക്കും തന്റെ ഇഷ്ടക്കാർക്കും തിരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പിക്കുക എന്നതിനപ്പുറം ഒരു ചിന്തയും ഒരു നേതാവിനും ഉണ്ടായില്ല. പാർട്ടിയുടെ വിജയവും പാർട്ടിയുടെ തിരിച്ചുവരവും ഒരു നേതാവും ഗൗരവമായും ആത്മാർത്ഥമായും ഉൾക്കൊണ്ടല്ല. സ്വന്തം കാര്യം സിന്ദാബാദ് എന്ന പഴഞ്ചൻ രാഷ്ട്രീയ ശൈലി ആയിരുന്നു നേതാക്കളുടെ മനസ്സുകൾ നിറയെ. അത്തരത്തിലുള്ള പ്രവർത്തനങ്ങളാണ് നേതാക്കൾ നടത്തിയത് എന്നും രാഹുൽ ഗാന്ധി പറഞ്ഞു. മാത്രവുമല്ല ഹരിയാനയിൽ ഉണ്ടായ തിരിച്ചടിയുടെ ഉത്തരവാദിത്വം അവിടുത്തെ പാർട്ടി പ്രവർത്തകർക്കല്ല മറിച്ച് നേതാക്കൾക്ക് തന്നെയാണ് എന്നും ആ ഉത്തരവാദിത്വം നേതാക്കൾ ഏറ്റെടുക്കണം എന്നും രാഹുൽ ഗാന്ധി പറഞ്ഞുവച്ചു.
കോൺഗ്രസ് പാർട്ടി കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് മുതൽ ഒരു തിരിച്ചുവരവിന് പാതയിൽ ആയിരുന്നു. പാർട്ടി പ്രവർത്തകരിൽ വലിയ ആത്മവിശ്വാസം പകർന്ന രാഷ്ട്രീയ അന്തരീക്ഷത്തെ തകർത്തത് ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലമാണ്. അതിനു സാഹചര്യം ഒരുക്കിയത് അവിടുത്തെ കോൺഗ്രസ് നേതാക്കൾ തന്നെയാണ്. ഇത്തരത്തിൽ സ്വന്തം കാര്യം സിന്ദാബാദ് എന്ന് പറഞ്ഞുകൊണ്ട് കോൺഗ്രസ് പാർട്ടിയിൽ തുടർന്നും നേതാക്കന്മാരുടെ കസേരയിൽ ഇരിക്കാം എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ ആ കാര്യത്തിൽ മുന്നോട്ട് എങ്ങനെ പോകണം എന്ന തീരുമാനം ഹൈക്കമാൻ്റ് കൈക്കൊള്ളും എന്നുള്ള താക്കീതും രാഹുൽ ഗാന്ധി നേതാക്കൾക്ക് കൊടുത്തു.
ഹരിയാനയിൽ നിലനിന്നിരുന്ന ഭരണവിരുദ്ധ വികാരം ജനങ്ങളിൽ എത്തിച്ചുകൊണ്ട് പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്താൻ താഴെ തട്ടിൽ ഒന്നും ചെയ്യാതെ നേതാക്കൾ നടക്കുകയായിരുന്നു.സംസ്ഥാനത്ത് ഒരു സ്ഥലത്ത് പോലും കോൺഗ്രസ് പാർട്ടിയുടെ ഒറ്റക്കെട്ടായ പ്രവർത്തനം ഉണ്ടായില്ല. മറുവശത്ത് ബിജെപി എല്ലാ തരത്തിലും ഭരണം നിലനിർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ചിട്ടയായി ആവിഷ്കരിച്ച് നടപ്പിലാക്കിയത് കോൺഗ്രസ് നേതാക്കൾ അറിഞ്ഞില്ല എന്നത് നേതാക്കളുടെ പിടിപ്പുകളുടെ തന്നെയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഹരിയാന എന്ന സംസ്ഥാനത്ത് നാലു മേഖലകൾ ആയി തിരിച്ചു കൊണ്ട് മുതിർന്ന ബിജെപി നേതാക്കളുടെ ചുമതലയിൽ പാർട്ടിയുടെയും ആർ എസ് എസ് ൻ്റെയും പ്രവർത്തകരെ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് രംഗത്തിറക്കി വിജയത്തിലേക്ക് പാർട്ടിയെ നയിക്കാൻ അവിടുത്തെ ബിജെപി നേതാക്കൾക്ക് കഴിഞ്ഞ കാര്യം രാഹുൽ ഗാന്ധി നേതാക്കളെ ഓർമിപ്പിച്ചു. സംസ്ഥാന പാർട്ടി പ്രസിഡന്റായ ഭൂപേന്തർ സിംഗ് സ്ഥാനാർഥിനിർണയ സമയത്തും തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തും പാർട്ടിക്കകത്ത് ഗ്രൂപ്പ് കളിക്കുകയായിരുന്നു എന്ന ആരോപണം മറ്റു നേതാക്കളാണ് ഉയർത്തിയത് രാഹുൽ ഗാന്ധി നേതൃയോഗത്തിൽ എടുത്തുപറയുകയും ചെയ്തു. എന്തായാലും ശരി ഹരിയാന നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് ഉണ്ടായ കനത്ത പരാജയം രാഹുൽഗാന്ധിയെ വലിയതോതിൽ നിരാശപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചുകാലമായി കോൺഗ്രസ് പാർട്ടിക്ക് വേണ്ടി രാപകൽ ഇല്ലാതെ പ്രവർത്തിക്കുന്ന നേതാവാണ് രാഹുൽ ഗാന്ധി. അങ്ങനെ താൻ അക്ഷീണം പ്രയത്നിച്ചു കൊണ്ടിരിക്കുമ്പോഴും പാർട്ടിയുടെ വളർച്ചയ്ക്കും നന്മയ്ക്കും വേണ്ടി ഉള്ള നിലപാടുകൾ എടുക്കുന്നതിന് പകരം ചില നേതാക്കൾ സ്വന്തം അണികൾക്ക് സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തു ഗ്രൂപ്പ് ശക്തിപ്പെടുത്തുക എന്ന പാർട്ടി പ്രവർത്തനത്തിലാണ് ഏർപ്പെടുന്നത് എന്ന രീതിയിലുള്ള പരാമർശങ്ങളും ഈ യോഗത്തിൽ ഉയർന്നുവന്നതായിട്ടാണ് അറിയുന്നത്.