കണ്ണൂരിലെ അഡീഷണൽ ഡിസ്ട്രിക്ട് രജിസ്ട്രേറ്റ് നവീൻ ബാബുവിൻ്റെ ആത്മഹത്യയ്ക്ക് വഴിയൊരുക്കിയ സിപിഎം വനിതാ നേതാവിനെ പ്രവർത്തനങ്ങൾക്കെതിരെ കേരളം എമ്പാടും വലിയതോതിൽ ഉള്ള പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. യഥാർത്ഥത്തിൽ ഒരു ഉന്നത ഉദ്യോഗസ്ഥനായ പച്ച മനുഷ്യനെ മുന്നിൽ ഇരുത്തി പച്ചയ്ക്ക് കൊല്ലുന്ന ഏർപ്പാടാണ് കണ്ണൂരിലെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും സിപിഎമ്മിന്റെ മുതിർന്ന നേതാവുമായി പി പി ദിവ്യ എന്ന സ്ത്രീ നടത്തിയത്. ഒരു ഉയർന്ന ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റത്തിനോട് അനുബന്ധിച്ച് അദ്ദേഹത്തിന് കളക്ടറുടെ സാന്നിധ്യത്തിൽ സഹപ്രവർത്തകർ നൽകിയ യാത്രയയപ്പ് സമ്മേളനത്തിലാണ് ക്ഷണിക്കാത്ത അതിഥിയായി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ കടന്നു ചെല്ലുകയും യാത്രയയപ്പിന് വിധേയനായ എഡിഎം ഭൂലോക അഴിമതി നടത്തി എന്നും ഇയാളെ ഞാൻ വെറുതെ വിടില്ല എന്നും ഒക്കെ തട്ടിവിട്ടത്. മാത്രവുമല്ല ആ ചടങ്ങ് നല്ല രീതിയിൽ അവസാനിപ്പിക്കുന്നതിന് സഹകരിക്കേണ്ട ദിവ്യ എന്ന മഹിളാ നേതാവ് എഡി എമ്മിനെ ആക്ഷേപിച്ച ശേഷം അവിടം വിട്ടു പോവുകയും ചെയ്തു. ഇത് മാത്രമല്ല ദിവ്യ സമ്മേളന വേദിയിലേക്ക് കടന്നു ചെല്ലുന്നതിന് മുമ്പ് സ്വന്തം ചാനൽ ഉടമയെ വിളിച്ച് ഈ പരിപാടി ഷൂട്ട് ചെയ്യുന്നതിന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. സിപിഎം നേതാവായ ഒരാൾ നടത്തുന്ന പ്രാദേശിക ചാനലാണ് ഈ സംഭവം ഷൂട്ട് ചെയ്ത് പുറത്തുവിട്ടത്. ഇതിനുശേഷമാണ് മറ്റു ചാനലുകളും ദിവ്യയുടെ പ്രസംഗവും പരിപാടിയും സംപ്രേഷണം ചെയ്യുന്ന സാഹചര്യവും ഉണ്ടായത്. ഈ ദുരനുഭവത്തിൽ മനസ്സുനൊന്ത് പിടിച്ചുനിൽക്കാൻ കഴിയാതെ നിരപരാധിയും സത്യസന്ധനും ആയ എഡിഎം നവീൻ ബാബു ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ച സംഭവമാണ് ഉണ്ടായത്. വാർത്തകൾ പുറത്തുവന്നപ്പോൾ ഇതിന് കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ദിവ്യക്കെതിരെ വ്യാപകമായ പ്രതിഷേധം ആണ് ഉയർന്നത്. ഏറെ വേദനാജനകമായ മറ്റൊരു സംഭവം പ്രതിഷേധം ശക്തമായപ്പോൾ സിപിഎം നേതാവായ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ നടത്തിയ ന്യായീകരണ ഇടപെടലുകൾ ആയിരുന്നു. തൻറെ ബന്ധവും സിപിഎമ്മിന്റെ പ്രവർത്തകനുമായ ഒരാൾ ആയിരുന്നു ഇതിൻറെ കഥയ്ക്ക് പിന്നിലെ പരാതിക്കാരൻ. അയാൾ ആത്മഹത്യ ചെയ്ത ഉദ്യോഗസ്ഥന് കൈക്കൂലിയായി പണം നൽകി എന്ന് അയാളെ കൊണ്ട് തന്നെ വെളിപ്പെടുത്തൽ നടത്തിയാണ് ദിവ്യ ന്യായീകരണത്തിന് ശ്രമിച്ചത്. എന്നാൽ ഇതും പുറത്തുവന്നതോടെ പാളുന്ന സ്ഥിതിയാണ് ഉണ്ടായത്.
ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബു പരാതിക്കാരനോട് ഒരു പെട്രോൾ പമ്പിന്റെ എൻ ഓ സി നൽകുന്നതിനുവേണ്ടി ഒരുലക്ഷം രൂപ കൈക്കൂലി ചോദിച്ചു എന്നും സാമ്പത്തികം ഇല്ലാതിരുന്നിട്ടുകൂടി ഒരു കണക്കിന് തട്ടിക്കൂട്ടി 98500 രൂപ എ ഡി എം താമസിക്കുന്ന സ്ഥലത്ത് എത്തിച്ചു കൊടുത്തു എന്നുമാണ് പരാതികാരൻ വെളിപ്പെടുത്തിയത്. കേരളത്തിലെ അരിയാഹാരം കഴിക്കുന്ന ഒരുത്തനും വിശ്വസിക്കുന്ന കാര്യമല്ല ഇത്. പ്രശ്നമുണ്ടാക്കിയ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ദിവ്യയും കണ്ണൂരിലെ സഖാക്കൾ ആയ നേതാക്കളും സംഭവത്തിനെ കുറിച്ച് വിശദീകരിക്കുന്നത് കേട്ടാൽ ആർക്കും കണ്ണ് നിറയും. പമ്പിന്റെ കാര്യത്തിൽ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ഒരു ലക്ഷം രൂപ കൈക്കൂലി ചോദിച്ചപ്പോൾ അത് തീർക്കാൻ വേണ്ടി ഭാര്യയുടെ കെട്ടുതാലിയും കെട്ടിയവന്റെ അരഞ്ഞാണവും വരെ തൂക്കി വിറ്റു എന്ന് വേണം കരുതാൻ. കാരണം ഇത്രയും വലിയ ഒരു ന്യായീകരണ മണ്ടത്തരം വിവരമുള്ളവർ പറയില്ല. ഒരു ഉദ്യോഗസ്ഥൻ ഒരു ലക്ഷം കൈക്കൂലി ചോദിച്ചപ്പോൾ അതിൽ 1500 രൂപ തികക്കാൻ പറ്റിയില്ല എന്ന് പറയുന്നത് വലിയ ബുദ്ധിമാന്മാരായ തട്ടിപ്പുകാർ ഉണ്ടാക്കുന്ന കണക്കു തന്നെയാണ്. കാരണം എങ്ങനെയെങ്കിലും ഈ കൈക്കൂലി കൊടുത്ത സംഭവം ജനങ്ങളെ ഒന്ന് വിശ്വസിപ്പിക്കണമല്ലോ. എന്നാൽ അല്പം ബോധമുള്ള ആർക്കും ഈ 1500 രൂപ കണ്ടെത്താൻ കഴിയാത്ത പമ്പ് ഉടമയുടെ തട്ടിപ്പ് ഏർപ്പാട് തിരിച്ചറിയാൻ കഴിയും.
ഇനി അങ്ങനെയല്ല പമ്പ് സ്ഥാപിച്ച ഒന്നാന്തരം മുതലാളി വലിയ സാമ്പത്തിക ഗതികേടിലാണ് എന്ന് ആരോപണം പുറത്തുവിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ദിവ്യക്കും മറ്റു സഖാക്കൾക്കും ഉറപ്പുണ്ടെങ്കിൽ ഈ സഖാക്കൾ അടിയന്തരമായി ഒരു കാര്യം ചെയ്യണം. ഉടൻ തന്നെ സഖാക്കൾ സംഘം ചേർന്ന് ഒരു ബക്കറ്റുമായി തെരുവിലേക്ക് ഇറങ്ങണം. ഒരു 1500 രൂപ കൂടി എങ്ങനെയെങ്കിലും സംഘടിപ്പിച്ച പരാതിക്കാരനായ പമ്പ് ഉടമ പ്രശാന്തൻ എന്ന ആളിന് കൊടുക്കണം. കൈക്കൂലി ആണെങ്കിലും ഒരു സഖാവ് കൊടുക്കാം എന്ന് പറഞ്ഞ തുക കൊടുക്കാതിരുന്നാൽ അതിൻറെ നാണക്കേട് സഖാക്കൾക്കും പാർട്ടിക്കാർക്കും ആണല്ലോ. അതുകൊണ്ട് ഉടൻതന്നെ ബക്കറ്റുമായി ഇറങ്ങി പ്രശാന്തൻ എന്ന പാവം പമ്പുകാരനെ സഹായിക്കണം.ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ എന്ന മഹിളാരത്നം ഇതിനുമുമ്പും പല വമ്പത്തരങ്ങളും കാണിച്ചിട്ടുണ്ട്. പച്ചയായി പറഞ്ഞാൽ പിണറായി വിജയന് പഠിക്കുന്ന ഒരു സഖാത്തി ആണ് ഈ പറയുന്ന ദിവ്യ. അഹങ്കാരവും ധാർഷ്ട്യവും നിന്ദയും ആൾ രൂപം എടുത്താൽ അത് ദിവ്യയായി മാറും എന്നതാണ് ഇവരുടെ മുൻകാല പ്രസ്താവനകളും തെളിയിക്കുന്നത്. ആവേശം മൂത്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തന്തയ്ക്ക് വിളിച്ച ആളാണ് ഈ മഹതി. അത് കഴിഞ്ഞ് കേന്ദ്രമന്ത്രി അമിത് ഷായുടെ മുട്ടുകാൽ തല്ലിയൊടിക്കും എന്നും പറഞ്ഞു. കോൺഗ്രസ് നേതാക്കളെ പറ്റിയും ഇതേ ഭാഷകളിൽ ദിവ്യ നല്ല എം എം മണി പ്രഭാഷണം നടത്തിയിട്ടുണ്ട്. സിപിഎമ്മിനകത്ത് മറ്റൊരു ഹാസ്യ തെറിയഭിഷേക വിദഗ്ധൻ ഇടുക്കിയിൽ ഉണ്ട് എം എം മണി എന്ന എംഎൽഎയാണ്. ഏത് പ്രസംഗത്തിലും തെറി പ്രയോഗം മടികൂടാതെ നടത്തിക്കൊണ്ടിരുന്നത്. എന്നാൽ മണിയുടെ തെറിവിളികൾ രസകരമായി കേട്ടിരിക്കാൻ കഴിയുന്നതാണ്. ദിവ്യ എന്ന മഹതിയുടെ പ്രസംഗവും പ്രയോഗവും ഇതുപോലെയല്ല. ധിക്കാരം നിറഞ്ഞ ആരെയും അംഗീകരിക്കാത്ത ബഹുമാനിക്കാത്ത വാക്ക് പ്രയോഗങ്ങളാണ് എവിടെയും ദിവ്യ ഉപയോഗിക്കാറുള്ളത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പദവി എന്ന് പറഞ്ഞാൽ അത് ഇന്ത്യൻ പ്രസിഡന്റിന്റെ കസേരയ്ക്ക് മുകളിലാണ് എന്ന് ധരിച്ചുകൊണ്ട് എല്ലാവരെയും ചീത്ത വിളിക്കാനും ആരെയും ആക്ഷേപിക്കാനും അധികാരമുള്ള ആള് എന്ന നിലയിലാണ് ദിവ്യയുടെ പ്രവർത്തനം.
മനസാക്ഷി ഉണ്ടെങ്കിൽ കേരളത്തിലെ സിപിഎമ്മിന്റെ പ്രവർത്തകരും നേതാക്കളും എന്താണ് യഥാർത്ഥത്തിൽ കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബു ജീവൻ അവസാനിപ്പിക്കാൻ തീരുമാനമെടുത്തതിന് പിന്നിലെ വസ്തുത എന്ന് അന്വേഷിക്കണം. ഒരു വലിയ മഹത്തരമായ ചടങ്ങിലേക്ക് കടന്നുവന്ന ഉയർന്ന പദവിയിലുള്ള ഒരാളെ നിഷ്കരുണം ആക്ഷേപിക്കുന്ന സ്ത്രീയുടെ പ്രസംഗശൈലിയും മറ്റും എങ്ങനെയാണ് അംഗീകരിക്കാൻ കഴിയുക. ഈ പ്രസംഗം നടത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ എന്ന സ്ത്രീക്ക് നല്ല തൊലിക്കട്ടി ഉള്ളതുകൊണ്ട് പലതും കേട്ടിരിക്കാൻ കഴിഞ്ഞു എന്ന് വരും. ആത്മഹത്യ ചെയ്ത പാവപ്പെട്ട ഉദ്യോഗസ്ഥൻ കുടുംബവുമായി മര്യാദയ്ക്ക് ജീവിച്ചു വരുന്ന വ്യക്തിയാണ്. അയാളുടെ ഭാര്യയും ഉയർന്ന നിലയിൽ സർക്കാർ ജോലിയിൽ കഴിയുന്ന സ്ത്രീയാണ്. രണ്ട് പെൺകുട്ടികളാണ് ഇവർക്ക് മക്കളായി ഉള്ളത്. മാത്രവുമല്ല ആത്മഹത്യ ചെയ്ത നവീൻ ബാബുവിന്റെ ജീവിതകഥയും കുടുംബ പശ്ചാത്തലവും പറഞ്ഞുകൊണ്ട് ദിവ്യക്കെതിരെ വാളു ഉയർത്തുന്നത് സിപിഎമ്മിന്റെ സർക്കാർ സംഘടനകളുടെ നേതാക്കന്മാർ തന്നെയാണ്. നവീൻ ബാബു എന്ന ഉദ്യോഗസ്ഥന്റെ സർവീസ് കാലാവധിയിൽ ഒരിക്കൽ പോലും അഴിമതിയുടെയോ തെറ്റായ പ്രവർത്തനങ്ങളുടെയോ അനുഭവം ഇല്ല എന്ന് ഈ സംഘടന നേതാക്കൾ പലരും പറയുന്നു. വെറും സംഘടനയല്ല സിപിഎമ്മിന്റെ സർവീസ് സംഘടനകൾ ആണ് ഇപ്പോൾ നവീൻ ബാബുവിന്റെ അകാല വേർപാടിൽ കൃത്രിമമില്ലാത്ത ദുഃഖവുമായി രംഗത്തുവന്നിരിക്കുന്നത്.
ഒരു പച്ച മനുഷ്യനായ ഉയർന്ന ഉദ്യോഗത്തിന്റെ ജീവിതം അവസാനിപ്പിക്കുന്നതിന് രണ്ടും കൽപ്പിച്ച് ഇറങ്ങിയ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ദിവ്യയെ കൊലക്കുറ്റത്തിന് തന്നെ കേസടുത്ത് ജയിലിൽ അടയ്ക്കുകയാണ് വേണ്ടത്. ഇതിന് അധികാരത്തിൽ ഇരിക്കുന്ന ഇടതുപക്ഷ സർക്കാർ തയ്യാറാവുകയില്ല എന്ന് കേരളത്തിലെ സാധാരണ ജനങ്ങൾക്ക് അറിയാം. ഇന്നലെ മുതൽ സത്യസന്ധനായ ഒരു ഉദ്യോഗസ്ഥൻ ജീവിതത്തിൽ ഒരിക്കലും ഉണ്ടാകാത്ത ദുരനുഭവത്തിന്റെ പേരിൽ ജീവിതം അവസാനിപ്പിച്ചത് ഒരു സ്ത്രീയുടെ പെരുമാറ്റ ദൂഷ്യം കൊണ്ട് തന്നെയാണ്. ആത്മഹത്യ ചെയ്ത നവീൻ ബാബുവും അദ്ദേഹത്തിൻറെ കുടുംബത്തിലെ എല്ലാ അംഗങ്ങളും സിപിഎം എന്ന പാർട്ടിയുടെ പിന്നാലെ നടന്നിട്ടുള്ളവരാണ്. ഈ യാഥാർത്ഥ്യം പോലും തിരിച്ചറിയാതെയാണ് ആ മനുഷ്യനെ ഒരു കമ്മ്യൂണിസ്റ്റ് സഖാവ് മരണത്തിലേക്ക് തള്ളിവിട്ടത്. കണ്ണൂർ ജില്ലാ സിപിഎം എന്ന രാഷ്ട്രീയ പാർട്ടിയുടെ കോട്ടയാണ്. അവിടെ മരണത്തെക്കാൾ ഉപരി സിപിഎമ്മിന്റെ രാഷ്ട്രീയ താൽപര്യങ്ങൾക്കാണ് പ്രാധാന്യം എന്ന് കേരളം പലവട്ടം കണ്ടിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ ഇത്ര വലിയ കുറ്റം ചെയ്ത ദിവ്യയെ പോലും പാർട്ടി സംരക്ഷിച്ചേക്കും. എന്നാൽ ഇതിന് തയ്യാറാകുന്ന നേതാക്കൾ ഓർമ്മയിൽ സൂക്ഷിക്കണം മനുഷ്യ ജീവൻറെ അവകാശി സർവ്വേശ്വരനായ ദൈവമാണ് എന്ന് സാധാരണ ജനങ്ങൾ എല്ലാം വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പാർട്ടി സംരക്ഷിച്ചാലും ഈ ക്രൂരത നടത്തിയ സ്ത്രീയെ ദൈവം ശിക്ഷിക്കും എന്ന കാര്യത്തിൽ തർക്കമില്ല.