കാലങ്ങളായി പിടികൂടിയിട്ടുള്ള മാറാരോഗം കോൺഗ്രസ് പാർട്ടിയെ ഇപ്പോഴും തളർത്തുമോ എന്ന ആശങ്കയിലാണ് കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തകർ. വയനാട് ലോകസഭ മണ്ഡലത്തിലേക്ക് പാലക്കാട് ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നശേഷം പതിവ് രീതികൾ വിട്ട് മൂന്നു സ്ഥലങ്ങളിലെയും കോൺഗ്രസ് പാർട്ടിയുടെ സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനം ഉണ്ടായി. എന്നാൽ വയനാട് മണ്ഡലത്തിൽ ഒഴികെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ തീരുമാനിച്ചതിന്റെ പേരിൽ വലിയ അപസ്വരങ്ങൾ പാർട്ടിയിൽ ഉയരുകയാണ്. വിമത നീക്കങ്ങളും പാർട്ടിക്കെതിരായ പ്രവർത്തനങ്ങളും ഒക്കെ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് പാർട്ടിക്കുള്ളിൽ പതിവ് ശീലമായി മാറിയിട്ടുണ്ട്. നേതാക്കന്മാർ വട്ടം കൂടിയിരുന്ന പാർട്ടി ഒറ്റക്കെട്ടാണ് എന്നൊക്കെ പറയുമെങ്കിലും യോഗം കഴിഞ്ഞ പുറത്തിറങ്ങിയാൽ ഗ്രൂപ്പ് കളിക്കുന്ന ശീലമാണ് ഇപ്പോഴും കോൺഗ്രസ് നേതാക്കൾ തുടർന്നുവരുന്നത്. വയനാട് ലോകസഭാ മണ്ഡലത്തിൽ ജയിച്ചിരുന്ന രാഹുൽ ഗാന്ധി രാജിവച്ചപ്പോൾ പകരമായി മത്സര രംഗത്ത് വരുന്നത് പ്രിയങ്കാ ഗാന്ധി ആയിരിക്കും എന്നത് നേരത്തെ പാർട്ടി നേതൃത്വം പ്രഖ്യാപിച്ചു കഴിഞ്ഞതാണ് .അതുകൊണ്ടുതന്നെ വയനാട് മണ്ഡലത്തിന്റെ കാര്യത്തിൽ കോൺഗ്രസ് പാർട്ടിയിൽ ആവേശം അല്ലാതെ അനൈക്യം ഒന്നും ഇല്ല.
എന്നാൽ നിയമസഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് ചേലക്കര മണ്ഡലങ്ങളിൽ ഇതല്ല സ്ഥിതി. രണ്ടു മണ്ഡലങ്ങളിലും സ്ഥാനാർത്ഥിത്വം മോഹിച്ചിരുന്ന കോൺഗ്രസ് നേതാക്കൾ പട്ടിക പുറത്തുവന്ന ശേഷം പ്രതിഷേധവുമായി ഇറങ്ങിയിട്ടുണ്ട്. ഈ വിമത വിഭാഗങ്ങളെ ചുമക്കുവാൻ കുറച്ചുപേർ രംഗത്ത് വരികയും ചെയ്തു. പാലക്കാട് ഉപതിരഞ്ഞെടുപ്പ് വന്നത് അവിടുത്തെ നിയമസഭാ അംഗമായിരുന്ന ഷാഫി പറമ്പിൽ വടകരയിൽ മത്സരിച്ച ലോക്സഭാംഗം ആയതിന്റെ പേരിലും ചേലക്കരയുടെ കാര്യത്തിൽ അവിടെ ഇടതുമുന്നണിയുടെ നിയമസഭാംഗമായിരുന്നു കെ. രാധാകൃഷ്ണൻ അദ്ദേഹം ലോകസഭയിലേക്ക് മത്സരിച്ച് വിജയിച്ചപ്പോഴും ആണ് ഇപ്പോൾ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
പാലക്കാട് മണ്ഡലത്തിൽ നിലവിലെ യൂത്ത് കോൺഗ്രസ് പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാകും എന്ന് പ്രഖ്യാപിച്ചതാണ് അവിടെ എതിർപ്പുമായി ചില നേതാക്കൾ കടന്നു വരാൻ വഴിയൊരുക്കിയത്. അവിടെ എം എൽ എ ആയിരുന്ന ഷാഫി പറമ്പിൽ വാശിപിടിച്ചാണ് രാഹുലിനെ സ്ഥാനാർത്ഥിയാക്കിയത് എന്ന വിമർശനമാണ് ഉയർന്നിരിക്കുന്നത്. മാത്രവുമല്ല പാലക്കാട് അസംബ്ലി മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വരുമ്പോൾ ആരാണ് സ്ഥാനാർഥി എന്ന കാര്യത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ ചർച്ച നടത്തി തീരുമാനം എടുക്കേണ്ടതായിരുന്നു എന്നും അത് ഉണ്ടായില്ല എന്നുമാണ് പരാതിക്കാർ പറയുന്നത്. ഐഎഎസ് ഉദ്യോഗസ്ഥനും വലിയ വിദഗ്ധമായ പി. സരിൻ സർക്കാർ ഉദ്യോഗം ഉപേക്ഷിച്ചാണ് കോൺഗ്രസിൽ എത്തിയത്. കോൺഗ്രസിൽ വന്ന അദ്ദേഹത്തിനാണ് കെ പി സി യുടെ മീഡിയ വിഭാഗത്തിന്റെ ചുമതല നൽകിയത്. അടുത്ത ചില കാലങ്ങളായി അദ്ദേഹം ഈ പ്രവർത്തനത്തിൽ മികവ് കാണിക്കുകയും ചെയ്തിരുന്നു. പാലക്കാട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കും എന്ന വലിയ പ്രതീക്ഷയിൽ ആയിരുന്നിരിക്കണം സരിൻ എന്ന നേതാവ് രാഹുൽ മങ്കൂട്ടത്തിൽ സ്ഥാനാർത്ഥിയാണ് എന്ന് പ്രഖ്യാപനം വന്നശേഷം ഡോ.. സരിൻ പരസ്യമായി പ്രതിഷേധിച്ചു രംഗത്ത് വന്നത്. അദ്ദേഹത്തെ പാലക്കാട് സിപിഎം ജില്ലാകമ്മിറ്റി ഏറ്റെടുക്കുന്നതിനും പാലക്കാട് സ്ഥാനാർത്ഥിയാക്കുന്നതിനും സമ്മതം മൂളിയിരുന്നു. ഇത് ശരിയാണെങ്കിൽ സിപിഎമ്മിന്റെ സ്വതന്ത്ര സ്ഥാനാർഥിയായി ഡോക്ടർ സരിൻ രംഗത്ത് വരും. ഒടുവിൽ അറിയുന്ന ചില കാര്യങ്ങൾ ഏറെ രസകരമാണ്. സരിൻ സ്ഥാനാർത്ഥിയായാൽ പിന്തുണയ്ക്കാൻ പി വി അൻവറും എത്തും എന്നാണ് അറിയുന്നത് .
പാലക്കാട് നിയമസഭാ മണ്ഡലം കോൺഗ്രസ് നേതാക്കൾ പറയുന്നതുപോലെ കോൺഗ്രസിന്റെ കോട്ട ഒന്നും അല്ല. എം എൽ എ ആയിരുന്ന ഷാഫി പറമ്പിൽ 3500 ഓളം വോട്ടുകൾക്കാണ് കഴിഞ്ഞതവണ വിജയിച്ചത്. അതൊക്കെ മാറിമറിയാൻ എപ്പോൾ വേണമെങ്കിലും സാധ്യതയുണ്ട്. പാലക്കാട് മണ്ഡലം ബിജെപി എന്ന പാർട്ടിയുടെ കേരളത്തിലെ ഒരു ശക്തി കേന്ദ്രം കൂടിയാണ്. പാലക്കാട് നഗരസഭയുടെ ഭരണം ബിജെപിയുടെ കയ്യിലാണ്. ഇതെല്ലാം കോൺഗ്രസ് സ്ഥാനാർത്ഥിയുടെ എളുപ്പത്തിലുള്ള വിജയത്തിന് തടസ്സമുണ്ടാകും.
പാലക്കാട് ഉപതെരഞ്ഞെടുപ്പിനെക്കാൾ പ്രതിസന്ധിയിലാണ് ചേലക്കരയിലെ കോൺഗ്രസ് പാർട്ടിയുടെ മുന്നോട്ട് പോക്ക്. അവിടെ ലോകസഭാംഗം ആയി കഴിഞ്ഞതവണ മത്സരിച്ചിരുന്ന രമ്യ ഹരിദാസിനെ ആണ് നിയമസഭയിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. രമ്യാ ഹരിദാസ് ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടാം മത്സരത്തിന് എത്തിയപ്പോൾ തന്നെ ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ ഭിന്ന അഭിപ്രായം ഉണ്ടായിരുന്നു. എംപി ആയിരുന്ന രമ്യ ഹരിദാസ് നേതാക്കളെ പോലും അനുസരിക്കാത്ത പ്രവർത്തനമാണ് നടത്തിയത് എന്ന് പരാതിയാണ് പാർട്ടിയിൽ ഉയർന്നത്. ഇപ്പോൾ വീണ്ടും നിയമസഭയിലെ ഉപതിരഞ്ഞെടുപ്പിൽ ചേലക്കരയിൽ രമ്യ സ്ഥാനാർത്ഥിയാകുമ്പോഴും എതിർപ്പുമായി വലിയൊരു വിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നിട്ടുണ്ട്.ജില്ലയിലെ കോൺഗ്രസ് നേതാക്കളുടെ അഭിപ്രായങ്ങൾ തേടാതെ കെപിസിസി പ്രസിഡണ്ടും പ്രതിപക്ഷ നേതാവ് സതീശനും ചേർന്നു കൊണ്ടാണ് രമ്യ ഹരിദാസിനെ സ്ഥാനാർത്ഥിയാക്കിയത് എന്ന പരാതിയാണ് ഇപ്പോൾ ഉയരുന്നത്. ഇതിന് പുറമെയാണ് കോൺഗ്രസിൻറെ മുതിർന്ന നേതാവ് കെ മുരളീധരനും സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അനിഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്. ലോകസഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ മുരളീധരൻ തോൽപ്പിക്കാൻ അണിയ പ്രവർത്തനം നടത്തിയ നേതാക്കളാണ് രമ്യ ഹരിദാസിന് വേണ്ടി വാശിപിടിച്ചത് എന്ന പരാതിയും മുരളീധരൻ തുറന്നു പറഞ്ഞിട്ടുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മുരളീധരൻ സ്ഥാനാർഥിയാകണം എന്ന കാര്യത്തിൽ മുൻകൂട്ടി തീരുമാനമെടുത്ത പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡണ്ടും പിന്നീട് വാക്കു മാറ്റിയതിൽ മുരളീധരന് കടുത്ത പ്രതിഷേധമുണ്ട്. ഉപതെരഞ്ഞെടുപ്പുകളിൽ ചേലക്കരയിലും പാലക്കാട് മുരളീധരൻ പ്രചാരണത്തിന് എത്താൻ സാധ്യതയില്ല എന്നാണ് അറിയുന്നത്. മാത്രവുമല്ല മുതിർന്ന നേതാവ് എന്ന നിലയിൽ കോൺഗ്രസിന്റെ അഭിമാന പോരാട്ടം നടക്കുന്ന പ്രിയങ്ക ഗാന്ധിയുടെ മത്സരവേദിയായ വയനാട്ടിൽ ഉറച്ചു നിൽക്കാൻ മുരളീധരൻ തീരുമാനിച്ചാൽ അതിനെ തടയുവാൻ നേതൃത്വത്തിന് കഴിയുകയില്ല.
ഒരു ലോക്സഭാ മണ്ഡലത്തിലേക്കും രണ്ട് നിയമസഭ മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പ്രാധാന്യമുള്ള അവസരത്തിൽ വയനാട് ലോകസഭാ മണ്ഡലം മാറ്റിനിർത്തിയാൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന രണ്ടു നിയമസഭ മണ്ഡലങ്ങളിലും കോൺഗ്രസ് പാർട്ടിക്കുള്ളിൽ വിമത നീക്കങ്ങളും പ്രതിഷേധ ങ്ങളും പതിവുപോലെ ഉരുണ്ടുകൂടിയിട്ടുണ്ട്.
കേരളത്തിൽ കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചും യുഡിഎഫിനെ സംബന്ധിച്ചും ഏറ്റവും അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥ നിലനിൽക്കുമ്പോൾ ആണ് സ്ഥാനാർത്ഥി നിർണയത്തിൽ ആശയക്കുഴപ്പവും പ്രതിഷേധവും ഉയരുന്നത്. പിണറായി വിജയൻറെ, നേതൃത്വത്തിലുള്ള ഇടതുമുന്നണി സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം കേരളത്തിൽ നിറഞ്ഞു നിൽക്കുകയാണ്. സർക്കാരിനെതിരായ ജനങ്ങളുടെ വലിയ പ്രതിഷേധമാണ് കോൺഗ്രസിന് അനുകൂലമായ ലോകസഭാ തിരഞ്ഞെടുപ്പ് വിധിയിൽ നമ്മൾ കണ്ടത്. ആ അനുകൂല രാഷ്ട്രീയ സാഹചര്യം മുതലെടുക്കുവാൻ ശ്രമിക്കുന്നതിന് പകരം എവിടെയൊക്കെയോ പതിവുപോലെ താളപ്പിഴകൾ ഉണ്ടാക്കി പ്രവർത്തകർക്കിടയിൽ ആശയക്കുഴപ്പവും നിരാശയും പകർന്നു നൽകുന്ന കോൺഗ്രസ് പാർട്ടിയുടെ പതിവു ശൈലി ഇപ്പോഴും ആവർത്തിച്ചിരിക്കുകയാണ്. ജനങ്ങളും പാർട്ടിയുടെ സാധാരണ പ്രവർത്തകരും ഒരുമിച്ച് കോൺഗ്രസ് സ്ഥാനാർഥിയായി വിജയിപ്പിക്കാൻ തീരുമാനിച്ചാൽ അത് മുതലെടുക്കുന്നതിന് പകരം എങ്ങനെയും തല്ലിത്തകർക്കുക എന്ന ശീലം കോൺഗ്രസ് നേതാക്കളിൽ ഇപ്പോഴും തുടരുന്നുണ്ട് എന്നതാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് ചേലക്കര മണ്ഡലങ്ങളിൽ നിന്നും പുറത്തുവരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്.