ഇന്ത്യയിൽ തന്നെ ആദ്യമായി എന്ന് പരിഗണിക്കാവുന്ന ഒരു സംഘടനയാണ് സിനിമാതാരങ്ങളുടെ പേരിൽ കേരളത്തിൽ ആരംഭിച്ച അമ്മ എന്ന സംഘടന. 25 വർഷക്കാലത്തോളം ശക്തമായും സുഗമമായും പ്രവർത്തിച്ച ഈ സംഘടന ദൗർഭാഗ്യവശാൽ ഇപ്പോൾ മരണ ശയ്യയിൽ ആണ്. അമ്മ സംഘടനയുടെ ഭരണസമിതി ഒന്നടങ്കം രാജി വെച്ചിട്ട് രണ്ടുമാസം കഴിഞ്ഞിരിക്കുന്നു. രാജിവച്ച അവസരത്തിൽ പരാതികളിൽ പേരുവരാത്ത പുതിയ ആൾക്കാരെ ഉൾപ്പെടുത്തി പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തും എന്നാണ് അറിയിച്ചിരുന്നത്. സംഘടനയുടെ നിയമാവലി പ്രകാരം ആറുമാസത്തിനുള്ളിൽ പുതിയ ഭരണസമിതി ചുമതല ഏൽക്കേണ്ടതാണ്. ഈ സമിതിയെ തെരഞ്ഞെടുക്കേണ്ടത് 540 ഓളം വരുന്ന താരങ്ങളുടെ പൊതുയോഗം ചേർന്നശേഷം വോട്ടെടുപ്പ് നടത്തിയോ അല്ലാതെയോ ആണ്. ഇത്തരത്തിൽ ഒരു പൊതുയോഗം വിളിച്ചുകൂട്ടുന്ന കാര്യത്തിൽ ഇതുവരെ ആലോചന പോലും നടന്നിട്ടില്ല എന്നതാണ് വാസ്തവം. യഥാർത്ഥത്തിൽ അനാഥമായ അവസ്ഥയിലാണ് ഇപ്പോൾ താര സംഘടന നിൽക്കുന്നത്.
താര സംഘടനയിൽ സിനിമാ മേഖലയിലെ നിരവധി ആൾക്കാർ ഉണ്ടെങ്കിലും സംഘടനയുടെ നടത്തിപ്പ് പ്രവർത്തനങ്ങളിൽ മുതിർന്ന ആൾക്കാർ എന്ന നിലയിൽ ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകിയിരുന്നത് സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ആയിരുന്നു. കൂട്ടരാജി സമർപ്പിച്ച ഭരണസമിതിയിൽ സംഘടനയുടെ പ്രസിഡൻറ് മോഹൻലാൽ ആയിരുന്നു. മോഹൻലാൽ അടക്കമുള്ള സമിതിയാണ് രണ്ടുമാസം മുമ്പ് രാജിവച്ച് മാറിയത്. പുതിയ സമിതി രൂപം കൊള്ളുന്നത് വരെ താൽക്കാലിക സംവിധാനം എന്ന നിലയിൽ ഭരണസമിതി തുടരുന്നുണ്ടെങ്കിലും സംഘടനയുടെ നയപരമായ തീരുമാനങ്ങൾ ഒന്നും താൽക്കാലിക സമിതിയിൽ കൈക്കൊള്ളുവാൻ നിയമപരമായി കഴിയില്ല.ഏറ്റവും ഒടുവിൽ അമ്മ എന്ന താരസംഘടനയുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന വാർത്തകൾ തികച്ചും ദൗർഭാഗ്യകരമായ രീതിയിൽ ഉള്ളതാണ്. അമ്മ എന്ന സംഘടനയുടെ നേതൃത്വ നിരയിലേക്ക് ഒരു കാരണവശാലും ഇനി ഉണ്ടാവില്ല എന്ന് മമ്മൂട്ടിയും മോഹൻലാലും അറിയിച്ചതായിട്ടാണ് വാർത്തകൾ വരുന്നത്. എന്തായാലും മമ്മൂട്ടിയും മോഹൻലാലും പൂർണമായും അകലാൻ തീരുമാനിച്ചതോടുകൂടി സംഘടനയുടെ ജീവൻ നിലനിർത്തുന്നതിന് പുതിയ ഒരു സമിതിയെ കണ്ടെത്തുന്നതിന് ചില ഭരണസമിതി അംഗങ്ങൾ ശ്രമങ്ങൾ നടത്തിയെങ്കിലും കാര്യമായി ആരും അനുകൂലമായ പ്രതികരണം നടത്തിയില്ല.
മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികൾ പുറത്തുവന്നത് ആണ് അമ്മ സംഘടനയെ തകർച്ചയിലേക്ക് എത്തിച്ചത്. സിനിമയിലെ നടിമാർ നേരിടുന്ന വിഷയങ്ങൾ പഠിക്കുന്നതിനായി സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോഴാണ് അതുവരെ ഒളിഞ്ഞു കിടന്നിരുന്ന പല കാര്യങ്ങളും ജനം അറിഞ്ഞത്. നടിമാർ പലരും സൂപ്പർ താരങ്ങളുടെ അടക്കം ലൈംഗിക പീഡനങ്ങൾക്ക് ഇരയാകേണ്ടി വന്നു എന്ന റിപ്പോർട്ടിൽ പറയുന്നുണ്ട്. റിപ്പോർട്ട് പുറത്തുവന്നശേഷം ചില നടികൾ നടന്മാരുടെ പേരുകൾ പറഞ്ഞുകൊണ്ട് ബലാത്സംഗത്തിന്റെയും പീഡനത്തിന്റെയും അനുഭവങ്ങൾ തുറന്നു പറഞ്ഞപ്പോൾ ഈ വിഷയത്തിൽ പോലീസിന് കേസെടുക്കേണ്ട സ്ഥിതി വന്നു. തുടർന്നാണ് അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറിയായ സിദ്ധിക്കും അതുപോലെതന്നെ മുൻ ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവും താരവും നിയമസഭ അംഗവുമായ മുകേഷും ഒക്കെ പ്രതികൾ ആവുകയും പോലീസ് അറസ്റ്റ് ചെയ്യേണ്ട സാഹചര്യം വരികയും ചെയ്തത്. ഇത്തരത്തിൽ ഉണ്ടായ പൊട്ടിത്തെറിയുടെ ഭാഗമായിട്ടാണ് മോഹൻലാൽ പ്രസിഡന്റായ അമ്മയുടെ ഭരണസമിതി ഒന്നടങ്കം രാജിവച്ച സംഭവം ഉണ്ടായത്.താരസംഘടനയിൽ പ്രതിസന്ധി രൂപംകൊണ്ട അവസരത്തിൽ യുവ താരങ്ങളായ ചിലർ ഭരണസമിതി പുനസംഘടിപ്പിക്കുന്നതിന് പ്രവർത്തനം ആരംഭിച്ചു എങ്കിലും സിനിമ മേഖലയിൽ പീഡന അനുഭവങ്ങളുടെ വാർത്തകളും പോലീസ് ഇടപെടലുകളും തുടരുന്ന സ്ഥിതി വന്നതോടുകൂടി യുവതാരങ്ങളും അമ്മ സംഘടനയുടെ ചുമതലയിലേക്ക് കടന്നു വരാൻ മടിക്കുന്ന സ്ഥിതിയുണ്ടായി. ഈ പ്രതിസന്ധിയാണ് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നത്. യാതൊരു വിധത്തിലും ഉള്ള പരാതിക്കും വിധേയനാകാത്ത ജഗദീഷ് എന്ന സംഘടനയുടെ വൈസ് പ്രസിഡൻറ് ആയിരുന്ന നടനെ മുന്നിൽ നിർത്തി പുതിയ ഭരണസമിതി രൂപീകരണത്തിന് ശ്രമം ഉണ്ടായെങ്കിലും പഴയ ഭരണസമിതിയിലെ ചിലർ പാരവെച്ചതോടുകൂടി അതും ഫലം കാണാത്ത അവസ്ഥയിൽ ആയി.
അമ്മ എന്ന വലിയ സംഘടന അനാഥമായ ഇപ്പോഴത്തെ അവസ്ഥ സിനിമാമേഖലയെ വല്ലാത്ത പ്രതിസന്ധിയിൽ എത്തിച്ചിട്ടുണ്ട്. ഇതിനിടയിൽ താരസംഘടനയുടെ ഇപ്പോഴത്തെ തകർച്ചയ്ക്ക് തുടക്കം കുറിച്ചത് ചുരുക്കം ചില നടിമാർ ഡബ്ലിയു സി സി എന്ന പേരും പറഞ്ഞ് കൂട്ടായ്മ ഉണ്ടാക്കി പ്രതിഷേധം തുടങ്ങിയതോടുകൂടി ആണ് എന്ന് ഒരു വിമർശനം മുതിർന്ന ചില സിനിമാ പ്രവർത്തകർ ഉന്നയിക്കുന്നുണ്ട്. സർക്കാരിൽ വരെ പരാതിയുമായി കടന്നുചെന്ന് ഒരു വലിയ സംവിധാനത്തെ തകർക്കുവാനാണ് ഈ നടിമാരുടെ കൂട്ടായ്മ ശ്രമിച്ചത് എന്ന് ആണ് ആക്ഷേപം. തെക്കേ ഇന്ത്യയിലെ സിനിമ മേഖലയിൽ വലിയ ശക്തമായ സാന്നിധ്യമായിരുന്ന മലയാള സിനിമ മേഖല തകർച്ചയിലേക്ക് എത്തിയതിന് പിന്നിൽ മലയാളത്തിലെ വിരലിൽ എണ്ണാവുന്ന സിനിമ നടികളുടെ സ്വാർത്ഥ താല്പര്യം മാത്രമാണ് എന്നും ഇവർ വിമർശിക്കുന്നുണ്ട്. മലയാള സിനിമയെക്കാൾ ഇരട്ടിയിലധികം സിനിമകൾ നിർമ്മിക്കപ്പെടുകയും അതിനനുസരിച്ച് ആയിരക്കണക്കിന് ആൾക്കാർ പ്രവർത്തിക്കുകയും ചെയ്യുന്ന തമിഴ് തെലുങ്ക് കണ്ണട തുടങ്ങിയ ഭാഷാ സിനിമകളിൽ ഇത്തരത്തിലുള്ള പെൺ താരങ്ങളുടെ ഒരു പരാതിയും ഉയരാത്തത് എന്തുകൊണ്ട് എന്നുകൂടി ഈ മുതിർന്ന സിനിമാപ്ര പ്രവർത്തകർ ചോദിക്കുന്നുണ്ട്. ഡബ്ലിയു സി സി എന്നപേരും പറഞ്ഞു ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടി ചാനലുകൾക്കു മുമ്പിൽ അവതരിച്ച നടികളാണ് മലയാള സിനിമയെ തകർത്തത് എന്നുതന്നെ ഇവർ പറയുകയാണ്.എന്തായാലും ആയിരക്കണക്കിന് ആൾക്കാർ ജോലി ചെയ്യുന്ന ഏറ്റവും കൂടുതൽ മുതൽ ഇറക്കു നടക്കുന്ന കേരളത്തിലെ ഒരു വ്യവസായ മേഖലയാണ് സിനിമ. അത് പൂർണമായും നിശ്ചലമാകുന്ന ഒരു സ്ഥിതിയാണ് കാണുന്നത്. സിനിമയിൽ പല മേഖലയിൽ പ്രവർത്തിക്കുന്നവർ ഉണ്ടെങ്കിലും എപ്പോഴും പ്രാധാന്യം ലഭിക്കുന്നത് നടന്മാരും നടികളും ഉൾപ്പെടുന്ന താരങ്ങളുടെ കാര്യത്തിലാണ്. ഈ താരങ്ങളെ ഒന്നിപ്പിച്ചു നിർത്തിയിരുന്ന അമ്മ സംഘടന അനാഥമാകുന്ന സാഹചര്യം ഉണ്ടായാൽ മലയാള സിനിമാ മേഖല പരിഹരിക്കാനാവാത്ത പ്രതിസന്ധിയിലേക്ക് വീഴും എന്ന കാര്യത്തിൽ സംശയമില്ല.