അടുത്തകാലത്തായി കേരളത്തിൻറെ രാഷ്ട്രീയ രംഗത്ത് തിളങ്ങി നിൽക്കുന്ന ഒരു കഥാപാത്രമാണ് നിലമ്പൂർ എം എൽ എ ആയ പി വി അൻവർ .പിന്നിൽ കാര്യമായി അണികൾ ഒന്നും ഇല്ല എങ്കിലും ഓരോ ദിവസവും വിവാദം ഉണ്ടാക്കാവുന്ന പ്രസ്താവനകൾ ഇറക്കി ജനശ്രദ്ധ നേടുകയാണ് അൻവർ . വയനാട് ലോകസഭ മണ്ഡലത്തിലേക്കും പാലക്കാട് ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ വീണ്ടും ഒരിക്കൽ കൂടി അൻവർ വാർത്തകൾയ്ക്ക് മുന്നിൽ കടന്നുവന്നത്. വയനാട് മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയെ പിന്തുണയ്ക്കുന്നു എന്നാണ് ആദ്യം തന്നെ അൻവർ പറഞ്ഞത്. ഇങ്ങനെ തുറന്നുപറഞ്ഞ അൻവറിന്റെ നിലപാടിനെ മുതലെടുക്കാൻ വേണ്ടി പ്രതിപക്ഷ നേതാവായ വി ഡി സതീശൻ അങ്ങോട്ട് ചെന്ന് സഹായം അഭ്യർത്ഥിച്ചിരുന്നു. എന്നാൽ സഹായിക്കുന്നതിന് അൻവർ ചില നിബന്ധനകൾ മുന്നോട്ടുവച്ചപ്പോൾ അതിനെ എല്ലാം പുച്ഛിക്കുകയും അൻവർ എന്ന നേതാവിനെ പരിഹസിച്ചുകൊണ്ട് തള്ളിക്കളയുകയും ചെയ്ത സതീശന്റെ നടപടികൾ കോൺഗ്രസിന് ക്ഷീണമാണ് ഉണ്ടാക്കിയത് എന്ന് തുറന്നു പറഞ്ഞത് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ തന്നെയാണ്.സുധാകരന്റെ പ്രത്യേകത പറയാനുള്ള കാര്യങ്ങൾ തുറന്നു പറയും എന്നതാണ്. മനസ്സിൽ ഒന്നും പ്രവർത്തിയിൽ മറ്റൊന്നും എന്ന ശീലം സുധാകരൻ എന്ന നേതാവിന് ഇല്ല . സുധാകരന്റെ പരസ്യമായ ഈ വിമർശനം കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലെ മുതിർന്ന പല നേതാക്കളും ശരി വെച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് മുന്നിൽ വന്നു നിൽക്കുമ്പോൾ അനാവശ്യ ഇടപെടലുകളും അതുവഴി വിവാദങ്ങൾ ഉണ്ടാക്കുന്നതും കോൺഗ്രസിനും യുഡിഎഫിനും ഗുണം ചെയ്യാത്ത സ്ഥിതി ഉണ്ടാക്കി എന്നാണ് വിലയിരുത്തപ്പെടുന്നത്. ഏതായാലും സതീശൻ അൻവർ ചർച്ചകളുടെ പേരിൽ കോൺഗ്രസിനകത്ത് ഭിന്നഅഭിപ്രായങ്ങൾ പുകയുകയാണ്.
അൻവർ തുടങ്ങിവച്ചതും ഇപ്പോൾ തുടരുന്നതുമായ യുദ്ധങ്ങളെല്ലാം സിപിഎമ്മിന്റെ നേതാക്കൾക്കും മുഖ്യമന്ത്രിക്കും എതിരെ ഉള്ളതാണ്. അങ്ങനെയുള്ള കടുത്ത വിമർശനങ്ങളുമായി മുന്നോട്ടുപോകുന്ന അൻവറിനെ പിണക്കുന്ന ഒരു സ്ഥിതിയും ഉണ്ടാക്കേണ്ടതില്ലായിരുന്നു എന്നാണ് ചില നേതാക്കൾ വിലയിരുത്തുന്നത്. കോൺഗ്രസിനും യുഡിഎഫിനും മുഖ്യ ശത്രു സിപിഎം ആണ് . കൃത്യമായി പറഞ്ഞാൽ ഇടതുമുന്നണി
ആണ് . അങ്ങനെയുള്ള ഇടതുമുന്നണിയെ തകർക്കുവാനും അവരുടെ സ്ഥാനാർത്ഥികൾക്ക് എതിരെ ശക്തമായ പ്രതികരണം നടത്തുവാനും മടി കാണിക്കാത്ത അൻവറിനെ തന്ത്രപരമായി കൂടെ നിർത്തേണ്ടതായിരുന്നു. യുഡിഎഫ് പിന്തുണയ്ക്കു വേണ്ടി അൻവർ മുന്നോട്ടുവച്ചത് ചേലക്കരയിലെ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെ മാറ്റി പകരം അൻവർ പിന്തുണയ്ക്കുന്ന സുധീറിനെ സ്ഥാനാർത്ഥിയാക്കണം എന്നതായിരുന്നു. ഇത് നടക്കുന്ന കാര്യമല്ല എന്ന വസ്തുത അൻവറിനും അറിയാമായിരുന്നു. എന്നാൽ ഒരു വിലപേശൽ എന്ന രീതിയിൽ മാത്രമാണ് അൻവർ തന്ത്രം പ്രയോഗിച്ചത്. അൻവറിൻറെ ഈ സ്ഥാനാർത്ഥിമാറ്റ ആവശ്യം മാന്യമായ രീതിയിൽ തള്ളുവാൻ പല വഴികളും ഉണ്ടായിരുന്നു. മാത്രവുമല്ല അൻവറിന്റെ നിർദ്ദേശത്തെ കണ്ടില്ല കേട്ടില്ല എന്ന രീതിയിൽ ഉൾക്കൊണ്ടാൽ മതിയായിരുന്നു എന്നാണ് മുതിർന്ന കോൺഗ്രസ് നേതാക്കൾ പറയുന്നത്. സതീശൻ എന്ന പ്രതിപക്ഷ നേതാവ് അൻവറിന്റെ ആവശ്യങ്ങളെ തള്ളിക്കളയുന്ന അവസരത്തിൽ മാധ്യമങ്ങൾക്കു മുന്നിൽ നടത്തിയ ചില പരാമർശങ്ങൾ കോൺഗ്രസ് പാർട്ടിക്ക് ഗുണം ചെയ്യുന്നതല്ല എന്നാണ് പറയപ്പെടുന്നത്. കോൺഗ്രസിനും യുഡിഎഫിനും മുന്നിൽ അൻവർ ഒന്നുമല്ല എന്നും ഞങ്ങളെ ഉപദേശിക്കുവാനും വരച്ച വരയിൽ നിർത്തുവാനും അൻവറിന് എന്ത് ജനകീയ സ്വാധീനമാണ് ഉള്ളത് എന്നും ആണ് പരിഹാസത്തോടെ സതീശൻ സംസാരിച്ചത്.
അൻവർ എന്ന രാഷ്ട്രീയ നേതാവ് രാഷ്ട്രീയത്തിലെ ധാർമികതയും മാന്യതയും പുലർത്തുന്നുണ്ടോ എന്നതൊക്കെ പരിശോധിക്കേണ്ട കാര്യമാണ്. എന്നാൽ ഒരു ശത്രുവിനെ പ്രഖ്യാപിച്ചു കഴിഞ്ഞാൽ ആ ശത്രുവിനെ എങ്ങനെയും കീഴ്പ്പെടുത്താൻ ഏത് വിധത്തിലുള്ള തന്ത്രവും പ്രയോഗിക്കാൻ അൻവർ മടിക്കാറില്ല. ഈ തെരഞ്ഞെടുപ്പ് അവസരത്തിൽ അൻവറും യുഡിഎഫും മുഖ്യ ശത്രുവായി കാണുന്നത് എൽഡിഎഫിനെ ആണ് . അതുകൊണ്ടുതന്നെ പ്രത്യക്ഷത്തിൽ അല്ലെങ്കിലും അൻവറിന്റെ സഹകരണം ഉറപ്പാക്കാൻ ശ്രമിക്കേണ്ടതായിരുന്നു എന്നതാണ് നേതാക്കളുടെ വിലയിരുത്തൽ .കെപിസിസി പ്രസിഡൻറ് സുധാകരനും മറ്റു മുതിർന്ന നേതാക്കളും സതീശനെ വിമർശിക്കുമ്പോൾ എടുത്തു കാണിക്കുന്ന അൻവറിന്റെ ഒരു നിലപാട് ശ്രദ്ധേയമാണ്. പ്രതിപക്ഷ നേതാവ് നിസ്സാരനായി തള്ളുകയും പരിഹസിക്കുകയും ചെയ്ത അൻവർ പാലക്കാട് കോൺഗ്രസിന്റെ സ്ഥാനാർത്ഥിക്കെതിരെ മത്സരിപ്പിച്ച സ്ഥാനാർത്ഥിയെ പിൻവലിക്കുവാൻ തയ്യാറായി. മാത്രവുമല്ല കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കുന്നതിനായി പ്രവർത്തിക്കും എന്നും പരസ്യമായി പറഞ്ഞു. ഇത് മാത്രമല്ല പാലക്കാട് മണ്ഡലത്തിൽ ഒരു കാരണവശാലും ബിജെപി സ്ഥാനാർഥി ജയിക്കുവാൻ താൻ സമ്മതിക്കില്ല എന്നുകൂടി അദ്ദേഹം പറഞ്ഞുവെച്ചു.ഇതിനായി ജനങ്ങളെ സംഘടിപ്പിച്ചു പൊതുയോഗം നടത്തി ആ യോഗ വേദിയിലാണ് അൻവർ രാഹുൽ മാങ്കൂട്ടത്തിൽ എന്ന കോൺഗ്രസ് സ്ഥാനാർഥിക്ക് പിന്തുണ പറയുകയും സ്വന്തം സ്ഥാനാർഥിയെ പിൻവലിക്കുകയും ചെയ്തത്. ഇത്തരത്തിൽ ഇടതുപക്ഷ വിരുദ്ധ നിലപാട് കർക്കശമായി കൊണ്ടിട്ടുള്ള ഒരു നേതാവ് എന്ന നിലയിൽ അൻവറിനെ നിരാശയിലേക്ക് തള്ളരുതയിരുന്നു. എന്നാണ് കോൺഗ്രസ് നേതാക്കൾ അഭിപ്രായപ്പെടുന്നത് ഇത് മാത്രമല്ല. സതീശന്റെ തള്ളിപ്പറയൻ ഉണ്ടായ ശേഷം ആണ് പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് അൻവർ പിന്തുണ പറഞ്ഞത്. ഇതിനിടയിൽ അൻവർ വിഷമത്തോടെ പുറത്തുവിട്ട ഒരു വാചകം ഉണ്ട് .പ്രതിപക്ഷ നേതാവ് അപമാനിച്ചതിന്റെ പേരിൽ താൻ നാണംകെട്ടിട്ടുണ്ട് എന്നാൽ ആ നാണക്കേട് സഹിച്ചുകൊണ്ടാണ് ഇപ്പോൾ പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് പിന്തുണ പറയുന്നത് എന്നായിരുന്നു അൻവർ പറഞ്ഞുവെച്ചത്. ഈ അൻവറിന്റെ പ്രസ്താവന നേതാക്കൾക്ക് വലിയ ആവേശം ഉണ്ടാക്കിയില്ലെങ്കിലും പാലക്കാട് ഉള്ള സാധാരണ കോൺഗ്രസ് പ്രവർത്തകർ വലിയ താല്പര്യമാണ് അൻവറിന്റെ വാക്കുകളെ ഉൾക്കൊണ്ടത്.
ഏതു വിധത്തിൽ പരിശോധിച്ചാലും സിപിഎമ്മിനും ഇടതുമുന്നണയ്ക്കും മുഖ്യമന്ത്രിക്കും എതിരെ നിരന്തരം പോരാടിക്കൊണ്ടിരിക്കുന്ന അൻവർ എന്ന സിപിഎമ്മിന്റെ നിയമസഭാംഗം കോൺഗ്രസ് അനുകൂല നിലപാടിലേക്ക് മാറുകയും വലിയ ഗൗരവമുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന അവസരത്തിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് പിന്തുണ പറയാൻ തയ്യാറാവുകയും ചെയ്തു എന്നത് പ്രാധാന്യത്തോടെ പ്രതിപക്ഷ നേതാവ് കാണേണ്ടതായിരുന്നു. പ്രത്യേകിച്ചും പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി വന്ന രാഹുൽ മാങ്കൂട്ടത്തിലിൻ്റെ സ്ഥാനാർത്ഥിനിനയത്തിൽ പ്രതിഷേധമുള്ള യുവാക്കൾ അവിടെയുണ്ട്. ചിലരെല്ലാം പ്രതിഷേധത്തോടെ പാർട്ടിയുടെയും തെരഞ്ഞെടുപ്പിൽ രാഹുലിന് എതിരായി മത്സരിക്കാൻ തീരുമാനിക്കുകയും ചെയ്ത സാഹചര്യം നേതാക്കൾ മറക്കരുതായിരുന്നു. പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർണയിച്ചത് പാർട്ടി തലത്തിൽ മുതിർന്ന നേതാക്കളുമായി പോലും ചർച്ച നടത്താതെ മുൻ എംഎൽഎ ഷാഫി പറമ്പിലും പ്രതിപക്ഷ നേതാവ് സതീശനും ചേർന്നുകൊണ്ട് ആയിരുന്നു എന്ന് പരാതിയും മണ്ഡലത്തിൽ നിലനിൽക്കുന്നുണ്ട്. ഇതെല്ലാം ചെറിയതോതിൽ എങ്കിലും യുഡിഎഫ് വിജയത്തിനെ ബാധിക്കും എന്ന് പോലും ചിന്തിക്കാതെയാണ് ഇപ്പോൾ വലിയ രാഷ്ട്രീയ പ്രാധാന്യത്തിൽ നിൽക്കുന്ന അൻവറിനെ ചെറുതായി കണ്ടുകൊണ്ട് വിഷമിപ്പിക്കുവാൻ പ്രതിപക്ഷ നേതാവ് തയ്യാറായത് എന്ന കാര്യവും മണ്ഡലത്തിലെ കോൺഗ്രസ് പാർട്ടിക്കുള്ളിൽ വലിയ ചർച്ചയായി നിലനിൽക്കുകയാണ്.