മലയാള സിനിമ മേഖലയിൽ നിലനിൽക്കുന്ന പലതരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സ്ത്രീകൾ അടക്കമുള്ള സിനിമ പ്രവർത്തകർക്ക് സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പാക്കുന്നതിനും ലക്ഷ്യം വെച്ചുകൊണ്ടാണ് സംസ്ഥാന സർക്കാർ റിട്ടയേർഡ് ജഡ്ജി ഹേമയെ ചെയർമാൻ ആക്കിയ പഠന സമിതിയെ നിയോഗിച്ചത്. അങ്ങനെ കൂടിയാലോചനകളും പഠനങ്ങളും നടത്തി ഹേമ കമ്മിറ്റി റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കുകയും ചെയ്തിരുന്നു. മലയാള സിനിമയുടെ നന്മ ലക്ഷ്യമാക്കി ഉണ്ടാക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുടുങ്ങി മലയാള സിനിമ ഏതാണ്ട് പൂർണമായും സ്തംഭിക്കുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു എന്നതാണ് ഇതിൻറെ അവസാന ഫലം. സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് കൈമാറിയ ശേഷം അഞ്ചുവർഷക്കാലം റിപ്പോർട്ടിന്മേൽ ഒരു തുടർനടപടിയും ഉണ്ടായിരുന്നില്ല. ഒടുവിൽ വിവരാവകാശ കമ്മീഷനും മറ്റും ഇടപെടൽ നടത്തിയപ്പോൾ ആണ് സർക്കാരിൻറെ അലമാരയിൽ ഉറങ്ങിക്കിടന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് ഒരു വിഷയമായി പുറത്തേക്ക് വന്നത്. റിപ്പോർട്ട് പുറത്തുവിടണം എന്ന നിർദ്ദേശം വിവരാവകാശ കമ്മീഷൻ മുന്നോട്ടുവച്ചെങ്കിലും റിപ്പോർട്ടിൽ ചേർത്തിട്ടുള്ള ചില പരാമർശങ്ങളുടെ പേരിൽ സർക്കാരിന് അതിന് കഴിയാതെ വന്നു. എന്നാൽ ഈ വിഷയം ഒടുവിൽ ഹൈക്കോടതിയിൽ വരെ എത്തിയപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ചില ഭാഗങ്ങൾ മാറ്റിവെച്ചുകൊണ്ട് ബാക്കി ഭാഗം പുറത്തുവിടുന്ന സ്ഥിതിയുണ്ടായി. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉണ്ടായിട്ടുള്ള വെളിപ്പെടുത്തലുകൾ കേരളത്തിൽ വലിയ ചർച്ചയായി മാറുകയും ചെയ്തു. സിനിമ മേഖലയിലെ താരങ്ങളായ സ്ത്രീകൾ പുരുഷതാരങ്ങളിൽ നിന്നും പല ഘട്ടങ്ങളിലും ലൈംഗിക പീഡനം അനുഭവിച്ചു എന്നും ഇതിനെതിരെ പ്രതികരിക്കാൻ സ്വാതന്ത്ര്യം ഇല്ലായിരുന്നു എന്നും പറഞ്ഞുകൊണ്ട് ചില നടികൾ അനുഭവിച്ച ദുരിതങ്ങൾ പുറത്തുവിട്ടപ്പോൾ താരനിരയിൽ ഉണ്ടായിരുന്ന പുരുഷന്മാരിൽ പലരും പ്രതികളാകുന്ന സ്ഥിതി വന്നു. നടന്മാരിൽ ചിലർ അറസ്റ്റിൽ ആവുകയും മറ്റു ചില നടന്മാർ അറസ്റ്റ് തടയുവാൻ മുൻകൂർ ജാമ്യം തേടുകയും ചെയ്ത സ്ഥിതി വന്നു. മാത്രവുമല്ല മുൻനിര താരങ്ങളുടെ പേരിൽ വരെ പീഡന പരാതികളും മറ്റും ഉയരും എന്ന സ്ഥിതിയും കടന്നുവന്നു. ഇതോടെ യഥാർത്ഥത്തിൽ മലയാള സിനിമ സ്തംഭിക്കുന്ന സാഹചര്യം ഉണ്ടായി. ഇതിനിടയിലാണ് മലയാള താരങ്ങളുടെ സംഘടനയായ അമ്മയെ നയിച്ചിരുന്ന കമ്മിറ്റി അംഗങ്ങളായ മുഴുവൻ പേരും കൂട്ടരാജി വെച്ച സ്ഥിതി ഉണ്ടായത്. അമ്മ ഭരണസമിതിയിലെ വലിയ പദവിയിൽ ഉള്ളവർ പോലും ലൈംഗിക പീഡന കേസുകളിൽ പെട്ടതോടെയാണ് കൂട്ടരാജിക്ക് വഴി ഒരുങ്ങിയത്.
ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നതും അതിനുശേഷം പോലീസ് കേസുകൾ ഉണ്ടായതും ഇപ്പോഴും പ്രശ്നമായി തന്നെ നിലനിൽക്കുകയാണ്. മുൻകൂർ ജാമ്യം തേടിക്കൊണ്ട് താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് സുപ്രീംകോടതിയിൽ ഹർജി നൽകിയപ്പോൾ അതിൽ കക്ഷികയറാനും കൂടുതൽ ഇടപെടൽ നടത്താനും മറ്റു ചിലർ കൂടി വന്നതോടെ കേസ് ഗൗരവമായി മാറിയിരിക്കുകയാണ്. സിദ്ദിഖിന്റെ മുൻകൂർ ജാമ്യ അപേക്ഷ ആ പരിധിയിൽ നിന്നും കടന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ നടപടിക്രമങ്ങളിലേക്ക് കടന്നിരിക്കുകയാണ്. അഞ്ചുവർഷം മുൻപ് റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ട് അതിന്മേൽ എന്ത് നടപടിയാണ് സംസ്ഥാന സർക്കാർ കൈക്കൊണ്ടത് എന്ന് വിശദീകരിക്കാൻ സുപ്രീംകോടതിയിൽ കേരള സർക്കാരിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതിനിടയിലാണ് സുപ്രീംകോടതിയിലെ ഒരു അഭിഭാഷകനായ അജീഷ് കളത്തിൽ ഒരു പ്രത്യേക ഹർജിയുമായി സുപ്രീംകോടതിയിൽ എത്തിയത്. ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിനെ സമർപ്പിച്ച് കഴിഞ്ഞ അഞ്ചുവർഷക്കാലം ഈ റിപ്പോർട്ട് സർക്കാർ പൂഴ്ത്തി വെക്കുകയായിരുന്നു എന്നും വളരെ ഗൗരവമുള്ള ഒരു ക്രിമിനൽ കുറ്റമാണ് സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത് എന്നും ഹേമ കമ്മിറ്റി മുമ്പാകെ സ്വന്തം അനുഭവങ്ങളും പീഡനങ്ങളും തുറന്നുപറഞ്ഞ നടികളുടെ പരാതികൾ പരിഹരിക്കപ്പെടാതെ വരുന്ന സ്ഥിതി ഉണ്ടാക്കിയത് സർക്കാർ ആണെന്നും ഹർജിക്കാരൻ പറയുന്നുണ്ട്. മാത്രവുമല്ല പുറത്തുവന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പരാതി നൽകിയിട്ടുള്ള നടികളുടെ ആക്ഷേപം പരിഹരിക്കുന്നതിന് പരാതികളിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ച് കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.
കമ്മിറ്റി റിപ്പോർട്ട് പൂർണ്ണരൂപത്തിൽ ഹൈക്കോടതിക്ക് കൈമാറണം എന്ന ഉത്തരവ് പ്രകാരമാണ് റിപ്പോർട്ട് ആദ്യമായി പുറംലോകത്ത് എത്തിയത്. ഹൈക്കോടതിയും റിപ്പോർട്ട് പൂഴ്ത്തിവെച്ച സർക്കാരിനെ വിമർശിച്ചിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതിനാണ് പോലീസിൻറെ പ്രത്യേക അന്വേഷണ സമിതിയെ രൂപീകരിക്കുന്നതിനും അവർക്ക് അന്വേഷണവുമായി മുന്നോട്ടു പോകുന്നതിനും ഹൈക്കോടതി അനുമതി നൽകുകയും ചെയ്തത്.ഇപ്പോൾ സുപ്രീംകോടതിയിൽ ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പേരിൽ നിലവിലുള്ള ഹർജിയിൽ കക്ഷി ചേർന്ന പരാതിക്കാരൻ മറ്റുചില ആവശ്യങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ശേഷം സിനിമയിലെ നടന്മാർക്കെതിരെ നടികൾ സമർപ്പിച്ചിട്ടുള്ള പരാതികളെ കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിന് സി ബി ഐ യെ ചുമതലപ്പെടുത്തണമെന്നും ദേശീയ വനിതാ കമ്മീഷൻ ഈ കേസിൽ കക്ഷിചേരണമെന്നും സംസ്ഥാന സർക്കാർ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കുന്നതിന് നിർദ്ദേശം നൽകണം തുടങ്ങിയ കാര്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.ഏതായാലും നടൻ സിദ്ദിഖ് മുൻകൂർ ജാമ്യം തേടിയെത്തിയ ഹർജിയാണ് പലതരത്തിലുള്ള മാറ്റങ്ങളോടുകൂടി ഇപ്പോൾ സുപ്രീംകോടതിയിൽ നിൽക്കുന്നത്. ഈ കേസിന്റെ വിചാരണയ്ക്കിടയിൽ പല അവസരത്തിലും സുപ്രീംകോടതി സംസ്ഥാന സർക്കാരിനെ വിമർശിച്ചിരുന്നു. നല്ല ഉദ്ദേശത്തോടുകൂടി രൂപീകരിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിൽ കിട്ടിയിട്ട് അഞ്ചു വർഷക്കാലം ഒരു നടപടിയും എടുക്കാതിരുന്നത് കുറ്റകരമായ അനാസ്ഥ തന്നെയാണ് എന്ന് കോടതി വിലയിരുത്തിയിട്ടുണ്ട്. നിലവിലുള്ള കേസിന്റെ സ്ഥിതിഗതികൾ പരിശോധിച്ചാൽ സർക്കാരിനെതിരെ കടുത്ത നിർദ്ദേശങ്ങളും ഉത്തരവുകളും സുപ്രീംകോടതിയിൽ നിന്നും ഉണ്ടാകുവാൻ ആണ് സാധ്യത.