കേരളത്തിൽ മൂന്ന് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലും. തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും കഴിഞ്ഞു. ഇതിൽ പാലക്കാട് ആണ് ഇപ്പോൾ രാഷ്ട്രീയ സംഘർഷങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുന്നത്. പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ വൻഭൂരിപക്ഷത്തിൽ ജയിച്ചത് എതിർപക്ഷത്തുണ്ടായിരുന്ന ബിജെപിയെയും സിപിഎമ്മിനെയും യഥാർത്ഥത്തിൽ അമ്പരപ്പിച്ചിരിക്കുകയാണ്. ഇപ്പോൾ ഈ രണ്ടു പാർട്ടികളിലും നേതാക്കന്മാർ തമ്മിലുള്ള രൂക്ഷമായ തർക്കമാണ് നടക്കുന്നത്. എന്നാൽ ഫലം പുറത്തുവരികയും സിപിഎം സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തതിന്റെ പേരിൽ പാലക്കാട് ജില്ലയിലെ സിപിഎം പാർട്ടിക്ക് അകത്ത് വലിയ പോരാണ് ഇപ്പോഴും തുടരുന്നത്. പാർട്ടിയുടെ ജില്ലാ സെക്രട്ടറി സുരേഷ് ബാബുവിനെതിരെ വ്യാപകമായ പരാതികളും പ്രതിഷേധവുമാണ് പാർട്ടി പ്രവർത്തകരിൽ നിന്ന് തന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിനകം തന്നെ ജില്ലാ സെക്രട്ടറിയെ ധിക്കരിച്ചുകൊണ്ട് എതിർപ്പുമായി നീങ്ങുന്ന വിമത വിഭാഗം നാലു സ്ഥലങ്ങളിൽ കൺവെൻഷനുകൾ നടത്തി എന്നാണ് അറിയുന്നത്.
പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പാർട്ടി നേതൃത്വം രണ്ടും കെട്ട ഏർപ്പാടാണ് കാണിച്ചത് എന്ന പരാതി സ്ഥാനാർഥിയെ തീരുമാനിച്ച അവസരത്തിൽ മുതൽ സഖാക്കളിൽ ഉയർന്നിരുന്നു. തലേ നാൾ വരെ സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കടുത്തതും മോശപ്പെട്ട ഭാഷയിൽ ചീത്ത വിളിച്ച കോൺഗ്രസ് നേതാവായിരുന്ന ഒരാളെ ഒറ്റ രാത്രികൊണ്ട് ഇടതുമുന്നണി സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിച്ചതാണ് ജില്ലയിലെ സഖാക്കളെ വലിയ നിരാശയിൽ ആക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎമ്മിന്റെയും മുഖ്യ ശത്രു എന്ന നിലയിലാണ് കോൺഗ്രസ് നേതാവായി നിന്ന ഡോ. സരിൻ അറിയപ്പെട്ടിരുന്നത്. കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിൽ എന്ന യൂത്ത് കോൺഗ്രസ് പ്രസിഡന്റിന് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചപ്പോൾ അതിനെ എതിർത്തുകൊണ്ടാണ് സരിൻ രംഗത്ത് വന്നത്. പ്രതിഷേധ സ്വരം ഉയർത്തിയ സരിനെ ഉടൻതന്നെ തോളിലേറ്റി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടായി പാലക്കാട് ജില്ലയിലെ സിപിഎം നേതാക്കളും പ്രവർത്തകരും കണ്ടിരുന്നു. അതുകൊണ്ടുതന്നെ മേഖലാതലങ്ങളിൽ പലയിടത്തും ഇടതു സ്ഥാനാർഥി സരിനു വേണ്ടി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ കാര്യമായി ശ്രദ്ധിക്കാൻ പലയിടങ്ങളിലും പാർട്ടി പ്രവർത്തകർ തയ്യാറായിരുന്നില്ല.
ഇതിനിടയിലാണ് പ്രതിഷേധ സ്വരമുയർത്തിയ പാർട്ടിയുടെ ചില ബ്രാഞ്ച് ലോക്കൽ കമ്മിറ്റി ഭാരവാഹികളെ ജില്ലാ സെക്രട്ടറി സുരേഷ് ബാബു ഭീഷണിപ്പെടുത്തിയ സംഭവം ഉണ്ടായത്. മുൻകാലങ്ങളിൽ ഒരു തെരഞ്ഞെടുപ്പിലും സിപിഎം മൂന്നാം സ്ഥാനത്തേക്ക് പോയിട്ടില്ല എന്നും സ്ഥാനാർഥി നിർണ്ണയത്തിലെ അപാകതയാണ് കനത്ത തോൽവിക്ക് കാരണം എന്നുമാണ് പ്രാദേശിക സിപിഎം പ്രവർത്തകർ അഭിപ്രായപ്പെട്ടത്.സിപിഎമ്മിന്റെ ചിറ്റൂർ ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള കൊഴിഞ്ഞാമ്പാറയിൽ ആണ് ജില്ലാ സെക്രട്ടറിക്ക് എതിരെ നീങ്ങുന്ന വിമതവിഭാഗം പരസ്യ കൺവെൻഷൻ നടത്തിയത്. ഈ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സുരേഷ് ബാബു രാജിവയ്ക്കണം എന്ന് ആവശ്യവും ഉയർന്നിരുന്നു. യോഗത്തിൽ പങ്കെടുത്ത സഖാക്കൾ ഒപ്പിട്ട പരാതിയും സംസ്ഥാന നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്.പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നേരിട്ട ബിജെപിയുടെയും സിപിഎമ്മിന്റെയും സ്ഥാനാർഥികൾക്ക് വലിയ വോട്ട് കുറവാണ് ഈ തെരഞ്ഞെടുപ്പിൽ ഉണ്ടായത്. അതുകൊണ്ടുതന്നെ ഫലപ്രഖ്യാപനം കഴിഞ്ഞശേഷം സിപിഎമ്മിനകത്തും ബിജെപിയിലും ആർക്കും നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിലുള്ള പൊട്ടിത്തെറികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡൻറ് സുരേന്ദ്രനെതിരെയാണ് പാലക്കാട് ബിജെപി നേതാക്കൾ പ്രതിഷേധം ഉയർത്തുന്നത്. സിപിഎമ്മിനകത്ത് ജില്ലാ സെക്രട്ടറിയെ കുറ്റപ്പെടുത്തിക്കൊണ്ടും പാർട്ടി നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നു എന്ന് ആക്ഷേപിച്ചു കൊണ്ടുമാണ് ജില്ലയിലെ പല മേഖലകളിലും ഉള്ള സിപിഎം കമ്മിറ്റികളുടെ വിമതയോഗങ്ങളും പ്രതിഷേധങ്ങളും നടന്നുകൊണ്ടിരിക്കുന്നത്.