ജനാധിപത്യം ആണ് എങ്കിലും സമൂഹത്തിനിടയിൽ അനീതികൾ ഒഴിവാക്കുവാനും അക്രമങ്ങൾ ഇല്ലാതാക്കുവാനും പ്രവർത്തിക്കുന്ന പോലീസ് സേനയുടെ പ്രാധാന്യം വളരെ വലുതാണ്. ഏത് സംഘർഷ രംഗത്തും പോലീസിന്റെ ശക്തമായ സാന്നിധ്യവും ഇടപെടലും ഉണ്ടായില്ല എങ്കിൽ ക്രമസമാധാനപാലനം തകരുന്ന സ്ഥിതി ഉണ്ടാകും. മാറിമാറി വരുന്ന ഏതു പാർട്ടിയുടെ ഭരണവും പോലീസിനെ വരിഞ്ഞുകെട്ടി നിർത്തി സ്വന്തം കാര്യം യഥേഷ്ടം നടപ്പിലാക്കുന്നതിനുള്ള സംവിധാനമാക്കി മാറ്റി മാറ്റുകയാണ്. ഇതുകൊണ്ടാണ് തന്നെയാണ് യഥാർത്ഥ പോലീസ് സേവനം ജനങ്ങൾക്ക് ലഭിക്കാതെ വരുന്നത്. കേരളത്തിൽ കഴിഞ്ഞ 40 വർഷത്തിനിടയിൽ മുന്നണി സർക്കാരുകളാണ് ഭരണം നടത്തിയിട്ടുള്ളത്. ഏകകക്ഷി ഭരണം നിലനിന്നിരുന്ന ഒരു കാലം കേരളത്തിൽ ഉണ്ടായിരുന്നു. ഒന്നുകിൽ കോൺഗ്രസ് പാർട്ടിയുടെ ഭരണം അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണം. ഈ പ്രമുഖ പാർട്ടികൾ പല കാലങ്ങളിലായി നേരിട്ടപ്പോൾ ആണ് കൂട്ടുകക്ഷി ഭരണം അധികാരത്തിൽ വരുന്ന സ്ഥിതി ഉണ്ടായത്. ഒരു രാഷ്ട്രീയപാർട്ടി ഭൂരിപക്ഷം നേടി അധികാരത്തിൽ വരികയും ഭരണം നടത്തുകയും ചെയ്താൽ ആ പാർട്ടിയുടെ സ്വാധീനവും നിയന്ത്രണവും മാത്രമേ പോലീസിന്മേൽ ഉണ്ടാവുകയുള്ളൂ. അതിന് പകരമായി പല രാഷ്ട്രീയ പാർട്ടികൾ ചേർന്ന് രൂപപ്പെടുന്ന മുന്നണി സർക്കാരുകൾ ആകുമ്പോൾ ഓരോ പാർട്ടിയുടെയും താല്പര്യങ്ങൾക്ക് വിധേയരായി പ്രവർത്തിക്കേണ്ട ഗതികേടിലേക്ക് പോലീസ് മേധാവികൾ അടക്കം മാറുന്ന സ്ഥിതി വരും. ഈ ദുർഗതിയാണ് കേരളത്തിലെ പോലീസ് സേനയെ ഇപ്പോൾ ബാധിച്ചിരിക്കുന്നത്. ഈ ഗുരുതരമായ അവസ്ഥ തുറന്ന് പറഞ്ഞത് മറ്റാരുമല്ല. കേരളത്തിലെ മുൻ പോലീസ് മേധാവി ഹോർമിസ് തരകൻ ആണ്. മുന്നണി സർക്കാരുകൾ അധികാരത്തിൽ വരുന്നതാണ് പോലീസിന്റെ സ്വാഭാവിക പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതും പോലീസ് സേനയെ ജനങ്ങളിൽ ഒരു വിഭാഗത്തിന്റെ ശത്രുക്കൾ ആക്കി മാറ്റുന്നതും എന്നാണ് അദ്ദേഹം വിശദീകരിച്ചത്. മാത്രവുമല്ല അധികാരത്തിൽ വരുന്നവരുടെ ഗുഡ് ബുക്കിൽ പേര് വന്നില്ല എങ്കിൽ ഡിജിപി ആണെങ്കിലും ദുരനുഭവങ്ങളെ നേരിടേണ്ടി വരും എന്നും മുൻ സംസ്ഥാന പോലീസ് മേധാവി ആയിരുന്ന ടി പി സെൻകുമാറിനെതിരെ സർക്കാർ സ്വീകരിച്ച നടപടി പോലീസ് സേനയുടെ തന്നെ വീര്യം കിട്ടുന്നതായിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. യഥാർത്ഥത്തിൽ മുൻ പോലീസ് മേധാവി ഹോർമിസ് തരകൻ സത്യസന്ധമായി വെളിപ്പെടുത്തിയ ഈ വസ്തുത തന്നെയാണ് കേരളത്തിലെ പോലീസിനെ അപകീർത്തിപ്പെടുത്തുന്നത്.
മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ചു കേരളത്തിൽ പ്രവർത്തിച്ചുവന്നിരുന്ന പോലീസ് സേനയിലെ മുഴുവൻ ആൾക്കാരും സത്യസന്ധരും കാര്യപ്രാപ്തി ഉള്ളവരും എന്ന സൽ പേര് സമ്പാദിച്ചവരായിരുന്നു. ഏതു വലിയ കുറ്റകൃത്യത്തെയും സമയബന്ധിതമായി തെളിയിക്കുവാനും യഥാർത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുവാനും കേരള പോലീസിന് വലിയ കഴിവുണ്ടായിരുന്നു. ഇത്തരത്തിൽ ഒരിക്കലും തെളിയപ്പെടില്ല എന്ന് കരുതിയിരുന്ന പല കേസുകളും നമ്മുടെ പോലീസ് തെളിയിച്ചിട്ടുണ്ട്. അത്ഭുതകരമായി കാണാവുന്ന തരത്തിൽ ഒരു കുറ്റകൃത്യം നടന്ന ശേഷം പതിറ്റാണ്ടുകൾ കഴിഞ്ഞു ആ കുറ്റകൃത്യത്തിലെ കുറ്റവാളികളെ കണ്ടുപിടിച്ച് നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് അത്ഭുത കഥകൾ പോലും കേരള പോലീസിൻറെ ചരിത്രത്തിൽ നിരവധി ഉണ്ട്. അങ്ങനെ മാതൃകാപരമായി പ്രവർത്തിക്കുന്ന പോലീസ് സേനയുടെ മേൽ ഭരണാധികാരികൾ നടത്തുന്ന അനാവശ്യ ഇടപെടലുകൾ ആണ് പോലീസിനെ പിടിപ്പുകട്ടവരായി വ്യാഖ്യാനിക്കാൻ വഴിയൊരുക്കുന്നത് എന്ന കാര്യം സത്യമാണ്.
കേരളത്തിൽ സ്ഥിരമായി തുടർന്നു വരുന്ന മുന്നണി ഭരണകൂടങ്ങൾ പല രാഷ്ട്രീയ പാർട്ടികളിലും പെട്ടവരുടെ ആസ്ഥാനമായി മാറുകയാണ്. മുന്നണി ഭരണത്തിൽ പങ്കാളിത്തമുള്ള ഓരോ രാഷ്ട്രീയ പാർട്ടികളുടെയും പ്രാദേശിക നേതാക്കൾ മുതൽ സംസ്ഥാന നേതൃത്വവും പാർട്ടിയിലെ മന്ത്രിമാരും വരെ പോലീസിന്മേൽ അനാവശ്യ അധികാര പ്രയോഗം നടത്തുകയും സ്വന്തം താൽപര്യം നടത്തിയെടുക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ സഹികെടുന്ന പോലീസ് ഉദ്യോഗസ്ഥർ സ്വന്തം ജീവിതം അപകടത്തിൽ ആകാതിരിക്കാൻ വേണ്ടി വഴങ്ങിക്കൊടുക്കുന്നു എന്നതാണ് വാസ്തവം. ഇത്തരം വഴങ്ങലുകൾക്ക് ആവർത്തിച്ച് വിധേയമാകുമ്പോൾ യഥാർത്ഥ നീതി പാലനം അനീതിയുടെ വഴികളിലേക്ക് കടന്നുപോകുന്നു എന്നതും കേരളത്തിലെ ജനങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്.കേരളത്തിലെ പോലീസ് സേനയുടെ തലപ്പത്തേക്ക് കടന്നുവരുന്ന ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഉള്ള ചില പോലീസ് മേധാവികൾ നിയമം വിട്ടുകൊണ്ടും മറ്റും പ്രവർത്തിക്കുന്നു എന്നതും മറച്ചു വെക്കേണ്ട കാര്യമില്ല. എന്നാൽ ഇത്തരത്തിലുള്ള പോലീസ് മേധാവികളുടെ വഴിവിട്ട പ്രവർത്തനങ്ങൾക്കും മേൽ നിയന്ത്രണം കൊണ്ടുവരുവാനും നേർവഴിക്ക് നയിക്കുവാനും അധികാരമുള്ള മന്ത്രിമാരടക്കമുള്ള ഭരണാധികാരികൾ മറ്റുചില താല്പര്യങ്ങൾക്ക് വേണ്ടി ഈ പോലീസ് മേധാവികൾക്ക് അവസരം നൽകുന്നു എന്നതും മറക്കണ്ട കാര്യമല്ല. ഇത്തരം ഇടപെടലുകൾ പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും ഉണ്ടാകുമ്പോൾ അതിൻറെ ദുരനുഭവം നേരിടുന്ന പൊതുജനങ്ങൾ പോലീസ് സേനയെ ജനദ്രോഹ വിഭാഗമായി ചിത്രീകരിക്കുന്ന സ്ഥിതിയും കേരളത്തിൽ ഉണ്ടാവുന്നുണ്ട്.
ചില രാഷ്ട്രീയ പാർട്ടികളുടെ നേതാക്കന്മാരും സർക്കാരിൽ പങ്കാളി ആയിട്ടുള്ള മന്ത്രിമാരും വരെ പോലീസ് മേധാവികളെ ഉപയോഗിച്ച് പാർട്ടി ഫണ്ട് പിരിക്കാനും സ്വന്തമായി അഴിമതി നടത്തുവാനും ശ്രമിക്കുന്നു എന്നതും കേരളത്തിൽ പുതിയ കാര്യമല്ല. പോലീസിനെ സംബന്ധിച്ചിടത്തോളം അധികാര വർഗ്ഗം ഉണ്ടെങ്കിൽ എന്ത് വൃത്തികേടും ചെയ്യുന്നതിന് സ്വാഭാവികമായും പോലീസ് മേധാവികളും തയ്യാറാകും. ഇത്തരം അനുഭവങ്ങളും നമ്മൾ സമീപകാലത്ത് കണ്ടുകഴിഞ്ഞതുമാണ്. ഇടതുപക്ഷ നിയമസഭാംഗമായ പി വി അൻവർ ഒരു പോലീസ് മേധാവിയുടെ ഫോൺ സന്ദേശം പുറത്തുവിട്ടുകൊണ്ട് പറഞ്ഞുവെച്ച അഴിമതി കഥകളും ക്രിമിനൽ കുറ്റങ്ങളും ഇപ്പോഴും സമൂഹത്തിൽ ചർച്ചയായി നിലനിൽക്കുന്നുണ്ട്.മാറിമാറി വരുന്ന ഭരണകൂടങ്ങൾ രാഷ്ട്രീയമായി പോലീസിനെ പലവിധത്തിലും ഉപയോഗിക്കുന്നു എന്നതും പരസ്യമായ രഹസ്യമാണ്. ഒരു പാർട്ടി അധികാരത്തിൽ വന്നാൽ ഏതെങ്കിലും പ്രദേശത്ത് ആ പാർട്ടിയുടെ ഒരാളെ കുറ്റക്കാരനായി കണ്ടുകൊണ്ട് പോലീസ് അറസ്റ്റ് ചെയ്താൽ അയാളെ തുറന്നു വിടുവാൻ ഇടപെടുന്നത് മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ആണ്. ഇത്തരത്തിലുള്ള അന്യായമായ ഇടപെടലുകൾ ആവർത്തിക്കപ്പെടുമ്പോൾ സത്യസന്ധരായ പോലീസ് ഉദ്യോഗസ്ഥർ നിരാശയിൽ ആയി ഒന്നും ചെയ്യേണ്ട എന്ന നിലപാടിലേക്ക് എത്തിയാൽ അതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
ഏതു ഭരണകൂടം കടന്നു വന്നാലും പലവിധത്തിലും പ്രാധാന്യത്തിലേക്ക് മുൻനിരയിലേക്കും എത്തിപ്പെടുക പോലീസ് സേനയെ ബന്ധിച്ചുള്ള കാര്യങ്ങൾ ആയിരിക്കും. സമൂഹത്തിൽ ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിനും ജനങ്ങൾക്ക് സ്വൈര്യ ജീവിതം ഒരുക്കുന്നതിനും കുറ്റവാളികളെ കയ്യോടെ പിടികൂടുന്നതിനും ചുമതലപ്പെട്ട വിഭാഗം എന്ന നിലയിൽ പോലീസ് സേന സുപ്രധാനമായ ഒരു ഭരണസംവിധാനമാണ് കേരളത്തിൽ. ആ സംവിധാനത്തിൽ രാഷ്ട്രീയക്കാരുടെ അനാവശ്യ ഇടപെടലുകളും നിയന്ത്രണങ്ങളും ഉണ്ടാകുമ്പോഴാണ് പോലീസ് സേനയുടെ യഥാർത്ഥ ധർമ്മവും കർമ്മവും മാറ്റിമറിക്കപ്പെടുന്നത്. അധികാരം എന്നത് ജനാധിപത്യത്തിൽ ഒന്നാം സ്ഥാനത്തുള്ള ഘടകമാണ്. ഭരണാധികാരികളെ വെറുപ്പിച്ചാൽ അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങൾ ഏത് പോലീസ് ഉദ്യോഗസ്ഥനും കൃത്യമായി അറിയുവാൻ കഴിയും. അതുകൊണ്ടാണ് രാഷ്ട്രീയക്കാർക്കും ഭരണക്കാർക്കും വിധേയരായി പോലീസ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത്. ഈ സാഹചര്യം ജനങ്ങൾ ആഗ്രഹിക്കുന്നതല്ല എന്ന് തിരിച്ചറിഞ്ഞു കൊണ്ട് രാഷ്ട്രീയക്കാരുടെയും ഭരണാധികാരികളുടെയും പോലീസ് സേനയ്ക്കു മേൽ ഉള്ള അനാവശ്യ ഇടപെടൽ ഒഴിവാക്കുന്നതിന് തീരുമാനമെടുക്കേണ്ടത് രാഷ്ട്രീയക്കാരും ഭരണാധികാരികളും തന്നെ ആണ്. അതിന തയ്യാറായില്ല എങ്കിൽ മുൻപോലീസ് മേധാവി ആശങ്കപ്പെട്ടത് പോലെ ജനസേവകരായ പോലീസ് എന്നത് വെറും സ്വപ്നം മാത്രമായി അവശേഷിക്കും.