കേരളത്തിൽ കോൺഗ്രസിലേക്ക് ബിജെപിക്കാരുടെ ഒഴുക്ക്.

തമ്മിൽതല്ലി തകരുന്ന ബിജെപി പാർട്ടി

രിയാന നിയമസഭാ തെരഞ്ഞെടുപ്പിലും ഇപ്പോൾ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും വലിയ വിജയങ്ങൾ നേടിക്കൊണ്ട് രാജ്യത്തെ ഭരണകക്ഷിയായ ബിജെപി മുന്നേറിക്കൊണ്ടിരിക്കുമ്പോൾ തെക്കേയറ്റം ആയ കേരളത്തിൽ ബിജെപി നേതാക്കളുടെ തമ്മിലടി സഹി കെടുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ്. കേരളത്തിൽ ഇപ്പോൾ ബിജെപിയെ പോലെ തരംതാണ ഒരു പാർട്ടി ഇല്ല എന്ന് തന്നെ പറയാൻ കഴിയും. ഓരോ ദിവസവും ഓരോ നേതാക്കന്മാർക്കെതിരെ പലതരത്തിലുള്ള പരാതികൾ ഉയരുകയാണ്. പാർട്ടിക്കകത്ത് നടക്കുന്ന ഗ്രൂപ്പ് പോരുകൾ മാത്രമല്ല നേതാക്കന്മാർക്കിടയിൽ വ്യാപകമായി കടന്നു കൂടിയിട്ടുള്ള സാമ്പത്തിക തട്ടിപ്പുകളും തിരിമറികളും കൂടി പാർട്ടിയെ വല്ലാതെ തളർത്തുന്ന സ്ഥിതിയാണ് ഉണ്ടാക്കിയിരിക്കുന്നത്. പാർട്ടിയുടെ കേരളത്തിലെ അധ്യക്ഷനായ കെ സുരേന്ദ്രൻ വരെ സാമ്പത്തിക തിരുമറിയുടെയും കള്ളപ്പണം വെളുപ്പിക്കലിന്റെയും കേസുകളിൽ കുറ്റക്കാരനായി നിൽക്കുകയാണ്. ഇതിനിടയിലാണ് പാലക്കാട് നിയമസഭാ മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ പേരിൽ പാർട്ടിയിൽ ഉണ്ടായിട്ടുള്ള അതിഭീകരമായ സംഘർഷങ്ങൾ. പാർട്ടി സ്ഥാനാർത്ഥിക്ക് എതിരെ മാത്രമല്ല പാർട്ടി പ്രസിഡന്റിന് നേരെ വരെ ആരോപണങ്ങളും പ്രതിഷേധങ്ങളും ഉയർന്നിരിക്കുകയാണ്.

കഴിഞ്ഞദിവസമാണ് കേരളത്തിലെ ബിജെപി ഘടകത്തിന്റെ നേതൃയോഗം കൊച്ചിയിൽ ചേർന്നത്. പാർട്ടിയിൽ ഒരു പ്രശ്നവുമില്ല എന്നും എല്ലാം മാധ്യമങ്ങൾ ഉണ്ടാക്കുന്ന വ്യാജവാർത്തകൾ ആണെന്നും വലിയ ക്ഷോഭത്തോടുകൂടി പാർട്ടി പ്രസിഡൻറ് കെ സുരേന്ദ്രൻ പറഞ്ഞു എങ്കിലും യോഗം അവസാനിക്കുമ്പോൾ വരെ ഈ യോഗത്തിലേക്ക് പാർട്ടിയുടെ മുതിർന്ന നേതാക്കളും സംസ്ഥാന ഭാരവാഹികളും ആയ കൃഷ്ണദാസും എംടി രമേശും എ എൻ രാധാകൃഷ്ണനും എത്തിച്ചേർന്നില്ല എന്നത് യോഗത്തിന്റെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തുന്നതായി മാറി. സുരേന്ദ്രൻ പാർട്ടിയിൽ എല്ലാരും ഒറ്റക്കെട്ടാണ് എന്ന് പറഞ്ഞു എങ്കിലും യോഗം അതല്ല വെളിപ്പെടുത്തിയത്. പാർട്ടിയിൽ ശക്തമായ ഗ്രൂപ്പ് പോരുകൾ തുടരുന്നു എന്ന വ്യക്തമാക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.സംസ്ഥാന നേതാക്കന്മാർ തമ്മിൽ പരസ്പരം തമ്മിൽ തല്ലുമ്പോൾ ആണ് പാർട്ടിയുടെ വയനാട് ജില്ലയിലെ മുൻ പ്രസിഡൻറ് പാർട്ടിയിൽ നിന്നും രാജിവച്ച വാർത്ത പുറത്തുവന്നത്. ഇതേസമയം പാലക്കാട് മുൻസിപ്പാലിറ്റി ഭരിച്ചുകൊണ്ടിരിക്കുന്ന ബിജെപി എന്ന പാർട്ടിയുടെ കൗൺസിലർമാർക്ക് ഇടയിൽ വലിയ തർക്കം ഉടലെടുത്തത്. കൗൺസിൽ യോഗത്തിൽ ബിജെപിയുടെ അംഗങ്ങൾ ചേരിതിരിഞ്ഞ് തർക്കിക്കുന്ന ദൃശ്യങ്ങൾ പോലും പുറത്തുവരികയുണ്ടായി. മാത്രവുമല്ല അടുത്ത ദിവസങ്ങൾക്കുള്ളിൽ പാലക്കാട് മുനിസിപ്പാലിറ്റിയിലെ ബിജെപി കൗൺസിലർമാരിൽ ഭൂരിഭാഗം പേരും ബിജെപിയിൽ നിന്നും രാജിവയ്ക്കും എന്ന വാർത്തയും പുറത്തുവരുന്നുണ്ട്. ഇത്തരത്തിൽ രാജിവയ്ക്കുന്ന കൗൺസിലർമാർ കോൺഗ്രസ് പാർട്ടിയിൽ ചേരും എന്ന ഊഹാപോഹങ്ങളും കേൾക്കുന്നുണ്ട്. ഇതിനിടയിലാണ് പാർട്ടിയിൽ നിന്നും രാജിവച്ച വയനാട് ജില്ലയുടെ മുൻപ്രസിഡന്റ് മധുവിനെ കോൺഗ്രസ് പാർട്ടിയിലേക്ക് ക്ഷണിക്കുന്നതിന് വേണ്ടി കോൺഗ്രസ് നേതാക്കളും അടുത്തിടയ്ക്ക് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യരും ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുന്നത്.

സാധാരണ കേരളത്തിലെ ബിജെപി എന്ന പാർട്ടിയെ സംബന്ധിച്ചിടത്തോളം അവരുടെ ശക്തിയും വളർച്ചയും പ്രകടമായി കാണിക്കുവാൻ കഴിയുന്ന ഒരു തെരഞ്ഞെടുപ്പ് കേരളത്തിൽ നടക്കാൻ പോവുകയാണ്. അസംബ്ലി തെരഞ്ഞെടുപ്പിലും പാർലമെൻറ് തെരഞ്ഞെടുപ്പിലും കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ കഴിയാതെ നിൽക്കുമ്പോഴും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ ബിജെപി അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് ആ പാർട്ടിക്ക് മുൻകാലങ്ങളിൽ കഴിഞ്ഞിരുന്നതാണ്. ഇതിന് കാരണമായി മാറുന്നത് പ്രാദേശിക തലങ്ങളിൽ ആർഎസ്എസ് ൻ്റെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നതും ആർ എസ് എസ് ൻ്റെ കേഡർ സ്വഭാവമുള്ള പ്രവർത്തനങ്ങളിൽ പങ്കാളിയായി ജനങ്ങളിൽ മാതൃകാ രാഷ്ട്രീയക്കാരനായി വളർന്നു വന്നിട്ടുള്ളവർ ഉണ്ടാവുകയും അവർ മത്സരത്തിൽ സ്ഥാനാർത്ഥികളായി വരികയും ചെയ്യുമ്പോൾ ആണ് ജനങ്ങൾ ഇത്തരം സ്ഥാനാർത്ഥികളെ അംഗീകരിക്കുകയും വിജയിപ്പിക്കുകയും ചെയ്യുന്ന സ്ഥിതി ഉണ്ടാകുന്നത്.ഇത് വഴിയാണ് ബിജെപിക്ക് ഇത്തരം തെരഞ്ഞെടുപ്പുകളിൽ മുന്നോട്ട് കുതിക്കുവാൻ കഴിയാറുള്ളത്. എന്നാൽ ഇപ്പോൾ അത്തരത്തിൽ ഒരു സംവിധാനം ഫലപ്രദമായി നിലനിൽക്കുന്നില്ല എന്ന വിലയിരുത്തലാണ് ബിജെപിയുടെ നേതാക്കൾക്ക് തന്നെ ഉള്ളത്.

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷവും അതിനോട് അടുത്ത അവസരങ്ങളിലും കേരളത്തിലെ ബിജെപി നേതാക്കൾക്കിടയിൽ കടുത്ത ഭിന്നതകൾ തുടർന്നുവരികയായിരുന്നു. പാർട്ടി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്റെ പേരിൽ ഉയർന്നുവന്ന കള്ളപ്പണം വെളുപ്പിക്കൽ കേസ് അടക്കമുള്ള സംഭവങ്ങളിലും തർക്കങ്ങൾ രൂക്ഷമായിരുന്നു. ഇതിനിടയിലാണ് മുതിർന്ന നേതാവായ ശോഭാസുരേന്ദ്രൻ വലിയ പ്രതിഷേധവുമായി പരസ്യ പ്രസ്താവനകൾ നടത്തിക്കൊണ്ടിരുന്നത്. സുരേന്ദ്രൻ പക്ഷം ശോഭാസുരേന്ദ്രനെ ഒതുക്കാൻ ശ്രമിക്കുന്നു എന്ന തരത്തിലുള്ള വാർത്തകളും നിരന്തരം പുറത്തുവന്നിരുന്നു. ഇതിലുള്ള ദേഷ്യം ആണ് ശോഭാ സുരേന്ദ്രൻ പരസ്യമായി പ്രകടിപ്പിച്ചിരുന്നത്.ഏതായാലും കേരളത്തിലെ ബിജെപി പാർട്ടി ഘടകത്തിൽ നിലനിൽക്കുന്ന പലതരത്തിലുള്ള തർക്കങ്ങൾ സംസ്ഥാന നേതാക്കളെ അടക്കം നിരാശയിൽ ആക്കിയിരിക്കുകയാണ്. മുതിർന്ന ചില നേതാക്കൾ ബിജെപിയിൽ നിന്നും രാജിവെക്കുന്നതിന് ആലോചിക്കുന്നുണ്ട്. ഇത്തരത്തിൽ രാജിവയ്ക്കുന്നവർ ബിജെപിയിലെ സജീവ പങ്കാളിത്തം ഒഴിവാക്കി ആർ എസ് എസ് പ്രവർത്തനങ്ങളുമായി ഒതുങ്ങുന്നതിന് തീരുമാനിച്ചു എന്നാണ് അറിയുന്നത്. മറ്റു ചിലർ കോൺഗ്രസ് അടക്കമുള്ള മറ്റു പാർട്ടികളിലേക്ക് ചേക്കേറുന്നതിനുള്ള ആലോചനയും നടത്തുന്നുണ്ട്. ദേശീയ തലത്തിൽ ബിജെപി ശക്തിപ്പെടുന്നുണ്ടെങ്കിലും കേരളത്തിലെ കഴിഞ്ഞ 25 വർഷക്കാലത്തെ പ്രവർത്തനത്തിനിടയിൽ തക്കതായ മുന്നേറ്റം ഉണ്ടാക്കുവാൻ പാർട്ടിക്ക് കഴിഞ്ഞില്ല എന്നത് ചർച്ചയായി മാറിയിട്ടുണ്ട്. കേരള നേതാക്കളുടെ ഐക്യം ഇല്ലായ്മയാണ് പലപ്പോഴും പാർട്ടിയെ പിറകോട്ട് അടിപ്പിച്ചത് എന്ന വിലയിരുത്തലും ഉണ്ട്. പാർട്ടിയുടെ സംസ്ഥാന പ്രസിഡൻറ് പദവിയിൽ എത്തിക്കഴിഞ്ഞാൽ മുൻകാലങ്ങളിലെ പല പ്രസിഡൻറുമാരും മറ്റു മുതിർന്ന നേതാക്കളെ തഴയുന്ന ശൈലിയാണ് തുടർന്ന് വന്നത് എന്ന വിലയിരുത്തലും നേതാക്കളിൽ തന്നെ ഉണ്ട്. ഏതായാലും ദേശീയതലത്തിൽ മറ്റു പല പാർട്ടികളിൽ നിന്നും ബിജെപി എന്ന പാർട്ടിയിലേക്ക് നേതാക്കൾ പോയിക്കൊണ്ടിരിക്കുമ്പോൾ കേരളത്തിൽ മാത്രം ബിജെപി നേതാക്കൾ പാർട്ടി വിട്ടുപോകുന്നു എന്നത് ഒരു വിരോധാഭാസമായി നിലനിൽക്കുകയാണ്.