ഇന്ത്യയിലെ കോൺഗ്രസ് പാർട്ടിയുടെ തായ് വേര് എത്തിനിൽക്കുന്നത് നെഹ്റു കുടുംബത്തിലാണ്. ആ കുടുംബത്തിലെ മൺമറഞ്ഞവരും നിലവിലുള്ള വരും ഇന്ത്യൻ ജനതയുടെ മനസ്സിലെ മായാത്ത മുഖങ്ങൾ ആണ്. രാഷ്ട്രശില്പിയായ ജവഹർലാൽ നെഹ്റു പിന്നീട് പ്രിയദർശിനിയായ ഇന്ദിരാഗാന്ധി തൊട്ടു പിറകെ രാജീവ് ഗാന്ധി ഇവരുടെ പിന്തുടർച്ചക്കാരായി രാജ്യത്തിൻറെ ജനാധിപത്യ ശ്രീകോവിലിൽ രണ്ടു മുഖങ്ങൾ ഒരുപോലെ തിളങ്ങുന്ന കാഴ്ചയാണ് ഇന്നലെ പാർലമെൻറിൽ കണ്ടത്. കഴിഞ്ഞ 10 വർഷമായി കോൺഗ്രസ് പാർട്ടിയെ നയിക്കുന്ന രാഹുൽഗാന്ധി ഒടുവിൽ ലോകസഭയിൽ എത്തിയത് വയനാടിൻറെ പ്രതിനിധി ആയിട്ടായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉത്തരേന്ത്യയിൽ നിന്നു കൂടി വിജയിച്ചു കഴിഞ്ഞപ്പോൾ വയനാട് മണ്ഡലം രാഹുൽഗാന്ധി ഒഴിഞ്ഞിത് . വയനാട്ടിലെ നല്ലവരായ ജനങ്ങളെ മനസ്സിൽ ഉറപ്പിച്ചുകൊണ്ട് പാർലമെൻറ് അംഗം എന്ന ഔദ്യോഗിക പദവി വിടുന്നു എങ്കിലും വയനാടിന്റെ സ്നേഹപുഷ്പങ്ങൾ തൻറെ മനസ്സിൻറെ പൂന്തോട്ടത്തിൽ നിറഞ്ഞുനിൽക്കും എന്ന് പറഞ്ഞ രാഹുൽഗാന്ധി തന്റെ സ്വന്തം വയനാട്ടിലേക്ക് പറഞ്ഞയച്ചത് സഹോദരിയായ പ്രിയങ്ക ഗാന്ധിയെ ആയിരുന്നു. അങ്ങനെയാണ് ദിവസങ്ങൾക്ക് മുൻപ് നടന്ന വയനാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ഒരിക്കലും കിട്ടാത്ത ചരിത്ര ഭൂരിപക്ഷവുമായി പ്രിയങ്ക ഗാന്ധി വിജയിച്ചു വന്നത്. ഇപ്പോൾ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്ത് വയനാടിന്റെ പ്രതിനിധിയായി പ്രിയങ്ക ഗാന്ധി ലോകസഭയിൽ ചുമതല ഏൽക്കുകയും ചെയ്തു.
സത്യപ്രതിജ്ഞ നടന്ന പാർലമെൻറ് അകത്തേക്ക് കടന്നുവന്ന പ്രിയങ്ക ഗാന്ധി തൻറെ വരവിലും മലയാളിത്തവും വയനാടിന്റെ വിശുദ്ധിയും ചേർത്തു പിടിക്കാൻ തയ്യാറായി. വയനാടിൻറെ എന്തിനെയും നേരിടാൻ കഴിയുന്ന ഉണ്ണിയാർച്ചയുടെ കരുത്ത് കാണിച്ചാണ് പ്രിയങ്ക ഗാന്ധി സഭയിൽ എത്തിയത്. പ്രിയങ്കയുടെ വേഷം തന്നെ ഏവരെയും ആകർഷിക്കുന്നത് ആയിരുന്നു. മലയാളികളെ സംബന്ധിച്ചിടത്തോളം ആകർഷണം മാത്രമല്ല അഭിമാനവും അന്തസ്സും പകർന്നു തരുന്ന ഒന്നായിരുന്നു. കസവ് കരയുള്ള കേരള സാരിയുടുത്ത് നിറഞ്ഞ പുഞ്ചിരിയുമായി പാർലമെൻറ് അകത്തുള്ള കോൺഗ്രസ് ഓഫീസിലേക്ക് ആണ് പ്രിയങ്ക ആദ്യം കടന്നുവന്നത്. പ്രിയങ്ക ഗാന്ധിയെ കണ്ടപാടെ ആവേശത്തിന്റെ അതിരുകൾ ലംഘിച്ച കോൺഗ്രസ് എംപിമാരും മറ്റു നേതാക്കളും സ്വന്തം പെങ്ങളെ പോലെ പ്രിയങ്കയെ എതിരേൽക്കുന്ന കാഴ്ച ആവേശകരമായിരുന്നു.ലോകസഭാ ഉപതിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖയുമായി വയനാട്ടിലെ എംഎൽഎമാരും മറ്റു യുഡിഎഫ് നേതാക്കളും ഡൽഹിയിൽ എത്തിയിരുന്നു. ഇവരെ അങ്ങോട്ട് ക്ഷണിച്ചത് പ്രിയങ്ക ഗാന്ധി തന്നെ ആയിരുന്നു. നേതാക്കളും മറ്റും ഡൽഹിയിൽ എത്തിയാൽ അവർക്ക് ഒപ്പം ചേർന്നുകൊണ്ട് വയനാട്ടിലെ സർവ്വതും നഷ്ടപ്പെട്ട തകർന്നടിഞ്ഞ ജനതയുടെ പുനരധിവാസത്തിന് കേന്ദ്രസർക്കാരിൻറെ സഹായം എത്രയും വേഗം ലഭ്യമാക്കുന്നതിനുള്ള സമരമാതയിലേക്ക് ചുവടുവെക്കാൻ തയ്യാറായ പ്രിയങ്ക ഗാന്ധിയുടെ മനസ്സാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിന് വഴിയൊരുക്കിയത്. വയനാടിന് വേണ്ടിയുള്ള സമരമുഖത്ത് താനും ഉണ്ടാകും എന്ന് രാഹുൽ ഗാന്ധിയും വ്യക്തമാക്കിയിരുന്നു. സത്യപ്രതജ്ഞ ശേഷം പ്രിയങ്ക ഗാന്ധി എന്ന കോൺഗ്രസിന്റെ നേതാവ് ആദ്യം മനസിൽ ഉണ്ടായിരുന്നത് സ്വന്തം മണ്ഡലത്തിലെ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ മോചനത്തിന് ലക്ഷ്യം വെച്ചുകൊണ്ടുള്ള കാര്യങ്ങൾ ആയിരുന്നു.
തെരഞ്ഞെടുപ്പ് ഘട്ടത്തിൽ സ്ഥാനാർഥിയായി നോമിനേഷൻ സമർപ്പിച്ച ശേഷം പലതവണ വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധി തൻറെ പ്രവർത്തനങ്ങളും പ്രസംഗങ്ങളും ഇടപെടലുകളും വഴി വയനാട്ടിലെ ജനങ്ങളെ ബന്ധു ജനങ്ങൾ ആക്കി മാറ്റി. യാതൊരു വിലക്കുകളും പരിഗണിക്കാതെ കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കും അമ്മമാർക്കും സഹോദരിമാർക്കും ഇടയിലേക്ക് ഇറങ്ങി ചെല്ലുവാനും ഉരുൾപൊട്ടൽ വഴി എല്ലാം നഷ്ടപ്പെട്ട കണ്ണീർ മാത്രം അവശേഷിക്കുന്ന പാവങ്ങളെ നെഞ്ചോട് ചേർത്തു പിടിക്കാനും തയ്യാറായ പ്രിയങ്ക ഗാന്ധിയെ അക്ഷരാർത്ഥത്തിൽ തങ്ങളുടെ വീട്ടിലെ ഒരു അംഗമായി വയനാട്ടുകാർ സ്വീകരിക്കുകയാണ് ചെയ്തത്. ഇതിൻറെ പ്രതിഫലനമായിരുന്നു കേരളത്തിൻറെ ഭൂരിപക്ഷ ചരിത്രം തിരുത്തിയ പ്രിയങ്ക ഗാന്ധിയുടെ നാലുലക്ഷം കടന്ന് ഭൂരിപക്ഷം.ഡൽഹിയിൽ എത്തിയ വയനാട്ടിലെ കോൺഗ്രസ് നേതാക്കളോടും ഘടകകക്ഷി നേതാക്കളോടും പ്രിയങ്കാ ഗാന്ധി ആവേശത്തോടുകൂടി പറഞ്ഞുവെച്ചത് വയനാട്ടിലെ പ്രകൃതിദുരന്തത്തിന് ഇരയായ വരെ കേന്ദ്രസർക്കാർ തഴഞ്ഞിരിക്കുകയാണ് എന്നും ഇത് അവസാനിപ്പിക്കുവാനും വയനാടിൻറെ വീണ്ടെടുക്കൽ എത്രയും വേഗം നടപ്പിൽ വരുത്തുവാനും നിരന്തരമായ സമരമുഖത്ത് ഞാൻ ഉണ്ടാകുമെന്നും ഒരു പാർലമെൻറ് അംഗം എന്ന നിലയിൽ എൻറെ മുഖ്യ അജണ്ട വയനാടിനെ പഴയകാല പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരിക എന്നത് മാത്രമാണ് എന്നും ആയിരുന്നു. ഈ വാക്കുകൾ പകർന്നു നൽകിയ ആവേശം ഉൾക്കൊണ്ടുകൊണ്ടാണ് വയനാട്ടിലെ കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നേതാക്കൾ പ്രിയങ്കാ ഗാന്ധി പാർലമെൻറ് അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്ന നിമിഷത്തിന് കാവൽ നിന്നത്.
കോൺഗ്രസ് വിരുദ്ധ പാർട്ടികൾക്കും അവരുടെ നേതാക്കൾക്കും പ്രിയങ്കാ ഗാന്ധി ഒരു മുഖ്യ ശത്രുവും നിഷേധിക്കപ്പെടുന്ന നേതാവും ആയിരിക്കാം. എന്നാൽ വയനാടിനെ പ്രതിനിധീകരിക്കാൻ കഴിഞ്ഞ മഹാഭാഗ്യം ഏറ്റുവാങ്ങിക്കൊണ്ട് വയനാടിന്റെ പ്രതിനിധിയായി സത്യപ്രതിജ്ഞ ചെയ്ത പ്രിയങ്കാ ഗാന്ധി കേന്ദ്ര ഭരണകൂടം പുച്ഛിച്ചു തള്ളുന്ന ഭരണഘടന കൈയിലെന്തിയാണ് പ്രതിജ്ഞാവാചകം ചൊല്ലിയത്. സഭാ അംഗങ്ങളെ വന്ദിച്ചുകൊണ്ട് സത്യപ്രതിജ്ഞ ചൊല്ലിയ പ്രിയങ്ക ദൃഢപ്രതിജ്ഞയാണ് എടുത്തത്. പ്രതിജ്ഞയുടെ ഒടുവിൽ ജയ് ഹിന്ദ് പറഞ്ഞുകൊണ്ട് സദസ്സിന്റെ ഇടയിലേക്ക് കടന്ന് എല്ലാവരെയും കൂട്ടുത്തോടെ ആദരിക്കുകയും ചെയ്തു പ്രിയങ്ക ഗാന്ധി.ആറുമാസം മുൻപ് നടന്ന ലോകസഭാ തിരഞ്ഞെടുപ്പിലാണ് ദേശീയ തലത്തിൽ കോൺഗ്രസ് പാർട്ടിയിൽ ഒരു തിരിച്ചുവരവിന് ഊർജ്ജം വീണ്ടെടുത്തത്. ഇതിന് പ്രേരക ശക്തിയായി രാജ്യം ഒന്നാകെ ഓടിനടന്ന് പ്രവർത്തിച്ചത് രാഹുൽഗാന്ധി ആയിരുന്നു. ഇപ്പോൾ അതേ രാഹുൽഗാന്ധിക്ക് വലംകൈയായി നിന്നുകൊണ്ട് പാർലമെൻറ് അകത്തും പുറത്തും പോരാട്ടം നടത്തുവാൻ സഹോദരിയായ പ്രിയങ്കാ ഗാന്ധി എത്തിച്ചേരുമ്പോൾ ഇന്ത്യൻ ജനതയുടെ മനസ്സിൽ ലോകത്തെ ഏറ്റവും കരുത്തുള്ള വനിതാ എന്ന പേരുള്ള പ്രിയദർശിനി ഇന്ദിരാജിയുടെ മുഖവും ചൈതന്യവും നമുക്ക് മുന്നിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്ന രംഗം കൂടി ഉണ്ടാകുന്നു എന്നത് ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന കോൺഗ്രസ് പ്രവർത്തകർക്ക് ലഭിക്കുന്ന മഹാ പുണ്യം ആണ്.