കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ കുറെയൊക്കെ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞ പാർട്ടിയാണ് കോൺഗ്രസ്. തെരഞ്ഞെടുപ്പുകളിൽ പല ഘട്ടങ്ങളിലായി പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു എങ്കിലും ഇന്നും ഇന്ത്യയുടെ മുഴുവൻ പ്രദേശത്തും വേരുള്ള ഒരു പാർട്ടിയായി കോൺഗ്രസ് നിലനിൽക്കുന്നുണ്ട് എന്ന് തെളിയിച്ച തെരഞ്ഞെടുപ്പ് ഫലം ആയിരുന്നു കഴിഞ്ഞ ലോകസഭ വോട്ടെടുപ്പിലൂടെ തെളിയിക്കപ്പെട്ടത്. ഒന്നുമില്ലെങ്കിലും പത്ത് വർഷത്തിനിടയിൽ ലോകസഭയിലെ പ്രതിപക്ഷ കക്ഷി ആകാനെങ്കിലും കഴിഞ്ഞപ്പോൾ പാവം കോൺഗ്രസ് പ്രവർത്തകർ വലിയ സന്തോഷത്തിലും ആവേശത്തിലും ആയിരുന്നു. എന്നാൽ പിന്നീട് നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും തിരിച്ചടികൾ ഏറ്റുവാങ്ങുന്ന അവസ്ഥയാണ് കോൺഗ്രസ് പാർട്ടിക്ക് ഉണ്ടായത്. ഹരിയാന നിയമസഭയിലേക്കും അതുപോലെ മഹാരാഷ്ട്ര നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മുൻവിധികളെല്ലാം തകർത്തുകൊണ്ട് വലിയ പരാജയമാണ് കോൺഗ്രസ് പാർട്ടിക്ക് നേരിടേണ്ടിവന്നത്. ഇതെല്ലാം വിലയിരുത്തലിന്റെ ഭാഗമായി ഇന്നലെ കോൺഗ്രസ് പാർട്ടിയുടെ വർക്കിംഗ് കമ്മിറ്റി യോഗം ഡൽഹിയിൽ ചേരുകയുണ്ടായി. യോഗത്തിൽ പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ആവർത്തിച്ച് എന്നോണം ഒരു കാര്യം എടുത്തു പറഞ്ഞു. നേതാക്കന്മാരുടെ ഐക്യം ഇല്ലായ്മയാണ് പലയിടത്തും പാർട്ടിയെ പരാജയപ്പെടുത്തുന്നത് എന്നും ഇത് തുടരാൻ അനുവദിക്കില്ല എന്നും പറഞ്ഞ ഖാർഗെ ഇതിനൊപ്പം മറ്റൊന്നുകൂടി പറഞ്ഞുവെച്ചു. പാർട്ടിയെ പ്രവർത്തനസജ്ജമാക്കാൻ കഴിയുന്ന വിധത്തിൽ പുനസംഘടിപ്പിക്കും എന്നതായിരുന്നു. ഈ പ്രസ്താവന യഥാർത്ഥത്തിൽ കോൺഗ്രസ് പാർട്ടിയുടെ പ്രസിഡണ്ടും അതുപോലെതന്നെ മറ്റു നേതാക്കളും പല ആവർത്തി പറഞ്ഞിട്ടുള്ളതാണ്. പുനസംഘടനയുടെ കാര്യം കേൾക്കുമ്പോൾ കുറഞ്ഞപക്ഷം കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ സാധാരണ പ്രവർത്തകർ എങ്കിലും മുക്കത്ത് വിരൽ വയ്ക്കുകയാണ്. കാരണം മൂന്ന് നാല് കൊല്ലമായി കേരളത്തിലെ പാർട്ടി പുനസംഘടനയുടെ പ്രസ്താവനകളുമായി സംസ്ഥാന നേതാക്കളും കേന്ദ്ര നേതാക്കളും നടക്കുകയാണ്. ഇപ്പോൾ പുനസംഘടന വരും എന്ന കരുതലുമായി പാവപ്പെട്ട പാർട്ടി പ്രവർത്തകർ കാത്തിരിക്കാൻ തുടങ്ങിയിട്ടും ഏറെക്കാലമായി.
കേരളത്തിൽ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നയിച്ച യുഡിഎഫിന് വലിയ വിജയം നേടുവാൻ കഴിഞ്ഞു. കഴിഞ്ഞ നാലു കൊല്ലത്തിനിടയിൽ കേരളത്തിൽ നടന്ന നിയമസഭ ഉപതിരഞ്ഞെടുപ്പുകളിൽ പലയിടത്തും വലിയ വിജയം നേടുവാനും കോൺഗ്രസ് പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. യഥാർത്ഥത്തിൽ ഈ തെരഞ്ഞെടുപ്പ് ഫലങ്ങൾ നിഷ്പക്ഷമായി വിലയിരുത്തിയാൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ സംഘടനാ ബലം കൊണ്ട് നേടിയ വിജയമായിരുന്നില്ല ഇതൊക്കെ എന്ന് ആർക്കും ബോധ്യമാകും. രണ്ടാം പിണറായി സർക്കാരിൻറെ ഭരണത്തിലെ മൂന്നര വർഷക്കാലത്തെ ജനദ്രോഹ നടപടികളും മന്ത്രിമാരും സിപിഎം സഖാക്കന്മാരും നടത്തുന്ന കൊള്ളയും അക്രമവും ഒക്കെ കൊണ്ട് സഹികെട്ട കേരളത്തിലെ ജനങ്ങൾ ഒരു ബദൽ എന്ന നിലയിൽ കോൺഗ്രസിനും യുഡിഎഫിനും വോട്ട് ചെയ്തതാണ് ഈ വലിയ വിജയങ്ങൾ ഉണ്ടാകാൻ കാരണം എന്ന് ആരും സമ്മതിക്കും.
കേരളത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ രണ്ടു തെരഞ്ഞെടുപ്പുകൾ കടന്നുവരികയാണ്. ആദ്യം നടക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പിന് ഇനി ഒരു വർഷം മാത്രമാണ് ശേഷിക്കുന്നത്. ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത ഏതു രാഷ്ട്രീയ പാർട്ടിയുടെയും സാധാരണ പ്രവർത്തകർക്ക് പാർലമെൻററി രംഗത്ത് അവസരം ഉണ്ടാകുന്നു എന്നതാണ്. പഞ്ചായത്തുകൾ ബ്ലോക്ക് പഞ്ചായത്തുകൾ ജില്ലാ പഞ്ചായത്തുകൾ മുനിസിപ്പാലിറ്റികൾ കോർപ്പറേഷനുകൾ തുടങ്ങി എല്ലായിടങ്ങളിലും ആയി 25000 ത്തിൽ അധികം സ്ഥാനമാനങ്ങളിലേക്ക് സാധാരണ പ്രവർത്തകർക്ക് കടന്നുചെല്ലുവാനുള്ള തെരഞ്ഞെടുപ്പാണ് തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ്. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ സാധാരണ പ്രവർത്തകർക്ക് ലഭ്യമാകാൻ സാധ്യതയുള്ള സ്ഥാനമാനങ്ങളുടെ അവസരം നഷ്ടപ്പെടുവാൻ പാർട്ടി തന്നെ അവസരം ഒരുക്കിയാൽ യഥാർത്ഥത്തിൽ പാവപ്പെട്ട പ്രവർത്തകരുടെ ശാപമായിരിക്കും നേതാക്കന്മാർക്ക് ലഭിക്കുക എന്ന കാര്യത്തിൽ സംശയമില്ല.കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ മുകളിലുള്ള തട്ടായ കെപിസിസി പുനസംഘടന പറയുവാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ജില്ലാ കമ്മിറ്റികളും ബ്ലോക്ക് കമ്മിറ്റികളും മണ്ഡലം കമ്മിറ്റികളും പുനഃസംഘടിപ്പിക്കപ്പെടാതെ ദ്രവിച്ചു കിടക്കുന്ന അവസ്ഥയിലാണ്. പത്തും ഇരുപതും വർഷമായി പാർട്ടിയുടെ ഓരോരോ പദവികളിൽ തുടരുന്നവർ മടുത്തു മാറുവാൻ തയ്യാറായിട്ടും നേതൃത്വം പുനസംഘടന എന്ന പ്രക്രിയ നടപ്പിലാക്കാൻ തയ്യാറാവുന്നില്ല എന്നതാണ് സ്ഥിതി.
കെപിസിസിയുടെ പ്രസിഡൻറ് പദവിയിലേക്ക് കെ സുധാകരൻ എത്തിയിട്ട് മൂന്നുവർഷം ആയി. ഈ കാലത്തിനുള്ളിൽ ഭാരവാഹികളെ പുനഃസംഘടിപ്പിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. താഴെ തട്ടുകളിലും ഒരു മാറ്റവും വരുത്തുവാൻ അദ്ദേഹത്തിനോടൊപ്പം നേതാക്കൾ സഹകരിക്കുന്നില്ല എന്ന പരാതി പറഞ്ഞത് പ്രസിഡണ്ട് തന്നെയാണ്. കേരളത്തിൽ ഇപ്പോഴും പാർട്ടിയെ മാത്രമല്ല അണികളെയും കയ്യിലൊതുക്കാനുള്ള ഗ്രൂപ്പ് നേതാക്കളുടെ കളികൾ തുടരുകയാണ്. ഒരു ഗ്രൂപ്പിൽ നിൽക്കുന്നവർ പുതിയ സാധ്യതകൾ തേടി മറ്റു ഗ്രൂപ്പുകളിലെ നേതാക്കൾ ആകാൻ ശ്രമിക്കുന്നതും നേതാക്കന്മാർ നിലവിൽ പദവിയിലിരിക്കുന്ന വരെ തട്ടി വീഴ്ത്താൻ രഹസ്യ കളികൾ കളിക്കുന്നതും തുടർന്നുകൊണ്ടിരരിക്കുകയാണ്. പാലക്കാട് നിയമസഭ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയെ വിജയിപ്പിക്കുക എന്ന ലക്ഷ്യത്തിന് പകരം സ്വന്തക്കാരെ വിജയിപ്പിക്കുക എന്ന പുതിയ തന്ത്രങ്ങൾ വരെ പയറ്റുവാൻ ഒരുപറ്റം നേതാക്കൾ തയ്യാറായി. കഴിഞ്ഞ 15 വർഷത്തിനിടയിൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് സമവാക്യങ്ങൾ എല്ലാം തരത്തിൽ തിരിഞ്ഞും മറിഞ്ഞും തുടർന്നുകൊണ്ടിരിക്കുന്നു എന്നത് സത്യമാണ്. നാലോ അഞ്ചോ പേരുള്ള ഗ്രൂപ്പിൻറെ തലവന്മാർ പരസ്പരം യോജിപ്പിൽ കടക്കാതെ പാർട്ടി നേതൃത്വത്തിന് ഒരു തീരുമാനവും എടുക്കുവാൻ അനുവദിക്കാതെ മുന്നോട്ടുപോകുന്നു എന്നതാണ് ഇപ്പോഴും നിലനിൽക്കുന്ന പ്രതിസന്ധി.
കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ താഴെത്തട്ടിൽ ഉള്ള മണ്ഡലം ബ്ലോക്ക് കമ്മിറ്റികളിലെ പ്രവർത്തകർ നെഞ്ചുരൂ കി പ്രാർത്ഥിക്കുന്ന ഒരു കാര്യമാണ് കേരളത്തിൽ പാർട്ടി പുനഃസംഘടന നടക്കുകയും നല്ല നേതാക്കൾ പ്രവർത്തന രംഗത്ത് വരികയും ചെയ്യണം എന്നത്. എന്തെല്ലാമൊക്കെ നഷ്ടപ്പെട്ടാലും അതെല്ലാം മറന്നുകൊണ്ട് കോൺഗ്രസിന്റെ കൊടി പിടിക്കുവാനും മുദ്രാവാക്യം വിളിക്കുവാനും ജാഥ നടത്തുവാനും പോസ്റ്റർ ഒട്ടിക്കുവാനും ഇപ്പോഴും മടികാണിക്കാത്ത ലക്ഷക്കണക്കിന് വരുന്ന പാവപ്പെട്ട കോൺഗ്രസിന്റെ സാധാരണ പ്രവർത്തകരെ ഇനിയും നേതാക്കൾ പറഞ്ഞു പറ്റിക്കരുത്. അവരെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിൽ വല്ലപ്പോഴും വീണുകിട്ടുന്ന ഒരു അവസരമാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത എന്നത്. ആ മത്സരിക്കാനുള്ള അവസരവും വിജയത്തിലെത്തിക്കാനുള്ള പാർട്ടിപ്രവർത്തകരുടെ പ്രവർത്തനവും ഉറപ്പാക്കുവാൻ ഉള്ള ഉത്തരവാദിത്വം പാർട്ടിയുടെ സംസ്ഥാന നേതൃത്വത്തിന് ഉണ്ട്. സംസ്ഥാന നേതൃത്വത്തിന് ഇതിനുള്ള കഴിവ് ഇല്ല എങ്കിൽ എല്ലാ കാര്യത്തിലും അന്തിമ വാക്കായി നിലനിൽക്കുന്ന കോൺഗ്രസ് ഹൈക്കമാന്റെ ഇടപെട്ടുകൊണ്ട് അടിയന്തരമായി കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ പുതിയ നേതൃത്വത്തിന്റെ കൈകളിൽ എത്തിച്ച് നിലവിൽ പാർട്ടിക്ക് അനുകൂലമായി നിലനിൽക്കുന്ന കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം മുതലെടുക്കാനുള്ള അവസരം ഒരുക്കുവാനും തയ്യാറാകണം എന്നതാണ് ഓരോ കോൺഗ്രസ് പ്രവർത്തകന്റെയും അപേക്ഷയും ആഗ്രഹവും.