മലയാളി ഭക്ഷണം കഴിച്ചു ജീവിക്കുന്നത് മറ്റു സംസ്ഥാനങ്ങളെ ആശ്രയിച്ചാണ് എന്ന കാര്യം ഇപ്പോൾ പുതിയതായി ഉണ്ടായതല്ല. നമ്മുടെ നാട്ടിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കൾ മൊത്തം ജനങ്ങളിൽ പകുതി ആൾക്കാർക്ക് പോലും തികയുന്നതല്ല. പ്രത്യേകിച്ചും അരിയും പഞ്ചസാരയും മുളകും. മറ്റു ഭക്ഷ്യവസ്തുക്കളും അതുപോലെതന്നെ. പച്ചക്കറി സാധനങ്ങളുമെല്ലാം അന്യസംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. അതുകൊണ്ടുതന്നെ അന്യസംസ്ഥാന ഏജൻറ്മാർ ഭക്ഷ്യവസ്തുക്കളുടെ വില നിയന്ത്രിക്കുന്നു എന്നതാണ് നമ്മുടെ എല്ലാ കാലത്തെയും അനുഭവം.
ഇപ്പോൾ എന്തായാലും കേരളത്തിലെ ജനങ്ങൾ വിലക്കയറ്റം കൊണ്ട് പൊറുതി മുട്ടിയിരിക്കുന്നു എന്നതാണ് സ്ഥിതി. ഇപ്പോൾ പ്രത്യേകിച്ചും പച്ചക്കറികളുടെ കാര്യം എടുത്തു പറയേണ്ട ഒരു സാഹചര്യവും ഉണ്ട്. ഇപ്പോൾ ശബരിമല സീസൺ ആണ് കേരളത്തിൽ .നല്ലൊരു പങ്ക് ആൾക്കാർ മാലയിട്ട് വ്രതം എടുത്ത് ശബരിമലയ്ക്ക് പോകുന്ന കാലമാണ്. അതുകൊണ്ടുതന്നെ വ്രതം എടുക്കുന്ന അവസരങ്ങളിൽ ഭക്ഷണത്തിന് പച്ചക്കറികളും മറ്റുമാണ് ഉപയോഗിക്കുക. ഈ സ്ഥിതി നിലനിൽക്കുമ്പോൾ വെജിറ്റേറിയൻ ഭക്ഷണസാധനങ്ങൾ ഉണ്ടാക്കുന്നതിന് ആവശ്യമായ വസ്തുക്കൾക്ക് യാതൊരു നിയന്ത്രണവും ഇല്ലാത്ത വിധത്തിൽ വില കുത്തനെ ഉയരുന്നത് സ്വാമിമാരെയും വിഷമിപ്പിക്കുകയാണ്.
സാധാരണക്കാർ നിത്യന ഭക്ഷണത്തിന് ഉപയോഗിക്കുന്ന പല വസ്തുക്കൾക്കും കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ തന്നെ മൂന്നിരട്ടിയോളം വിലക്കയറ്റം ഉണ്ടായി എന്നാണ് മാർക്കറ്റുകളിൽ നിന്നും ലഭിക്കുന്ന വിവരം. വൻതോതിൽ വിലക്കയറ്റം ഉണ്ടായ മുരിങ്ങക്കായ, അതുപോലെ വെളുത്തുള്ളി , ചെറുപയർ, ചെറുനാരങ്ങ, സവാള, ഉരുളൻ കിഴങ്ങ്, വേപ്പില എന്നിവയുടെ കാര്യങ്ങളാണ് എടുത്തുപറയേണ്ടത്. ഈ എല്ലാ ഇനങ്ങൾക്കും വലിയ തോതിലാണ് വിലക്കയറ്റം ഉണ്ടായത് ഒരു കിലോ മുരിങ്ങക്കായക്ക് 400 രൂപയാണ്. മാർക്കറ്റിൽ വെളുത്തുള്ളി 300 മുതൽ 400 രൂപ വരെ വിലക്കാണ് വില്പന നടക്കുന്നത്. നിസ്സാരമായ ചെറുനാരങ്ങക്ക്പോലും ഒരു കിലോ വില 100 രൂപയോളം എത്തിയിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിലധികമായി സംസ്ഥാനത്ത് സവാള വില ദിവസേനയെന്നോണം കൂടിക്കൊണ്ടിരിക്കുകയാണ്. 100 രൂപയ്ക്കടുത്താണ് ഇപ്പോൾ സവാളയുടെ വില. 15 രൂപ മുതൽ 25 രൂപ വരെ വിലയുണ്ടായിരുന്ന സവാളയ്ക്കാണ് ഇപ്പോൾ ഈ പൊള്ളുന്ന വില വന്നിരിക്കുന്നത്.
നമ്മുടെ അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് നമ്മുടെ ഭക്ഷ്യവസ്തുക്കളിൽ പലതും വന്നുകൊണ്ടിരുന്നത്. ഇത്തരം സംസ്ഥാനങ്ങളിൽ ഉൽപാദനത്തിൽ വന്ന തകർച്ചയാണ് കേരളത്തിൽ വിലക്കയറ്റത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്. അതുപോലെതന്നെ കേരളത്തിൽ ആവശ്യമായ സവാള മഹാരാഷ്ട്രയിൽ നിന്നും മുരിങ്ങക്ക ഗുജറാത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ഒക്കെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പച്ചക്കറികളിൽ മലയാളിക്ക് ആവശ്യമായ ഭൂരിഭാഗവും തമിഴ്നാട്ടിൽ നിന്നും വരുന്ന പതിവാണുള്ളത്.മലയാളിയെ സംബന്ധിച്ചിടത്തോളം ഒരുതരത്തിലും നിത്യജീവിതം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയിലാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. പക്ഷേ വസ്തുക്കൾക്ക് ദിവസേന വില കയറിക്കൊണ്ടിരിക്കുന്നതിന് പുറമെയാണ് അധികമായി പാവങ്ങളിൽ നിന്നും ഈടാക്കുന്ന സർക്കാരിൻറെ നിരക്ക് വർദ്ധനവുകൾ. വൈദ്യുതി നിരക്ക്, വെള്ളക്കരം, ഗ്യാസിന്റെ വില തുടങ്ങിയവയുടെ വർദ്ധനവും പാവപ്പെട്ട ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. ഇതിന് പുറമേയാണ് സർക്കാർ പലതരത്തിലുള്ള നികുതികൾ വേറെ ഈടാക്കുന്നത്.
ഏതായാലും ഇന്നത്തെ കേരളീയരിൽ സമ്പന്നന്മാർ കഴിഞ്ഞാൽ പിന്നെ വരുന്ന ഭൂരിഭാഗം ജനതയും ജീവിതം തള്ളിനീക്കാൻ വല്ലാതെ വിഷമിക്കുന്നു എന്നതാണ് സത്യാവസ്ഥ. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് പ്രവർത്തിച്ചിരുന്ന സിവിൽ സപ്ലൈസ് കോർപ്പറേഷൻ വിതരണ ശൃംഖലകൾ വസ്തുക്കൾ ഇല്ലാതെ, പൂട്ടിക്കിടക്കുന്നതിന് തുല്യമായ അവസ്ഥയിലാണ്. സാധാരണ മാവേലി സ്റ്റോറുകൾ , സപ്ലൈകോ തുടങ്ങിയവയുടെ ഇടപെടൽ വഴി കുറെയൊക്കെ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു. ആ സംവിധാനമാണ് ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ പ്രവർത്തനം നിലക്കുന്ന ഗതികേടിലേക്ക് എത്തിപ്പെട്ടിരിക്കുന്നത്. സർക്കാരിൻറെ എല്ലാ കാര്യങ്ങളും മുറ പോലെ നടത്തിപ്പോവുകയും ആഡംബരങ്ങളും മറ്റുകാര്യങ്ങളും സൗകര്യങ്ങൾ പോലെ നടത്തുകയും ചെയ്യുമ്പോൾ സർക്കാരിന് സാധാണജനങ്ങളുടെ കാര്യം നോക്കുവാൻ പോലും നേരം കിട്ടുന്നില്ല എന്നതാണ് പൊതുജനം അനുഭവിക്കുന്ന ഗതികേട്….