കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളിൽ ആചാരത്തിന്റെ ഭാഗമായി നടന്നുവരുന്ന പോലീസ് സേനയുടെ ഗാർഡ് ഓഫ് ഓണർ ഇനി തുടരേണ്ടതില്ല എന്ന് കേരള ആഭ്യന്തര വകുപ്പ് തീരുമാനിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള ചടങ്ങ് മേലിൽ തുടരേണ്ടതില്ല എന്ന് കാണിച്ചുകൊണ്ട് ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും നിർദ്ദേശം നൽകിയതായിട്ടാണ് അറിയുന്നത്. ഏത് കേന്ദ്രത്തിൽ നിന്നാണ് ആഭ്യന്തരവകുപ്പിന് ഇത്തരത്തിൽ ഒരു നിർദ്ദേശം ലഭിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ല. ആഭ്യന്തരവകുപ്പ് മന്ത്രിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഹിന്ദു വിഭാഗത്തിൽപ്പെട്ട ആളാണ്. ആഭ്യന്തരമന്ത്രിയാണോ അതോ ഡിജിപി മാരിൽ ആരെങ്കിലും ആണോ ഇത്തരം ആചാരങ്ങൾ തുടരേണ്ടതില്ല എന്ന തീരുമാനം ഉത്തരവാക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചത് എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല.
ഇന്ത്യ സ്വതന്ത്രമാവുകയും തിരുകൊച്ചി സംസ്ഥാനങ്ങൾ യോജിച്ചുകൊണ്ട് ഐക്യ കേരളം രൂപീകരിക്കുകയും ചെയ്തപ്പോൾ ആണ് രാജാക്കന്മാരുടെ ഭരണത്തിനു കീഴിൽ നിലനിന്നിരുന്ന മഹാക്ഷേത്രങ്ങൾ അടക്കം സർക്കാരിന് കൈമാറിയത്. ഇത്തരത്തിൽ ക്ഷേത്രങ്ങൾ സർക്കാരിലേക്ക് കൈമാറുന്ന ഘട്ടത്തിൽ ഉണ്ടാക്കിയ കരാറിൽ ക്ഷേത്ര ആചാരങ്ങൾ എങ്ങനെയൊക്കെയാണ് നടന്നുവരുന്നത് അതെല്ലാം അതേപടി തുടരണം എന്ന് ഒരു വ്യവസ്ഥ ഉണ്ടായിരുന്നു എന്നാണ് അറിയുന്നത്. രാജാക്കന്മാരുടെ സ്വന്തമായിരുന്ന മഹാക്ഷേത്രങ്ങൾ പോലും ഇപ്പോൾ സംസ്ഥാന സർക്കാരിനുകീഴിലുള്ള ദേവസ്വം ബോർഡുകൾക്ക് കീഴിൽ പ്രവർത്തിക്കുകയാണ്. ഇത്തരത്തിലുള്ള ദേവസ്വം ബോർഡിൻറെ ക്ഷേത്രങ്ങളിൽ പോലും കാലങ്ങളായി നടന്നുവരുന്ന ആചാരമാണ് ദൈവങ്ങളുടെ എഴുന്നള്ളിപ്പ് സമയത്ത് പോലീസ് സേന നിരന്നുനിന്ന് ഗാർഡ് ഓഫ് ഓണർ നൽകുക എന്നത്.
തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം, വെള്ളായണി ദേവി ക്ഷേത്രം, ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്ര,. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രം, വൈക്കം മഹാദേവ ക്ഷേത്രം, എറണാകുളം ശിവക്ഷേത്രം, തൃപ്രയാർ ശ്രീരാമ ക്ഷേത്രം, പള്ളുരുത്തി മഹാക്ഷേത്രം തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളിൽ എല്ലാം പോലീസിന്റെ ഗാർഡ് ഓഫ് ഓണർ പണ്ടുകാലം മുതൽക്കുതന്നെ തുടർന്നുവരുന്നതാണ്. ആചാരപരമായ ചടങ്ങാണ് ഇപ്പോൾ പൂർണമായും നിരോധിച്ചു കൊണ്ട് ആഭ്യന്തരവകുപ്പ് ഉത്തരവ് ഇട്ടിരിക്കുന്നത്. സംസ്ഥാനത്തെ ഒരു ക്ഷേത്രത്തിലും ഇത്തരത്തിൽ ഒരു ആചാരത്തിനായി പോലീസ് സേനയെ ഉപയോഗിക്കരുത് എന്ന് ആഭ്യന്തരവകുപ്പ് എല്ലാ സ്റ്റേഷൻ മേധാവികളെയും അറിയിച്ചിരിക്കുകയാണ്.
ഇതിനിടയിൽ കൃത്യതയില്ലാത്ത വിധത്തിൽ പറഞ്ഞു കേൾക്കുന്ന മറ്റൊരു കാര്യം, ക്ഷേത്രങ്ങളിൽ ഇത്തരത്തിൽ പോലീസ് സേനയെ ഉപയോഗിച്ചുകൊണ്ട് ഗാർഡ് ഓഫ് ഓണർ ചടങ്ങ് നടത്തുന്നു എങ്കിൽ അതിനു വരുന്ന ചിലവ് ദേവസ്വം ബോർഡ് സർക്കാരിലേക്ക് കെട്ടിവയ്ക്കണം എന്ന നിർദ്ദേശം വിലക്കിനോടൊപ്പം നൽകിയിട്ടുണ്ട് എന്നതാണ്. ഇത് ഏതുതരത്തിലാണ് പ്രാബല്യത്തിൽ വരുത്താൻ കഴിയുക എന്നത് ആശയക്കുഴപ്പമുള്ള കാര്യമാണ്. ദേവസ്വം ബോർഡിൻറെ ക്ഷേത്രങ്ങളിൽ നടക്കുന്ന ആചാരത്തിന്റെ ഭാഗമായ കാര്യങ്ങളിൽ ഇത്തരത്തിൽ ഫീസ് അടച്ച് കർമ്മം നടത്തേണ്ടി വരുന്നത് ഏത് വിധത്തിൽ നടപ്പിൽ വരുത്താൻ കഴിയും എന്നത് ആശങ്കയുണ്ടാക്കുന്ന ഒരു കാര്യമാണ്.
ഹിന്ദുക്കളുടെ ക്ഷേത്രങ്ങളിൽ മാത്രമല്ല എല്ലാ മതവിഭാഗങ്ങളിലുംപെട്ടവരുടെ ആരാധനാലയങ്ങളിൽ പോലീസ് സേന പലതരത്തിലുള്ള പങ്കാളിത്തങ്ങൾ വഹിച്ചു വരുന്നുണ്ട്. നൂറ്റാണ്ടുകളായി നിലനിന്നു വരുന്നതും തുടരുന്നതുമായ ഇത്തരം ആചാരങ്ങളും വിശ്വാസത്തിൻറെ ഭാഗങ്ങളും ആയ കാര്യങ്ങളിൽ പുതിയതായി ഒരു വിലക്ക് കൊണ്ടുവരുന്നത് നീതീകരിക്കാൻ കഴിയുന്ന കാര്യമല്ല. പോലീസ് സേന ഈ കാര്യത്തിൽ വീണ്ടു വിചാരം നടത്തി, ഭക്തരുടെയും വിശ്വാസികളുടെയും കാലങ്ങളായുള്ള താൽപര്യങ്ങളെ ഇല്ലായ്മ ചെയ്യുന്ന തീരുമാനങ്ങളിൽ നിന്നും മാറണം എന്നും അഭ്യർത്ഥിക്കുകയാണ്.