സംസ്ഥാനത്ത് അടുത്തതായി നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വലിയ പ്രാധാന്യമുള്ള ഒന്നാണ്. കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളിലുംപെട്ട സാധാരണ പ്രവർത്തകർക്ക് അവസരം കിട്ടുന്ന ഒരു തെരഞ്ഞെടുപ്പാണ് ഇത്. ഇത് മുൻകൂട്ടി കണ്ടു കൊണ്ട്, ഇപ്പോൾ ഭരണത്തിൽ ഇരിക്കുന്ന ഇടതുമുന്നണിയെ നയിക്കുന്ന സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റികൾ വഴി വോട്ടർ പട്ടികയിൽ പരമാവധി ആൾക്കാരെ ചേർക്കുന്നതിനും, അതുപോലെതന്നെ ഡി ലിമിറ്റേഷന്റെ ഭാഗമായി നടന്ന വാർഡ് വിഭജനത്തിൽ സ്വന്തം സ്ഥാനാർത്ഥികൾ ജയിക്കുന്നതിന് അവസരം ഉണ്ടാകുന്ന വിധത്തിൽ വിഭജനം പൂർത്തീകരിക്കാനും തയ്യാറായത് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം വലിയ തകർച്ചയ്ക്ക് വഴിയൊരുക്കും എന്ന കാര്യത്തിൽ സംശയമില്ല. യുഡിഎഫിനെ നയിക്കുന്നത് കോൺഗ്രസ് പാർട്ടിയാണ്. ഈ പാർട്ടിയുടെ ബ്ലോക്ക് മണ്ഡലം കമ്മിറ്റികളിൽ കാലങ്ങളായി പുനഃസംഘടന പറയുന്നതല്ലാതെ നടപ്പിൽ വന്നിട്ടില്ല. ഈ കമ്മിറ്റികളിലെ താഴെത്തട്ടിലുള്ള പാർട്ടി പ്രവർത്തകരും നേതാക്കളും ആണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിക്കേണ്ടത്. ഇതൊന്നും പൂർത്തീകരിക്കാൻ കഴിയാത്തതാണ് ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വലിയ വെല്ലുവിളി ഉയർത്തുക.
സംസ്ഥാനത്ത് എല്ലായിടത്തുമായി 20,000 ത്തിലധികം സ്ഥാനമാനങ്ങളിലേക്കാണ് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരങ്ങൾ നടക്കുക. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ പഞ്ചായത്ത് ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ആയിരിക്കും. ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റികൾ ഏറ്റവും ഒടുവിൽ കോർപ്പറേഷനുകൾ എന്നിവയിലേക്ക് തെരഞ്ഞെടുപ്പുകൾ ഒരു ഘട്ടം ആയിട്ടാണ് പൂർത്തീകരിക്കപ്പെടുക. ഈ തെരഞ്ഞെടുപ്പിന് സജ്ജമാക്കുന്നതിന് വേണ്ടി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള വാർഡുകൾ പുതിയ രീതിയിൽ വിഭജനം നടത്തിയിരിക്കുകയാണ് പഞ്ചായത്തുകളിലും മറ്റു സ്ഥാപനങ്ങളിലും മൊത്തത്തിൽ രണ്ടും മൂന്നും പുതിയ വാർഡുകൾ ഉണ്ടാകുന്ന രീതിയിലാണ് വാർഡ് വിഭജനം നടത്തിയിരിക്കുന്നത്.
ഇത്തരത്തിൽ സംസ്ഥാനത്ത് ഒട്ടാകെയായി നടന്നിട്ടുള്ള വാർഡ് വിഭജനം സംബന്ധിച്ച്, രാഷ്ട്രീയ പാർട്ടികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും പരാതികൾ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചിരുന്നു. സംസ്ഥാനത്ത് മുഴുവനുമായി ഏതാണ്ട് പതിനാറായിരത്തിലധികം പരാതികളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. ഈ പരാതികൾ, പരാതികൾ മാത്രമായി അവശേഷിക്കുന്ന അനുഭവമാണ് മുൻകാലങ്ങളിൽ ഉണ്ടായിട്ടുള്ളത്. വാർഡ് വിഭജന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത് സ്വാഭാവികമായും ഭരണത്തിൽ ഇരിക്കുന്ന പ്രധാന രാഷ്ട്രീയ പാർട്ടികളുടെ പ്രാദേശിക കമ്മിറ്റികളും മറ്റും ആയിരിക്കും. നിലവിൽ ഇടതുമുന്നണി സർക്കാരിനെ നയിക്കുന്നത് സിപിഎം ആണ്. അതുകൊണ്ടുതന്നെ സിപിഎം മാസങ്ങൾക്കു മുമ്പ് തന്നെ വാർഡ് വിഭജനം തങ്ങൾക്ക് അനുകൂലമാക്കി മാറ്റുന്നതിനുള്ള രഹസ്യ നിർദ്ദേശങ്ങളും നീക്കങ്ങളും നടത്തിയിരുന്നു. സിപിഎം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് വാർഡ് വിഭജന കാര്യത്തിൽ വേണ്ട നിയന്ത്രണങ്ങൾ നടത്തിയത്. സ്വന്തം പാർട്ടി സ്ഥാനാർത്ഥികൾക്ക് വിജയിക്കാൻ കഴിയുന്ന വിധത്തിൽ വാർഡുകളിലേക്ക് വോട്ടർമാരെ തിരികെ കയറ്റുകയും ചിലയിടങ്ങളിൽ അനുകൂലമല്ലാത്ത വോട്ടർമാരെ മറ്റു ഡിവിഷനുകളിലേക്ക് മാറ്റുകയും ചെയ്യുന്ന പതിവ് തന്ത്രമാണ് ഇപ്പോഴും സിപിഎം പയറ്റിയിരിക്കുന്നത്.
കേന്ദ്രത്തിൽ ഭരണം നടത്തുന്ന ബിജെപി നേതാക്കൾ തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു എന്നും കള്ളവോട്ട് ചെയ്യുന്നു എന്നും ഒക്കെ ഉറക്കെ പറയുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന പാർട്ടിയാണ് സിപിഎം. എന്നാൽ വോട്ടെടുപ്പിലെ തിരുമറികളും ആദ്യമായി കണ്ടുപിടിച്ച നടപ്പിലാക്കിയത് യഥാർത്ഥത്തിൽ സിപിഎം ആണ്. കണ്ണൂർ ജില്ല സിപിഎം എന്ന പാർട്ടിയുടെ ഉരുക്ക് കോട്ടയാണ് അവിടെ മറ്റു പാർട്ടികൾക്ക് കടന്നുവരാൻ ഒരിക്കലും കാര്യമായി സാധിച്ചിട്ടില്ല. അങ്ങനെയുള്ള കണ്ണൂരിൽ ഏതു തെരഞ്ഞെടുപ്പിലും വിജയം സ്വന്തമാക്കുന്നതിനുള്ള കള്ളവോട്ട് നടത്തുവാനും അതുപോലെതന്നെ വോട്ടർ പട്ടികയിലെ യഥാർത്ഥ വോട്ടർമാർക്ക് പകരം സ്വന്തം വോട്ടർമാരെ തിരുകി കയറ്റുവാൻ നിരന്തരം ശ്രമിക്കുകയും അതിൽ വിജയിക്കുകയും ചെയ്തിട്ടുള്ള പാർട്ടിയാണ് കേരളത്തിലെ സിപിഎം. ഈ കണ്ണൂർ മോഡലിന്റെ ഒരു പതിപ്പാണ് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിജയം മുന്നിൽ കണ്ടുകൊണ്ട് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്.
തെരഞ്ഞെടുപ്പുകളിൽ വിജയം നേടിയാൽ അതിനെല്ലാം അവകാശികളായി നേതാക്കൾ രംഗത്തുവരികയും കനത്ത തോൽവി ഉണ്ടായാൽ ആരും ഉത്തരവാദി ആകാതെ തോൽവി പഠിക്കാൻ കമ്മീഷനെ വയ്ക്കുകയും ചെയ്യുന്ന ഒരു പാർട്ടിയാണ് കേരളത്തിലെ കോൺഗ്രസ് പാർട്ടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ പരാജയം ഉണ്ടായിട്ടും അത് പരിഹരിക്കുന്നതിന് പാർട്ടി തലത്തിൽ ഒരു സംവിധാനവും ഒരുക്കാൻ ഇതുവരെ പാർട്ടിക്ക് കഴിഞ്ഞില്ല എന്നത് ദയനീയമാണ്. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ച വലിയ വിജയം ആസ്വദിച്ച് കഴിയുകയാണ് യുഡിഎഫിലെ എല്ലാ പാർട്ടി നേതാക്കളും. എന്നാൽ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് വിജയം, യുഡിഎഫ് പ്രവർത്തകരുടെ നേട്ടം ആയിരുന്നില്ല എന്നും രണ്ടാം പിണറായി സർക്കാരിനോടുള്ള ജനങ്ങളുടെ അടങ്ങാത്ത വിരോധം ആയിരുന്നു കാരണം എന്നും ഉള്ള വസ്തുത യുഡിഎഫ് ഇതുവരെ ചർച്ച ചെയ്യുകയോ അംഗീകരിക്കുകയോ ചെയ്തിട്ടില്ല.
കേരളത്തിലെ വാർഡ് വിഭജന പ്രവർത്തനങ്ങൾ ഇതേ രീതിയിൽ നിലനിർത്തിക്കൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വോട്ടെടുപ്പ് നടന്നാൽ കോൺഗ്രസിനും യുഡിഎഫിനും കനത്ത തോൽവി ഏറ്റുവാങ്ങേണ്ടിവരും എന്ന കാര്യം വസ്തുതയാണ്. അതിനകത്ത് എല്ലാ കൃത്രിമങ്ങളും തട്ടിപ്പുകളും സർക്കാരിൻറെ തണലിൽ സിപിഎമ്മും ഇടതുമുന്നണി ഘടകകക്ഷികളും ചെയ്തു കഴിഞ്ഞു. സർക്കാർ സർവീസിൽ ഉള്ള ഭൂരിഭാഗം ഉദ്യോഗസ്ഥരും ഇടതുപക്ഷ അനുഭാവികളായതുകൊണ്ട് അവരുടെ കൂടി വലിയ പങ്കാളിത്തത്തോടുകൂടിയാണ് വാർഡ് വിഭജനങ്ങളിൽ രാഷ്ട്രീയ നേട്ടത്തിന് പറ്റുന്ന വിധത്തിൽ വോട്ടർ പട്ടിക ക്രമീകരിച്ചത്.ഈ വസ്തുത നിലനിൽക്കുമ്പോഴും ഇതിനെതിരെ ചെറുവിരൽ പോലും അനക്കുവാൻ ഇതുവരെ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല എന്നതും ദയനീയമായ കാര്യമാണ്.