യൂണിവേഴ്സിറ്റി കോളേജിലേക്ക് കെ.എസ്.യു മാർച്ചിൽ സംഘർഷം

മാർച്ചിനു നേരെ ജലപീരങ്കി

യൂണിവേഴ്സിറ്റി കോളേജിൽ ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച എസ്.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്ത പോലീസ് നടപടിയിലും, ഒരു നടപടിയും സ്വീകരിക്കാത്ത കോളേജ് അധികൃതരുടെ നിലപാടിലും പ്രതിഷേധിച്ച് കെ.എസ്.യു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. എം.എൽ.എ ഹോസ്റ്റലിന് സമീപം ആരംഭിച്ച മാർച്ച് അയ്യങ്കാളി ഹാളിന് സമീപം പോലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. പ്രതിഷേധയോഗം ഡോ.മാത്യൂ കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഗോപു നെയ്യാർ അദ്ധ്യക്ഷത വഹിച്ചു.

കേരളത്തിന്റെ പൊതുസമൂഹത്തിന് അപവാദമായ സംഭവങ്ങളാണ് യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ പ്രവർത്തകർ കാണിക്കുന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ഡോക്ടർ മാത്യു കുഴൽനാടൻ എംഎൽഎ പറഞ്ഞു. അപരിഷ്കൃതമായ സമൂഹത്തിൽ പോലും നടക്കാത്ത സംഭവമാണിത്. ഭിന്നശേഷി വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച എസ്എഫ്ഐ പ്രവർത്തകരെ ഇതുവരെയും അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസിൻ്റേത്. എസ്എഫ്ഐ എന്ന പ്രസ്ഥാനം ക്യാമ്പസിലും പൊതുസമൂഹത്തിലും വെറുക്കപ്പെട്ടു.അധ്യാപകർ പോലും ഭയപ്പാടിലാണ് . സിപിഎമ്മിന് പോലും എസ്എഫ്ഐയെ നിയന്ത്രിക്കാൻ കഴിയുന്നില്ല. ലഹരി പിടിച്ച ഒരു വിദ്യാർത്ഥി സംഘടനയായി എസ്എഫ്ഐ മാറിയെന്നും അതിനെ ചങ്ങലയ്ക്കിടണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ഭാരവാഹികളായ അൽ അമീൻ ആലുവ, ആദേശ് സുധർമ്മൻ, പ്രിയങ്ക ഫിലിപ്പ്,ആസിഫ് എം എ, സുദേവ് എസ്, അമൃതപ്രിയ, ജില്ലാ ഭാരവാഹികളായ സഹിൽ ആറ്റിങ്ങൽ, വൈഷ്ണ എസ് എൽ, പ്രതുൽ എസ് പി, നിഹാൽ പി എം കെ,അൽ അസ്വദ് ആകാശ് കോട്ടുകാൽ, ആഷിഖ് വഴിമുക്ക്, ഗോകുൽ പള്ളിച്ചൽ, ശ്രീരാഗ് കല്ലിയൂർ, അഭിഷേക് ആനാട്, അശ്വിൻ നെയ്യാറ്റിൻകര, അഖിൽ കോവളം, അഖിൽ എ ആർ, സൈദലി വർക്കല, ഫൈസൽ തൊളിക്കോട്, ഇമ്രാൻഖാൻ, അഷ്‌കർ നേമം, നിർമൽ സെബാസ്റ്റ്യൻ, തുടങ്ങിയവർ നേതൃത്വം നൽകി.
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പോലീസും തമ്മിൽസംഘർഷമുണ്ടായി 6 തവണ മാർച്ചിനു നേരെ ജലപീരങ്കി പ്രയോഗിച്ചു. ഒടുവിൽ നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിച്ചു.