വരുന്നു – പുതിയ കെപിസിസി പ്രസിഡൻറ്

ബെന്നി ബഹനാൻ അല്ലെങ്കിൽ അടൂർ പ്രകാശ്

കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വേണ്ടി, മൊത്തത്തിൽ ഒരു പുനസംഘടന എന്ന ആശയം പാർട്ടി ഹൈക്കമാന്റും, കേരള നേതാക്കളും അംഗീകരിച്ചു കഴിഞ്ഞതാണ്. കേരളത്തിൽ പാർട്ടിയെ നയിക്കേണ്ട കെപിസിസി പ്രസിഡൻറ് മാറിയാൽ, ആ പദവിയിലേക്ക് ആരെയാണ് കണ്ടെത്തേണ്ടത് എന്ന ചർച്ചകളാണ് നീണ്ടു നീണ്ടു പോയത്. എന്നാൽ ഇനിയും ഈ സ്ഥിതി തുടർന്നാൽ, പാർട്ടി വിഷമത്തിൽ ആകും എന്ന തിരിച്ചറിവ് കേന്ദ്ര നേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനുമുണ്ട്. കെ സുധാകരൻ പ്രസിഡണ്ട് സ്ഥാനത്ത് തുടരണമെന്ന് ചില മുതിർന്ന നേതാക്കൾ അഭിപ്രായം പറയുന്നുണ്ടെങ്കിലും, അതിനോട് യോജിക്കാൻ കേന്ദ്ര നേതൃത്വം തയ്യാറായിട്ടില്ലായെന്നാണറിയുന്നത്. കുറച്ചുനാൾ മുമ്പ് വരെ, ആരോഗ്യപരമായ കാരണങ്ങളുടെ പേരിൽ, താൻ പദവി മാറാൻ തയ്യാറാണ് എന്ന് സുധാകരൻ തന്നെ തുറന്നു പറഞ്ഞിരുന്നു. ഇപ്പോൾ പദവിയിൽ തുടരുന്നതിന് സുധാകരൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും, നേതൃത്വത്തിൽ ഒരു മാറ്റം അനിവാര്യമാണ് എന്ന നിലപാടിലാണ് മുതിർന്ന നേതാക്കളും എത്തിയിരിക്കുന്നത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ, കെ സുധാകരൻ പാർട്ടിയെ നയിച്ചപ്പോൾ വലിയ വിജയം നേടുവാൻ കഴിഞ്ഞുവെന്ന് പറഞ്ഞുകൊണ്ടാണ് സുധാകരൻ പക്ഷത്ത് നിൽക്കുന്ന ചില നേതാക്കൾ മാറ്റത്തിനെ എതിർക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും സുധാകരനെ മാറ്റുന്നതിനോട് പൂർണമായും യോജിച്ചിട്ടില്ല. എന്നാൽ കേരളത്തിലെ മറ്റെല്ലാ ഗ്രൂപ്പ് നേതാക്കളും, പാർട്ടി നേതൃത്വത്തിലേക്ക് ഒരു പുതിയ നേതാവ് എത്തണം എന്ന അഭിപ്രായക്കാരാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ഒരു ആലോചന പാർട്ടി ദേശീയ പ്രസിഡൻറ് മല്ലികാർജുൻ ഖാർഗെയും മുന്നോട്ടു വച്ചിട്ടുണ്ട്. സംഘടനാ ചുമതലയുള്ള കേരള നേതാവ് കെ സി വേണുഗോപാലും, അത്യാവശ്യമെങ്കിൽ കെ പി സി സി പ്രസിഡണ്ട് ഒരു പുതിയ ആൾ ആകട്ടെ എന്ന് അഭിപ്രായം പറയുന്നുണ്ട്. ഇതെല്ലാംകൊണ്ടാണ്, പുതിയ കെ പി സി സി പ്രസിഡണ്ട് എന്ന ആലോചനയ്ക്ക് ഇപ്പോൾ പ്രാധാന്യം വന്നിരിക്കുന്നത്. കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡൻറ് ആരാകണം എന്ന കാര്യത്തിൽ പലതരത്തിലുള്ള മാനദണ്ഡങ്ങൾ പരിശോധിക്കപ്പെടാറുണ്ട്. സാമുദായിക പരിഗണന, പ്രായം, ഗ്രൂപ്പ് പരിഗണന തുടങ്ങിയവയെല്ലാം ഇതിൽ പ്രധാനപ്പെട്ട ഘടകങ്ങളാണ്. പ്രതിപക്ഷ നേതാവ് സതീശൻ ഹിന്ദുമത വിഭാഗത്തിലുള്ള ആളായതിനാൽ, പാർട്ടി പ്രസിഡണ്ടായി മറ്റു

മതവിഭാഗങ്ങളിൽനിന്നും ഒരാൾ ആകണം എന്ന ആലോചനയാണ് നടക്കുന്നത്. ഇത്തരത്തിൽ ഒരു പരിഗണന ഉണ്ടായാൽ, ഏറ്റവും ആദ്യം പരിഗണിക്കപ്പെടുന്ന പേര്, ലോകസഭാ അംഗവും യുഡിഎഫ് മുൻ ചെയർമാനും ആയ ബെന്നി ബഹനാൻ ആയിരിക്കും. ഇനി അതല്ല, പിന്നോക്ക സമുദായത്തിൽപെടുന്ന ഈഴവ സമുദായത്തിന്റെ പ്രാതിനിധ്യം പരിഗണിച്ചാൽ, ഇപ്പോഴത്തെ സ്ഥിതിയിൽ ആറ്റിങ്ങൽ ലോക്സഭാ എംപിയായ അടൂർ പ്രകാശിന് സാധ്യതയുണ്ടാവും. കെപിസിസി നേതൃത്വത്തിലേക്ക് ഒരു ഹരിജൻ നേതാവ് കടന്നുവരണമെന്ന് ഒരു ഘട്ടത്തിൽ ആവശ്യം ഉയർന്നതാണ്. അങ്ങനെയാണ് കൊടിക്കുന്നിൽ സുരേഷ് എന്ന പേര് ചർച്ചയിലേക്ക് വന്നത്. എന്നാൽ ലോക്സഭയിലെ കോൺഗ്രസ് പാർലമെൻററി പാർട്ടി സെക്രട്ടറി ചുമതല വഹിക്കുന്ന കൊടിക്കുന്നിലിന്, സുപ്രധാനമായ രണ്ടാമതൊരു പദവി നൽകുന്നത് ആരും അംഗീകരിക്കുന്ന കാര്യമല്ല.

അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പേര് തള്ളപ്പെടുവാനാണ് സാധ്യത. മറ്റുതരത്തിലുള്ള തർക്കങ്ങളിലേക്കും ഗ്രൂപ്പ് പരിഗണനകളിലേക്കും കാര്യമായി പോയില്ലെങ്കിൽ , ഇപ്പോഴത്തെ സ്ഥിതിയിൽ പുതിയ കെപിസിസി പ്രസിഡണ്ടായി ബെന്നി ബഹനാൻ കടന്നുവരാനാണ് സാധ്യത. കേരളത്തിലെ സാമുദായിക അംഗബലം പരിശോധിച്ചാൽ, മുന്നിൽ നിൽക്കുന്ന ഈഴവ സമുദായത്തിന് പ്രാതിനിധ്യം എന്ന പരിഗണന ഉണ്ടായാലായിരിക്കും അടൂർ പ്രകാശ് കടന്നുവരിക. എന്നാൽ പ്രതിപക്ഷ നേതാവ് ഹിന്ദു ആയതിനാൽ കെപിസിസി തലപ്പത്തേക്ക് മറ്റൊരു ഹിന്ദു എന്ന കാര്യത്തിൽ തർക്കത്തിന് സാധ്യതയുണ്ട്.

കേരളത്തിലെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ, സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിയുടെ എല്ലാ തട്ടുകളിലും പുനസംഘടന നടത്തണമെന്ന് ഒറ്റക്കെട്ടായി പറയുന്നുണ്ട്. എന്നാൽ ഇതത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ കെപിസിസി പ്രസിഡണ്ടായി പുതിയ ആളിനെ നിയോഗിക്കുകയും, ആ പ്രസിഡൻറ് കെപിസിസി ഭാരവാഹികളെ നിശ്ചയിക്കുകയും ചെയ്യുന്ന രീതിയായിരിക്കും നടക്കുവാൻ സാധ്യത. ഇതിനോടൊപ്പം, കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ, ഏതാണ്ട് എട്ട് ജില്ലാ പ്രസിഡന്റുമാരെ കൂടി മാറ്റുവാനുള്ള ആലോചനയും നടക്കുന്നുണ്ട്. പാർട്ടി ആവിഷ്കരിച്ചിട്ടുള്ള പരിപാടികൾ വിജയകരമായി ഏറ്റെടുത്തു നടത്താൻ, ഫലപ്രദമായി പ്രവർത്തിക്കാത്ത ഡിസിസി പ്രസിഡന്റുമാരെ മാറ്റണമെന്ന് ഇതിനായി കേന്ദ്ര നേതൃത്വം നിയോഗിച്ച സംഘം നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അത് പരിഗണിച്ചായിരിക്കും എട്ട് ജില്ലകളിൽ പുതിയ കോൺഗ്രസ് ജില്ലാ പ്രസിഡന്റുമാരെ നിയോഗിക്കുക.

ഇതെല്ലാം രണ്ടാം ഘട്ടമായി നടക്കുവാനാണ് സാധ്യത. ആദ്യ നടപടി എന്ന നിലയിൽ ബെന്നി ബഹനാനെ കെപിസിസി പ്രസിഡണ്ടായി നിശ്ചയിക്കുകയും, ബാക്കിയെല്ലാം പുതിയ പ്രസിഡൻറ് ചെയ്യട്ടെ എന്ന് തീരുമാനവും ആയിരിക്കും പാർട്ടിയുടെ കേന്ദ്രനേതൃത്വം സ്വീകരിക്കുകയെന്നാണറിയുന്നത്. ഏതായാലും ഇത്തരത്തിലുള്ള മാറ്റങ്ങൾ, അടുത്തവർഷം മാർച്ച് മാസത്തിനുള്ളിൽ തീർക്കണം എന്ന നിലപാടിലാണ് എഐസിസി എത്തിയിരിക്കുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം, ഒരു വർഷത്തിനുള്ളിൽ സുപ്രധാനമായ രണ്ടു തെരഞ്ഞെടുപ്പുകൾ നടക്കേണ്ടതുണ്ട്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പും, പിന്നീട് നിയമസഭ തെരഞ്ഞെടുപ്പും. ഇപ്പോൾ കോൺഗ്രസ് പാർട്ടിക്കും യുഡിഎഫിനും നേടുവാൻ കഴിഞ്ഞിട്ടുള്ള മുന്നേറ്റം, ഈ തെരഞ്ഞെടുപ്പുകളിലും സ്വന്തമാക്കാൻ കഴിയണമെങ്കിൽ പാർട്ടിയിൽ പുതിയ നേതൃത്വം ഉണ്ടാവുകയും, പാർട്ടിയുടെ എല്ലാ തട്ടുകളിലും പ്രവർത്തിക്കാൻകഴിയുന്ന കമ്മിറ്റികൾ ഉണ്ടാവുകയും ചെയ്യണം എന്നാണ് കേന്ദ്രനേതൃത്വം തീരുമാനിച്ചിട്ടുള്ളത്.