രാജ്യം മുഴുവൻ വഖഫ് ഭൂമി എന്ന് കേന്ദ്രസർക്കാർ

മതങ്ങളെ തമ്മിലടിപ്പിക്കാൻ പുതിയ കണ്ടുപിടുത്തം..

നിരവധിയായ മത വിഭാഗങ്ങളും, എണ്ണിയാൽ തീരാത്തത്ര ജാതികളുമൊക്കെ തിങ്ങി നിറഞ്ഞു നിൽക്കുന്ന ഒരു രാജ്യമാണ് നമ്മുടെ ഇന്ത്യ. ഇതൊക്കെയാണെങ്കിലും, ഇക്കാലമത്രയും പല മതങ്ങളിലും ജാതികളിലും ജനിച്ച ഇന്ത്യക്കാരായ എല്ലാ ആൾക്കാരും വലിയ വഴക്കിനും തല്ലു പിടുത്തത്തിനും ഒന്നും നിൽക്കാതെ സൗഹൃദമായി കഴിഞ്ഞു വന്നിരുന്നതാണ്. കഴിഞ്ഞ 10 വർഷമായി രാജ്യം ഭരിക്കുന്നത് ബിജെപിയാണ്. ഈ പാർട്ടിയെ നയിക്കുന്നത് ഹിന്ദുത്വ അജണ്ടയുമായി മാത്രം പ്രവർത്തിക്കുന്ന സംഘപരിവാർ ശക്തികളാണ്. ഇവരുടെ നിർദ്ദേശങ്ങൾ അനുസരിച്ചാണ് കേന്ദ്രസർക്കാർ ഭരണം നടത്തുന്നതെന്ന് പറഞ്ഞാൽ, അതിൽ തെറ്റില്ല. ഇപ്പോൾ നിയമ ഭേദഗതി നടപ്പിൽ വരുത്തുന്നതിന് വേണ്ടി പാർലമെൻറിൽ കൊണ്ടുവരുന്ന വഖഫ് ഭേദഗതി ബില്ലിന്റെ പിന്നിലെ ലക്ഷ്യവും മറ്റൊന്നുമല്ല.

കേന്ദ്രസർക്കാർ പുറത്തുവിട്ട കണക്കുകൾ പ്രകാരമാണെങ്കിൽ, ഇന്ത്യാ രാജ്യം മൊത്തത്തിൽ വഖഫ് ഭൂമിയായി കിടക്കുന്നു എന്ന് തോന്നിപ്പോകും. 9 ലക്ഷത്തോളം വഖഫ് സ്വത്തുകൾ രാജ്യത്തുണ്ടെന്നാണ് സർക്കാർ പുറത്തുവിട്ട കണക്കുകളിൽ പറയുന്നത്. ഈ സ്താവര ജംഗമ സ്വത്തുക്കളെല്ലാം വഖഫ് ബോർഡിൻറെ അവകാശ പരിധിയിൽ നിന്നും മാറ്റിയെടുക്കുക എന്ന ലക്ഷ്യം തന്നെയാണ് കേന്ദ്രസർക്കാരിനുള്ളത്. നമ്മുടെ ഈ കൊച്ചു കേരളത്തിൽ തന്നെ ഏതാണ്ട് 53,300 വഖഫ് സ്വത്തുകൾ ഉണ്ടെന്നും ഈ കണക്കിൽ പറയുന്നുണ്ട്. ഈ കണക്കുകൾ ഏതെങ്കിലും ഒരു നേതാവ് വെറുതെ വിളിച്ചു പറയുന്നതല്ല, പാർലമെൻറിൽ കേരളത്തിൽ നിന്നുള്ള സിപിഎം അംഗമായ ജോൺ ബ്രിട്ടാസ് നൽകിയ ഒരു ചോദ്യത്തിന്, കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി നൽകിയ മറുപടിയിലാണ് ഈ കാര്യങ്ങൾ പറയുന്നത്.
മന്ത്രി പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഏറ്റവും കൂടുതൽ വഖഫ് വസ്തുവകകൾ ഉള്ളത് ഉത്തർപ്രദേശിലാണ്. ഇവിടെ രണ്ടേകാൽ ലക്ഷത്തോളം വഖഫ് സ്വത്തുക്കൾ ഉണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. പശ്ചിമ ബംഗാളിൽ 80,000 വും, പഞ്ചാബിൽ 75000, തമിഴ്നാട്ടിൽ 66000 വും വഖഫ് ഉള്ളതായി ഈ വെളിപ്പെടുത്തലിൽ പറയുന്നുണ്ട്.

ഇവിടെ ബിജെപി നേതാക്കൾ മാത്രം തർക്കിക്കുന്നതും, ഇന്ത്യയിലെ ജനങ്ങൾ അംഗീകരിച്ചിട്ടുള്ളതും ആയ ഒരു വസ്തുതയുണ്ട്. വഖഫ് സുഹൃത്തുക്കളുടെ ആയാലും മറ്റു മതവിഭാഗങ്ങളുടെ സ്വത്തുക്കളായാലും, അതെല്ലാം പൊതുവായി അംഗീകരിച്ച്, പൊതുജനങ്ങൾ ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുന്ന സ്ഥാപനങ്ങളാണ് എന്ന കാര്യത്തിൽ ആർക്കും തർക്കം ഉണ്ടാകില്ല. കേരളത്തിൽ എന്തായാലും ഒരു മതസ്ഥാപനവും മറ്റൊരു മത സ്ഥാപനവും തമ്മിൽ ഒരിക്കലും ഇതുപോലുള്ള തർക്കങ്ങൾ ഉണ്ടായിട്ടില്ലായെന്നതും ഓർക്കേണ്ടതുണ്ട്. മാത്രവുമല്ല, മുസ്ലിം മതവിശ്വാസികളെ ബാധിക്കുന്ന ഇത്തരം കാര്യങ്ങൾ വലിയ തർക്ക വിഷയമാക്കി മാറ്റുമ്പോൾ, മറ്റു മതവിഭാഗങ്ങളിൽപെട്ട ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും സ്വത്ത് വകകൾ, തർക്കമില്ലാതെ അനുഭവിച്ചു പോരുന്നു എന്ന കാര്യം മറക്കരുത്.

വഖഫ് സ്വത്തുക്കളുടെ കാര്യത്തിൽ, ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ഉയർത്തിക്കൊണ്ടുവരുന്ന തർക്കങ്ങളും, അതിനായി കണ്ടെത്തുന്ന പുതിയ നിയമ ഭേദഗതി മാർഗ്ഗവും, ഇന്ത്യയിലെ ജനങ്ങളെ ഒരുമിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാൻ അല്ല. മറിച്ച്, മതങ്ങൾ തമ്മിൽ വൈരാഗ്യം ഉണ്ടാക്കി, ഏതെങ്കിലും ഒരു വിഭാഗത്തെ ഇല്ലായ്മയിലേക്ക് എത്തിക്കുക എന്ന ദുരുദ്ദേശമാണോ പിന്നിലുള്ളത് എന്ന കാര്യവും തർക്കമില്ലാത്തതാണ്. വഖഫ് നിയമ ഭേദഗതി പാർലമെൻറിൽ അവതരിപ്പിച്ച് പാസാക്കുവാനുള്ള ശക്തി ഇപ്പോൾ കേന്ദ്ര ഭരണകൂടത്തിനുണ്ട്. ആ ഭൂരിപക്ഷ സ്വാതന്ത്ര്യവും അധികാരവും ഉപയോഗപ്പെടുത്തിയാണ്, ഇന്ത്യയിൽ നിലനിൽക്കുന്ന മതപരമായ സൗഹൃദവും ജനങ്ങൾ തമ്മിലുള്ള കൂട്ടായ്മയും തകർക്കുവാൻ ശ്രമിക്കുന്നത് എന്ന് പറഞ്ഞാൽ, അതിൽ ആരെയും കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല..