സർക്കാർ പ്രതിസന്ധിയിൽ ആകുമോ?

സർക്കാർ വിരുദ്ധ സമരവുമായി സിപിഐ

സംസ്ഥാനം ഭരിക്കുന്ന പിണറായി വിജയൻറെ നേതൃത്വത്തിലുള്ള, ഇടതുപക്ഷ മുന്നണി സർക്കാരിലെ രണ്ടാമത്തെ വലിയ പാർട്ടിയാണ് സിപിഐ. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ, ഇടതുമുന്നണി കനത്ത പരാജയം നേരിട്ടപ്പോൾ മുതൽ, സർക്കാരിനെ തിരുത്തുന്നതിന് പല ശ്രമങ്ങളും നടത്തിയ പാർട്ടിയാണ് സിപിഐ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടതുമുന്നണി യോഗത്തിൽ, നിലവിലെ സർക്കാർ ശൈലി മാറ്റി കമ്മ്യൂണിസ്റ്റ് ശൈലിയിലേക്ക് മാറണം എന്ന് നേരിട്ട് പറഞ്ഞിട്ട് പോലും, മുഖ്യമന്ത്രിയും മറ്റൊരു മന്ത്രിപോലും അതൊന്നും മുഖവിലക്ക് എടുക്കാത്തതിൽ സിപിഐ നേതാക്കൾക്ക് വലിയ പ്രതിഷേധമുണ്ട്. സർക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ ധിക്കാരം നിറഞ്ഞ പെരുമാറ്റങ്ങൾ, ജനങ്ങളെ സർക്കാരിനെതിരെ തിരിച്ചു എന്ന അഭിപ്രായം വ്യാപകമായപ്പോൾ മുഖ്യമന്ത്രിയുടെ ശൈലി, ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ശൈലിയാക്കി മാറ്റണം എന്നു വരെ സിപിഐ നേതൃത്വം അഭിപ്രായപ്പെട്ടതാണ്.

എന്നാൽ ഇതൊന്നും സിപിഎമ്മിന്റെ സംസ്ഥാന നേതാക്കളോ പിണറായി വിജയനോ കാര്യമായി പരിഗണിച്ചില്ല. ഇതിലുള്ള അതൃപ്തി സിപിഐയുടെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ചർച്ചയ്ക്കായി വരുകയും, വിവരം ഇടതുമുന്നണി കൺവീനർ അറിയിക്കുകയും ചെയ്തതാണ്. എന്നിട്ടും ഒരു പരിഗണനയും ഉണ്ടാകാതെ, ഗതികേടിൽ എത്തിയപ്പോഴാണ്, പരസ്യമായ സർക്കാർവിരുദ്ധ നിലപാടിന് വഴിതുറക്കുന്ന സമരമാർഗങ്ങളിലേക്ക് ഇപ്പോൾ സിപിഐ നീങ്ങിയിരിക്കുന്നത്.

സർക്കാരിൽ ധനകാര്യ മന്ത്രി ആയിരിക്കുന്ന ആളിന്റെ പിടിപ്പുകേടുകളാണ്, സംസ്ഥാനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിച്ചത് എന്ന് അഭിപ്രായം സിപിഐ നേതാക്കൾക്കുണ്ട്. ധനകാര്യ മന്ത്രി പതിവായി കേന്ദ്രത്തിനെ കുറ്റം പറഞ്ഞ് തടിതപ്പാൻ നോക്കുന്നതിൽ കാര്യമില്ലായെന്ന് സിപിഐ നേതാക്കൾ അഭിപ്രായപ്പെടുന്നുണ്ട്. ധനകാര്യ മന്ത്രിയും മുഖ്യമന്ത്രിയും, ഭരണത്തിലും സംസ്ഥാന സർക്കാരിൻറെ പ്രവർത്തനത്തിലും ഒരു തകരാറുമില്ലെന്നും, സാമ്പത്തികമായ വിഷമതകൾ ഒരു വകുപ്പിനെയും ബാധിച്ചിട്ടില്ലെന്നുമൊക്കെ ആവർത്തിച്ചു പറയുമ്പോഴും, ഇതൊന്നുമല്ല യാഥാർത്ഥ്യം എന്ന് സിപിഐ നേതാക്കൾ തിരിച്ചറിയുന്നുണ്ട്. കേരളത്തിലെ എല്ലാ തൊഴിലാളി ക്ഷേമനിധി ബോർഡുകളും, ആനുകൂല്യ വിതരണവും പെൻഷനും മുടങ്ങി, പ്രവർത്തനം ഏതാണ്ട് നിലച്ച സ്ഥിതിയിലാണുള്ളത്. പതിനായിരക്കണക്കിന് പുതിയ വ്യവസായങ്ങളും, ലക്ഷക്കണക്കിന് തൊഴിലവസരങ്ങളും കേരളത്തിൽ ഇടതു സർക്കാരിൻറെ കാലത്തുണ്ടായെന്ന് വ്യവസായ മന്ത്രി വീരവാദം പറയുമ്പോൾ, നന്നായി പ്രവർത്തിച്ച വ്യവസായങ്ങൾ പോലും പ്രതിസന്ധിയിലായി എന്ന വസ്തുതയാണ് സിപിഐ നേതാക്കളും വെളിപ്പെടുത്തുന്നത്.

കേരളത്തിലെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന പല വിഷയങ്ങളിലും, സർക്കാർ ഒരു നടപടിയും എടുക്കാതെ മുന്നോട്ടു പോവുകയാണ്. സാധാരണ ജനങ്ങൾക്ക് വലിയ ആശ്വാസമായിരുന്ന, സാമൂഹികക്ഷേമ പെൻഷൻ മാസങ്ങളായി കുടിശികയുമായി കിടക്കുകയാണ്. പാവങ്ങൾക്കുള്ള ചികിത്സാ പദ്ധതികൾ സ്തംഭിച്ചു കഴിഞ്ഞു. സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിനു പോലും സ്ഥിരമായി കടം വാങ്ങുന്ന അവസ്ഥ തുടരുകയാണ്. ഇതെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ട്, കേരളത്തിലെ ഇടതുപക്ഷ സർക്കാർ- പട്ടിണിപ്പാവങ്ങൾക്കും തൊഴിലാളികൾക്കും എതിരായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു എന്ന മുദ്രാവാക്യമുയർത്തിയാണ് സിപിഐയുടെ നേതാക്കളുടെ പിന്തുണയോടുകൂടി, ആ പാർട്ടിയുടെ ട്രേഡ് യൂണിയനായ എഐടിയുസിയുടെ ആഭിമുഖ്യത്തിൽ, പ്രതിഷേധ ജാഥ ആരംഭിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ രണ്ടു ഭാഗങ്ങളിൽ നിന്നും ആരംഭിച്ചിട്ടുള്ള കേരള ജാഥ, ജനുവരി 17ന് തലസ്ഥാനത്ത് എത്തുകയും, സെക്രട്ടറിയേറ്റിനു മുമ്പിൽ ഒത്തുകൂടി പ്രതിഷേധ സമരം നടത്തുകയും ചെയ്യും. തൊഴിലും കൂലിയും സാമൂഹ്യരക്ഷയും തൊഴിലാളികൾക്ക് ഉറപ്പാക്കണം എന്ന മുഖ്യ ആവശ്യം ഉയർത്തിക്കൊണ്ടാണ്, സിപിഐ തൊഴിലാളി സംഘടന സമര രംഗത്ത് ഇറങ്ങിയിരിക്കുന്നത്. ഇതിനിടയിൽ എറണാകുളം ജില്ലയിലെ അമ്പലമേട് ട്രാക്കോ കേബിൾ കമ്പനി എന്ന സർക്കാർ സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലായതിന്റെ പേരിൽ, സ്വകാര്യ കമ്പനിക്ക് മറിച്ചു വിൽക്കുന്നതിന് നീക്കം നടത്തിയതിനെതിരെയും, സിപിഐ തൊഴിലാളി സംഘടന സമരവുമായി രംഗത്ത് വന്നിട്ടുണ്ട്. ഇവിടെ ഭരണ പ്രതിപക്ഷ ഭേദമില്ലാതെ കോൺഗ്രസിന്റെ ട്രേഡ് യൂണിയനും , അതുപോലെ മറ്റു തൊഴിലാളി സംഘടനകളുമായും ഒത്തു ചേർന്നുകൊണ്ട്, സിപിഐയുടെ തൊഴിലാളി യൂണിയൻ സമരം നടത്തിക്കൊണ്ടിരിക്കുകയാണ്.

കേരളത്തിൽ രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം, കൂടുതൽ ജീവിതദുരിതത്തിലേക്ക് എത്തിയത് തൊഴിലാളികളും പാവപ്പെട്ടവരുമാണെന്ന് എഐടിയുസി നേതാക്കൾ വിളിച്ചുപറയുന്നുണ്ട്. കേരളത്തിലെ ഒരു തൊഴിൽ മേഖലയിലും കൂലി വർദ്ധനവ് നടത്തുന്നില്ല, സ്വകാര്യ വ്യവസായ സ്ഥാപനങ്ങൾ ഭൂരിഭാഗവും പ്രതിസന്ധിയിലാണ്, കേന്ദ്രസർക്കാരിന്റെ മാത്രമല്ല സംസ്ഥാന സർക്കാരിന്റെയും തൊഴിലാളി ദ്രോഹ നടപടികളാണ് ഈ പ്രതിസന്ധി ക്ഷണിച്ചുവരുത്തിയതെന്നും, സർക്കാരിനെതിരെ സമരവുമായി ഇറങ്ങിയ സിപിഐയുടെ തൊഴിലാളി സംഘടനാനേതാക്കൾ ആരോപിക്കുന്നുണ്ട്. ഏതായാലും, കമ്മ്യൂണിസ്റ്റ് തുടർഭരണം എന്ന് അഭിമാനപൂർവ്വം പറഞ്ഞുകൊണ്ട്, അഹങ്കരിച്ചിരുന്ന ഇടതുപക്ഷ മുന്നണിയിലെ ഘടകകക്ഷികളിൽ സിപിഎം ഒഴികെ മറ്റെല്ലാ കക്ഷികളും, സർക്കാരിൻറെ ഇന്നത്തെ പോക്കിനോട് വിയോജിപ്പ് ഉള്ളവരാണ്. ഈ സർക്കാർ എല്ലാത്തരത്തിലും പിടിപ്പുകെട്ട ഒന്നായി മാറിയെന്നും, ജനങ്ങൾക്കും നാടിൻറെ വികസനത്തിനും ഫലപ്രദമായി ഈ സർക്കാരിന് ഒന്നും ചെയ്യാൻ കഴിയുന്നില്ലായെന്നുമാണ് സിപിഐ തൊഴിലാളി സംഘടന നേതാക്കൾ പറയുന്നത്.

സിപിഎം എന്ന, സർക്കാരിനെ നയിക്കുന്ന പാർട്ടി, വലിയ ഉൾ പാർട്ടി പ്രതിസന്ധികളിൽ നിലനിൽക്കുമ്പോഴാണ് സിപിഐയിൽ നിന്നും പ്രതിഷേധ സ്വരങ്ങൾ ഉയർന്നിട്ടുള്ളത്. സിപിഎമ്മിന്റെ പാർട്ടി സമ്മേളനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. എല്ലാ ജില്ലകളിലും നേതാക്കന്മാർ തമ്മിലും, സംസ്ഥാന നേതാക്കൾക്കെതിരെയും ആക്ഷേപങ്ങൾ ഉയർന്നുകൊണ്ടിരിക്കുന്നു. ചിലയിടങ്ങളിൽ സംഘർഷം വരെ ഉണ്ടാവുന്ന സ്ഥിതിയും വന്നു. സർക്കാരിൻറെ പോക്കിനെതിരെയുള്ള വിമർശനങ്ങൾ മാത്രമല്ല, ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുള്ള സിപിഎം നേതാക്കളിൽ പലരും, അഴിമതിയുടെയും തട്ടിപ്പിന്റെയും കൂട്ടുകെട്ടിൽ ആണെന്ന് തെളിവുകൾ നിരത്തി, സഖാക്കൾ തന്നെ പ്രതിഷേധിക്കുന്ന സ്ഥിതിയുമുണ്ട് . ഇത്തരത്തിൽ ആഭ്യന്തര കലഹത്തിൽപ്പെട്ട് സിപിഎം നട്ടം തിരിയുമ്പോഴാണ്, മുന്നണിയിലെ രണ്ടാമത്തെ വലിയ പാർട്ടിയായ സിപിഐ, സ്വന്തം തൊഴിലാളി സംഘടനകളെ മുന്നിൽ നിർത്തി സർക്കാർ വിരുദ്ധ സമരവുമായി നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇത് സർക്കാരിനെയും ഇടതുമുന്നണിയും കൂടുതൽ പ്രതിസന്ധിയിലാക്കും എന്ന കാര്യത്തിൽ സംശയം ഇല്ല.