കേരളത്തിലെ സിപിഎം പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള ജില്ലാ സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചത് കൊല്ലത്ത് ആയിരുന്നു. അപ്രതീക്ഷിതമായി പാർട്ടി നേതൃത്വത്തിനും സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ, സമ്മേളനങ്ങളിൽ പങ്കെടുത്ത പ്രതിനിധികളായ നേതാക്കളും, ജില്ലാ ഭാരവാഹികളും വരെ കടുത്ത വിമർശനമാണ് ഉയർത്തിയത്. പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററാണ് യോഗത്തെ നിയന്ത്രിച്ചത്. അദ്ദേഹത്തെ വേദിയിൽ ഇരുത്തിക്കൊണ്ട്, അദ്ദേഹത്തിന്റെ മുഖത്ത് നോക്കിക്കൊണ്ടു തന്നെയാണ് പല നേതാക്കളും പാർട്ടിയുടെ പോക്കിനെയും സർക്കാരിൻറെ പിടിപ്പുകേടിനെയും കടുത്ത ഭാഷയിൽ വിമർശിച്ചത്. എന്നാൽ വിമർശിക്കുന്ന അവസരത്തിൽ, അതെല്ലാം കേട്ടിരുന്ന ഗോവിന്ദൻ മാസ്റ്റർ, പാർട്ടിയുടെ കൊല്ലം ജില്ലാ സെക്രട്ടറിയെ കയ്യിലെടുത്തുകൊണ്ട് വിമർശിച്ച പ്രവർത്തകർക്കെതിരെ പുറത്താക്കൽ നടപടി വരെ സ്വീകരിക്കുകയാണ് ചെയ്തത്. ജില്ലയിലെ പല ഏരിയ കമ്മിറ്റികളിലും സമ്മേളനങ്ങൾ നടന്ന അവസരത്തിൽ, ഒരിക്കലും ഉണ്ടാവാത്ത വിധത്തിലുള്ള വിഭാഗീയതകളും ഭിന്നതകളുമാണുണ്ടായത്. ചില സ്ഥലങ്ങളിൽ സമ്മേളനങ്ങൾ മാറ്റിവെക്കേണ്ട സ്ഥിതിയും ഉണ്ടായി. കരുനാഗപ്പള്ളിയിൽ ഏരിയ സമ്മേളന വേദിയിൽ, പാർട്ടി പ്രവർത്തകർ ചേരി തിരിഞ്ഞു നിന്നുകൊണ്ട് തമ്മിലടിക്കുന്ന സ്ഥിതി വരെയുണ്ടായി. പാർട്ടിയുടെ പതിവു ശൈലികൾ ഒട്ടും മാറ്റാതെ, വിമർശിക്കുന്നവരെ പൂർണ്ണമായും കടുംവെട്ടിന് വിധേയരാക്കി ഒതുക്കാനുള്ള പതിവു ശൈലിയാണ് സിപിഎം ഇപ്പോഴും തുടരുന്നത്. ഇനിയും കേരളത്തിലെ മറ്റു ജില്ലകളിലെല്ലാം സമ്മേളനങ്ങൾ നടക്കേണ്ടതുണ്ട്. എട്ടു ജില്ലകളിലെങ്കിലും, പാർട്ടിയുടെയും സർക്കാരിന്റെയും പോക്കിനെതിരെ ശക്തമായ വിമർശനം ഉയരുകയും, ഭാരവാഹികളും പ്രവർത്തകരും ഇപ്പോഴും രണ്ടു തട്ടിലായി നിൽക്കുകയുമാണ്. ഈ സ്ഥിതി കൂടി വിലയിരുത്തിക്കൊണ്ടാണ്, പാർട്ടിയിൽ പഴയ കേഡർ സ്വഭാവം വീണ്ടെടുക്കുവാനും, അച്ചടക്കം നിലനിർത്തുവാനും പാർട്ടി സംസ്ഥാന നേതാക്കൾ കടുംവെട്ടിന് കോടാലി തയ്യാറാക്കിയിരിക്കുന്നത്.
ഇപ്പോൾ സിപിഎമ്മിന്റെ സമ്മേളന വേദികളിൽ, പതിവുകളെല്ലാംവിട്ടു, സംസ്ഥാന നേതൃത്വത്തിന് മാത്രമല്ല പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിന്റെ കഴിവുകേടുകളും അനാഥാവസ്ഥയും വിമർശനമായി ഉയർത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ പാർട്ടി വലിയ പ്രതിസന്ധിയിലാണെന്നും, പാർട്ടിയിലെ പല നേതാക്കളും അഴിമതിയുടെയും, സാമ്പത്തിക തട്ടിപ്പിന്റെയും, റിയൽ എസ്റ്റേറ്റ് തിരുമറിയുടെയും ചുക്കാൻ പിടിക്കുന്നവരായി മാറി എന്നുമുള്ള ആരോപണങ്ങൾ ഉയരുകയാണ്. കൊല്ലം സമ്മേളനത്തിൽ പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ തന്നെ തുറന്നു പറഞ്ഞത്, പാർട്ടിയിലെ ചില നേതാക്കളും പ്രവർത്തകരും പലതരത്തിലുള്ള മാഫിയ സംഘങ്ങളിൽപ്പെട്ടിരിക്കുകയാണെന്നാണ്. ഈ കൂട്ടത്തിൽ ലഹരി സംഘത്തിൻറെ ബന്ധമുള്ളവർ വരെയുണ്ടെന്നും ഗോവിന്ദൻ മാസ്റ്റർ തുറന്നു പറഞ്ഞു. ഇതുതന്നെയാണ് പാർട്ടിയുടെ ഇതുവരെ നടന്ന സമ്മേളന വേദികളിലെല്ലാം സഖാക്കൾ ഉയർത്തുന്ന പരാതി.
കഴിഞ്ഞ ലോകസഭ ഇലക്ഷനിൽ തുടർഭരണം നേടി അഹങ്കരിച്ചിരുന്ന ഇടതുമുന്നണി, നാണംകെട്ട തോൽവിയാണ് ഏറ്റുവാങ്ങിയതെന്ന് പറഞ്ഞുകൊണ്ട്, അതിൻറെ കാരണങ്ങൾ അക്കമിട്ട് എണ്ണിപ്പറഞ്ഞ വിമത നേതാക്കൾക്കെതിരെയാണ്, പാർട്ടി നേതൃത്വം നടപടികൾ ആലോചിക്കുന്നത്. കൊല്ലം സമ്മേളനത്തിൽ പലരും വിളിച്ചു പറഞ്ഞത്, പൊതു സമൂഹം ഒന്നായി പറയുന്ന സർക്കാർ വിരുദ്ധ പരാതികളായിരുന്നു. പൊതുവായ പരിപാടികൾ നടന്ന വേദികളിൽ, മുഖ്യമന്ത്രി മൈക്ക് തകരാർ വന്നപ്പോൾ മൈക്ക് ഓപ്പറേറ്ററെ ചീത്ത വിളിച്ചതും മറ്റൊരു വേദിയിൽ അവതാരകയെ ഭീഷണിപ്പെടുത്തിയതും, ജനങ്ങളിൽ മുഖ്യമന്ത്രിക്കെതിരായ വലിയ അഭിപ്രായം ഉണ്ടാക്കി എന്നും സഖാക്കൾ തുറന്നുപറഞ്ഞു. മാത്രവുമല്ല, സംസ്ഥാന സർക്കാരിൽ സിപിഎമ്മിന്റെ പ്രതിനിധികളായി വന്ന മന്ത്രിമാരിൽ മിക്കവരും കഴിവുകെട്ടവരാണെന്നും ഭരണകാര്യങ്ങളിൽ മുൻപരിചയം ഇല്ലാത്തവരെ പൂർണമായും ഒഴിവാക്കിയത്, സർക്കാരിനെ കഴിവുകെട്ട ഭരണകൂടമാക്കി മാറ്റി എന്നും സഖാക്കൾ വിമർശിച്ചു.
സിപിഎമ്മിന്റെ കഴിഞ്ഞ കാല സമ്മേളനങ്ങളുടെ ചരിത്രം പരിശോധിച്ചാൽ, ഒരിക്കലും ഇപ്പോൾ നടക്കുന്നതുപോലെ നേതാക്കന്മാരുടെ മുഖത്ത് നോക്കി കുറ്റങ്ങൾ പറയുന്നത് ഉണ്ടായിട്ടില്ല. ഇപ്പോൾ കേരളത്തിൽ മൊത്തത്തിൽ ഇടതുപക്ഷ സർക്കാരിനെതിരായ ജനങ്ങളുടെ പരാതികൾ ഉയരുകയാണ്. ജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയാൻ പോലും കഴിയാത്ത സ്ഥിതിയിലാണ്, പാർട്ടിയുടെ താഴെത്തട്ടിലുള്ള പ്രവർത്തകർ. സഹികെട്ടപ്പോഴാണ് അവർ ആത്മധൈര്യം ഉണ്ടാക്കി നേതാക്കളെ വിമർശിക്കാൻ തയ്യാറായത്. സംസ്ഥാന നേതൃത്വവും കേന്ദ്ര നേതൃത്വവും ഇപ്പോഴത്തെ തളർന്ന അവസ്ഥ മാറ്റി, പാർട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകാൻ ശ്രമിക്കണമെന്നും, പാർട്ടിയുടെ നേതൃനിരയിലുള്ള പുഴുക്കുത്തുകളെ തുടച്ചു മാറ്റണമെന്നുംവരെ സമ്മേളന പ്രതിനിധികൾ വിമർശനം ഉയർത്തി. എല്ലാ സമ്മേളനങ്ങളിലും, പാർട്ടിയുടെ പ്രവർത്തന ശൈലിയെക്കാൾ ഇടതുമുന്നണി സർക്കാരിൻറെ പ്രവർത്തനങ്ങളും, മുഖ്യമന്ത്രിയുടെ ശൈലിയുമാണ് വിമർശനത്തിലേക്ക് കടന്നുവന്നത്.
പാർട്ടിയുടെ താഴെ തട്ടുകളിലുള്ള സമ്മേളനങ്ങളിൽ, പാർട്ടിയുടെ പ്രവർത്തകർ തുറന്നുപറഞ്ഞ യാഥാർത്ഥ്യങ്ങളെ ഒട്ടും ഉൾക്കൊള്ളാതെ, പതിവു ശൈലിയിൽ- എതിർക്കുന്നവരെ വെട്ടിനിരത്തുക എന്ന ശൈലി ഒരിക്കൽകൂടി ആവർത്തിക്കാൻ ഒരുങ്ങുകയാണ് പാർട്ടിയുടെ നേതൃത്വവും, മുഖ്യമന്ത്രി പിണറായി വിജയനും. ഇത്തരത്തിലുള്ള വിമർശന വിരോധ മാനസികാവസ്ഥ നേതാക്കളും മുഖ്യമന്ത്രിയും തുടരുന്ന പക്ഷം ; കേരളത്തിൽ സിപിഎമ്മിന്റെ അവസ്ഥ വീണ്ടും തകരുന്ന സ്ഥിതിയിലേക്ക് എത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.