കേരളത്തിലെ പാവപ്പെട്ട ജനങ്ങൾക്കും സാധാരണക്കാർക്കും ഇപ്പോഴും അഭയം ആയിട്ടുള്ളത്, റേഷൻ കടകൾ വഴി ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ ആണ്. സബ്സിഡി എന്ന പേരിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഭക്ഷ്യവസ്തുക്കൾക്ക് വിലകുറച്ച്, പാവങ്ങൾക്ക് ലഭ്യമാക്കുന്നത് കൊണ്ട് റേഷൻ സംവിധാനം ഈ ജനവിഭാഗത്തിന് മുഖ്യ അഭയം തന്നെയാണ്. എന്നാൽ കേരളത്തിൽ മാത്രം, കഴിഞ്ഞ കുറേക്കാലമായി റേഷൻ വ്യാപാരികളും റേഷൻ സംവിധാനവും റേഷൻ ആശ്രയിച്ച് കഴിയുന്ന പാവപ്പെട്ടവരും നിരന്തരം പ്രതിസന്ധികളെ നേരിടുകയാണ്. അരി, ഗോതമ്പ് , പഞ്ചസാര തുടങ്ങിയ പ്രധാന നിത്യോപയോഗ വസ്തുക്കൾ റേഷൻ കടകൾ വഴി, കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നത് വലിയ അനുഗ്രഹം തന്നെയാണ്. മാത്രവുമല്ല, ബി പി എൽ പട്ടികയിൽ ഉള്ള കാർഡിന്റെ ഉടമകൾക്ക്, സൗജന്യമായി അരി നൽകുന്ന ഏർപ്പാടും കേരളത്തിലുണ്ട്. എന്നാൽ സ്റ്റാറ്റ്യൂട്ടറി സംവിധാനമായി പ്രവർത്തിക്കുന്ന റേഷൻ സംവിധാനം, പലപ്പോഴും അതിൻറെ യഥാർത്ഥ സ്വഭാവങ്ങളിൽ നിന്നും വഴിതെറ്റി, പാവങ്ങൾക്ക് ദുരിതം മാത്രം കൈമാറുന്ന സ്ഥിതിയാണ് കേരളത്തിലുള്ളത്. റേഷൻ സാധനങ്ങൾ ഉപയോഗിക്കുന്ന കാർഡ് ഉടമകൾക്കു മാത്രമല്ല, റേഷൻ കടകൾ നടത്തുന്ന വ്യാപാരികളും ഇപ്പോൾ ദുരിതത്തിൽപെട്ടിരിക്കുകയാണ്. റേഷൻ ജീവനക്കാർക്ക് കമ്മീഷൻ ഇനത്തിൽ വരുന്ന തുക, നിശ്ചിത ശമ്പളം ആക്കി മാറ്റിയാണ് കുറച്ചുകാലമായി വിതരണം ചെയ്യുന്നത്. റേഷൻ കാർഡുകളുടെ എണ്ണവും, വിതരണത്തിനുള്ള വലുപ്പ ചെറുപ്പവും കണക്കാക്കി, മാസംതോറും 2000 രൂപ മുതൽ 50,000 രൂപ വരെ വ്യാപാരികൾക്ക് ലഭിക്കുന്ന സംവിധാനം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ വ്യാപാരികളെ സംബന്ധിച്ചിടത്തോളം, പതിവ് രീതിയിൽ ഇതെല്ലാം വെറും പ്രഖ്യാപനങ്ങളായി അവശേഷിക്കുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
റേഷൻ വ്യാപാരികളുടെ ശമ്പള വിതരണം മാസങ്ങളായി കുടിശ്ശികയായി കിടക്കുന്നു എന്നാണറിയുന്നത്. ഇതിന് പുറമെയാണ് സപ്ലൈകോ അധികൃതർ, റേഷൻ വ്യാപാരികൾ വിൽപ്പനക്കായെടുത്ത ഭക്ഷ്യവസ്തുക്കളുടെ കുടിശ്ശിക തുക, ഉടൻ അടച്ചില്ലെങ്കിൽ കടയുടെ ലൈസൻസ് റദ്ദ്ചെയ്യും എന്ന് ഭീഷണി ഉയർത്തിയിരിക്കുന്നത്.
കേരളത്തിൽ ഏതാണ്ട് 85 ലക്ഷത്തോളം റേഷൻ കാർഡ് ഉടമകൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിൽ 35 ലക്ഷത്തോളം വരുന്ന കാർഡുകൾ പട്ടിണി പാവങ്ങളുടെയും സാധാരണക്കാരുടെയും കുടുംബങ്ങളിലേക്കുള്ളതാണ്. ഈ വിഭാഗമാണ്, കൃത്യമായി ഭക്ഷ്യവസ്തുക്കൾ ലഭിക്കാതെ വരുമ്പോൾ ദുരിതത്തിൽ ആകുന്നത്. കേരളത്തിൽ സർക്കാർ കണക്കുപ്രകാരം 13,976 റേഷൻ കടകൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്.
ഏത് വിശേഷ അവസരത്തിലും സർക്കാരിൻറെ ഗമ കാണിക്കുന്നതിന് വേണ്ടി, കാർഡ് ഉടമകൾക്ക് ആനുകൂല്യങ്ങളും ഭക്ഷ്യവസ്തുക്കളുടെ വിതരണങ്ങളും പ്രഖ്യാപിക്കും. ഇതെല്ലാം ശേഖരിച്ച്, സർക്കാർ നിർദ്ദേശപ്രകാരം കാർഡ് ഉടമകൾക്ക് വിതരണം ചെയ്യാനുള്ള ഉത്തരവാദിത്വം റേഷൻ വ്യാപാരികൾക്കാണ്. സർക്കാർ നിർദ്ദേശപ്രകാരം, ഭക്ഷ്യവസ്തുക്കൾ പണമടച്ചു വാങ്ങുമ്പോൾ, അതിൻറെ കാലാവധി കഴിഞ്ഞാലെങ്കിലും സർക്കാർ ഇവർക്ക് പണം അനുവദിച്ചു നൽകണം. ഈ കാര്യത്തിൽ സർക്കാരിൻറെ ഭാഗത്തുനിന്നും ഒരിക്കൽ പോലും കൃത്യത ഉണ്ടായിട്ടില്ലായെ ന്നതാണ് വ്യാപാരികളുടെ പരാതി.
ഭൂരിഭാഗം റേഷൻകട ഉടമകളും, കട നടത്തിപ്പിലൂടെ കിട്ടുന്ന ഏകദേശം 15,000 രൂപയോളം വരുന്ന വരുമാനം കൊണ്ടാണ് ജീവിതം കഴിക്കുന്നത്. ഇങ്ങനെ കിട്ടുന്ന ശമ്പള തുകയിൽ നിന്ന് വേണം, കടയുടെ വാടകയും കറന്റ് ബില്ലും, സാധനങ്ങൾ ഇറക്കി വയ്ക്കുന്നതിന് വിളിക്കുന്ന തൊഴിലാളികളുടെ കൂലിയും ഒക്കെ കൊടുക്കേണ്ടത്. ഇതെല്ലാം കഴിഞ്ഞാൽ, പലപ്പോഴും സ്വന്തം ജീവിതം നയിക്കാൻ കാര്യമായി ഒന്നും മിച്ചം വയ്ക്കാൻ കഴിയുന്നില്ല എന്നതാണ് വ്യാപാരികളുടെ സങ്കടം.
കേരളത്തിൽ റേഷൻ വ്യാപാരികൾക്കിടയിലും, പല സംഘടനകളും പ്രവർത്തിച്ചുവരുന്നുണ്ട്. ഈ സംഘടനകൾ പലപ്പോഴും സർക്കാരിനെ സമീപിക്കുകയും സമരം നടത്തുകയും ഒക്കെ ചെയ്യുന്നുണ്ട്. എങ്കിലും റേഷൻ വ്യാപാരികളുടെ കാര്യത്തിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകാറില്ല എന്നതാണ് വാസ്തവം. പലപ്പോഴും ഭക്ഷ്യവസ്തുക്കൾ ആവശ്യത്തിനു ലഭ്യമാക്കാൻ, സർക്കാരിന് കഴിയാതെ വന്നാൽ പോലും, ഉപഭോക്താക്കളിൽ നിന്നും ചീത്ത കേൾക്കേണ്ടിവരുന്നത് കട ഉടമകൾ ആണ്. സഹികെടുന്ന സാഹചര്യം ഉണ്ടാകുമ്പോൾ ആണ് റേഷൻ വ്യാപാരികൾ കടയടച്ചുള്ള സമരത്തിലേക്ക് കടക്കുക. ഇപ്പോൾ അതേപോലെയുള്ള ഗുരുതരമായ പ്രതിസന്ധിയിലാണ് കേരളത്തിലെ റേഷൻ വ്യാപാരികൾ എത്തിനിൽക്കുന്നത്. നല്ലൊരു ശതമാനം ഉടമകൾ ലൈസൻസ് തിരിച്ചു നൽകി, ഈ ബിസിനസ് ഉപേക്ഷിക്കാൻ വരെ തയ്യാറാകുന്നുണ്ട്. ഏതായാലും കേരളത്തിലെ റേഷൻ വ്യാപാരികൾ ഒരു സമ്പൂർണ്ണ സമരത്തിലേക്ക് എത്തുകയും, റേഷൻകടകൾ പൂർണമായും അടഞ്ഞു കിടക്കുകയും ചെയ്യുന്ന സ്ഥിതി വന്നാൽ, ഇപ്പോൾ തന്നെ പലതരത്തിലുള്ള വിഷമതകൾ കൊണ്ട് പൊറുതിമുട്ടുന്ന കേരളത്തിലെ പട്ടിണിക്കാരും സാധാരണ ജനങ്ങളും ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ കഴിയാതെ പ്രതിസന്ധിയിലാകും എന്നതാണ് വസ്തുത. നന്ദി, നമസ്കാരം