ലോകസഭയിൽ കത്തിക്കയറി പ്രിയങ്ക ഗാന്ധി

ചങ്കിടിപ്പിൽ കോൺഗ്രസ് നേതാക്കളും

ലോകസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം പ്രതിപക്ഷ നേതാവായി അംഗീകരിക്കപ്പെട്ട രാഹുൽ ഗാന്ധി, എല്ലാരെയും അത്ഭുതപ്പെടുത്തിയ ഗംഭീരൻ പ്രസംഗം ലോകസഭയിൽ നടത്തി. പ്രതിപക്ഷ നേതാവായ ശേഷം ആദ്യം നടത്തിയ രാഹുലിന്റെ പ്രസംഗം വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാൽ മാസങ്ങൾക്ക് ശേഷം രാഹുൽഗാന്ധി ഒഴിഞ്ഞ വയനാട് മണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച്, രാഹുലിനെക്കാൾ വലിയ ഭൂരിപക്ഷത്തിൽ വിജയം നേടി ലോകസഭയിൽ എത്തിയ, സഹോദരിയായ പ്രിയങ്കാ ഗാന്ധി അക്ഷരാർത്ഥത്തിൽ ആദ്യ പ്രസംഗത്തിലൂടെ ഭരണപക്ഷത്തെ മാത്രമല്ല ഒപ്പം നിൽക്കുന്ന കോൺഗ്രസു നേതാക്കൾക്ക് പോലും ചങ്കിടിപ്പുണ്ടാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിനു നേരെ വിരൽ ചൂണ്ടിക്കൊണ്ട് പ്രിയങ്ക ഗാന്ധി നിരവധി ചോദ്യങ്ങളാണ് ഉയർത്തിയത്. നരേന്ദ്രമോദിയുടെ ഉഗ്ര പ്രതാപം പോലും തകർന്നടിയുന്ന പ്രയോഗങ്ങളാണ് പ്രിയങ്ക ഗാന്ധി നടത്തിയത്. ഈ രീതിയിൽ പോയാൽ ഭാവിയിൽ, സഭയിൽ മറ്റെല്ലാ കോൺഗ്രസ് നേതാക്കളെയും പിന്നിലാക്കിക്കൊണ്ട് പ്രിയങ്ക ഗാന്ധി ശക്തയായ പ്രതിപക്ഷ നേതാവായി മാറും, എന്ന ധാരണയിലാണ് ലോകസഭയിലെ മുഴുവൻ പ്രതിപക്ഷ നേതാക്കളും.

ലോകസഭയ്ക്ക് അകത്ത് നിറഞ്ഞിരുന്ന അംഗങ്ങളെ മാത്രമല്ല, പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം ലോകത്തെ കാണിച്ച്, ടെലിവിഷനുകളിലൂടെ കണ്ടിരുന്ന ആൾക്കാർക്ക് പോലും അത്ഭുതമുണ്ടാക്കുന്ന പ്രസംഗമാണ് പ്രിയങ്ക ഗാന്ധി കാഴ്ചവച്ചത്. അതിനേക്കാൾ ഉപരിയായി, പ്രിയങ്കയുടെ ഓരോ ഭാവങ്ങളും, ഇന്ത്യയുടെ ഉരുക്കു വനിതയായിരുന്ന മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തിരിച്ചുവരവ് പോലെയാണ് എല്ലാരും കണ്ടത്. അതേ സ്വരം, അതേ മുഖം, അതേ ഭാവങ്ങൾ ഇതെല്ലാം ഇന്ദിരാഗാന്ധി എന്ന അതിശക്തമായ നേതാവിൻറെ മറ്റൊരു അവതാരം എന്ന രീതിയിലേക്ക് മാറി എന്നതാണ് വാസ്തവം. തൻറെ പ്രസംഗം തുടങ്ങിയ പ്രിയങ്ക ഗാന്ധി ആദ്യം പറഞ്ഞതുതന്നെ, പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചോദ്യം ചെയ്തുകൊണ്ട് ആയിരുന്നു. 15 ദിവസമായി, താൻ ലോകസഭാ അംഗമായ ശേഷം സഭയിൽ ഇരിക്കുന്നു. സഭയുടെ നേതാവായ ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയെ സഭയിൽ കണ്ടത് ഏറിയാൽ 10 മിനിറ്റ് മാത്രമാണ്. എന്താണ് ഇതിൽ നിന്നും ഞങ്ങൾ മനസ്സിലാക്കേണ്ടത്? ഇന്ത്യയുടെ ജനാധിപത്യത്തിൻറെ ശ്രീകോവിലായ പാർലമെന്റിനെ പോലും, നരേന്ദ്രമോദി നിസ്സാരമായി കാണുകയും അവഗണിക്കുകയും ചെയ്യുന്നു എന്നല്ലേ… എന്ന ചോദ്യം ഉയർത്തിയപ്പോൾ പ്രതിപക്ഷനിരയിലുള്ളവർ ആവേശത്തോടെ കരഘോഷം മുഴക്കുന്നുണ്ടായിരുന്നു.

ലോകസഭയിലെ തഴക്കവും പഴക്കവും വന്ന നേതാവിനെ പോലെയായിരുന്നു പ്രിയങ്കയുടെ ഇടപെടലുകൾ. ഇന്ത്യയുടെ ഭരണഘടന, ഇന്ത്യൻ ജനാധിപത്യത്തിനായി ഉണ്ടാക്കിയതാണ്… അല്ലാതെ അത് ആർഎസ്എസ്സിന്റെയോ സംഘപരിവാർ ശക്തികളുടെയോ സംഭാവനയല്ല. അങ്ങനെയുള്ള ഭരണഘടനയെ ഭരണകൂടം ഇല്ലാതാക്കുകയാണ്. ഭരണഘടനയാണ് ഇന്ത്യ രാജ്യത്തിൻറെ സുരക്ഷാ കവചം. ആ കവചം തകർത്തുകൊണ്ട്, ജനാധിപത്യവിരുദ്ധമായി പ്രവർത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഭരണഘടനയിലെ മതേതരത്വവും ജനാധിപത്യവും സ്വാതന്ത്ര്യവും എങ്ങനെ ഇല്ലാതാക്കാം എന്നതാണ് ഭരണകർത്താക്കൾ ആലോചിച്ചു കൊണ്ടിരിക്കുന്നത്. ഈ നടപടികൾക്കെല്ലാം പ്രധാനമന്ത്രിയുടെ പിന്തുണയുണ്ടാകുന്നു എന്നത് ദുഃഖകരമായ കാര്യമാണ്.

രാജ്യത്ത്, ഇപ്പോൾ തെരഞ്ഞെടുപ്പുകൾ നടത്തുന്നതിനുപയോഗിക്കുന്നത്, വോട്ടിംഗ് യന്ത്രങ്ങൾ ആണ്. ബിജെപി അധികാരത്തിൽ വന്നശേഷം വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിച്ചുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും പരാതികൾ ഉയർന്നുകൊണ്ടിരിക്കുന്നു. വോട്ട് നിയന്ത്രണങ്ങൾ , അധികാരത്തിന്റെ തണലിൽ ദുരുപയോഗം ചെയ്യുന്നു എന്നും, അങ്ങനെ ഭരണകക്ഷികൾ വിജയം കൃത്രിമമായി സ്വന്തമാക്കുന്നു എന്നുമാണ് പരാതി ഉയരുന്നത്. വ്യാപകമായ പരാതി ഉണ്ടായിട്ടും, പ്രധാനമന്ത്രിയോ സർക്കാരോ ഒരു പരിഗണനയും കൊടുക്കുന്നില്ല. പ്രധാനമന്ത്രിക്ക് ധൈര്യമുണ്ടോ ബാലറ്റ് പേപ്പർ വഴി പൊതു തെരഞ്ഞെടുപ്പ് നടത്താൻ? അത്തരത്തിൽ ഒരു തെരഞ്ഞെടുപ്പ് നടത്തിയാൽ ഇപ്പോൾ അധികാരത്തിലിരിക്കുന്ന നിങ്ങളെ, ജനങ്ങൾ അധികാരത്തിൽ നിന്നും തൂത്തെറിയുന്ന ഫലമായിരിക്കും പുറത്തു വരിക.. എന്ന് പ്രിയങ്കാ ഗാന്ധി ഉറക്കെ പറഞ്ഞത് ഒരു ചരിത്രമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ മുൻകാലത്തെ അപേക്ഷിച്ച് സീറ്റുകൾ കുറഞ്ഞപ്പോൾ മാത്രമാണ്, ഭരണകൂടം അല്പം അയഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ശക്തമായ ഭൂരിപക്ഷം കിട്ടിയിരുന്നെങ്കിൽ നിങ്ങൾ ഭരണഘടന പൊളിച്ചെഴുതുമായിരുന്നു എന്നും പ്രിയങ്ക പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടിയല്ല, ബിജെപി രാജ്യഭരണം നടത്തുന്നത്. അദാനിക്കും അംബാനിക്കും വേണ്ടിയുള്ള ഭരണമാണ് നിലനിൽക്കുന്നത്. ഒരു കാര്യം മാത്രം മതി നിങ്ങളുടെ ജനദ്രോഹ പ്രവർത്തനങ്ങൾ വ്യക്തമാക്കാൻ, ഇന്ത്യ എന്നത് കർഷകരുടെ രാജ്യമാണ്. അതുകൊണ്ടാണ് ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യം ഇപ്പോഴും ഇന്ത്യയിൽ മുഴങ്ങി നിൽക്കുന്നത്. അങ്ങനെയുള്ള ഇന്ത്യയിലെ കർഷകരെല്ലാം കണ്ണീരിൽ കുതിർന്നു നിൽക്കുകയാണ്. അവരുടെ ദുരിതങ്ങൾ കേൾക്കുവാനോ അവരെ സഹായിക്കുവാനോ തയ്യാറാകുന്നതിന് പകരം, സമര രംഗത്ത് ഇറങ്ങിയ കർഷകരെ വെടിവെച്ചു കൊല്ലാൻ വരെ മടിക്കാത്തവരായി ഭരണകൂടം മാറിക്കഴിഞ്ഞു.

കേന്ദ്രഭരണം എന്നത് ബിജെപിയുടെ തറവാട് സ്വത്തെന്ന രീതിയിലാണ്, ബിജെപിയുടെ മുതിർന്ന നേതാക്കൾ പോലും പ്രവർത്തിക്കുന്നത്. ഭരണകൂടത്തെ വിമർശിക്കാൻ, ഇന്ത്യയിലെ ഒരു പ്രതിപക്ഷ പാർട്ടിക്കും അവകാശമില്ല. ഒരു വ്യക്തി സർക്കാരിനെതിരെ വിമർശിച്ചാൽ, അയാൾക്ക് എതിരെ കേന്ദ്ര സർക്കാരിൻറെ നിയന്ത്രണത്തിലുള്ള എല്ലാ ഏജൻസികളും ഭീഷണികളുമായി കടന്നുവരുന്നു. ഇത് എന്തു ജനാധിപത്യമാണ് എന്ന് പ്രധാനമന്ത്രിയും ആലോചിക്കണം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടിനിടയിൽ നിലനിന്നു പോകുന്ന ഭരണഘടനയുടെ , വിശ്വാസപ്രമാണങ്ങളും പരമപ്രധാനമായ ജനാധിപത്യ പ്രക്രിയയും കഴിഞ്ഞ പത്തുവർഷംകൊണ്ട് തകർത്തു തരിപ്പണമാക്കിയ ഭരണമാണ് ഇപ്പോഴും തുടരുന്നത്.

പ്രിയങ്ക ഗാന്ധി പ്രസംഗത്തിന്റെ അവസാനം പറഞ്ഞു, എത്ര വലിയ ഫാസിസ്റ്റ് ഭരണകൂടങ്ങളും ഒടുവിൽ ജനങ്ങളുടെ വിധിയെഴുത്തെന്ന കൂരമ്പുകൾ ഏറ്റു തകർന്നു വീഴുന്ന കാഴ്ചയാണ് ചരിത്രത്തിൽ ഉണ്ടായിട്ടുള്ളത്. ഏകാധിപത്യ മനോഭാവവുമായി, പ്രതിപക്ഷത്തെയും മറ്റു നേതാക്കളെയും നിരന്തരം ദ്രോഹിച്ചുകൊണ്ട്, എല്ലാ കാലവും നിങ്ങൾക്ക് ഭരണം തുടരുവാൻ കഴിയില്ല. അത് കുറെയൊക്കെ ജനങ്ങൾ തിരിച്ചറിഞ്ഞതിന്റെ ഫലമാണ്, കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലെ ഫലങ്ങൾ. വരാനിരിക്കുന്ന ഏറ്റവും കുറഞ്ഞ നാളുകൾക്കുള്ളിൽ നിങ്ങളുടെ അഹങ്കാരത്തെയും ധിക്കാരത്തെയും തകർത്തെറിഞ്ഞുകൊണ്ട്, ഗാന്ധിയൻ ഭാരതത്തിൻ്റെ പരിശുദ്ധിയും പാവനത്വവും നിലനിർത്തി പോകാൻ കഴിയുന്ന, അതിനുശേഷിയുള്ള ഒരു ഭരണസംവിധാനത്തിലേക്ക് ഈ രാജ്യം തിരിച്ചു വരികതന്നെ ചെയ്യും. പ്രിയങ്കയുടെ ഈ വാക്കുകളെല്ലാം യഥാർത്ഥത്തിൽ പ്രതിപക്ഷനേതാക്കളെക്കാൾ അമ്പരപ്പെടുത്തുകയും അങ്കലാപ്പിലാക്കുകയും ചെയ്തത്, ഭരണപക്ഷത്തെ ആയിരുന്നു. പ്രസംഗത്തിന്റെ ഗാംഭീര്യവും ശക്തിയും കണ്ടും കേട്ടും ഇരുന്ന, സഹോദരനായ രാഹുൽ ഗാന്ധി പ്രസംഗത്തിനൊടുവിൽ സോണിയാഗാന്ധിയുടെ നെറുകയിൽ ചുംബിച്ച് വാരിപ്പുണരുന്ന രംഗവും സഭയിൽ പുതുമയുള്ളതായി മാറി.