ഗർഭ കാലാവധി പൂർത്തിയായി കഴിയുമ്പോൾ, പ്രസവം സംബന്ധിച്ച സമയങ്ങൾക്കും ആശുപത്രി സേവനങ്ങൾക്കും ഡോക്ടറെ കാണുന്ന പതിവ് പണ്ടുമുതലേ ഉള്ളതാണ്. പുതിയ തലമുറ ദമ്പതിമാർ ഭൂരിഭാഗവും ആശ്രയിക്കുന്നത് സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുകളുടെ സേവനമാണ്. വലിയതോതിൽ ഫീസ് ഈടാക്കിക്കൊണ്ടാണ് ഗർഭകാല ആരംഭം മുതൽ പരിശോധനയും ചികിത്സയും ഒക്കെ ഇവർ നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിൽ, ഇപ്പോൾ ഏറ്റവും ലാഭകരമായി നടന്നുവരുന്ന ഒരു ബിസിനസ്സായി സ്വകാര്യ ആശുപത്രികൾ മാറിക്കഴിഞ്ഞിട്ട് നാളുകൾ ഏറെയായി. ആശുപത്രിയിൽ രോഗികളായി എത്തുന്നവരെ, ചികിത്സിക്കുന്നതിന്റെ പേരിൽ എത്ര വലിയ ഫീസ് നിർദേശിച്ചാലും അതൊക്കെ കൊടുക്കേണ്ട ഗതികേടിലാണ് കേരളീയർ എത്തിനിൽക്കുന്നത്. കേരളത്തിൽ പ്രവർത്തിച്ചു വന്നിട്ടുള്ള മിക്കവാറും എല്ലാ സ്വകാര്യ ആശുപത്രികളും ഈ പത്ത് വർഷത്തിനിടയിൽ പല സ്ഥലങ്ങളിലും, പുതിയ ശാഖകൾ പ്രവർത്തിപ്പിച്ച്, വികസനത്തിൽ കുതിച്ചു പായുന്നുണ്ട്. യാതൊരു നിയന്ത്രണവും ഇല്ലാതെ, രോഗികളിൽ നിന്നും ചികിത്സാ ഫീസും മറ്റുമായി ഈടാക്കുന്ന വലിയ ഫീസുമാണ് ഇതിനെല്ലാം സഹായിക്കുന്നത് എന്ന കാര്യത്തിൽ തർക്കമില്ല.
ഇപ്പോൾ പുതിയതായി പുറത്തുവന്നിട്ടുള്ള ദേശീയ ആരോഗ്യ ദൗത്യം എന്ന വകുപ്പ് പുറത്തുവിട്ട കണക്കുപ്രകാരം, സ്വകാര്യ ആശുപത്രികളിലടക്കം ഗർഭിണികളായി എത്തുന്നവരെ സാധാരണ പ്രസവത്തിലേക്ക് എത്തിക്കാതെ, സിസേറിയൻ ശസ്ത്രക്രിയ നടത്തുന്നതിന് തീരുമാനമെടുത്ത് വലിയ തുക ഈടാക്കുന്നു എന്നാണ്. ഗർഭിണികളായി ആശുപത്രികളിൽ എത്തുന്ന സ്ത്രീകളെ പരിശോധിച്ച ശേഷം, എന്തെങ്കിലും അപാകത ഉണ്ടെങ്കിൽ അതിന് ചികിത്സിക്കുക എന്ന രീതി മാറ്റി, പ്രസവത്തോട് അടുക്കുന്ന അവസരത്തിൽ ഏറ്റവും സുഗമമായ രീതി സിസേറിയൻ ശസ്ത്രക്രിയ വഴി കുട്ടിയെ പുറത്തെടുക്കലാണ് എന്ന് ഉപദേശിക്കുന്ന സമ്പ്രദായമാണ്, സ്വകാര്യ ആശുപത്രികളിൽ ഇപ്പോൾ നടക്കുന്നത്. പല ആശുപത്രികളിലും ഇത്തരത്തിലുള്ള ചികിത്സകൾ നടത്തുന്നതിന്, പതിനായിരക്കണക്കിന് രൂപയുടെ ഫീസാണ് ഈടാക്കുന്നത്. പുതുതലമുറ ദമ്പതികൾ പ്രസവ വേദന എങ്ങനെയും ഒഴിവാക്കുക എന്ന രീതിയും തുടർന്നു വരുന്നുണ്ട്. ഈ അവസരവും സ്വകാര്യ ആശുപത്രികൾ മുതലെടുക്കുകയാണ്.
പ്രസവ വേദന ഇല്ലാതെ കുഞ്ഞിനെ പുറത്ത് കിട്ടുന്നതിന് സിസേറിയൻ ഓപ്പറേഷൻ സഹായകരമാണ്. ഇതിനു പുറമേയാണ് ഗർഭകാല പൂർവ്വ പരിശോധനയ്ക്ക് എത്തുന്ന ദമ്പതിമാരോട് അകാരണമായ ചില ന്യായീകരണങ്ങൾ സ്വകാര്യ ആശുപത്രി ഡോക്ടർമാർ നടത്തുന്നത്. സാധാരണ പ്രസവത്തിലേക്ക് കടന്നു പോയാൽ എന്തെങ്കിലുമൊക്കെ അപകടസാധ്യതകൾക്ക് വഴിയുണ്ട് എന്ന് പറഞ്ഞു കൊണ്ടാണ് മാനേജ്മെൻറ് ഡോക്ടർമാരും ഒത്തുചേർന്ന് സിസേറിയൻ പ്രോത്സാഹിപ്പിക്കുന്നത്. സമീപകാലത്ത്, സംസ്ഥാനത്ത് ചിലയിടങ്ങളിൽ സ്വാഭാവികമായ പ്രസവത്തിനിടയിൽ ജനിക്കുന്ന കുഞ്ഞിന് പലതരത്തിലുള്ള അപാകതകൾ ഉണ്ടാകുന്നത് വാർത്തയായി പുറത്തുവന്നതാണ്, പുതിയ തലമുറ ദമ്പതിമാരിൽ സ്ത്രീകൾ സിസേറിയൻ മതി എന്ന നിലപാടിലേക്ക് എത്തുവാനുള്ള മറ്റൊരു കാരണം.
കേന്ദ്ര ആരോഗ്യ വകുപ്പ് പഠനശേഷം പുറത്തുവിട്ട കണക്കുകൾ, സാധാരണ ജനങ്ങളെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ സാമ്പത്തികമായി ചൂഷണം ചെയ്യുന്നതിൻറെ വിവരങ്ങൾ പറയുന്നുണ്ട്. രണ്ടുവർഷം മുൻപ് വരെ കേരളത്തിൽ സ്വകാര്യ ആശുപത്രികളിൽ സിസേറിയൻ ശസ്ത്രക്രിയകൾക്ക് ഈടാക്കിയിരുന്ന തുക വലിയതോതിൽ വർധിപ്പിച്ചതായിട്ടാണ്. ഈ റിപ്പോർട്ട് പറയുന്നത് മാത്രവുമല്ല, കേരളത്തിലെ തന്നെ പല ജില്ലകളിലും, ആശുപത്രികൾ പലതരത്തിലുള്ള ഫീസാണ് ചികിത്സയ്ക്കായി ഈടാക്കുന്നതെന്നും, റിപ്പോർട്ടിൽ പറയുന്നുണ്ട്. ഒരു വർഷം കൊണ്ട് സിസേറിയൻ ഓപ്പറേഷൻ നിരക്ക് 50 ശതമാനത്തിൽ അധികം ഉയർന്നു എന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ തന്നെ, ആലപ്പുഴ ജില്ലയിലാണ് സിസേറിയൻ ഓപ്പറേഷൻ നിരക്കിൽ വൻവർദ്ധനവുണ്ടായിട്ടുള്ളത്. ഇവിടെ കണക്ക് പ്രകാരം 56% വർദ്ധനവാണ് നിലവിലുള്ളത്. തിരുവനന്തപുരം ജില്ലയിൽ 49 ശതമാനവും, കൊല്ലത്ത് 54 ശതമാനവും, ഇടുക്കിയിൽ 53 ശതമാനവും, എറണാകുളത്ത് 52 ശതമാനവും, തൃശ്ശൂരിൽ 46 ശതമാനവും, കോഴിക്കോട് 44 ശതമാനവും, കണ്ണൂരിൽ 48 ശതമാനവും ചികിത്സാചെലവിൽ വർദ്ധനവ് വന്നിരിക്കുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളും ഡോക്ടർമാരും ചേർന്ന് നടത്തുന്ന, ഈ ഗൂഢമായ സാമ്പത്തിക തട്ടിപ്പിൽ, കേരളത്തിലെ സർക്കാർ ആശുപത്രി സംവിധാനങ്ങളുടെ ചുമതലക്കാരുടെ പിന്തുണയും ഉണ്ടെന്നാണ് പറയപ്പെടുന്നത്. കേരളത്തിൽ പ്രവർത്തിച്ചുവരുന്ന സർക്കാർ ഉടമസ്ഥതയിലുള്ള വനിത ശിശുക്ഷേമ ആശുപത്രികളിൽ, സാധാരണ പ്രസവത്തിനായി ചികിത്സ തേടിയെത്തുന്നവരെ, എന്തെങ്കിലുമൊക്കെ കാരണം പറഞ്ഞുകൊണ്ട് മറ്റു വലിയ ആശുപത്രികളിലേക്ക് പറഞ്ഞു വിടുകയാണ്. വിദഗ്ധ പരിശോധനയും ചികിത്സയും വേണം എന്ന് പറഞ്ഞു കൊണ്ടാണ് ദമ്പതിമാരെ ഇത്തരത്തിൽ വലിയ ആശുപത്രികളിലേക്ക് അയക്കുന്നത്.
കഴിഞ്ഞ 15 വർഷത്തിനിടയിൽ കേരളത്തിൽ സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന എല്ലാ ആശുപത്രികളിലും, വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജുകളും ജനറൽ ആശുപത്രികളും താലൂക്ക് ആശുപത്രികളും തുടങ്ങി, പ്രൈമറി ഹെൽത്ത് സെൻററുകൾ വരെ വ്യാപകമായി പ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ സാധാരണ ജനങ്ങൾക്ക് ഏത് തരത്തിലുള്ള ചികിത്സക്കും, ജനറൽ ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും ഇപ്പോൾ സൗകര്യം ഉണ്ട്. എന്നാൽ ഈ സൗകര്യങ്ങൾ ഫലപ്രദമായി എല്ലായിടങ്ങളിലും ഉപയോഗിക്കുന്നില്ല എന്ന പരാതിയുമുണ്ട്. സ്വകാര്യ ആശുപത്രി മാനേജ്മെൻറ് ഡോക്ടർമാർ വഴി, സർക്കാർ ആശുപത്രികളിലെ ഉത്തരവാദിത്തപ്പെട്ട ആൾക്കാരെ സ്വാധീനിച്ചുകൊണ്ട്, രോഗികളെ മറ്റൊരു ചികിത്സാലയങ്ങളിലേക്ക് മാറ്റുന്നു എന്നതും പുറത്തുവരുന്ന വാർത്തകളാണ്. ഏതായാലും സാധാരണക്കാരായ ആൾക്കാരുടെ കുടുംബങ്ങളിലുള്ള, ഗർഭിണികളുടെ പ്രസവ കാര്യത്തിൽ പോലും ബ്ലേഡ് വെക്കുന്ന സ്വകാര്യ മാനേജ്മെൻറ് നിയന്ത്രിക്കുന്ന ആശുപത്രികളാണ് കേരളത്തിൽ പലതും. സ്വാഭാവിക പ്രസവത്തിന് എല്ലാ സൗകര്യവും, ആരോഗ്യവുമുള്ള സ്ത്രീകളെ പോലും, അകാരണമായ ഭീതി പരത്തി, സിസേറിയൻ നടത്തുന്നതിലേക്ക് തള്ളി വിടുന്ന സ്വകാര്യ ആശുപത്രികളുടെ നടപടികൾ തടയപ്പെടേണ്ടതാണ് എന്ന കാര്യത്തിൽ സംശയമില്ല…….നന്ദി, നമസ്കാരം