ഡിജിപി വിഷയം- ഇടതുമുന്നണിയിൽ തമ്മിലടി

സിപിഐയും മാണി കേരളയും ഉടക്കിൽ തന്നെ

വിവാദനായകനായ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി അജിത് കുമാറിനെ, ഡിജിപി റാങ്കിലേക്ക് ഉയർത്തുന്നതിന് മന്ത്രിസഭാ യോഗം തീരുമാനമെടുത്ത വിഷയത്തിൽ, ഇടതുമുന്നണിയിലെ ഘടക കക്ഷികളിൽ സിപിഐയും, മാണി കേരള കോൺഗ്രസും കടുത്ത പ്രതിഷേധത്തിലാണ്. ഈ തീരുമാനം എടുത്ത മന്ത്രിസഭാ യോഗത്തിൽ, സിപിഐയുടെ നാലു മന്ത്രിമാരും മാണി കേരളയുടെ ഒരു മന്ത്രിയും പങ്കെടുത്തു. എങ്കിലും ഈ മന്ത്രിമാർ അജിത് കുമാറിൻറെ പ്രമോഷൻ വിഷയത്തിൽ അഭിപ്രായം പറയാതെ, മൗനം പാലിക്കുകയാണ് ചെയ്തത്. അതുകൊണ്ടുതന്നെയാണ്, തീരുമാനങ്ങൾ പുറത്തുവിട്ട കുറിപ്പിൽ, അജിത് കുമാറിനെ ഡിജിപി ആയി ഉയർത്തുന്നതിനുള്ള തീരുമാനം ഏകകണ്ഠം ആയിരുന്നു എന്ന് സൂചിപ്പിച്ചത്. എന്നാൽ, പിന്നീട് സിപിഐയുടെ മന്ത്രിമാർ ഈ തീരുമാനത്തിൽ എതിർപ്പിന്റെ സ്വരങ്ങളാണ് ഉയർത്തിയത്. സമീപകാലത്ത് സർക്കാരിനെയും ആഭ്യന്തരവകുപ്പിനെയും വലിയ തോതിൽ അപമാനപ്പെടുത്തിയ ആളാണ് എഡിജിപി അജിത് കുമാർ എന്നും, ക്രിമിനൽ കുറ്റവാളി എന്നുവരെയും പരാതി ഉയർന്നിരുന്ന കാര്യവുമൊക്കെ, ഈ രണ്ടു പാർട്ടിയിലെയും നേതാക്കന്മാർ വിമർശന രൂപത്തിൽ ഇപ്പോൾ പറയുന്നുണ്ട്. ഇതിനിടയിലാണ് മുഖ്യമന്ത്രിക്ക് വേണ്ടി അജിത് കുമാർ, ആർ എസ് എസ് ദേശീയ നേതാക്കളുമായി രഹസ്യ ചർച്ച നടത്തിയത് എന്ന വിവാദവും പുറത്തുവന്നത്. ഇതും വലിയ തോതിൽ വിമർശനങ്ങൾ ഉണ്ടാക്കിയതാണ്. സിപിഎമ്മിന്റെ നിയമസഭാംഗമായ പി വി അൻവർ ആണ്, അജിത് കുമാറിനെതിരെ തെളിവുകൾ നിരത്തി ആദ്യം പരസ്യപ്രസ്താവനയ്ക്ക് തയ്യാറായത്. തുടർന്നാണ് നിൽക്കക്കള്ളിയില്ലാതെ മുഖ്യമന്ത്രിക്ക് അജിത് കുമാറിനെതിരെയുള്ള പരാതികൾ അന്വേഷിക്കുന്നതിനായി ഉത്തരവിറക്കേണ്ടി വന്നത്.

ആരോപണ വിധേയനായിട്ടുള്ള എഡിജിപി അജിത് കുമാറിനെ, ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റണമെന്നും, അന്വേഷിച്ച് അദ്ദേഹത്തിനെതിരെ കർശനമായ നിയമ നടപടികൾ എടുക്കണമെന്നും, വലിയ വാശിയോടുകൂടി പുറത്തുപറഞ്ഞു നടന്നത് സിപിഐയുടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആയിരുന്നു. പാർട്ടി സെക്രട്ടറി സർക്കാരിലെ കുറ്റകൃത്യങ്ങൾക്കെതിരെ, ശക്തമായ നിലപാട് എടുത്തതിൽ സിപിഐയുടെ സംസ്ഥാന നേതാക്കൾ ബിനോയ് വിശ്വത്തിന് പിന്തുണ പറയുകയും ചെയ്തിരുന്നു. ഇതിനിടയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി, ക്രിമിനൽ സ്വഭാവമുള്ള ഒരു ഉദ്യോഗസ്ഥനും ആഭ്യന്തരവകുപ്പിൽ ഉണ്ടാകാൻ ഞങ്ങൾ അനുവദിക്കില്ല എന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു. അങ്ങനെ സിപിഐ കടുത്ത വിമർശനം ഉയർത്തിയ എ ഡിജിപി അജിത് കുമാറിനെയാണ്, ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രത്യേക താല്പര്യപ്രകാരം ഡിജിപി ആയി ഉദ്യോഗ കയറ്റം നൽകുന്നതിനുള്ള അനുമതി ഉണ്ടായിരിക്കുന്നത്. ഈ തീരുമാനം യഥാർത്ഥത്തിൽ ചെന്നു കൊള്ളുന്നത് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ മേലും, പാർട്ടി നേതൃത്വത്തിനെതിരെയുമാണെന്ന കാര്യത്തിൽ തർക്കമില്ല. സിപിഐ എന്ന രാഷ്ട്രീയപാർട്ടി നയിച്ചിരുന്ന, മുൻകാല നേതാക്കളെല്ലാം കുറെയൊക്കെ സ്വഭാവശുദ്ധി ഉള്ളവരും,തെറ്റു കണ്ടാൽ ആരുടെ നേരെ നോക്കിയും വിളിച്ചു പറയാൻ ധൈര്യമുള്ളവരുമൊക്കെ ആയിരുന്നു. ആ നേതാക്കളുടെ പിന്തുടർച്ചക്കാരനാകാനാണ് ബിനോയ് വിശ്വം ശ്രമിച്ചത്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻറെ മുന്നിൽ മുട്ടുമടക്കുന്ന ഗതികേടിലേക്കാണ്, ഇപ്പോൾ സിപിഐ എത്തിച്ചേർന്നിരിക്കുന്നത്.

എ ഡിജിപി അജിത് കുമാറിൻറെ, ഡിജിപി ആയിട്ടുള്ള പ്രമോഷന്റെ കാര്യത്തിൽ മാണി കേരള കോൺഗ്രസിൻറെ നേതാക്കളും വലിയ എതിർപ്പിലാണ്. മുഖ്യമന്ത്രിയോടുള്ള വിധേയത്വത്തിന്റെ പേരിൽ, പാർട്ടി ചെയർമാൻ ജോസ് കെ മാണി നിശബ്ദനാകുന്നുണ്ടെങ്കിലും പാർട്ടിയിലെ മുതിർന്ന നേതാക്കളെല്ലാം, മുഖ്യമന്ത്രിയുടെ തീരുമാനത്തിന് എതിർപ്പ് രേഖപ്പെടുത്തുന്നവരാണ്. കേരളത്തിലെ ജനങ്ങൾ നിരവധി നാളുകളായി കണ്ടും കേട്ടും ഇരുന്ന, ക്രിമിനൽ പശ്ചാത്തലമുള്ള ഒരു ഉദ്യോഗസ്ഥന്റെ കാര്യത്തിൽ, സർക്കാർ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി ഉന്നത പദവിയിലേക്ക് കൊണ്ടുവരുന്നത്, രാഷ്ട്രീയ പ്രവർത്തകർക്ക് നാണക്കേട് ഉണ്ടാക്കുന്ന കാര്യമാണെന്നാണ് മാണി കേരളയുടെ മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഈ നീക്കത്തെ എന്ത് വിലകൊടുത്തും എതിർക്കണം എന്നൊക്കെ നേതാക്കൾ പറയുന്നുണ്ടെങ്കിലും, വലിയ തർക്കങ്ങളെ അവഗണിച്ചുകൊണ്ട്, തനിക്ക് രാജ്യസഭാ സീറ്റ് സമ്മാനമായി നൽകിയ പിണറായി വിജയനെ എതിർക്കുവാൻ, ജോസ് കെ മാണി തയ്യാറാവില്ല എന്നതാണ് വാസ്തവം. ഈ കാര്യങ്ങൾ പാർട്ടിയുടെ മറ്റു നേതാക്കൾക്ക് അറിയാമെങ്കിലും, ഈ വിഷയത്തിൽ അയഞ്ഞ നിലപാടെടുത്താൽ പാർട്ടിയുടെ പേരിൽ, പൊതുജനങ്ങളുടെ മുന്നിൽ എത്താൻ കഴിയാത്ത ഗതികേട് ഉണ്ടാകും എന്നാണ് മുതിർന്ന നേതാക്കൾ അഭിപ്രായപ്പെടുന്നത്.

സർക്കാരിന്റെ തീരുമാനങ്ങളോട് കടുത്ത പ്രതിഷേധത്തിലാണ്, സിപിഐയുടെ സംസ്ഥാനത്തെ മുതിർന്ന എല്ലാ നേതാക്കളും. മന്ത്രിസഭായോഗത്തിൽ, എഡിജിപി അജിത് കുമാറിന്റെ പ്രമോഷൻ വിഷയം സിപിഐ മന്ത്രിമാർ എന്തുകൊണ്ട് എതിർത്തില്ല എന്ന ചോദ്യവും വ്യാപകമായി ഉയരുന്നുണ്ട്. ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ, സിപിഐയുടെ സംസ്ഥാന സെക്രട്ടറി മുന്നോട്ടുവെച്ച നിർദ്ദേശത്തെ പോലും മുഖ്യമന്ത്രി അവഗണിച്ചത്, പാർട്ടിയിൽ വലിയ തർക്കത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ബിനോയ് വിശ്വത്തിന്റെ ശക്തമായ നിലപാടിനെ അനുകൂലിച്ചവർ പോലും, ഇപ്പോൾ തിരിഞ്ഞുനിന്ന് ചോദ്യം ചെയ്യുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. പാർട്ടി സെക്രട്ടറി മുഖ്യമന്ത്രിയെ നേരിട്ട് കണ്ടിട്ടും, അതുപോലെതന്നെ ഇടതുമുന്നണി യോഗത്തിൽ തുറന്നു പറഞ്ഞിട്ടും, മുതിർന്ന പോലീസ് മേധാവിയുടെ കാര്യത്തിൽ, സിപിഎമ്മും മുഖ്യമന്ത്രിയും, തെറ്റ് ചെയ്ത ആളിനു വേണ്ടി അനുകൂല തീരുമാനത്തിലേക്ക് നീങ്ങിയത് ഘടകകക്ഷികളെ അവഹേളിക്കുന്നതിന് തുല്യമാണെന്ന രീതിയിലുള്ള അഭിപ്രായപ്രകടനങ്ങളാണ്, സിപിഐയുടെ മുതിർന്ന നേതാക്കൾ നടത്തുന്നത്. ഇത് മാത്രമല്ല, ഇത്തരത്തിൽ ഘടകകക്ഷികളെ മുഖവിലക്കെടുക്കാതെ, മുഖ്യമന്ത്രി സ്വന്തം തീരുമാനങ്ങളുമായി നീങ്ങുന്ന സാഹചര്യത്തിൽ, അവഹേളനം സഹിച്ച് മുന്നോട്ടു പോകാൻ തയ്യാറാകരുത് എന്നും, വേണ്ടിവന്നാൽ മന്ത്രിസഭയിലെ സിപിഐ അംഗങ്ങൾ രാജിവെക്കാൻ വരെ തയ്യാറാകണം എന്നും സിപിഐ നേതാക്കൾക്കിടയിൽ അഭിപ്രായം ഉണ്ട്.

ഇത്തരത്തിലുള്ള രൂക്ഷമായ തർക്കങ്ങൾ നടക്കുമ്പോഴും, എ ഡിജിപി അജിത് കുമാറിന്റെ കാര്യത്തിൽ, സർവീസ് ചട്ടങ്ങൾ പാലിച്ചും നിയമപരവും ആയിട്ടാണ് പ്രമോഷൻ നൽകിയിരിക്കുന്നത് എന്ന വാദമാണ് മുഖ്യമന്ത്രിയും സിപിഎം സെക്രട്ടറിയും മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ പലതരത്തിലുള്ള ക്രിമിനൽ കുറ്റങ്ങളുടെ ആരോപണമുനയിൽ നിൽക്കുന്ന ഒരാളുടെ പേര്, ആഭ്യന്തരവകുപ്പിലെ ഉന്നത പദവിയിലേക്ക് അംഗീകരിക്കുന്നതിൽ, എന്ത് സർവീസ് ചട്ടമാണുള്ളത് എന്ന് ചോദ്യവും ഉയരുന്നുണ്ട്. ഏതായാലും പലതരത്തിലുള്ള പ്രതിസന്ധികളിൽ ചുറ്റിത്തിരിയുന്ന ഇടതുപക്ഷ മുന്നണി സർക്കാരിൻറെ തലയിലേക്ക് പുതിയ ഒരു പ്രതിസന്ധി കൂടി വന്നിരിക്കുകയാണ്.