12 ലക്ഷം കോടി രൂപ എഴുതിത്തള്ളി സർക്കാർ ബാങ്കുകൾ

പാവപ്പെട്ടവനെ തൂക്കിലേറ്റുമ്പോൾ, കോടീശ്വരന്മാർ രക്ഷപ്പെടുന്നു

രാജ്യത്ത് പൊതുമേഖല ബാങ്കുകൾ ആയി പ്രവർത്തിച്ചുവരുന്ന നിരവധി ബാങ്കുകൾ- കിട്ടാക്കടം എഴുതിത്തള്ളിയതിന്റെ കണക്കുകൾ, കേന്ദ്ര ധനകാര്യ മന്ത്രി, പാർലമെൻറിൽ അവതരിപ്പിച്ചത് കേട്ടപ്പോൾ, എംപിമാർ അടക്കം അന്തം വിട്ടുപോയി. 12 ലക്ഷത്തിലധികം കോടി രൂപയാണ്, പൊതുമേഖലാ ബാങ്കുകൾ കിട്ടാക്കടമായി മാറിയതിന്റെ പേരിൽ, എഴുതി തള്ളിയിരിക്കുന്നത്. ചെറിയ വായ്പയെടുത്ത്, ജീവിത ദുരിതങ്ങൾ മൂലം, വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ, മുടക്കം വന്നതിന്റെ പേരിൽ ജപ്തി നടപടികൾ ഒരു മടിയും കൂടാതെ കൈക്കൊള്ളുന്ന ബാങ്കുകൾ ആണ്, രാജ്യത്ത് കുത്തക മുതലാളിമാരുടെ വായ്പാകുടിശ്ശിക, ആവേശത്തോടെ എഴുതിത്തള്ളിയിരിക്കുന്നത്. രാജ്യത്തെ സാധാരണ ജനങ്ങൾക്ക്, സാമ്പത്തികമായി സഹായം ലഭ്യമാക്കുക, എന്ന ലക്ഷ്യത്തോടെയാണ്, ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത്, സ്വകാര്യ മേഖലയിൽ നിലനിന്നിരുന്ന 14 പ്രമുഖ ബാങ്കുകൾ ദേശസാൽക്കരിച്ചത്. ഇന്ദിരാഗാന്ധി ഈ നടപടി സ്വീകരിക്കുന്നതിന് മുൻപ് വരെ, രാജ്യത്ത് പ്രമുഖ ബാങ്കുകളിലൊന്നും പാവപ്പെട്ടവനും, സാധാരണക്കാരനും കയറിച്ചെല്ലാൻപോലും അവകാശം ഇല്ലായിരുന്നു. പാൻറുംകോട്ടും ഇട്ട്, ടൈയ്യും കെട്ടി, വിലകൂടിയ കാറിൽ വന്നിറങ്ങുന്ന പ്രമാണിമാർക്കായിരുന്നു, അന്നൊക്കെ ബാങ്കുകളിൽ സ്വീകരണവും, പ്രവേശനവും ഉണ്ടായിരിക്കുക. ദേശസാൽക്കരണം പ്രഖ്യാപിച്ചതോടുകൂടി, ബാങ്കുകളിൽ സാധാരണക്കാർക്ക്, അക്കൗണ്ട് തുടങ്ങുവാനും ഇടപാടുകൾ നടത്തുവാനും അവസരം ഒരുങ്ങി. എന്നാൽ ഈ ദേശസാൽക്കരണത്തിനു ശേഷം, പതിറ്റാണ്ടുകൾ കഴിയുമ്പോൾ പോലും, പൊതുമേഖലാ ബാങ്കുകളിലടക്കം സ്വാധീനം, കോടീശ്വരന്മാരായ മുതലാളിമാർക്ക് ആണെന്ന് വ്യക്തമാക്കുന്നതാണ്, ബാങ്കുകളുടെ കിട്ടാക്കടം എഴുതി തള്ളൽ ഏർപ്പാട്.

കിട്ടാക്കടം എഴുതിത്തള്ളിയ ബാങ്കുകളിൽ, രാജ്യത്തിൻറെ തന്നെ സ്വന്തം ബാങ്ക് എന്ന വിശേഷിപ്പിക്കപ്പെടുന്ന, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്, ഏറ്റവും വലിയ തുക എഴുതിത്തള്ളിയത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കിട്ടാക്കടമായി എഴുതിത്തള്ളിയത്, രണ്ടു ലക്ഷം കോടി രൂപയാണ്. തൊട്ട് പിറകിൽ നിൽക്കുന്നത് മറ്റൊരു പൊതുമേഖല ബാങ്ക് ആയ, പഞ്ചാബ് നാഷണൽ ബാങ്ക് ആണ്. അവർ ഒരു ലക്ഷത്തോളം കോടി രൂപ എഴുതി തള്ളിയതായിട്ടും, പാർലമെൻറിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. റിപ്പോർട്ടിലെ മറ്റൊരു വിശദീകരണം രസകരമാണ്. ബാങ്കുകൾ എഴുതിത്തള്ളിയ, 12 ലക്ഷം കോടി, ബാങ്കുകളുടെ ആകെയുള്ള വായ്പ കുടിശികയുടെ ഒരു ശതമാനം മാത്രമാണ് എന്നും റിപ്പോർട്ടിൽ ഉണ്ട്. 2018- 19 ലാണ്, ഏറ്റവും കൂടുതൽ കിട്ടാക്കടം പൊതുമേഖലാ ബാങ്കുകൾ എഴുതി തള്ളിയത്. രണ്ടര ലക്ഷം കോടിയോളം രൂപ ആ വർഷത്തിൽ എഴുതിത്തള്ളിയിരുന്നു.

രാജ്യത്ത് വലിയ വിവാദമായി മാറുകയും, ചർച്ച ചെയ്യപ്പെടുകയും ചെയ്ത ഒരു സംഭവം ആയിരുന്നു, ഇന്ത്യയിലെ വൻകിട വ്യസായികളായ, നാലോ അഞ്ചോ ആൾക്കാരുടെ, പതിനായിരക്കണക്കിന് കോടി രൂപ വരുന്ന വായ്പ എഴുതിത്തള്ളിയ റിപ്പോർട്ടുകൾ. രാജ്യത്തിൻറെ ഭരണത്തിലേക്ക് ബിജെപിയും, പ്രധാനമന്ത്രി നരേന്ദ്രമോദിയും എത്തിയ ശേഷമാണ്, ബിജെപി എന്ന പാർട്ടിയുടെ അടുപ്പക്കാരായ, അംബാനി, അദാനി, നീരവ് മോദി തുടങ്ങിയവർക്കെല്ലാം വായ്പത്തട്ടിപ്പുകൾക്ക് അവസരം ഉണ്ടാക്കിയത്. ഈ വൻകിട വ്യവസായ മുതലാളിമാരുടെ വായ്പകളാണ്, പല ഘട്ടങ്ങളിലായി, ദേശസാൽകൃത ബാങ്കുകൾ അടക്കം എഴുതി തള്ളിയത്. ബാങ്കുകൾ വായ്പ കുടിശിക എഴുതിത്തള്ളുക മാത്രമല്ല, ഈ പറയുന്ന വൻകിട വ്യവസായികൾ ആവശ്യപ്പെടുന്ന, പതിനായിരക്കണക്കിന് കോടി രൂപയുടെ പുതിയ വായ്പകൾ, നിയമം വിട്ടുപോലും അനുവദിച്ചു കൊടുക്കുവാൻ തയ്യാറായി എന്നതും, എടുത്തു പറയേണ്ട കാര്യമാണ്.

കേരളത്തിൽ മാത്രമല്ല, രാജ്യത്ത് വികസനത്തിൽ പിറകോട്ട് നിൽക്കുന്ന, പല പ്രദേശങ്ങളിലെയും, സാധാരണക്കാരും പാവപ്പെട്ടവരും കർഷകരും, രണ്ടോ മൂന്നോ ലക്ഷം രൂപയുടെ വായ്പ എടുത്താൽ, അതിൻറെ തവണ അടയ്ക്കുന്നതിൽ വീഴ്ച വന്നാൽ, അപ്പോൾ തന്നെ, ജപ്തി നടപടിയും ലേല നടപടികളും, ഒരു മടിയും കൂടാതെ എടുക്കുന്ന ബാങ്ക് അധികൃതർ നമ്മുടെ നാട്ടിലും ഉണ്ട്. കേരളത്തിൽ വായ്പ എടുത്തതിന്റെ പേരിൽ, ബാങ്കുകളുടെ നടപടി കർശനമാക്കുമ്പോൾ, ആത്മഹത്യയിലേക്ക് കടക്കുന്ന ആൾക്കാരുടെ എണ്ണവും പെരുകികൊണ്ടിരിക്കുകയാണ്. ഒരു ചെറിയ വീട് വയ്ക്കുവാനോ, അതല്ലെങ്കിൽ ചെറിയ എന്തെങ്കിലും ബിസിനസ് തുടങ്ങുവാനോ, അത് മാത്രമല്ല, പെൺ മക്കളെ വിവാഹം ചെയ്തു അയക്കുവാനോ വേണ്ടി, ചെറിയ വായ്പ എടുക്കുന്ന ആൾക്കാരെയാണ്, തിരിച്ചടവ് മുടങ്ങുമ്പോൾ ബാങ്ക് അധികൃതർ ആത്മഹത്യയിലേക്ക് എത്തിക്കുന്നത്. ഇതിലും ദുഃഖകരമായ മറ്റൊരു ഏർപ്പാടും ബാങ്കുകൾ നടത്തുന്നുണ്ട്, മാരകരോഗം വന്ന ആൾക്കാർ ചികിത്സയ്ക്കു വേണ്ടി എടുക്കുന്ന വായ്പയുടെ അടവ് മുടങ്ങുമ്പോൾ പോലും, ഒരു ദയയും കാണിക്കാതെ, ആ ആൾക്കാരെ കുടുംബത്തോടെ ആത്മഹത്യയിലേക്ക് തള്ളി വിടാൻ മടിക്കാത്ത ബാങ്കുകൾ, നമ്മുടെ കേരളത്തിലും രാജ്യത്തൊട്ടാകെയുമുണ്ടെന്നത് ഒരു വാസ്തവമാണ്.