വെള്ളമടിയിൽ മുങ്ങിയ ക്രിസ്തുമസ്

രണ്ടുദിവസത്തിൽ വിറ്റത് 153 കോടിയുടെ മദ്യം

കേരളം സമ്പൂർണ്ണമായ ആഘോഷ നാളുകളിൽ നിറഞ്ഞു നിൽക്കുകയാണ്. ക്രിസ്തുമസ്സിന് തുടങ്ങുന്ന ആഘോഷം- പുതുവത്സര ആഘോഷം കഴിഞ്ഞാൽ മാത്രമേ അവസാനിക്കുകയുള്ളൂ. ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളിലെ ഒരു മുഖ്യ ഘടകമാണ് മദ്യം. അതുകൊണ്ടുതന്നെ, കഴിഞ്ഞകാല റെക്കോഡുകളെല്ലാം തിരുത്തി, കേരളത്തിലെ മദ്യപാനികൾ മുന്നേറിക്കൊണ്ടിരിക്കുന്ന കണക്കുകളാണ്, ബീവറേജസ് കോർപറേഷൻ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ ഈ ക്രിസ്തുമസ് നാളിൽ, 30 കോടിയുടെ അധിക മദ്യ വില്പന നടന്നു എന്നാണ് കോർപ്പറേഷൻ പുറത്തുവിട്ട കണക്കുകളിൽ പറയുന്നത്.

കേരളത്തിൽ, യുഡിഎഫിന്റെ ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിൽ ഇരുന്നപ്പോൾ, ഓരോ വർഷവും 10% ബീവറേജസ് ഡിപ്പോകൾ അടച്ചുപൂട്ടുന്ന സംവിധാനമാണ് ഉണ്ടായിരുന്നത്. നിരവധി ബാറുകളും ആ കാലത്ത്, അടച്ചുപൂട്ടിയിരുന്നു. എന്നാൽ പിന്നീട്, ഇടതുമുന്നണിയുടെ നേതൃത്വത്തിലുള്ള പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം, പൂട്ടിക്കിടന്ന ബാറുകൾ തുറക്കുകയും, പുതിയ ബാറുകൾ നിരവധി അനുവദിക്കുകയും ചെയ്തു. അതുപോലെതന്നെ, പൂട്ടിപ്പോയ ബീവറേജസ് കോർപ്പറേഷൻ വില്പനശാലകൾ തുറക്കുകയും ചെയ്തു. അങ്ങനെ കേരളത്തിലെ മദ്യപാനികൾ അനുഭവിച്ചിരുന്ന ദുഃഖവും ദുരിതവും ഇടതു സർക്കാർ മാറ്റി കൊടുത്തു. ഇതോടുകൂടി കേരളത്തിൽ മദ്യ വില്പന കുതിച്ച് ഉയരുകയും, സർക്കാരിന് ആയിരക്കണക്കിന് കോടി രൂപയുടെ ലാഭം ഉണ്ടാവുകയും ചെയ്തു.

ക്രിസ്മസ് ആഘോഷ ദിവസങ്ങളായ, ഡിസംബർ 24 – 25 തീയതികളിലാണ് കേരളത്തിൽ ബീവറേജസ് കോർപ്പറേഷൻ, വിൽപ്പനയിൽ റെക്കോർഡ് ഭേദിച്ചത്. രണ്ടു ദിവസങ്ങളിലായി, 153 കോടി രൂപയുടെ ഇന്ത്യൻ നിർമ്മിത വിദേശമദ്യമാണ്, കോർപ്പറേഷൻ വില്പനശാലകളിലൂടെ വിറ്റു പോയത്. കഴിഞ്ഞ വർഷം ക്രിസ്തുമസ് നാളുകളിൽ വിൽപ്പന നടന്നത്, 122 കോടിയുടെ മദ്യം ആയിരുന്നു എന്നും, ബിവറേജസ് കോർപ്പറേഷൻ പുറത്തുവിട്ട കണക്കുകളിൽ പറയുന്നുണ്ട്. ക്രിസ്തുമസ് നാളായ 25 തീയതി മാത്രം, ഏതാണ്ട് 55 കോടിയുടെ മദ്യവിൽപ്പന നടന്നു എന്നും കണക്കിൽ പറയുന്നുണ്ട്.

കേരളത്തിൻറെ കഴിഞ്ഞകാല ചരിത്രം പരിശോധിച്ചാൽ, മാറി മാറി വന്നിട്ടുള്ള എല്ലാ സർക്കാരുകളും, അധികാരമേൽക്കുമ്പോൾ ജനങ്ങളോട് പറയാറുള്ളത്, ജനങ്ങൾക്കിടയിൽ മദ്യ ഉപഭോഗം പരമാവധി കുറച്ചുകൊണ്ടു വരുന്നതിനുള്ള നടപടികൾ കൈക്കൊള്ളും, എന്നാണ്. എന്നാൽ ഭരണം മുന്നോട്ടു പോകുമ്പോൾ, എല്ലാ സർക്കാരുകളും, പരമാവധി മദ്യ വില്പനയ്ക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കുന്ന കാഴ്ചയാണ് ഇതുവരെ കണ്ടിട്ടുള്ളത്. എട്ടര വർഷമായി അധികാരത്തിൽ തുടരുന്ന ഇടതുമുന്നണിയുടെ പിണറായി സർക്കാരും, മദ്യം ആവശ്യം പോലെ വിൽപ്പന നടത്തി, പരമാവധി ലാഭം കൊയ്യാനുള്ള ഏർപ്പാടുകൾ ആണ് നടത്തിയിട്ടുള്ളത്. ഇതിനൊക്കെ പല ന്യായങ്ങളും, മന്ത്രിമാരും സർക്കാരും പറയാറുമുണ്ട്. ബോധവൽക്കരണം വഴി, മദ്യപാനത്തിൽ നിന്നും, ജനങ്ങളെ അകറ്റിയെടുക്കുക എന്നതാണ് സർക്കാർ തന്ത്രം എന്ന് പറയുന്ന, അതേ ഭരണകർത്താക്കൾ, കേരളത്തിൽ എല്ലായിടത്തും ബാറുകളും ബീവറേജസ് വില്പനശാലങ്ങളും തുടങ്ങിക്കൊണ്ടിരിക്കുകയാണ്. ഏത് ഗ്രാമത്തിലും വരെ മദ്യം ലഭിക്കാനുള്ള സൗകര്യമാണ്, ഇപ്പോഴും സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. ജനങ്ങളെ മദ്യപാനത്തിൽ നിന്നും അകറ്റുക എന്ന നയമാണ് സർക്കാരിന്റേത്, എന്ന് പറയുമ്പോൾ തന്നെ, മദ്യ ഉപഭോഗത്തിന് കൂടുതൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുന്നു എന്ന വിരോധാഭാസമാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.

സംസ്ഥാന സർക്കാരിനെ സംബന്ധിച്ചിടത്തോളം, സാമ്പത്തിക ചെലവിന്റെ കാര്യത്തിൽ കുറെയൊക്കെ പിടിച്ചു നിൽക്കുന്നത്, മദ്യം വിൽപ്പന നടത്തിക്കിട്ടുന്ന ലാഭം കൊണ്ടാണ്. ഇതുകൂടാതെ ജനങ്ങളെ പറ്റിക്കുന്ന ലോട്ടറി കച്ചവടം, ഒരു മുടക്കവും ഇല്ലാതെ തുടർന്നു വരുന്നുമുണ്ട്. ലോട്ടറി വില്പനയിലൂടെയാണ് യഥാർത്ഥത്തിൽ സർക്കാരിൻറെ നിലനിൽപ്പ്. മദ്യപാനികളെ ആശ്രയിച്ചും ലോട്ടറി വാങ്ങുന്നവരെ ആശ്രയിച്ചുമാണ് സർക്കാർ നിലനിന്നുപോകുന്നതെന്നു പറഞ്ഞാൽ അതിൽ ഒരു തെറ്റും ഇല്ല.