വയനാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ട്രഷറർ എൻ എം വിജയനും മകനും ആത്മഹത്യ ചെയ്തത് ഇപ്പോൾ വലിയ വിവാദമായി മാറിയിരിക്കുകയാണ്. കോൺഗ്രസ് നേതാവായ വിജയൻ എങ്ങനെ ആത്മഹത്യയിലേക്ക് എത്തി എന്നത് ഇനിയും തെളിയേണ്ട കാര്യമാണ്. എന്നാൽ വിജയൻറെ ആത്മഹത്യ രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമായി അവിടുത്തെ സിപിഎം നേതാക്കൾ രംഗത്തിറങ്ങിയിട്ടുണ്ട്. അവരെക്കാൾ ക്രൂരമായ നിലപാടുകളും തീരുമാനങ്ങളുമാണ് നിർഭാഗ്യവശാൽ വയനാട് ജില്ലയിലെ കോൺഗ്രസ് നേതാക്കളും സംസ്ഥാന നേതാക്കളും സ്വീകരിച്ചിരിക്കുന്നത്.
അച്ഛനും സഹോദരനും സ്വാഭാവികമായി മരണപ്പെടുകയായിരുന്നില്ല. വയനാട് ജില്ലയിലെ ഏറ്റവും മുതിർന്ന ഒരു കോൺഗ്രസ് നേതാവ് ആയിരുന്നു എം എം വിജയൻ. ഒരാൾ ആത്മഹത്യയിലേക്ക് എത്തണമെങ്കിൽ ഒരുവിധത്തിലും സഹിച്ചു പോകാൻ കഴിയാത്ത ദുരിതങ്ങൾ ആ മനുഷ്യനെ തളർത്തിയിരിക്കണം. വിജയൻ എഴുതിവെച്ച ആത്മഹത്യാക്കുറിപ്പാണ് ഇപ്പോൾ പുറത്തുവരികയും അതിന്മേൽ കോൺഗ്രസ് പാർട്ടിയുടെയും പോലീസിന്റെയും അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. ആത്മഹത്യാക്കുറിപ്പിൽ വിജയൻ പറഞ്ഞു വെച്ചിരിക്കുന്നത്, ജില്ലയിലെ കോൺഗ്രസ് എംഎൽഎയും ഡിസിസി നേതാവായ ഒരാളും ചേർന്നുകൊണ്ട് അദ്ദേഹത്തെ വഞ്ചിക്കുകയായിരുന്നു എന്നാണ്. കോൺഗ്രസ് ഭരിക്കുന്ന സഹകരണ സ്ഥാപനത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ്, ലക്ഷക്കണക്കിന് രൂപ വിജയനെക്കൊണ്ട് വാങ്ങിപ്പിക്കുകയും അത് നേതാക്കൾ തട്ടിയെടുക്കുകയും ചെയ്തു എന്നാണ് ആത്മഹത്യാക്കുറിപ്പിലെ മുഖ്യ വിഷയം. ഈ തുക തിരികെ കൊടുക്കാൻ കഴിയാതെ വന്നതാണ് മരണകാരണം എന്ന് പറയപ്പെടുന്നു.
ആത്മഹത്യയുടെ കാരണവും അതിൻറെ വസ്തുതകളും ഒക്കെ അന്വേഷണത്തിൽ കൂടി തെളിഞ്ഞു വരട്ടെ. ഇവിടെ സംഭവം അതല്ല, വിജയൻ ആത്മഹത്യാക്കുറിപ്പിൽ രണ്ടു നേതാക്കൾക്കെതിരെ പരാതി പറഞ്ഞിരുന്നു. ഈ വിഷയം വിജയൻറെ മറ്റൊരു മകനും അയാളുടെ ഭാര്യയും കൂടി ആത്മഹത്യാക്കുറിപ്പ് വായിച്ചു കൊണ്ട്, പ്രതിപക്ഷ നേതാവായ വി ഡി സതീശനോടും കെപിസിസി പ്രസിഡണ്ടായ സുധാകരനോടും പരാതിയായി പറയുകയുണ്ടായി. ഈ പരാതിയിൽ എന്തെങ്കിലും ഒരു അന്വേഷണം നടത്തുവാനോ, അച്ഛനും സഹോദരനും നഷ്ടപ്പെട്ട ആളിന് ഒരു സാന്ത്വനം നൽകുവാനോ രണ്ടു നേതാക്കളും തയ്യാറായില്ല. മാത്രവുമല്ല ഇപ്പോൾ എല്ലാം തകിടം മറിഞ്ഞ് പറയുന്ന സ്ഥിതിയിലാണ് കോൺഗ്രസ് നേതാക്കൾ എത്തിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് ഇപ്പോൾ പറയുന്നത് വിജയൻറെ കുടുംബം തന്നെ ഭീഷണിപ്പെടുത്താൻ നോക്കി എന്നും അത് നടക്കില്ല എന്നുമാണ്. ജില്ലയിലെ മറ്റൊരു കോൺഗ്രസ് നേതാവായ ടി സിദ്ധിഖ് പറയുന്നത് വിജയൻറെ കുടുംബം കോൺഗ്രസ് നേതാക്കളെ താറടിക്കാൻ ശ്രമിക്കുന്നു എന്നും ആത്മഹത്യാക്കുറിപ്പ് വ്യാജമാണെന്നും ഒക്കെയാണ്. എന്താണ് ഈ നേതാക്കളുടെ മാനസികാവസ്ഥ എന്ന് പാവപ്പെട്ട കോൺഗ്രസ് പ്രവർത്തകർ തിരിച്ചറിയണം.
വിജയന്റെയും മകൻറെയും ആത്മഹത്യ യഥാർത്ഥത്തിൽ വയനാട്ടിലെ സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് വലിയ ദുഃഖം ഉണ്ടാക്കിയ സംഭവമായിരുന്നു. വിജയൻറെ ആത്മഹത്യക്ക് കാരണം സാമ്പത്തിക പ്രശ്നങ്ങൾ ആയിരുന്നു എന്ന് അവിടെയുള്ള കോൺഗ്രസ് പ്രവർത്തകർ തിരിച്ചറിഞ്ഞിരുന്നു. ഇത് വിജയനായിട്ട് വരുത്തിവെച്ചതല്ല എന്നും ഡിസിസി യിലെ മുതിർന്ന നേതാക്കൾ വിജയനെ കുടുക്കുകയായിരുന്നു എന്നും വിശ്വസിക്കുന്നവരാണ് വയനാട്ടിലെ സാധാരണ കോൺഗ്രസ് പ്രവർത്തകർ.
വയനാട് ഡിസിസി പ്രസിഡണ്ട് എൻ ഡി അപ്പച്ചൻ ഇപ്പോഴും പറയുന്നത്, എൻ എം വിജയൻ എന്ന ഡിസിസി ട്രഷറർ മാന്യനും സത്യസന്ധനും സ്വീകാര്യനും ആയിരുന്ന നേതാവ് ആണെന്നും, പാർട്ടിയെ വളർത്തുന്നതിൽ വലിയ പങ്കുവഹിച്ച ആളാണ് എന്നും ഒക്കെയാണ്. അങ്ങനെ ഒരാൾ പാർട്ടി നേതാക്കളെ ചതിക്കുഴിയിൽ ആക്കുന്ന ആളായി ചിത്രീകരിക്കാൻ, എങ്ങനെയാണ് ഇപ്പോൾ അവിടുത്തെ നേതാക്കൾക്ക്കഴിയുന്നത്? കോൺഗ്രസ് പാർട്ടി മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പോലെയല്ല എന്നും കോൺഗ്രസ് കുടുംബം എന്നത് ഒരു ആശയമായി ഉൾക്കൊള്ളുന്നവരാണ് പ്രവർത്തകർ എന്നും ഒക്കെയാണ് ഒരു വിശ്വാസം. ഒരു പാർട്ടി പ്രവർത്തകന് ക്ഷീണാവസ്ഥയുണ്ടായാൽ സഹായിക്കുകയും സഹകരിക്കുകയും ചെയ്യുകയാണ് കോൺഗ്രസിന്റെ പ്രവർത്തന ശൈലി. എന്നാൽ ഇപ്പോൾ അതെല്ലാം മാറിയിരിക്കുന്നു എന്ന തോന്നലാണ് വിജയൻറെ ആത്മഹത്യയിലൂടെ പുറത്തുവരുന്നത്.
വിജയൻ എഴുതിവെച്ച ആത്മഹത്യാക്കുറിപ്പിൽ സ്വന്തം ഉത്തരവാദിത്വത്തിൽ വരുത്തിയ ചെറിയ തുകയുടെ ബാധ്യത രേഖപ്പെടുത്തിയിട്ടുണ്ട്. ആ തുക എങ്ങനെയെങ്കിലും അവശേഷിക്കുന്ന മകനോട് കൊടുത്തു തീർക്കണമെന്നും പറഞ്ഞുവെക്കുന്നുണ്ട്. ഇത്തരത്തിൽ എഴുതുവാൻ കഴിയുന്ന ഒരാൾ കോൺഗ്രസ് നേതാക്കളെ കുടുക്കാൻ ശ്രമിക്കുന്നു എന്ന് പറയാൻ തുടങ്ങിയാൽ പെട്ടെന്ന് വിശ്വസിക്കാനാവില്ലല്ലോ.
ആത്മഹത്യ ചെയ്ത വിജയൻറെ കുടുംബത്തെ സമൂഹത്തിനുമുന്നിൽ താഴ്ത്തിക്കെട്ടാനുള്ള പല പ്രയോഗങ്ങളും ഇപ്പോൾ കോൺഗ്രസ് നേതാക്കൾ നടത്തുകയാണ്. ഒരു ആയുസ്സ് മുഴുവൻ പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചു എന്ന് നേതാക്കൾ തന്നെ പറയുന്ന വിജയനെക്കുറിച്ചാണ് ഇപ്പോൾ ഈ ആരോപണങ്ങൾ എന്നതും ശ്രദ്ധേയമാണ്. ഇപ്പോൾ വയനാട്ടിലെ കോൺഗ്രസ് നേതാക്കൾ മാത്രം പറയുന്ന വിജയനെതിരെയുള്ള ആരോപണങ്ങൾ കേരളത്തിൽ പലയിടങ്ങളിലും കോൺഗ്രസ് നേതാക്കൾ അനുഭവിച്ചിട്ടുണ്ട് എന്നത് മറന്നുപോകരുത്. പാർട്ടിക്ക് വേണ്ടിയും നേതാക്കൾക്ക് വേണ്ടിയും സാമ്പത്തിക കാര്യത്തിൽ ഇടപെട്ട് അവസാനം കുടുക്കിൽപ്പെട്ടു കഴിയുമ്പോൾ, തിരിഞ്ഞുനോക്കാൻ ആരും ഉണ്ടാകാത്ത അവസ്ഥ എന്ന് മാത്രമല്ല പറ്റുമെങ്കിൽ ഇതിനെല്ലാം ഇരയായ ആളിനെ നാറ്റിക്കാൻ 100 കഥകൾ മെനഞ്ഞെടുക്കാനും കോൺഗ്രസ് നേതാക്കൾ തയ്യാറായിട്ടുണ്ട് എന്നത് സത്യസന്ധമായി പരിശോധിച്ചാൽ മനസ്സിലാകും.
ഇപ്പോൾ വിജയൻറെ ആത്മഹത്യയുടെ പിന്നാലെ വരുന്ന തർക്കങ്ങളും ന്യായീകരണങ്ങളും എന്തൊക്കെ ആയാലും ശരി, ഒരു കുടുംബത്തിലെ നാഥൻ ആത്മഹത്യ ചെയ്തു എന്നത് സത്യമാണ്. ഒരു കോൺഗ്രസ് കുടുംബത്തിൻറെ നാഥനാണ് ഇല്ലാതായത് എന്നത് നേതാക്കൾ തിരിച്ചറിയേണ്ടതുണ്ട്. വിജയൻ സ്വന്തമായി തന്നെ കടം വരുത്തിയതാണ് ബാധ്യത എന്ന് തന്നെ വയ്ക്കുക, ഇത്രയും കാലം പാർട്ടിയെ സേവിച്ച ഒരു മുതിർന്ന നേതാവ് ആത്മഹത്യയിലേക്ക് എത്തുമ്പോൾ, ആ കുടുംബത്തിൻറെ ബാധ്യതയെല്ലാം ഏറ്റെടുക്കണം എന്ന് പറയുന്നില്ല., എന്തെങ്കിലും തരത്തിൽ സഹായിച്ചു കൊണ്ട് ആ കുടുംബത്തിനൊപ്പം നിലയുറപ്പിക്കുക എന്നത് കോൺഗ്രസ് പാർട്ടിക്ക് ചെയ്യാൻ കഴിയുന്ന കാര്യമായിരുന്നു. സത്യസന്ധതയുടെ പേരിൽ നിലനിൽക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ വിജയൻറെ കുടുംബത്തിൻറെ കാര്യത്തിൽ കോൺഗ്രസ് നേതാക്കൾ സത്യത്തിന്റെ മാത്രമല്ല, സാഹോദര്യത്തിന്റെയും രാഷ്ട്രീയ ബന്ധത്തിന്റെയും കാഴ്ചപ്പാടിൽ മുന്നോട്ടു നീങ്ങണം എന്നതാണ് നേതാക്കളെ മാറ്റിനിർത്തിയാൽ പാർട്ടിയിലെ സാധാരണ പ്രവർത്തകർ ആഗ്രഹിക്കുന്നത് എന്ന കാര്യം ഉറപ്പാണ്.