കഴിഞ്ഞ 9 വർഷത്തോളമായി കേരളത്തിൽ ഭരണം നടത്തിവരുന്ന എൽഡിഎഫ് എന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി വലിയ തകർച്ചയിലേക്ക് നീങ്ങുന്നതായി വാർത്തകൾ പുറത്തുവരുന്നു. കേരളത്തിൻറെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒന്നാം പിണറായി സർക്കാർ പിന്നീട് നടന്ന തെരഞ്ഞെടുപ്പിലൂടെ തുടർഭരണത്തിന്റെ സാധ്യത നേടിയെടുത്തത്. രണ്ടാമതും അധികാരത്തിൽ വന്നതോടുകൂടി ഇടതുമുന്നണിയും ആ മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന സിപിഎമ്മും വലിയ ആവേശത്തിൽ ആയിരുന്നു. എന്നാൽ രണ്ടാം പിണറായി സർക്കാരിൻറെ പല പ്രവർത്തനങ്ങളിലും മന്ത്രിമാരുടെ കാര്യത്തിലും തുടർച്ചയായി പരാതികളും വിമർശനങ്ങളും ഉയരുന്ന സ്ഥിതിയാണ് ഉണ്ടായത്. മുഖ്യമന്ത്രി തന്നെ അഴിമതി കേസിൽ പേരുകാരനായി മാറി, മുഖ്യമന്ത്രിയുടെ മകളും മറ്റൊരു മാസപ്പടി കേസിൽ ഉൾപ്പെട്ടതായി വാർത്തകൾ ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് ആറുമാസത്തിലധികം മുൻപ് ലോകസഭാ തെരഞ്ഞെടുപ്പ് വരികയും, ഈ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെയും ഇടതുപക്ഷ മുന്നണിയുടെയും ഏതാണ്ട് എല്ലാ സ്ഥാനാർഥികളും വലിയ പരാജയം ഏറ്റുവാങ്ങുന്ന സ്ഥിതി ഉണ്ടാവുകയും ചെയ്തത്. ലോകസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പേരിൽ സർക്കാരിനെതിരെ വിമർശനങ്ങളുമായി ഘടകകക്ഷികളിൽ പലരും രംഗത്ത് വന്നു. ഇപ്പോൾ ഏറ്റവും ഒടുവിൽ മുന്നണിയിലെ പ്രധാനപ്പെട്ട പലകക്ഷികളും ഇടതുമുന്നണിയിൽ തുടരേണ്ടതില്ല എന്ന ധാരണയിലേക്ക് എത്തിയതായിട്ടാണ് അറിയുന്നത്. മറ്റൊന്നും കൊണ്ടല്ല ഒരു വർഷത്തിനകം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സർക്കാർ വിരുദ്ധ തരംഗം ആഞ്ഞടിക്കുമെന്നും ഇടതുമുന്നണി പരാജയം ഏറ്റുവാങ്ങുമെന്നുമുള്ള വിലയിരുത്തലിനെ തുടർന്നാണ് ഘടകകക്ഷികൾ പലരും ഇടതുമുന്നണി വിടുന്നതിന് ആലോചിക്കുന്നത്. ഇതുമാത്രമല്ല കഴിഞ്ഞ കുറച്ചുകാലമായി ഇടതുപക്ഷ മുന്നണിയിൽ ഘടക കക്ഷികളായ ചെറു പാർട്ടികളിൽ പലതും തമ്മിലടിയുടെയും പിളർപ്പിന്റെയും അവസ്ഥയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതും ഇടതുമുന്നണിയുടെ ശുഭകരമായ മുന്നോട്ടുപോക്കിന് തടസ്സം ഉണ്ടാക്കിയിട്ടുണ്ട്.
ഇടതുപക്ഷ മുന്നണിയിൽ സിപിഎം കഴിഞ്ഞാൽ- രണ്ടാമത്തെ പാർട്ടി സിപിഐ ആണ്. ഈ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ പാർട്ടിയിലെ തന്നെ മുതിർന്ന നേതാക്കൾ ശബ്ദിക്കുന്നുണ്ട്. ഇതിനിടയിലാണ് സിപിഐയുടെ തൊഴിലാളി സംഘടനകൾ സർക്കാരിനെതിരായ വലിയ സമരത്തിന് രംഗത്ത് വന്നിരിക്കുന്നത്. പാർട്ടി സെക്രട്ടറി ഈ സമരത്തിനോട് യോജിക്കുന്നില്ല എങ്കിലും, പാർട്ടിയുടെ നിലനിൽപ്പിന് സമരം ആവശ്യമാണ് എന്ന നിലപാടിലാണ് പാർട്ടിയിലെ മുതിർന്ന നേതാക്കൾ. സിപിഐയുടെ ട്രേഡ് യൂണിയൻ ആയ എഐടിയുസി ഈ മാസം പതിനേഴാം തീയതി ലക്ഷത്തോളം തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ട് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുകയാണ്. ഇതുകൂടാതെ സിപിഐയുടെ തന്നെ മറ്റൊരു സർവീസ് സംഘടനയായ ജോയിൻറ് കൗൺസിലിന്റെ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും ഇരുപത്തിരണ്ടാം തീയതി സംസ്ഥാനതലത്തിൽ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ രണ്ട് സംഘടനകളും നടത്തുന്ന സമരങ്ങളെ സിപിഐയുടെ മുതിർന്ന നേതാവ് ടി ജെ ആഞ്ചലോസ് പരസ്യമായി തന്നെ ന്യായീകരിച്ചിട്ടുണ്ട്. പിണറായി സർക്കാർ കൈക്കൊള്ളുന്ന എല്ലാ നടപടികളും തൊഴിലാളി വിരുദ്ധമാണ് എന്നാണ് ആഞ്ചലോസ് പരസ്യപ്രസ്താവന നടത്തിയത്. മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷി സർക്കാർ വിരുദ്ധ സമരത്തിന് ഇറങ്ങുന്നത് മുഖ്യമന്ത്രിക്കും ഇടതുമുന്നണിക്കും നാണക്കേട് ഉണ്ടാക്കും എന്ന കാര്യത്തിൽ തർക്കമില്ല.
ഇടതുമുന്നണിയിലെ മൂന്നാമത്തെ പാർട്ടിയായി പ്രവർത്തിക്കുന്നത് മാണി കേരള കോൺഗ്രസ് ആണ്. ലോകസഭാ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ഇടതുപക്ഷ മുന്നണിയിൽ തുടരുന്നതിനെതിരെ ഈ പാർട്ടിയുടെ മുതിർന്ന നേതാക്കൾ പ്രതിഷേധിച്ചിരുന്നതാണ്. എന്നാൽ ഇപ്പോൾ ആ പ്രതിഷേധം ശക്തമായിരിക്കുന്നു. മുനമ്പം വിഷയത്തിലും വന്യജീവി ആക്രമണ വിഷയത്തിലും വനം നിയമ ഭേദഗതി വിഷയത്തിലും- മുഖ്യമന്ത്രിയും സർക്കാരും കർഷകരെ അവഗണിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. മാത്രവുമല്ല മാണി കേരള കോൺഗ്രസിൻറെ അടിത്തറയായ- ക്രിസ്തീയ വിശ്വാസികളുടെ ജീവിതം തന്നെ തകർക്കുന്ന മുനമ്പം വിഷയത്തിലും സർക്കാർ തെറ്റായ സമീപനം സ്വീകരിച്ചു എന്നാണ് ആ പാർട്ടിയുടെ എല്ലാ നേതാക്കളും അഭിപ്രായപ്പെടുന്നത്. അടുത്ത് നടക്കുന്ന തെരഞ്ഞെടുപ്പിന് മുൻപായി ഇടതുമുന്നണി ബന്ധം ഉപേക്ഷിക്കണമെന്ന നിലപാടിലാണ് നേതാക്കൾ ഉള്ളത്. ഇടതുമുന്നണിയിലെ മറ്റൊരു ഘടകകക്ഷിയാണ് ജനതാദൾ എസ്. ഈ പാർട്ടി ഒരു ദേശീയ പാർട്ടിയാണ്. ദേവഗൗഡ എന്ന മുൻപ്രധാനമന്ത്രി ഉണ്ടാക്കിയ പാർട്ടിയാണ്. ആ പാർട്ടി ബിജെപിക്ക് ഒപ്പം ചേർന്നപ്പോൾ- കേരളത്തിലുള്ളവർ പാർട്ടി ബന്ധം ഉപേക്ഷിച്ചു. ഇപ്പോൾ ഈ പാർട്ടിക്ക് പേരും ചിഹ്നവും ഇല്ലാത്ത അവസ്ഥയാണ്. അങ്ങനെയുള്ള ഒരു പാർട്ടി ആയിട്ടാണ് ഇടതുമുന്നണിയിൽ തുടരുന്നത്. മാത്യു ടി തോമസ് എന്ന ആളിനും പാർട്ടിയുടെ പേരിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ല. പാർട്ടിക്ക് ഒരു മന്ത്രി ഉണ്ട്. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി മന്ത്രിക്കസേര പോകാതിരിക്കാൻ കടിച്ചു തൂങ്ങി ഇരിക്കുകയാണ്.
എൽഡിഎഫിലെ മറ്റൊരു ചെറിയ പാർട്ടിയാണ് രണ്ട് എം എൽ എ മാരും അതിലൊരാൾ മന്ത്രിയുമായ എൻ സി പി. ഈ പാർട്ടിയും ദേശീയ പാർട്ടി ആയിട്ടാണ് പറയപ്പെടുന്നത്. എന്നാൽ കേരളത്തിൽ ഈ പാർട്ടി ഇപ്പോൾ മൂന്നോ നാലോ കഷണങ്ങളായിട്ടാണ് പ്രവർത്തിക്കുന്നത്. കോൺഗ്രസ് വിട്ട പി സി ചാക്കോ ആണ് പാർട്ടിയുടെ സംസ്ഥാന പ്രസിഡൻറ്. മന്ത്രിയായ എ കെ ശശീന്ദ്രനെ മാറ്റി മറ്റൊരു എംഎൽഎ ആയ തോമസിനെ മന്ത്രി ആക്കണം എന്ന ചാക്കോയുടെ ആവശ്യം മുഖ്യമന്ത്രി തള്ളിയതോടെ- ആ പാർട്ടി ഇപ്പോൾ പലതരത്തിലായി മുന്നോട്ടു നീങ്ങുകയാണ്. മുസ്ലിം ലീഗ് എന്ന പാർട്ടിയിൽ നിന്നും വിട്ടുപിരിഞ്ഞ ആൾക്കാരുടെ ഒരു പാർട്ടിയാണ് ഇന്ത്യൻ നാഷണൽ ലീഗ്. ഇതിന് ഒരു മന്ത്രിയും ഉണ്ട്. ഈ പാർട്ടി പിളർന്ന് പലതട്ടിലായി. മുഖ്യമന്ത്രിയുടെ കാരുണ്യത്താൽ മന്ത്രിയും മന്ത്രി കസേരയും ആ പാർട്ടി കൊണ്ട് നടക്കുന്നു എന്ന് മാത്രം. മുന്നണിയിൽ ഘടകകക്ഷി യോഗത്തിന് ഈ പാർട്ടിയെ വിളിക്കാറുപോലുമില്ല- എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. മറ്റൊരു ചെറുകിട പാർട്ടി അല്ലെങ്കിൽ ഒറ്റയാൻ പാർട്ടിയാണ്- മഹാനായ ആർ ബാലകൃഷ്ണപിള്ള ഉണ്ടാക്കിയ കേരള കോൺഗ്രസ്. മകനായ ഗണേഷ് കുമാർ ആണ് ഇപ്പോൾ പാർട്ടി നേതാവ്. ഗണേഷ് ഇപ്പോൾ മന്ത്രിയുമാണ്. ക്ഷേത്രപ്രവേശനത്തിന് ഷർട്ട് ഊരുക എന്ന വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രസ്താവന നടത്തി പ്രതിഷേധവുമായി നിൽക്കുകയാണ് മന്ത്രിയായ ഗണേഷ് കുമാർ. ഇനിയും ഉണ്ട് മുന്നണിയിലെ ഘടകകക്ഷിയായി മറ്റൊരു ഏകാങ്ക നാടകക്കാരൻ. ഗണേഷ് കുമാറിന് മുൻപ് മന്ത്രിയായിരുന്ന ആന്റണി രാജുവാണ്- സ്വന്തം പോക്കറ്റ് പാർട്ടിയുമായി നടക്കുന്നത്. ജനാധിപത്യ കേരള കോൺഗ്രസ് എന്നാണ് ഈ പാർട്ടിയുടെ പേര്. പാർട്ടി നേതാവായ ആൻറണി രാജുവിന്റെ ഭാര്യയും മക്കളും വരെ ഈ പാർട്ടിയിൽ ഉണ്ടോ എന്നത് ദൈവത്തിന് മാത്രം അറിയാവുന്ന കാര്യമാണ്. ഒടുവിൽ നിലവിലുണ്ടായിരുന്ന ഒരു കേസിൽ കുടുങ്ങി സുപ്രീംകോടതിയിൽ വരെ പോയി തിരിച്ചടി വാങ്ങി നിൽക്കുകയാണ് ഈ നേതാവ്.
ഏത് വിധത്തിൽ നോക്കിയാലും വലിയ പ്രതിസന്ധിയിലൂടെ പോവുകയാണ് കേരളത്തിൽ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി. വരാനിരിക്കുന്നത് സുപ്രധാനമായ രണ്ട് തെരഞ്ഞെടുപ്പുകൾ ആണ്. ഏതു രാഷ്ട്രീയ പാർട്ടിയും വലിയ പ്രാധാന്യത്തോടുകൂടി കാണുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പാണ് ആദ്യം. പിന്നീട് ഒരു വർഷത്തിനകം നിയമസഭ തെരഞ്ഞെടുപ്പും ഉണ്ടാകും. ഈ രണ്ട് തെരഞ്ഞെടുപ്പുകളെയും അഭിമുഖീകരിക്കേണ്ട സാഹചര്യമാണ് ഇടതുപക്ഷ മുന്നണിക്ക് മുന്നിലുള്ളത്. ഇപ്പോഴും നിലനിൽക്കുന്ന ഭരണവിരുദ്ധ വികാരവും- മന്ത്രിസഭയിലെ അംഗങ്ങൾക്ക് എതിരായ വലിയ പ്രതിഷേധങ്ങളും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇത് മാത്രമല്ല ഇടതുമുന്നണിക്ക് നേതൃത്വം കൊടുക്കുന്ന സിപിഎം എന്ന പാർട്ടിയുടെ സംസ്ഥാന നേതാക്കളും ജില്ലാ നേതാക്കളും വരെ പലതരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകളിലും ക്രിമിനൽ കുറ്റങ്ങളിലും അകപ്പെട്ടു നിൽക്കുകയാണ്. കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിലും ഇത്തരം വിഷയങ്ങൾ ചർച്ചയിൽ വന്നത് ഇടതുമുന്നണിക്ക് ദോഷം ചെയ്തിരുന്നു. പാവപ്പെട്ട ജനങ്ങൾക്കും സാധാരണക്കാർക്കും- ഗുണകരമായ ഒന്നും ചെയ്യാത്ത ഒരു ഭരണകൂടം എന്നാണ് പൊതുവേ രണ്ടാം പിണറായി സർക്കാരിനെ ജനം വിലയിരുത്തുന്നത്. അങ്ങനെ ഒരു സ്ഥിതി തുടർന്നു പോയാൽ തെരഞ്ഞെടുപ്പിൽ കനത്ത ആഘാതം ഉണ്ടാകുമെന്ന് നേതാക്കളും വിശ്വസിക്കുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് മുന്നണിയിൽ പെട്ടു നിൽക്കുന്ന ചെറുപാർട്ടികൾ അടക്കം പല ഘടകകക്ഷികളും നിലനിൽപ്പിനായി ഇടതുമുന്നണി വിടുന്നതിനും യുഡിഎഫിൽ കുടിയേറുന്നതിനും ആലോചിച്ചു കൊണ്ടിരിക്കുന്നത്.