ഏറ്റവും ഒടുവിൽ ഡൽഹി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും കോൺഗ്രസ് പാർട്ടി വട്ടപ്പൂജ്യത്തിലേക്ക് എത്തിയത്- വലിയ പ്രതിസന്ധികൾക്ക് വഴിയൊരുക്കി. കോൺഗ്രസ് പാർട്ടിയെ നയിക്കുന്ന നിലവിലെ കരുത്തരായ ചില നേതാക്കളെ മാറ്റണമെന്നും അതല്ലായെങ്കിൽ പാർട്ടി കൂടുതൽ തകർച്ചയിലേക്ക് നീങ്ങുമെന്നും സൂചനകൾ ഉയർത്തി- ദേശീയ നേതാക്കളിൽ മുതിർന്നവർ രംഗത്ത് വന്നു കഴിഞ്ഞു. മൂന്നു വർഷം മുൻപ് തെരഞ്ഞെടുപ്പിലൂടെ കോൺഗ്രസ് പ്രസിഡണ്ടായ മല്ലികാർജുൻ ഖാർഗെ പൂർണ്ണ പരാജയമാണെന്ന വിലയിരുത്തലിലാണ് മുതിർന്ന നേതാക്കൾ. പാർട്ടിയെ നയിക്കാൻ പ്രാപ്തിയുള്ള- പ്രായം കുറഞ്ഞ നേതാക്കളിൽ ആരെങ്കിലും പ്രസിഡൻറ് ആകണം എന്ന നിർദ്ദേശമാണ് ഡൽഹി തോൽവിക്ക് ശേഷം ഉയരുന്നത്. നേരത്തെ കോൺഗ്രസ് പാർട്ടി തെരഞ്ഞെടുപ്പ് നടന്ന അവസരത്തിൽ പാർട്ടി പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുകയും രണ്ടാം സ്ഥാനത്ത് വോട്ടുകൾ നേടി വിജയിക്കുകയും ചെയ്ത മലയാളിയായ ശശി തരൂരിന്റെ പേര് മുന്നോട്ടുവച്ചുകൊണ്ട് പല മുതിർന്ന നേതാക്കളും അഴിച്ചു പണിക്കുള്ള ആവശ്യം ഉന്നയിച്ചു കഴിഞ്ഞു.
30 വർഷത്തിലധികം പാർട്ടി ഭരിച്ചിരുന്ന സംസ്ഥാനമാണ് ഡൽഹി. മാത്രവുമല്ല എല്ലാ കാലത്തും 50 ശതമാനത്തിനോട് അടുത്ത് വോട്ട് നേടിയിരുന്ന പാർട്ടിയാണ് കോൺഗ്രസ് പാർട്ടി. ആ പാർട്ടിയാണ് ഇപ്പോൾ നടന്ന തെരഞ്ഞെടുപ്പിൽ ഏഴു ശതമാനത്തിൽ താഴെ വോട്ടിലേക്ക് കുത്തനെ വീണിരിക്കുന്നത്. 20 വർഷത്തിലധികമായി സംസ്ഥാന ഭരണം ലക്ഷ്യം വെച്ചുകൊണ്ട് എല്ലാവിധ അടവുകളും പയറ്റിയ ഭാരതീയ ജനതാ പാർട്ടി- ഇപ്പോൾ നരേന്ദ്രമോദിയെ മുന്നിൽ നിർത്തിയ പ്രചരണത്തിൽ വൻ വിജയമാണ് നേടിയെടുത്തത്. ഈ പോക്ക് പോയാൽ രാജ്യ തലസ്ഥാനം ബിജെപിയുടെ പിടിയിൽ ഒതുങ്ങുമെന്നും കോൺഗ്രസ് ഒന്നും അല്ലാത്ത സ്ഥിതിയിലേക്ക് എത്തുമെന്നും നേതാക്കൾ അഭിപ്രായപ്പെടുന്നുണ്ട്.
കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യം എന്ന പ്രതിപക്ഷ കൂട്ടായ്മ ഉണ്ടാക്കിയെങ്കിലും- ഡൽഹി തിരഞ്ഞെടുപ്പിൽ ആ കൂട്ടുകെട്ടിൽ നിന്നും കാത്തുനിൽക്കാതെ കോൺഗ്രസ് പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുന്നതിനുള്ള തീരുമാനമാണ് എടുത്തത്. ഈ തീരുമാനം പാർട്ടിക്ക് വലിയ ക്ഷീണം ഉണ്ടാക്കി-എന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി നീങ്ങിയപ്പോൾ വലിയ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞു. ഇതിൽ വലിയ ഗുണം നേടിയെടുത്തത് കോൺഗ്രസ് പാർട്ടി ആയിരുന്നു. 42 അംഗങ്ങൾ മാത്രം ഉണ്ടായിരുന്ന കോൺഗ്രസ് പാർട്ടിക്ക് ലോകസഭയിൽ 100 സീറ്റുകൾ നേടിയെടുക്കാൻ കഴിഞ്ഞത് ഇന്ത്യസഖ്യത്തിന്റെ കൂട്ടായ്മ കൊണ്ടായിരുന്നു-എന്ന് എല്ലാരും സമ്മതിച്ചിട്ടുള്ളതാണ്. അതെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് ഒറ്റയ്ക്ക് മത്സരിച്ച കോൺഗ്രസ് പാർട്ടി കനത്ത തിരിച്ചടിയാണ് ഏറ്റുവാങ്ങിയത്.
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ മുന്നിൽ നിന്ന് നയിക്കുവാൻ സംസ്ഥാന കോൺഗ്രസ് പാർട്ടിയുടെ ഒരു നേതാവും ഉണ്ടായിരുന്നില്ല. അവസാന ഘട്ടത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും നേരിട്ട് തെരഞ്ഞെടുപ്പ് പ്രചാരണ ചുമതലയിലേക്ക് എത്തേണ്ട സ്ഥിതിയും ഉണ്ടായി. കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്ന ഷീല ദീക്ഷിത് പലവട്ടം മുഖ്യമന്ത്രിയായി ഭരണം നടത്തിയ സംസ്ഥാനത്താണ്- പാർട്ടിക്ക് ഒരു നേതാവ് പോലും ഇല്ലാത്ത സ്ഥിതി ഉണ്ടായിരിക്കുന്നത്. ഇതുതന്നെയാണ് ഡൽഹി നിയമസഭയിൽ പാർട്ടിക്ക് ഒരു അംഗത്തിന്റെ പോലും പ്രാതിനിധ്യം ഇല്ലാതെയാക്കിയത്. തുടരെത്തുടരെ എല്ലാ തെരഞ്ഞെടുപ്പുകളിലും കനത്ത തോൽവികൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിലേക്ക് പുതിയ ആരെയെങ്കിലും കൊണ്ടുവരണം എന്ന ആശയം ഉയർന്നുവന്നിരിക്കുന്നത്. കോൺഗ്രസിന്റെ നേതൃനിരയിലുള്ള ജയറാം രമേശ് അടക്കമുള്ള ഭാരവാഹികൾ ഈ മാറ്റത്തിന് വേണ്ടി നിർദേശം മുന്നോട്ടു വച്ചതായിട്ടാണ് അറിയുന്നത്. കഴിഞ്ഞ പാർട്ടി തിരഞ്ഞെടുപ്പിൽ മത്സരിച്ചുകൊണ്ട് ദേശീയതലത്തിൽ തന്നെ ശ്രദ്ധ നേടാൻ കഴിഞ്ഞ ശശി തരൂർ എന്ന നേതാവിനെ മുന്നിൽ നിർത്തി പാർട്ടിയെ നയിക്കുന്നതിന് അവസരം ഉണ്ടാക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്. ഈ കാര്യത്തിൽ അണിയറയിൽ നിന്നുകൊണ്ട് പലതരത്തിലുള്ള കളികളും ശശി തരൂരും നടത്തിക്കൊണ്ടിരിക്കുന്നുണ്ട്.
കോൺഗ്രസ് പാർട്ടിയുടെ അഖിലേന്ത്യ പ്രസിഡൻറ് ആവുക എന്ന മോഹം ശശി തരൂരിന് കുറച്ചുകാലമായി ഉള്ളതാണ്. ഏതുതരത്തിൽ നീക്കങ്ങൾ നടത്തിയാൽ അത് നടപ്പിൽ വരുത്താൻ കഴിയും- എന്ന ആലോചനയുമായി രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലെയും കോൺഗ്രസ് നേതാക്കളുമായി ശശി തരൂർ ബന്ധപ്പെടുന്ന പ്രവർത്തനവും തുടർന്ന് വരുന്നുണ്ട്. ഇത്തരത്തിലുള്ള നീക്കത്തിന്റെ ഭാഗമായി രാഹുൽഗാന്ധിയെയും സോണിയാഗാന്ധിയെയും തനിക്ക് അനുകൂലമാക്കാനുള്ള ശ്രമങ്ങളും ശശി തരൂർ തുടർന്ന് വരുന്നുണ്ട്. തന്ത്രപരമായ ചില ഇടപെടലുകളാണ് ശശി തരൂർ ഈ കാര്യത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്.
നിരന്തരം തോൽവിയിലൂടെ പോകുന്ന കോൺഗ്രസ് പാർട്ടിയെ കരകയറ്റുന്നതിന്- ഒന്നുകിൽ രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് പ്രസിഡണ്ട് പദം ഏറ്റെടുക്കണമെന്നും അതല്ല എങ്കിൽ പ്രിയങ്കാ ഗാന്ധി പ്രസിഡണ്ട് ആകണമെന്നുമുള്ള നിർദ്ദേശം സോണിയാഗാന്ധിക്ക് മുന്നിൽ ശശി തരൂർ വെച്ചതായിട്ടാണ് അറിയുന്നത്. ഈ രണ്ടു നേതാക്കളും ഇപ്പോൾ പാർട്ടി പ്രസിഡന്റിന്റെ സ്ഥാനം ആഗ്രഹിക്കുന്നില്ല എന്ന കാര്യം ശശി തരൂരിന് കൃത്യമായി അറിയാവുന്നതാണ്. ഈ സാഹചര്യം മുതലെടുക്കാനുള്ള ശ്രമമാണ് തരൂർ നടത്തുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാർട്ടി പ്രസിഡൻറ് പദം ഏറ്റെടുക്കുന്നില്ല-എങ്കിൽ ഖാർഗെക്കു പകരം മറ്റൊരാളെ തിരയുക എന്ന സ്ഥിതി വന്നുചേരും. ഇപ്പോഴത്തെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് മത്സര രംഗത്തുനു പുറത്തുനിന്നുകൊണ്ട് കൂടുതൽ വോട്ട് നേടിയ ശശി തരൂരിന്റെ പേര് സ്വാഭാവികമായും ദേശീയ പ്രസിഡണ്ടായി പരിഗണിക്കുന്നതിന് കടന്നു വരാൻ വലിയ സാധ്യതകൾ ഉണ്ട്. ഇത്തരത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാർട്ടി പ്രസിഡൻറ് പദവിയിലേക്ക് കടന്നുവരാത്ത സാഹചര്യം ഉണ്ടായാൽ തീർച്ചയായും ആ സ്ഥാനത്തേക്ക് ശശി തരൂരിന്റെ പേര് നിർദ്ദേശിക്കപ്പെടാനാണ് സാധ്യത.
ഏതായാലും ഡൽഹിയിലെ വമ്പൻ തോൽവിയുടെ പിന്നാലെ കോൺഗ്രസ് പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷൻ ഖാർഗെയെ ഒഴിവാക്കി പ്രവർത്തന ക്ഷമതയുള്ള- പ്രായം കുറഞ്ഞ ഒരാളെ പാർട്ടിപ്രസിഡന്റ് ആക്കുക എന്ന ആലോചന ഗൗരവമായി നടന്നുകൊണ്ടിരിക്കുകയാണ്. കോൺഗ്രസ് പാർട്ടിയുടെ അകലേന്ത്യാ സെക്രട്ടറിമാരും വർക്കിംഗ് കമ്മറ്റി അംഗങ്ങളും പാർട്ടിയുടെ ദേശീയ പ്രസിഡൻറ് ഖാർഗെ പുതിയ ഒരാളെ കണ്ടെത്തുക എന്ന അഭിപ്രായത്തിൽ എത്തിയിരിക്കുകയാണ്. ഇനിയും നീട്ടിക്കൊണ്ടുപോകാതെ പുതിയ പാർട്ടി പ്രസിഡണ്ടിനെ കണ്ടെത്തുക എന്ന ആവശ്യമാണ് പൊതുവിൽ മുന്നോട്ടു വന്നിരിക്കുന്നത്. ഇത്തരം ആലോചനകളിൽ ഇപ്പോൾ മുന്നിൽ നിൽക്കുന്നത് മലയാളിയായ ശശി തരൂരിന്റെ പേരാണ് എന്നത് എടുത്തു പറയേണ്ട കാര്യമാണ്.