മുരളീധരനായി മുഖ്യമന്ത്രി കുപ്പായം

സതീശനെയും ചെന്നിത്തലയും വീഴ്ത്താൻ പുതിയ തന്ത്രം

കേരളം കണ്ട രാഷ്ട്രീയ നേതാക്കളിൽ ഗ്രൂപ്പ് കളിക്കാനും തന്ത്രങ്ങൾ പയറ്റാനും മിടുക്കുകാട്ടി പെരുന്തച്ചനായി മാറിയ ആളാണ് സാക്ഷാൽ കെ കരുണാകരൻ. ആ ലീഡർ കരുണാകരന്റെ മകനാണ് മുരളീധരൻ എന്ന കോൺഗ്രസ് നേതാവ്. വർഷങ്ങൾക്ക് മുൻപ് കോൺഗ്രസ് പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞ് പുതിയ പാർട്ടി കരുണാകരൻ ഉണ്ടാക്കിയപ്പോൾഎറണാകുളത്ത് മറൈൻഡ്രൈവിൽ നടന്ന മഹാ സമ്മേളനത്തിൽ വച്ച് സോണിയാഗാന്ധിയെ മദാമ്മ എന്നും അന്നത്തെ ദേശീയ നേതാവ് അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേൽ എന്നുമൊക്കെ ആക്ഷേപിച്ച് പ്രസംഗിച്ച ആളാണ് മുരളീധരൻ. എന്നാൽ രണ്ടു വർഷത്തെ ഇടവേളക്കുശേഷം കോൺഗ്രസിലേക്ക് കരുണാകരനും മക്കളും തിരിച്ചെത്തിയപ്പോൾ ഇവരിൽ എല്ലാം വലിയ സ്വഭാവ മാറ്റം ഉണ്ടായി. കരുണാകരന്റെ മരണശേഷം കേരള രാഷ്ട്രീയത്തിൽ ശക്തമായ വേരുകൾ ഉണ്ടാക്കാൻ കഴിഞ്ഞ നേതാവാണ് മുരളീധരൻ. മാത്രവുമല്ല പിന്നീടുള്ള രാഷ്ട്രീയ പ്രവർത്തനം ചരിത്രത്തിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ ഏറ്റവും കൂടുതൽ പക്വതയും മാന്യതയും പുലർത്തുന്ന ഒരു നേതാവായി മുരളീധരൻ മാറുകയും ചെയ്തു. ആ മുരളീധരൻ ഇപ്പോൾ ഗ്രൂപ്പ് കളികളിൽ നിന്നും അകന്ന് കേരളത്തിലെ കോൺഗ്രസ് പ്രവർത്തകരെ ഒന്നായി കണ്ടുകൊണ്ട് പ്രവർത്തിച്ചു നീങ്ങുകയാണ്. അങ്ങനെയുള്ള മുരളീധരന് കേരളത്തിൽ എല്ലായിടത്തും കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഇപ്പോൾ വലിയ സ്വാധീനമുണ്ട്. ഇതെല്ലാം തെരഞ്ഞെടുപ്പ് സർവ്വേയിലൂടെ കണ്ടെത്തിയ- തെരഞ്ഞെടുപ്പ് വിദഗ്ധൻ കൗഗോലു- തൻറെ റിപ്പോർട്ട് രാഹുൽ ഗാന്ധിക്കും സോണിയാഗാന്ധിയും മല്ലികാർജുൻ ഖാർഗെക്കും കൈമാറി. റിപ്പോർട്ടിന്റെ പകർപ്പ് സംഘടനാകാര്യ സെക്രട്ടറി കെ.സി വേണുഗോപാലിനും നൽകികഴിഞ്ഞു. ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് പ്രസിഡൻറും, രാഹുൽ- പ്രിയങ്ക എന്ന നേതാക്കളും നടത്തിയിട്ടുള്ള ചർച്ചകളിലാണ്- കേരളത്തിൽ കോൺഗ്രസിനെ ഗ്രൂപ്പുകളി ഇല്ലാതെ നയിക്കുവാനും തെരഞ്ഞെടുപ്പ് വിജയം നേടുവാനും പറ്റുന്ന ഒരു നേതാവ് കെ മുരളീധരൻ ആയിരിക്കും എന്ന നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്.

കോൺഗ്രസ് ദേശീയ നേതൃത്വത്തിന് കനുഗോലു കൈമാറിയ റിപ്പോർട്ടിൽ വളരെ രസകരമായ വസ്തുതകൾ നിരത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളായ പ്രതിപക്ഷ നേതാവ് സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വെറും ഗ്രൂപ്പുകളിൽ മാത്രമാണ്-ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടിലെ പരാമർശം. ഇതിനുപുറമേയാണ് ദേശീയ സെക്രട്ടറി വേണുഗോപാലിന്റെ കാര്യവും പരാമർശിച്ചിട്ടുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തിൽ മുഖ്യമന്ത്രി മോഹവുമായി വേണുഗോപാൽ കേരളത്തിലേക്ക് കണ്ണു വെച്ചാൽ മറ്റ് ഗ്രൂപ്പ് നേതാക്കൾ വലിയ പ്രതിസന്ധി ഉണ്ടാക്കുമെന്നും അത് പാർട്ടിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് ദോഷം ഉണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ ഭാഗം ബോധ്യപ്പെട്ടതോടുകൂടിയാണ് കേരളത്തിൽ മുഖ്യമന്ത്രി ആകാൻ മോഹിച്ചു കൊണ്ട് കളികൾ നടത്തിയ വേണുഗോപാൽ ഇപ്പോൾ ചുവട് മാറ്റിയിരിക്കുന്നത്. കേരളത്തിലെ മുഖ്യമന്ത്രിപദം താൻ ആഗ്രഹിക്കുന്നില്ല എന്നും പാർട്ടിയിൽ അതിനേക്കാൾ വലിയ ഉത്തരവാദിത്വം തനിക്കുണ്ട് എന്നും കൃത്യമായി വേണുഗോപാൽ കഴിഞ്ഞ ദിവസം ഒരു ചാനൽ അഭിമുഖത്തിൽ തുറന്നു പറഞ്ഞത് ഈ റിപ്പോർട്ട് കണ്ടതിന്റെ ഫലമായിട്ടായിരുന്നു.

കേരളത്തിലെ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഭാഗ്യം കൊണ്ട് വല്ലവിധത്തിലും ഭൂരിപക്ഷം കിട്ടുന്ന അവസ്ഥയുണ്ടായാൽ യുഡിഎഫിന്റെ മുഖ്യമന്ത്രി കസേര തട്ടിയെടുക്കുക എന്ന വലിയ മോഹവുമായിക്കഴിയുകയാണ് സതീശനും ചെന്നിത്തലയും. ഇത് കോൺഗ്രസ് പാർട്ടിയുടെ കേന്ദ്ര നേതാക്കൾക്ക് ബോധ്യമായിക്കകഴിഞ്ഞു. മാത്രവുമല്ല തെരഞ്ഞെടുപ്പ് വിദഗ്ധൻ കനുഗോലു തയ്യാറാക്കിയ റിപ്പോർട്ടിൽ ഗൗരവമായ മറ്റൊരു കാര്യം കൂടി എടുത്തു പറയുന്നുണ്ട്. മൂന്ന് കൊല്ലമായി പാർട്ടി ഹൈക്കകമാൻഡ് കെപിസിസി പ്രസിഡണ്ടായി നിയോഗിച്ച കെ സുധാകരൻ്റെ പാർട്ടി പ്രവർത്തനങ്ങളിലും അദ്ദേഹം ഇടുന്ന പരിപാടികളിലും പരമാവധി തുരങ്കം വയ്ക്കാനുള്ള നീക്കങ്ങളാണ് രഹസ്യമായി സതീശനും ചെന്നിത്തലയും നടത്തിക്കൊണ്ടിരുന്നത് എന്ന പരാമർശവും കേന്ദ്ര നേതൃത്വം ഗൗരവമായി എടുത്തിട്ടുണ്ട്.

കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലെ ഗ്രൂപ്പ് ശക്തികളിൽ മുന്നിൽ നിന്നിരുന്നത് എ ഗ്രൂപ്പ് ആയിരുന്നു. അതിന് നേതൃത്വം കൊടുത്ത ഉമ്മൻചാണ്ടി മരണപ്പെട്ടതോടുകൂടി ആ ഗ്രൂപ്പ് ഇപ്പോൾ അനാഥാവസ്ഥയിൽ ആണ്. കേരളത്തിലെ ശക്തമായ ഗ്രൂപ്പായി കെ. കരുണാകരൻ കൊണ്ടുനടന്ന ഐ ഗ്രൂപ്പ് ആ നേതാവിന്റെ മരണശേഷം നാല് ഗ്രൂപ്പുകളായി പിളരുന്ന സ്ഥിതിയാണ്- ഉണ്ടായത്. സുധാകരൻ, സതീശൻ, ചെന്നിത്തല, മുരളീധരൻ എന്നീ നാലു നേതാക്കൾ സ്വന്തം അണികളെ ഒപ്പം കൂട്ടി നാല് വിഭാഗങ്ങളായി പ്രവർത്തിച്ചു തുടങ്ങിയതോടുകൂടി പഴയ ഐ ഗ്രൂപ്പും നിർജീവമായി. ഏതായാലും കേരളത്തിൽ വലിയ രണ്ട് തെരഞ്ഞെടുപ്പുകൾ അടുത്തിരിക്കുമ്പോഴും നേതാക്കന്മാർ എളുപ്പത്തിൽ സാധ്യമാകാൻ വഴിയില്ലാത്ത യുഡിഎഫ് വിജയത്തെ ഇപ്പോഴേ ഉറപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി കോട്ടുമായി കടിപിടി കൂടുന്ന സ്ഥിതി തുടരുകയാണ്. ഈ നേതാക്കന്മാരുടെ സ്വാർത്ഥ താല്പര്യങ്ങളെ തടയുവാൻ പുതിയതായി ഒരാളെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ചൂണ്ടിക്കാണിക്കുന്നതായിരിക്കും ഉചിതം എന്ന തെരഞ്ഞെടുപ്പ് വിദഗ്ധ നിർദ്ദേശമാണ് കോൺഗ്രസ് ദേശീയ നേതൃത്വം പരിഗണിച്ചു കൊണ്ടിരിക്കുന്നത്. ഈ ചർച്ചകൾ ഫലം കാണുകയാണെങ്കിൽ ഇപ്പോൾ മുഖ്യമന്ത്രി ചമഞ്ഞു നടക്കുന്ന സതീശനും ചെന്നിത്തലയും പൂർണമായി ഔട്ടാവുകയും അപ്രതീക്ഷിതമായി കെ മുരളീധരൻ കേരളത്തിലെ സാധ്യതയുള്ള മുഖ്യമന്ത്രി കസേരയുടെ ഉടമയായി മാറുകയും ചെയ്യുന്ന സ്ഥിതി ഉണ്ടായേക്കും എന്നാണ് ഡൽഹിയിൽ നിന്നും പുറത്തു വരുന്ന അവസാന ഘട്ടത്തിലെ വാർത്തകൾ.