കാലിയായ സ്കൂളുകൾ ആയിരത്തിലധികം

മന്ത്രി പറയുന്നത് വലിയ കേമത്തം

കാലങ്ങൾ ഏറെയായി കേരളം ലോകത്തിനു മുന്നിൽ ഉയരത്തിൽ നിൽക്കുന്നത് വിദ്യാഭ്യാസ വളർച്ചയുടെ കാര്യത്തിലാണ്. പ്രാഥമിക വിദ്യാഭ്യാസത്തിൻറെ കാര്യത്തിൽ മാത്രമല്ല ഉന്നത വിദ്യാഭ്യാസത്തിലും കേരളത്തിലെ കുട്ടികളും യുവാക്കളും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഒരുപാട് മുന്നിലാണ്. എന്നാൽ ഇപ്പോൾ ആ സ്ഥിതിയൊക്കെ മാറുന്നു എന്ന വാർത്തകളാണ് വരുന്നത്. പ്രത്യേകിച്ച് സർക്കാർ ഉടമസ്ഥതയിലുള്ള സ്കൂളുകളുടെ കാര്യത്തിൽ സമ്പൂർണ്ണമായ പരിതാപ അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഒരു ഘട്ടത്തിൽ സർക്കാർ സ്കൂളുകളിൽ പഠനകാര്യത്തിലും അനുബന്ധ സൗകര്യങ്ങളുടെ കാര്യത്തിലും വളർച്ച ഉണ്ടായപ്പോൾ സ്വകാര്യ സ്കൂളുകൾ ഉപേക്ഷിച്ച് മാതാപിതാക്കൾ കുട്ടികളെ സർക്കാർ സ്കൂളുകളിൽ ചേർത്തു വന്നതാണ്. എന്നാൽ പിന്നീട് ആ സ്ഥിതി മാറിഎന്നതിൻറെ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിൻറെ കീഴിലാണ് സർക്കാർ സ്കൂളുകളെല്ലാം പ്രവർത്തിക്കുന്നത്. ലോവർ പ്രൈമറി മുതൽ പ്ലസ് ടു വരെ വിദ്യാഭ്യാസ വകുപ്പിൻറെ കീഴിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഇപ്പോൾ പുറത്തുവന്നിട്ടുള്ള കണക്കുകൾ പ്രകാരം നമ്മുടെ സർക്കാർ സ്കൂളുകളിലെ സ്ഥിതി വളരെ ദയനീയമാണ്. 25 കുട്ടികൾ പോലുമില്ലാത്ത 1197 സ്കൂളുകൾ കേരളത്തിൽ ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞവർഷം ഈ ഗണത്തിൽ പെട്ട 961 സ്കൂളുകളാണ് ഉണ്ടായിരുന്നത്. ഈ വർഷം വിദ്യാർഥികൾ വീണ്ടും കുറഞ്ഞു. ഇത്തരത്തിലുള്ള സ്കൂളുകൾ 236 എണ്ണം കൂടിയതായിട്ടാണ് റിപ്പോർട്ടിൽ പറയുന്നത്. സർക്കാർ സ്കൂളുകൾക്ക് ഒപ്പം എയ്ഡഡ് സ്കൂളുകളുടെ സ്ഥിതിയും ഒരുപോലെ നീങ്ങുകയാണ്.

ഒരു സ്കൂളിൽ 15 കുട്ടികൾ എങ്കിലും ഇല്ലാത്ത സ്ഥിതി ഉണ്ടായാൽ അത് അൺ എക്കണോമിക് പട്ടികയിൽപെടുക എന്നതാണ് സാധാരണ രീതി. ഇത്തരത്തിൽഒരു സ്കൂൾ പ്രവർത്തിച്ചു പോകുന്നതിനാവശ്യമായ കുട്ടികൾ ഇല്ലാത്ത സ്ഥിതിയാണ് നിലനിൽക്കുന്നത്. തീരെ കുറച്ച് കുട്ടികൾ മാത്രമുള്ള 452 സർക്കാർ സ്കൂളുകളും 745 എയ്ഡഡ് സ്കൂളുകളും കേരളത്തിൽ പ്രവർത്തിക്കുന്നതായിട്ടാണ് കണക്കുൾ. പതിനാറിൽ താഴെ മാത്രം കുട്ടികളുള്ള 36 ലോവർ പ്രൈമറി സ്കൂളുകൾ സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്നുണ്ട്. ഈ ഗണത്തിൽപ്പെടുന്ന 160 എയ്ഡഡ് സ്കൂളുകളും സംസ്ഥാനത്ത് പ്രവർത്തിച്ചുവരുന്നുണ്ട്. സർക്കാർ സ്കൂളുകളുടെ കാര്യത്തിൽ സ്കൂൾ പ്രവർത്തിക്കുന്നതിന് ആവശ്യമായ കുട്ടികൾ ഇല്ലാത്ത ഏറ്റവും കൂടുതൽ സ്കൂളുകൾ ഉള്ളത് പത്തനംതിട്ട ജില്ലയിലാണ്. ഇവിടെ 216 സർക്കാർ സ്കൂളുകളിൽ സ്കൂൾ നടത്തിപ്പോകുന്നതിന് ആവശ്യമായ എണ്ണത്തിൽ കുട്ടികൾ ഇല്ല-എന്നതാണ് സ്ഥിതി. തൊട്ടടുത്ത് നിൽക്കുന്നത് കോട്ടയം ജില്ലയാണ്. അതു കഴിഞ്ഞാൽ കണ്ണൂർ ജില്ലയും.

കേരളത്തിൽ സർക്കാർ സ്കൂളുകളും എയ്ഡഡ് സ്കൂളുകളും ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്നത് മലപ്പുറം ജില്ലയിലാണ്. ഈ ജില്ലയിൽ 1571 സ്കൂളുകൾ പ്രവർത്തിച്ചുവരുന്നുണ്ട്. ഇവിടെ ഭൂരിഭാഗം സ്കൂളുകളിലും മതിയായ തോതിൽ കുട്ടികൾ പഠിക്കുന്നു എന്നതും ഒരു പ്രത്യേകതയാണ്. മലപ്പുറം ജില്ലയിൽ ആവശ്യത്തിന് കുട്ടികൾ ഇല്ലാത്ത മൂന്ന് സ്കൂളുകൾ മാത്രമാണ് കണക്കുകളിൽ സൂചിപ്പിച്ചിട്ടുള്ളത്. ഇവിടെ ആവശ്യമായ കുട്ടികൾ ഇല്ലാത്ത ഏഴ് എയ്ഡഡ് സ്കൂളുകൾ മാത്രമാണ് ഉള്ളത് എന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്നശേഷം കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ വലിയ തോതിലുള്ള പരിഷ്കരണങ്ങളും വികസനങ്ങളും സ്കൂൾ തലത്തിൽ നടത്തിയിട്ടുണ്ടെന്നാണ് സർക്കാർ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇടതുമുന്നണിയുടെ പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന ഒന്നാം സർക്കാരും രണ്ടാം സർക്കാരും ഈ അവകാശവാദം എപ്പോഴും ഉന്നയിക്കുന്നുമുണ്ട്. കേരളത്തിലെ ആയിരക്കണക്കിന് വരുന്ന സ്കൂളുകളിൽ ആധുനിക ഉപകരണങ്ങൾ ലഭ്യമാക്കുകയും മികച്ച സൗകര്യങ്ങളുള്ള കെട്ടിടങ്ങൾ നിർമ്മിക്കുകയും ഒക്കെ ചെയ്തിട്ടുണ്ട് എന്നത് വിദ്യാഭ്യാസ മന്ത്രി ആവർത്തിച്ച് പറയുന്ന കാര്യമാണ്. ഇതിനു പുറമേയാണ് സർക്കാർ സ്കൂളുകളിൽ ഭൂരിഭാഗം എണ്ണത്തിലും സ്മാർട്ട് ക്ലാസുകൾ സ്ഥാപിച്ചു എന്ന വാദവും. ഇതുകൂടാതെ സ്കൂൾ ലബോറട്ടറികളും ലൈബ്രറികളും വിപുലപ്പെടുത്തിയതായും പറയുന്നുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരളത്തിലെ സ്കൂളുകളിൽ വിദ്യാർത്ഥികൾ ആവേശപൂർവ്വം പ്രവേശനം നേടുന്നു-എന്നു പറയുന്ന വിദ്യാഭ്യാസ മന്ത്രിയുടെ വകുപ്പ് തന്നെയാണ് കുറഞ്ഞത് 25 കുട്ടികൾപോലും ഇല്ലാത്ത ആയിരത്തിലധികം സ്കൂളുകളുടെ പട്ടിക ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

വലിയതോതിലുള്ള ആധുനിക സൗകര്യങ്ങൾ സർക്കാർ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും ഒരുക്കി കഴിഞ്ഞു-എന്ന് പറയുന്നുണ്ടെങ്കിലും രക്ഷിതാക്കൾ സ്വകാര്യ സ്കൂളുകളിലേക്ക് കൂടുതൽ കൂടുതലായി മക്കളെ പഠിപ്പിക്കാൻ ചേർക്കുന്നു എന്നത് ഇപ്പോഴും തുടരുന്ന കാര്യമാണ്. സർക്കാർ സ്കൂളുകളിൽ സൗകര്യങ്ങൾ ഉണ്ടെങ്കിലും അധ്യാപകരുടെ ആത്മാർത്ഥത കുറവും സർക്കാർ ഉദ്യോഗസ്ഥന്റെ രീതിയിലുള്ള പഠന സമ്പ്രദായങ്ങളും കുട്ടികളിലെ നല്ലതോതിലുള്ള പഠനത്തിന് തടസ്സം ഉണ്ടാക്കുന്നു എന്ന പ്രചരണം തന്നെയാണ് മാതാപിതാക്കളെ സ്വകാര്യ സ്കൂളുകളിലേക്ക് ആകർഷിക്കുവാൻ കാരണമായത് എന്നാണ് പറയപ്പെടുന്നത്.

വിദ്യാസമ്പന്നരായ തലമുറ ഉള്ള സംസ്ഥാനമാണ് നമ്മുടെ കേരളം. കേരളത്തിലാണ് സന്താന നിയന്ത്രണ കാര്യത്തിലും കുടുംബ ആസൂത്രണ കാര്യത്തിലും വലിയ തോതിൽ സ്വീകാര്യത ഉണ്ടായിട്ടുള്ളത്. പുതുതലമുറ ദമ്പതിമാർ മക്കളുടെ എണ്ണം കുറയ്ക്കുന്നത് സ്വാഭാവികമായും സ്കൂളുകളിൽ കുട്ടികളുടെ കുറവ് വരുന്നതിന് കാരണമാകുന്നുണ്ട്. എന്നാൽ അത് മാത്രമല്ല കാരണം എന്ന് വ്യക്തമാക്കുന്നതാണ് സർക്കാർ മേഖലയിലും എയ്ഡഡ് മേഖലയിലും മാത്രമായി കുട്ടികളുടെ അഡ്മിഷൻ കുറയുന്നതിന്റെ രഹസ്യം. സർക്കാർ ഉടമസ്ഥതയിലുള്ള വിദ്യാലയങ്ങളിൽ കുട്ടികൾ കുറയുമ്പോൾ സ്വകാര്യ വിദ്യാലയങ്ങളെ അത് ബാധിക്കുന്നില്ല എന്ന വസ്തുത സർക്കാരും വിദ്യാഭ്യാസ വകുപ്പ് മേധാവികളും തിരിച്ചറിയേണ്ട കാര്യമാണ്. നന്ദി, നമസ്കാരം