വയനാട്ടിൽ വഴക്കോട് വഴക്ക്

പ്രിയങ്ക വന്ന വിവരം ലീഗ് നേതാക്കളെ പോലും അറിയിച്ചില്ല

ദ്യം രാഹുൽ ഗാന്ധിയും പിന്നീട് കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലൂടെ പ്രിയങ്ക ഗാന്ധിയും വൻഭൂരിപക്ഷത്തിൽ ജയിച്ചുപോയ മണ്ഡലമാണ് വയനാട് നിയോജക മണ്ഡലം. വയനാട് ജില്ല മാത്രമല്ല മലപ്പുറം കോഴിക്കോട് ജില്ലകളും വയനാട് ലോക്സഭ മണ്ഡലത്തിൽ പെട്ടവയാണ്. കഴിഞ്ഞ ദിവസം പാർലമെൻറ് അംഗം എന്ന നിലയിൽ സ്വന്തം മണ്ഡലത്തിൽ വിവിധ പരിപാടികൾക്കായി പ്രിയങ്കാ ഗാന്ധി എത്തിയിരുന്നു. മൂന്ന് ദിവസത്തെ പരിപാടികളാണ് പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്നവയായി നടന്നത്. പരിപാടികളിൽ പങ്കെടുത്ത് പ്രിയങ്കാ ഗാന്ധി മടങ്ങി എങ്കിലും ഈ പരിപാടികളുടെ പേരിൽ കോൺഗ്രസ് പാർട്ടിയും യുഡിഎഫും തമ്മിൽ വലിയ തർക്കത്തിലാണ്. കോൺഗ്രസിന്റെ മുൻ നിര നേതാവ് എന്നത് മാത്രമല്ല വയനാട് മണ്ഡലത്തിന്റെ പ്രതിനിധി എന്ന നിലയിൽ കൂടിയാണ് മൂന്ന് ദിവസത്തെ പരിപാടികളുമായി പ്രിയങ്ക ഗാന്ധി വയനാട്ടിൽ എത്തിയത്. കേരളത്തിലെ മറ്റു പല മലയോര ജില്ലകളിലും എന്നതുപോലെ വയനാട്ടിലും വന്യജീവി ആക്രമണം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഒന്നിലധികം ആൾക്കാർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഈ സംഭവത്തിന്റെ പേരിൽ കൂടിയാണ് പ്രിയങ്ക ഗാന്ധി സ്വന്തം മണ്ഡലത്തിലേക്ക് എത്തിയത്. അവിടെ എത്തിയ പ്രിയങ്ക ഗാന്ധി കൊല്ലപ്പെട്ട ആൾക്കാരുടെ വീടുകൾ സന്ദർശിക്കുകയും ബന്ധുക്കളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. ഇത് കൂടാതെയാണ് വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പരിപാടികളിൽ പ്രിയങ്ക ഗാന്ധി പങ്കെടുത്തത്. എന്നാൽ പ്രിയങ്കയുടെ വരവ് സംബന്ധിച്ചും അവരുടെ പരിപാടികൾ സംബന്ധിച്ചുള്ള വിവരങ്ങൾ യുഡിഎഫിലെ പ്രധാന ഘടക കക്ഷിയായ മുസ്ലിം ലീഗിൻറെ നേതാക്കളെ പോലും അറിയിച്ചില്ല എന്നതിൻറെ പേരിലാണ് വലിയ തർക്കങ്ങൾ നടക്കുന്നത്.

പ്രിയങ്ക ഗാന്ധിയുടെ സന്ദർശന പരിപാടികൾ മുസ്ലീംലീഗിന്റെ നേതാക്കളെ പോലും അറിയിക്കാത്തതിന്റെ പേരിൽ മലപ്പുറത്ത് നടന്ന പ്രിയങ്കയുടെ പരിപാടികളിൽ ഒന്നിലും മുസ്ലിംലീഗിന്റെ നേതാക്കൾ പങ്കെടുത്തില്ല. മലപ്പുറത്ത് യുഡിഎഫിന്റെ ജില്ലാ കൺവീനർ ലീഗ് നേതാവായ അഷറഫ് കൊക്കൂർ ആണ്. അദ്ദേഹം മാധ്യമപ്രവർത്തകരെ കണ്ടുകൊണ്ടാണ് തങ്ങളെ പ്രിയങ്കാ ഗാന്ധിയുടെ സന്ദർശന വിവരം അറിയിച്ചില്ല എന്ന് പരസ്യമായി പ്രസ്താവിച്ചത്. ഇത് മാത്രമല്ല മലപ്പുറത്ത് യുഡിഎഫിന്റെ ചെയർമാനായ കോൺഗ്രസ് നേതാവ് പി ടി അജയമോഹനും പ്രിയങ്ക ഗാന്ധിയുടെ പരിപാടികളെ സംബന്ധിച്ച് അറിഞ്ഞില്ല എന്ന് പരസ്യമായി പറയുന്ന സ്ഥിതിയും ഉണ്ടായി. ഇതിൻറെ പേരിൽ വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട എല്ലാ നിയമസഭ മണ്ഡലങ്ങളിലും യുഡിഎഫിന്റെ നേതാക്കൾ തമ്മിൽ തർക്കങ്ങളും വഴക്കുകളും തുടരുകയാണ്. യുഡിഎഫിനെ നയിക്കുന്ന പാർട്ടി കോൺഗ്രസ് മാത്രമല്ല എന്നും മുസ്ലിം ലീഗിന് യുഡിഎഫിൽ വലിയ പ്രസക്തി ഉണ്ട് എന്നുമാണ് ലീഗ് നേതാക്കളുടെ അവകാശവാദം. എന്നിട്ടും പ്രിയങ്കയെ പോലെ ഉയർന്ന നേതാവിൻറെ സന്ദർശനം മറച്ചുവെച്ചത് ധിക്കാരപരമായ നടപടിയായി എന്നാണ് ആക്ഷേപം ഉയരുന്നത്.

ലോകസഭാ തെരഞ്ഞെടുപ്പ് അവസരത്തിൽ വയനാട് മണ്ഡലത്തിലെ മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രിയങ്ക ഗാന്ധി എന്ന നേതാവിനോടുള്ള ഇഷ്ടവും താല്പര്യവും കൊണ്ട് എല്ലാം മറന്ന് വൻ ഭൂരിപക്ഷത്തിലാണ് പ്രിയങ്കയെ ജയിപ്പിച്ചു വിട്ടത്. എന്നാൽ ലോകസഭ തെരഞ്ഞെടുപ്പിന് ശേഷം വയനാട് ജില്ലയിലെ കോൺഗ്രസ് പാർട്ടി അപ്രതീക്ഷിതമായി വലിയ പ്രതിസന്ധികളിലേക്ക് വീണു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ട്രഷറർ ആയിരുന്ന വിജയൻ എന്ന നേതാവ് ആത്മഹത്യ ചെയ്ത സംഭവവും അദ്ദേഹം എഴുതിവെച്ച ആത്മഹത്യ കുറുപ്പിലെ വിവരങ്ങൾ പ്രകാരം ജില്ലയിലെ കോൺഗ്രസ് നേതാക്കൾ നടത്തിയ സാമ്പത്തിക തട്ടിപ്പുകളും അതിന്മേലുള്ള കേസുകളും പാർട്ടിയിൽ വലിയ പ്രതിസന്ധി ഉണ്ടാക്കി. ജില്ലയിലെ ഏക കോൺഗ്രസ് എംഎൽഎ ആയ ഐസി ബാലകൃഷ്ണൻ കേസിൽ പ്രതിയായി-മുൻകൂർ ജാമ്യത്തിലാണ്. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടും പ്രതിയാക്കപ്പെട്ട ശേഷം മുൻകൂർ ജാമ്യത്തിൽ കഴിയുകയാണ്. പാർട്ടിയുടെ ജില്ലയിലെ എല്ലാ ഘടകങ്ങളിലും നേതാക്കന്മാരെ പറ്റിയുള്ള വലിയ വിമർശനങ്ങളും എതിർപ്പുകളും ഓരോ ദിവസം കഴിയുന്തോറും ശക്തമായി കൊണ്ടിരിക്കുകയാണ്. ജില്ലയിൽ ഒരു പാർട്ടികമ്മിറ്റി പോലും ചേരുവാൻ കഴിയാത്ത ദുർഗതിയാണ് ഇപ്പോൾ ഉള്ളത്.

നേതാക്കന്മാർ എല്ലാരും തന്നെ സമൂഹത്തിനുമുന്നിൽ കുറ്റക്കാരായി മാറിയ സാഹചര്യത്തിൽ നാട്ടിൽ പരിപാടികൾ പോലും നടത്തുവാൻ കഴിയാത്ത അവസ്ഥ നിലനിൽക്കുന്നതിന് ഇടയിലാണ് യുഡിഎഫിൽ തന്നെ പ്രിയങ്ക സന്ദർശനത്തിന്റെ പേരിൽ പുതിയ തർക്കങ്ങളും പ്രതിസന്ധിയും ഉടലെടുത്തിരിക്കുന്നത്. മുസ്ലിം ലീഗ് പാർട്ടിക്ക് ഏറ്റവും കൂടുതൽ ശക്തിയുള്ള ജില്ലകളാണ് വയനാടും മലപ്പുറവും കോഴിക്കോടും. ഈ മൂന്ന് ജില്ലകളിലെയും ലീഗ് നേതാക്കളെ അപമാനിക്കുന്നതിന് തുല്യമായ സംഭവമാണ് പ്രിയങ്ക സന്ദർശന കാര്യത്തിൽ ഉണ്ടായിരിക്കുന്നത് എന്ന രീതിയിലുള്ള വിമർശനങ്ങളാണ് നടക്കുന്നത്. ഈ പ്രദേശങ്ങളിൽ മുസ്ലിം ലീഗ് പാർട്ടി യുഡിഎഫുമായി ഇടഞ്ഞു നിൽക്കുന്ന സ്ഥിതിയുണ്ടായാൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർഥികൾക്ക് വലിയ തോതിലുള്ള ക്ഷീണമുണ്ടാകും എന്ന കാര്യം ശരിയാണ്.

പ്രിയങ്ക ഗാന്ധിയുടെ വയനാട് സന്ദർശന അവസരത്തിൽ ഉണ്ടായതായി പറയപ്പെടുന്ന ആരോപണങ്ങളിൽ അന്വേഷണം നടത്തുന്നതിനും പ്രശ്നപരിഹാരം ഉണ്ടാക്കുന്നതിനും കോൺഗ്രസിന്റെ നേതൃത്വം രംഗത്തു വന്നിട്ടുണ്ട്. കെ പി സി സി പ്രസിഡണ്ടും പ്രതിപക്ഷ നേതാവും ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയുമായി ഈ വിഷയം സംസാരിച്ചതായി റിപ്പോർട്ട് ഉണ്ട്. എന്നാൽ കുഞ്ഞാലിക്കുട്ടി ഇപ്പോഴും ഈ പ്രശ്നത്തെ ഗൗരവമായി കാണുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ. കാരണം മലപ്പുറം വയനാട് കോഴിക്കോട് ജില്ലകളിലെ ലീഗ് ജില്ലാ പ്രസിഡണ്ടുമാരും മറ്റു ഭാരവാഹികളും സംഭവത്തിൽ കടുത്ത വൈരാഗ്യത്തോടെയുള്ള മാനസികാവസ്ഥയിലാണ് ഇപ്പോഴും ഉള്ളത്. ചില കോൺഗ്രസ് നേതാക്കളുടെ ധിക്കാരപരമായ നിലപാടാണ് അവഗണനയ്ക്ക് കാരണമെന്ന് ലീഗ് വിശ്വസിക്കുന്നുണ്ട്. വയനാട്ടിലെ എംഎൽഎ യും പാർട്ടി കാര്യങ്ങളിലെ അവകാശി എന്നും ധിക്കാരത്തോടെ പലപ്പോഴും പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ടി. സിദ്ദിഖ് എംഎൽഎയുടെ പ്രവർത്തന ശൈലിയിൽ പല ലീഗ് നേതാക്കളും പ്രതിഷേധത്തിലാണ്. യാതൊരു കൂടിയാലോചനയും മറ്റു രാഷ്ട്രീയ പാർട്ടി നേതാക്കളുമായി നടത്താതെയാണ് യുഡിഎഫ് തീരുമാനം എന്ന നിലയിൽ ഇദ്ദേഹം അടിച്ചേൽപ്പിക്കുന്നത് എന്ന പരാതിയും മുസ്ലിം ലീഗിനും യുഡിഎഫിലെ മറ്റ് ഘടക കക്ഷികൾക്കും ഉണ്ട്. ഇത് മാത്രമല്ല കോൺഗ്രസിലെ തന്നെ ഒരു വിഭാഗം നേതാക്കളും പ്രവർത്തകരും സിദ്ദിഖിൻ്റെ ഏകപക്ഷീയമായ പ്രവർത്തന ശൈലിയിൽ എതിർപ്പുള്ളവർ ആണ്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ എതിർപ്പ് അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം വയനാട് ഡിസിസി ഓഫീസിനു മുന്നിൽ പോസ്റ്ററുകൾ പതിച്ചിരുന്നു. സേവ് കോൺഗ്രസ് ഫോറം എന്ന പേരിൽ ആയിരുന്നു പോസ്റ്ററുകൾ പതിച്ചത്.ഏതായാലും വയനാട് ലോകസഭാ മണ്ഡലത്തിലും വയനാട് ജില്ലാ കോൺഗ്രസ് നേതൃത്വത്തിനുള്ളിലും പരസ്പരമുള്ള ചെളിവാരി എറിയലും വഴക്കുകളും തുടർന്നുകൊണ്ടിരിക്കുകയാണ്. മുസ്ലിം ലീഗ് പാർട്ടി കൂടി ഇതിൽ വന്നുചേർന്നതോടെ യുഡിഎഫിന്റെ മുന്നോട്ടുള്ള പോക്ക് തന്നെ പ്രതിസന്ധിയിൽ ആകുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്.