പി. രാജുവിന്റെ മരണം സിപിഐയിൽ പുതിയ കലാപം

കുടുംബം നശിപ്പിച്ചത് പാർട്ടി നേതാക്കൾ എന്ന് പരാതി

റണാകുളം ജില്ലയിലെ വടക്കൻ പറവൂർ സ്വദേശിയാണ് മുൻ എം എൽ എയും സിപിഐ നേതാവും ആയ പി രാജു. രണ്ടു തവണ എറണാകുളം ജില്ലയിൽ സിപിഐയുടെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പി രാജു നിസ്വാർത്ഥനായ ഒരു നേതാവായിട്ടാണ് അറിയപ്പെട്ടിരുന്നത്. ആദർശ രാഷ്ട്രീയക്കാരനും സ്വാതന്ത്ര്യ സമര സേനാനിയും ഒക്കെയായിരുന്ന മുൻ എം എൽ എ ശിവൻ പിള്ളയുടെ മകനാണ് പി രാജു. രണ്ടുതവണ പറവൂരിൽ നിന്നും രാജു നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എറണാകുളം ജില്ലയിൽ സിപിഐയുടെ ശക്തി വർധിപ്പിക്കുന്നതിൽ കാര്യമായ പങ്കുവഹിച്ച നേതാവ് കൂടിയാണ് പി രാജു. രണ്ടുമൂന്ന് വർഷമായി വിവിധ രോഗങ്ങളുടെ പേരിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഏറ്റവും ഒടുവിൽ ക്യാൻസർ രോഗം കൂടി ബാധിച്ചതോടുകൂടിയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.

സിപിഐയുടെ ജില്ലാകമ്മറ്റികളിൽ കഴിഞ്ഞവർഷം തെരഞ്ഞെടുപ്പ് നടന്നപ്പോൾ എറണാകുളം ജില്ലയിൽ സിപിഐക്ക് അകത്തുള്ള 2 വിഭാഗങ്ങൾ തമ്മിൽ വലിയ സംഘർഷവും വൈരാഗ്യവും ഉണ്ടായിരുന്നു. ജില്ലാ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് കളമശ്ശേരിയിൽ നടന്നപ്പോൾ പാർട്ടിക്കകത്തുള്ള രണ്ടു വിഭാഗങ്ങൾ തമ്മിൽ കയ്യാങ്കളി നടത്തുന്ന സ്ഥിതി വരെ ഉണ്ടായിരുന്നു. പലതവണ ഭാരവാഹികളുടെ വോട്ടെടുപ്പ് മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. ഈ അവസരത്തിലാണ് പി രാജു വിഭാഗം ശക്തമായ എതിർപ്പുകളെ നേരിട്ടത്. മാത്രവുമല്ല അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന രീതിയിലേക്ക് മുതിർന്ന പാർട്ടി സഖാക്കൾകടക്കുകയും ചെയ്തതോടെ പി രാജു വലിയതോതിൽ മാനസിക സംഘർഷത്തിൽ ആയിരുന്നു. ഇതോടുകൂടിയാണ് രോഗം മൂർച്ഛിക്കുകയും ആശുപത്രി ജീവിതത്തിലേക്ക് മാറുകയും ചെയ്തത്.

സിപിഐയുടെ താഴെ തട്ട് മുതൽ പ്രവർത്തിച്ചു വളർന്ന നേതാവായിരുന്നു രാജു. ജില്ലാ സെക്രട്ടറി പദവിയിൽ തുടർന്നിരുന്ന അദ്ദേഹം പാർട്ടി മുഖപത്രത്തിന്റെ കൊച്ചി യൂണിറ്റിൽ മാനേജരായും പ്രവർത്തിച്ചിരുന്നു. വിവിധ ട്രേഡ് യൂണിയനുകളുടെ നേതാവായും പ്രവർത്തിച്ചു.

സിപിഐയുടെ പാർട്ടി തെരഞ്ഞെടുപ്പ് അവസരത്തിലാണ് പാർട്ടിക്കകത്ത് പരസ്യമായ വിഭാഗീയ പ്രവർത്തനവും ചേരിതിരിവും ഉടലെടുത്തത്. അന്ന് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ പക്ഷവും മറുവശത്ത് മറ്റൊരു പക്ഷവും ശക്തമായ നിലയിൽ പോരാടുന്ന സ്ഥിതിയുണ്ടായി. പലയിടത്തും കാനം വിഭാഗം ശക്തമായി നിലനിൽക്കുകയും ചെയ്തു. എറണാകുളം ജില്ലയിൽ കാനം വിഭാഗത്തിൻറെ നേതാവായി നിന്നിരുന്നു-എങ്കിലും പ്രവർത്തനരംഗത്ത് കാര്യമായിഇല്ലാതെ വന്നതോടുകൂടി ജില്ലാ നേതൃത്വം മറ്റൊരു വിഭാഗം കയ്യടക്കുകയാണ് ഉണ്ടായത്.

രണ്ടുതവണ നിയമസഭ അംഗവും പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗവും ഒക്കെയായിരുന്ന പി രാജുവിനെതിരെ അഴിമതി ആരോപണങ്ങൾ ഉയർത്തി അദ്ദേഹത്തെ തേജോവധം ചെയ്യുവാൻ ശ്രമിച്ചത്-സിപിഐയുടെ തന്നെ എറണാകുളത്തെ മുതിർന്ന ചില നേതാക്കൾ ആയിരുന്നു. വടക്കൻ പറവൂർ കേന്ദ്രീകരിച്ച് രാജുവിന്റെ നേതൃത്വത്തിൽ കാർഷിക ഉൽപന്ന വിപണന സംഘം രൂപീകരിക്കുകയും, സംഘത്തിലേക്ക് ഷെയർ അടിസ്ഥാനത്തിൽ വലിയ തുക പിരിച്ചെടുക്കുകയും ചെയ്തിരുന്നു. സംഘത്തിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് പോലീസ് കേസ് വരെ ഉണ്ടാക്കിയെടുത്തത് സിപിഐയുടെ ചില നേതാക്കളുടെ രഹസ്യനീക്കങ്ങൾ വഴിയായിരുന്നു എന്ന പരാതി രാജുവിന് ഉണ്ടായിരുന്നു. ഇതിനുശേഷമാണ് പാർട്ടിയുടെ ഫണ്ട് പിരിച്ചത് കാണുവാനില്ല-എന്ന തരത്തിലുള്ള വാർത്തകൾ പാർട്ടിയിലെ ചില നേതാക്കൾ വഴി പുറത്തുവന്നത്. സംഭവം പ്രചാരത്തിൽ വന്നതോടുകൂടി ഈ കാര്യത്തിൽ അന്വേഷണം നടത്തുന്നതിന് പാർട്ടി കമ്മീഷനെ വയ്ക്കുകയും ആരോപണം അടിസ്ഥാനരഹിതമാണ്-എന്ന തരത്തിലുള്ള റിപ്പോർട്ട് പാർട്ടി നേതൃത്വത്തിന് നൽകുകയും ചെയ്തതായിട്ടാണ് പറയപ്പെടുന്നത്.

അന്വേഷണ റിപ്പോർട്ട് വഴി കുറ്റവിമുക്തമാക്കപ്പെട്ടെങ്കിലും പാർട്ടിയിൽ എല്ലാ പദവികളിൽ നിന്നും തരംതാഴ്ത്തിയിരുന്ന രാജുവിനെ പാർട്ടിയിൽ മറ്റു പദവികൾ നൽകാതെ ഒതുക്കിയത് ചില നേതാക്കളുടെ കളികളുടെ ഭാഗമായിരുന്നു എന്ന് രാജുവിന് പരാതി ഉണ്ടായിരുന്നു. നിരപരാധിയായ തന്നെ അവസരവാദ രാഷ്ട്രീയവും വിഭാഗീയതയും കളിച്ച് സ്ഥാനമാനം നേടിയെടുത്ത ചില നേതാക്കൾ മനപ്പൂർവ്വം ചതിക്കുകയാണ് ചെയ്തത്-എന്നാണ് രാജു പറഞ്ഞിരുന്നത്. ഒടുവിൽ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ആയി ബിനോയ് വിശ്വം വന്നപ്പോൾ മാന്യമായ പരിഗണന ലഭിക്കുമെന്നും അദ്ദേഹം പ്രതീക്ഷിച്ചിരുന്നു. എന്നാൽ പാർട്ടിയുടെ സംസ്ഥാന നേതാക്കളിൽ ചിലർ മനപൂർവ്വമായി പി രാജുവിനെ തഴയുന്ന നിലപാടാണ് സ്വീകരിച്ചത്.

പാർട്ടി സ്ഥാനമാനങ്ങൾ വിട്ട് രോഗ ചികിത്സയുമായി കഴിഞ്ഞിരുന്ന പി രാജു കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയുടെ പേരിൽ ലക്ഷക്കണക്കിന് രൂപ ചിലവ് വന്നപ്പോഴും പാർട്ടി നേതൃത്വം തിരിഞ്ഞു നോക്കുക പോലും ചെയ്തില്ല-എന്ന പരാതിയാണ് രാജുവിന്റെ കുടുംബം ഇപ്പോൾ ഉയർത്തിയിരിക്കുന്നത്. ചിലരുടെ വ്യക്തിവൈരാഗ്യങ്ങൾ പകയോട് കൂടി തീർക്കുവാനാണ് രാജുവിനെ തരംതാഴ്ത്തിയതെന്ന വിശ്വാസവും കുടുംബത്തിൽ ഉണ്ട്. ഏതായാലും ജീവിതകാലം മുഴുവൻ സിപിഐ എന്ന പാർട്ടിക്ക് വേണ്ടി മാറ്റിവെച്ച് പി രാജു എന്ന സഖാവിൻറെ കുടുംബം ഒന്നടങ്കം സംസ്ഥാന നേതൃത്വത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ഒരു കാരണവശാലും രാജുവിന്റെ മൃതദേഹം പൊതുദർശനത്തിനായി പാർട്ടി ഓഫീസിൽ വെക്കാൻ പാടില്ല-എന്നും അദ്ദേഹത്തിൻറെ നാട്ടിലെ പാർട്ടി ഓഫീസിൽ പോലും മൃതദേഹം വെക്കേണ്ടതില്ല-എന്നും കുടുംബം തീരുമാനിച്ചു. മാത്രവുമല്ല പി രാജു എന്ന സഖാവിൻറെ മൃതശരീരത്തിൽ ആദരവു അർപ്പിക്കാൻ പാർട്ടിയുടെ സംസ്ഥാന നേതാക്കൾ ആരും വരേണ്ടതില്ല-എന്നും കുടുംബ അംഗങ്ങൾ പാർട്ടി നേതൃത്വത്തെ അറിയിക്കുകയാണ് ചെയ്തത്.

ഇതിനിടയിലാണ് സിപിഐയുടെ ഏറ്റവും സീനിയറായ നേതാവ് കെ. ഇ ഇസ്മയിൽ പരസ്യമായി തന്നെ പി രാജു എന്ന സഖാവിനോട് പാർട്ടി സംസ്ഥാന നേതൃത്വവും മറ്റു ചില നേതാക്കളും ക്രൂരമായ പ്രതികാരമാണ് ചെയ്തതെന്ന പ്രസ്താവനയുമായി രംഗത്തുവന്നത്. ഇതോടുകൂടി മരണപ്പെട്ട സഖാവ് രാജുവിന്റെ പേരിൽ സിപിഐയുടെ സംസ്ഥാന നേതൃത്വത്തിൽ വലിയ കലഹം ഉണ്ടായിരിക്കുകയാണ്. നേതാക്കൾ രാജുവിന്റെ വിഷയത്തിൽ രണ്ടു തട്ടിൽ നിന്നുകൊണ്ട് തർക്കങ്ങൾ തുടരുന്നതായിട്ടാണ് പുറത്തുവരുന്ന വാർത്തകൾ. സിപിഐ എന്ന പാർട്ടിയുടെ ആദർശശാലിയായ നേതാക്കളിൽ മുന്നിൽ നിന്നിരുന്ന ശിവൻപിള്ള എന്ന നേതാവിനെ പോലെ ത്യാഗം ചെയ്ത ഒരാളുടെ മകനും, പാർട്ടിയുടെ പ്രവർത്തകനായി ജീവിതം മുഴുവൻ നിലനിന്നിട്ടും അദ്ദേഹത്തെ ചേർത്തു പിടിക്കാൻ പാർട്ടി തയ്യാറാവാതെ വന്നത് തെറ്റുതന്നെയാണ് എന്ന് വിമർശനമാണ് ഉയരുന്നത്.

രണ്ടു മൂന്നുവർഷം കടുത്ത രോഗബാധയുമായി വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിഞ്ഞിട്ടും പാർട്ടിയും ഒരു നേതാവും അദ്ദേഹത്തെ തിരിഞ്ഞുനോക്കിയില്ല എന്ന പരാതിയാണ് കുടുംബം ഉയർത്തുന്നത്. സിപിഐ എന്ന പാർട്ടിയുടെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് 15 കോടിയോളം രൂപ മുടക്കി പണിതീർത്തപ്പോഴും ജീവിതം മുഴുവൻ പാർട്ടിക്കായി ചെലവഴിച്ച ഒരു സഖാവ് മരണത്തോട് മല്ലടിച്ചപ്പോൾ തിരിഞ്ഞു നോക്കാതിരുന്നത് കടുത്ത അപരാധമായി പോയി എന്ന വിലയിരുത്തലും പാർട്ടി പ്രവർത്തകരിൽ ഉണ്ട്.