മാതാപിതാക്കൾ ഇതു കണ്ട് പഠിക്കണം

ഇതാണ് തോറ്റവൻ്റെ വിജയഗാഥ

മാതാപിതാക്കൾ ഭാവനയിൽ കാണുന്ന വലിയ പരീക്ഷാ വിജയം നേടുവാൻ മക്കൾക്ക് കഴിഞ്ഞില്ല എങ്കിൽ അവരെ ക്രൂരമായി പീഡിപ്പിക്കുന്ന വിധത്തിൽ വഴക്കു പറയുകയും വേണ്ടിവന്നാൽ തല്ലുകയും ഒക്കെ ചെയ്യുന്ന പരിഷ്കൃതരായ മലയാളികൾക്ക് കണ്ടുപടിക്കാൻ ഒരു സംഭവം അരങ്ങേറിയത് കർണാടകത്തിൽ ആണ്. കഥ കേൾക്കുമ്പോൾ അത്ര പെട്ടെന്ന് ആർക്കും രസിച്ചു എന്ന് വരില്ല എന്നാൽ വലിയ വിദ്യാസമ്പന്നരായ മാതാപിതാക്കൾ എന്നൊക്കെ പറയുന്ന മലയാളികൾക്ക് പോലും ഒരു നല്ല അനുഭവമായി കാണുവാൻ കഴിയുന്ന സംഭവമാണ് കർണാടകത്തിൽ നടന്നത് . കർണാടക വിദ്യാഭ്യാസ വകുപ്പ് നടത്തിയ പത്താം ക്ലാസ് പരീക്ഷയിൽ വലിയ തോൽവിയിൽ എത്തിയ സ്വന്തം മകനെ എന്തെങ്കിലും തരത്തിൽ അധിക്ഷേപിച്ചും വഴക്കുപറഞ്ഞും അവനെ നിരാശനും ആത്മവിശ്വാസം നഷ്ടപ്പെട്ടവനുമായി മാറ്റാതെ, ഉണ്ടായ തോൽവി അവഗണിച്ചുകൊണ്ട് വലിയ വിജയം നേടിയെടുക്കാനുള്ള പ്രേരണ മകനിൽ ഉണ്ടാകാത്ത വിധത്തിൽ ഒരു കുടുംബം നടത്തിയ കേക്കു മുറിക്കലും ആഘോഷങ്ങളും ആണ് വീഡിയോ ആയി സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത്.

കർണാടകത്തിലെ ബഗൽകോട്ട് എന്ന സ്ഥലത്തുള്ള ബസവേശ്വർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ആയിരുന്നു അഭിഷേക് പരീക്ഷയുടെ ഫലം പുറത്തുവന്നപ്പോൾ യഥാർത്ഥത്തിൽ മാതാപിതാക്കളെ വലിയ നിരാശയിൽ ആക്കുന്ന ദയനീയമായ തോൽവിയാണ് ഉണ്ടായത് . കർണാടക വിദ്യാഭ്യാസ വകുപ്പിന്റെകീഴിൽ നടക്കുന്ന എസ് എസ് എൽ സി ബോർഡ് പരീക്ഷയിലാണ് അഭിഷേകിന് വലിയ തോൽവിയുടെ ഫലം ഉണ്ടായത് . പരീക്ഷയിൽ ആറു വിഷയങ്ങളിലും വിദ്യാർത്ഥി തോൽവിയാണ് ഏറ്റുവാങ്ങിയത് ആകെയുള്ള 625 മാർക്കിൽ വെറും 200 മാർക്ക് മാത്രമാണ് അഭിഷേകിന് കിട്ടിയത് അതായത് വെറും 32% മാത്രം മാർക്ക് ആണ് കുട്ടി നേടിയത്.

സ്കൂളിലെത്തി പരീക്ഷാഫലം നോക്കി പരാജയപ്പെട്ട അഭിഷേക് വീട്ടിലെത്തിയത് വലിയ സങ്കടത്തോടെ കൂടി ആയിരുന്നു. വീട്ടിലെത്തിയ മകൻ ഭക്ഷണം പോലും കഴിക്കാതെ കിടക്കുന്നത് കണ്ടപ്പോൾ യഥാർത്ഥത്തിൽ സങ്കടപ്പെട്ടത് കുട്ടിയുടെ മാതാപിതാക്കൾ ആയിരുന്നു. ഏതായാലും മകന് പത്താം ക്ലാസിൽ വലിയ തോൽവി ഉണ്ടായി എങ്കിലും അവനെ നിരാശപ്പെടുത്താതെ കൂടുതൽ മികച്ച പഠനം നടത്തി ഉയർന്ന മാർക്കിൽ ജയിച്ചു വരുവാൻ അവനെ പ്രാപ്തനാക്കണം എന്ന ധാരണയിൽ കുടുംബാംഗങ്ങൾ എത്തിച്ചേർന്നു അവർ തന്നെയാണ് അതിനുള്ള വഴികളും കണ്ടെത്തിയത്.

അഭിഷേകിന്റെ പിതാവിൻറെ സഹോദരനാണ് വൈകുന്നേരം വലിയ ഒരു കേക്കുമായി വീട്ടിൽ എത്തിയത് മകൻറെ പരീക്ഷയിലെ തോൽവി ആഘോഷിക്കാൻ വകയുള്ളതല്ല എന്ന് മാതാപിതാക്കൾക്കും മറ്റു ബന്ധുക്കൾക്കും അറിയാം എന്നാൽ തോൽവിയുടെ ആഘാതം മൂലം മാനസികമായി തളർന്ന അഭിഷേകിനെ സന്തോഷിപ്പിച്ച് മറ്റു കുട്ടികളെപ്പോലെ മിടുക്കനായി മാറുവാനുള്ള അവസരം ഒരുക്കുക എന്നതാണ് കുടുംബം ആഗ്രഹിച്ചത്

വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കാൻ താല്പര്യം കാണിച്ച അഭിഷേകിനെ അമ്മയും അച്ഛനും ചേർന്നാണ് വിളിച്ചുണർത്തി കേക്കിന്റെ മുന്നിൽ ഇരുത്തി ആ കേക്ക് മുറിച്ചു കൊണ്ട് കൈകൊട്ടി പാടി മകൻറെ സങ്കടം മാറ്റുവാൻ എല്ലാ കുടുംബാംഗങ്ങളും തയ്യാറായത്. സഹോദരങ്ങൾ അടക്കമുള്ളവർ കൈകൊട്ടി പാട്ടുപാടി രസിക്കുന്ന ഇടയിലേക്ക് മാറിയപ്പോൾ അവിടെ ഒതുങ്ങി നിൽക്കാൻ അഭിഷേകിന് കഴിയുമായിരുന്നില്ല. അയാളും പരീക്ഷയുടെ തോൽവിയിലെ സങ്കടങ്ങൾ മാറ്റിവെച്ചുകൊണ്ട് ബന്ധുക്കൾക്കൊപ്പം ചിരിയും കളിയുമായി ഒത്തുചേർന്നു. കേക്ക് എല്ലാവരും വീധിച്ച് എടുത്തു കഴിഞ്ഞപ്പോൾ അഭിഷേകിന്റെ അച്ഛനും അമ്മയും അവനെ പുണർന്നു നടുക്കുനിർത്തിക്കൊണ്ട് മകൻ വീണ്ടും പരീക്ഷ എഴുതി നല്ല മാർക്ക് നേടി വിജയിക്കണം എന്ന് പറഞ്ഞപ്പോൾ എല്ലാം മറന്ന് അമ്മയെയും അച്ഛനെയും ഇരു കൈകളും കൊണ്ട് കെട്ടിപ്പിടിച്ചു ഞാൻ ഞാൻ അടുത്ത പരീക്ഷ എഴുതുമെന്നും ആ പരീക്ഷയിൽ നല്ല മാർക്ക് വാങ്ങി ഒന്നാംതരം വിജയം നേടുമെന്നും പറഞ്ഞപ്പോൾ മാതാപിതാക്കൾക്ക് മാത്രമല്ല ആ കുടുംബത്തിലെ എല്ലാവർക്കും വിശദീകരിക്കാനാവാത്ത ആഹ്ലാദവും സന്തോഷവും ഉണ്ടായി.

കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ ഒരു തമാശ കഥ പോലെ തോന്നുമെങ്കിലും കർണാടകത്തിൽ നടന്ന ഈ സംഭവം നമ്മുടെ വലിയ വിദ്യാസമ്പന്നർ എന്നൊക്കെ പറയുന്ന പുതു തലമുറ ദമ്പതിമാർക്ക് ഈ പാഠം വലിയ ഒന്നായിമാറുക തന്നെ ചെയ്യും. പരീക്ഷയിൽ തോൽക്കുന്ന കൊച്ചു കുട്ടികളെ വരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുവാനും തല്ലി പഴുപ്പിക്കുവാനും ഒരു മടിയും കാണിക്കാത്ത പരിഷ്കാരികളായ പുതിയ തലമുറ ദമ്പതിമാർക്ക് ഈ കർണാടക അനുഭവം നല്ല ബുദ്ധി ഉണ്ടാക്കുവാൻ സഹായിക്കും എന്ന് ഞങ്ങൾ കരുതുന്നു.