ക്രിസ്ത്യൻ തിരുമേനിമാർ ഒളിവിലാണോ?

കന്യാസ്ത്രീകൾ തെരുവിൽ തല്ലു കൊള്ളുന്നു..

കേരളത്തിലെ പുരോഹിതന്മാരും കന്യാസ്ത്രീകളുമായ നിരവധി പേർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിലടക്കം ദരിദ്ര ജനവിഭാഗം ജീവിക്കുന്ന പ്രദേശങ്ങളിൽ പലതരത്തിലുള്ള സഹായ സേവന പ്രവർത്തനങ്ങളുമായിട്ടാണ് ക്രിസ്ത്യൻ പുരോഹിതന്മാരും കന്യാസ്ത്രീകളും അവിടെ നിലകൊള്ളുന്നത്. സ്വാതന്ത്ര്യ സമരകാലം മുതൽക്കേ ക്രിസ്ത്യൻ മിഷനറിമാർ ഉത്തരേന്ത്യയിലടക്കം സേവന പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്. ഉത്തരേന്ത്യയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗങ്ങൾ ഏറെയുള്ള സംസ്ഥാനങ്ങളിലാണ് ഈ സംഘം പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസം , ആരോഗ്യം, തൊഴിൽ ഈ രംഗത്തെല്ലാം സന്നദ്ധ സേവകർ ഇടപെടൽ നടത്താറുണ്ട്. ഇതിനോടൊപ്പം പാവങ്ങളെ ഈശ്വര വിശ്വാസത്തിലേക്ക് എത്തിക്കുന്നതിന് മതസ്ഥാപനങ്ങളും തുറക്കുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്.

ക്രിസ്തുമത പ്രചരണം കൂടി ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ പറയുന്ന പുരോഹിതന്മാരും കന്യാസ്ത്രീകളും അവിടങ്ങളിൽ പ്രവർത്തിക്കുന്നത്. എന്നാൽ വൈദികരും കന്യാസ്ത്രീകളും ഇപ്പറഞ്ഞ സ്ഥലങ്ങളിലെത്തി പ്രവർത്തനങ്ങൾ നടത്തുന്നത് ആഡംബര സൗകര്യങ്ങൾ ഒരുക്കിക്കൊണ്ടല്ല എന്നത് മറ്റൊരു വശം. ദരിദ്ര ജനവിഭാഗങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ അവരെ പോലെ തന്നെ പലതരത്തിലുള്ള വിഷമതകളും അനുഭവിച്ചു കൊണ്ടാണ് ഈ സംഘം പ്രവർത്തിച്ചു വരുന്നത്. ജലന്ധർ, മേഘാലയ, ഛത്തീസ്ഗഡ്, മണിപ്പൂർ, തുടങ്ങിയ ആദിവാസികൾ അടക്കമുള്ളവർ താമസിക്കുന്ന സ്ഥലങ്ങളിൽ ചെന്നാണ് വൈദികരും സന്യാസിനികളും സേവനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. ‘അങ്ങനെയുള്ള ത്യാഗപരമായ പ്രവർത്തനങ്ങൾ മടികൂടാതെ നടത്തുന്ന ഈ സംഘത്തെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്രൂരമായി പീഡിപ്പിച്ചു കൊണ്ടിരിക്കുന്നതിന്റെ വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച ഛത്തീസ്ഗഡിൽ സേവന പ്രവർത്തനത്തിന് എത്തിയ രണ്ടു കന്യാസ്ത്രീകളെ ഹൈന്ദവ സംഘടനയായ ബജരംഗ് ദൾ പ്രവർത്തകർ തടഞ്ഞുവെച്ചു നിർബന്ധമായി കന്യാസ്ത്രീകൾ മതപരിവർത്തനം നടത്തിക്കൊണ്ടിരിക്കുന്നു എന്ന പോലീസിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസെത്തി രണ്ടു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്യുകയും അവരെ കോടതി, ജയിലിൽ ആക്കുകയും ചെയ്തിരിക്കുകയാണ്. അവിടെ ട്രെയിനിൽ നിന്നും ഇറങ്ങിയ കന്യാസ്ത്രീകളോടൊപ്പം പ്രായപൂർത്തിയായ പെൺകുട്ടികൾ ഉണ്ടായിരുന്നു എന്നും ഇവരെ ബലമായി കന്യാസ്ത്രീകൾ കടത്തിക്കൊണ്ടു വന്നതാണ് എന്നുമാണ് ബജരംഗദൾ ആരോപിക്കുന്നത്.

കേരളത്തിലെ ചേർത്തല ആസ്ഥാനമായി പ്രവർത്തിക്കുന്ന അസീസി സിസ്റ്റേഴ്സ് ഓഫ് ഇമാക്കുലേറ്റ് എന്ന സന്യാസിനി സമൂഹത്തിൽ പെട്ട രണ്ട് കന്യാസ്ത്രീകളെയാണ് ഛത്തീസ്ഗഡിൽ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനു മുമ്പ് ഇവരെ തടഞ്ഞുവച്ച ആർ എസ് എസ് – സംഘപരിവാർ പ്രവർത്തകരും ബജരംഗദൾ പ്രവർത്തകരും ക്രൂരമായി മർദ്ദിച്ചതായിട്ടും കന്യാസ്ത്രീകൾ പറഞ്ഞു. തങ്ങളോടൊപ്പം ഉണ്ടായിരുന്ന രണ്ടു പെൺകുട്ടികൾ പ്രായപൂർത്തിയായവരാണെന്നും അവരുടെ മാതാപിതാക്കളാണ് സേവനത്തിന് വേണ്ടി തങ്ങൾക്കൊപ്പം പെൺകുട്ടികളെ അയച്ചതെന്നുമാണ് കന്യാസ്ത്രീകൾ വെളിപ്പെടുത്തുന്നത്. ഇതെല്ലാം രേഖകളടക്കം പോലീസിനെ അറിയിച്ചിട്ടും ചിലരുടെ നിർദ്ദേശപ്രകാരം തങ്ങളെ അറസ്റ്റ് ചെയ്യുകയും ജയിലിലാക്കുകയും ചെയ്തു എന്നാണ് കന്യാസ്ത്രീകളുടെ പരാതി. ഏതായാലും ഛത്തീസ്ഗഡ് സംഭവം ഇപ്പോൾ അവിടുത്തെക്കാൾ വലിയ പ്രശ്നമായി മാറിയിരിക്കുന്നത് കേരളത്തിലാണ്. കേരളത്തിൽ നിന്നുള്ള കന്യാസ്ത്രീകളാണ് അവിടെ ജയിലിൽ കിടക്കുന്നത്. അതുകൊണ്ടുതന്നെ കേരളത്തിലെ സീറോ മലബാർ സഭ വിശ്വാസികളും അവരുടെ സഭാ സ്ഥാപന മേധാവികളും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. സംഭവത്തിന്റെ പേരിൽ ഇപ്പോൾ ഉയർന്നുവരുന്ന ആരോപണങ്ങൾ കേരളത്തിലെ സീറോ മലബാർ സഭ അടക്കമുള്ള ക്രൈസ്തവ സഭാമേധാവികളുടെ മൗനത്തെക്കുറിച്ചാണ്. വിവിധ ക്രിസ്തീയ സഭകളുടെ ബിഷപ്പുമാരും കർദിനാൾമാരും നാവനക്കിയാൽ ബിജെപി നേതാക്കൾക്ക് പിന്തുണ പറയുന്നവരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും. പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങളെ സംരക്ഷിക്കുന്നവരാണെന്ന് പ്രസംഗിക്കുന്ന മതമേധാവികൾ ഛത്തീസ്ഗഡിലെ ക്രിസ്ത്യാനികളും സഭാപ്രവർത്തകരും അനുഭവിക്കുന്ന ദുരിതങ്ങൾ കണ്ടില്ല എന്ന് നടിക്കുന്നത് വിരോധാഭാസമാണെന്നും, ഈ മതമേധാവികൾ സമുദായിക വിശ്വാസികളോട് അവഗണനയാണ് കാണിക്കുന്നതെന്നുമുള്ള വിമർശനങ്ങളാണ് ഉയരുന്നത്. കേരളത്തിൽ നിന്നും ക്രിസ്തുമത വിശ്വാസികളുടെ പ്രതിനിധി എന്ന നിലയിലാണ് കേന്ദ്രമന്ത്രിസഭയിൽ ജോർജ് കുര്യൻ മന്ത്രിയായി ചുമതലയേറ്റത്. ആ കേന്ദ്രമന്ത്രി പോലും സഭാ വിശ്വാസികൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തെരുവിൽ കിടന്നു തല്ലു കൊള്ളുന്ന സ്ഥിതി ഉണ്ടായിട്ടും ഒരു അക്ഷരവും മിണ്ടുന്നില്ല എന്നതും വിശ്വാസികളിൽ വലിയ പ്രതിഷേധം ഉയർത്തുന്നുണ്ട്.

കേന്ദ്രമന്ത്രിമാരെയും ബിജെപി നേതാക്കളെയും അങ്ങോട്ട് ചെന്ന് കണ്ട് വലിയ പുകഴ്ത്തൽ നടത്തുന്ന തിരുമേനിമാരും, ബിഷപ്പുമാരും ,കർദിനാളുമാരും സഭാവിശ്വാസികൾ തല്ലു കൊള്ളുമ്പോഴും സഭാ മേധാവികളുടെ അന്തപുരങ്ങളിൽ സുഖജീവിതം നയിക്കുകയാണ് എന്ന ആരോപണം വിശ്വാസികളുടെ ഭാഗത്തു നിന്നും ഉയരുകയാണ്. നിരപരാധികളായ കന്യാസ്ത്രീകളെ റെയിൽവേ സ്റ്റേഷനിൽ വച്ച് ക്രൂരമായി മർദ്ദിക്കുകയും തെറ്റൊന്നും ചെയ്യാത്ത ആ കന്യാസ്ത്രീകളെ പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ച് ജയിലിൽ പാർപ്പിക്കുന്നതും കടുത്ത അനീതിയാണ്. ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് ബജരംഗദൾ പ്രവർത്തകർ മാത്രമല്ല ഹൈന്ദവ സംഘടനകളായ ആർ എസ് എസ് – സംഘപരിവാർ ശക്തികളും ഉണ്ടെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ നടക്കുന്ന ഈ പ്രവർത്തനങ്ങളിൽ അവിടുത്തെ സർക്കാരുകൾ ഒരു നടപടിയും സ്വീകരിക്കുന്നില്ല. മാത്രവുമല്ല പുരോഹിതന്മാരെയും കന്യാസ്ത്രീകളെയും മനുഷ്യക്കടത്ത് നടത്തുന്നവരായിട്ടും മതപരിവർത്തനം നടത്തുന്നവരായിട്ടും മുദ്രകുത്തി രാജ്യദ്രോഹികളായി വിശേഷിപ്പിക്കുകയാണ് ഹൈന്ദവ സംഘടനകൾ. ഇത്രയും ക്രൂരമായ പീഡനങ്ങൾ ഉണ്ടായിട്ടും സഭാ മേധാവികൾ കേന്ദ്രമന്ത്രിമാർക്കോ ബിജെപി നേതാക്കൾക്കോ എതിരെ ഒരു വാക്കുപോലും മിണ്ടാത്തത് സമുദായത്തോടു കാണിക്കുന്ന കടുത്ത വഞ്ചനയാണ് എന്ന രീതിയിലുള്ള വിമർശനങ്ങളാണ് ഇടവകകളിൽ കുർബാന അവസരങ്ങളിൽ പോലും ഉയരുന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ കേന്ദ്രത്തിൽ ബിജെപി ഭരണം വന്ന ശേഷമാണ് ഇത്തരത്തിൽ സേവനത്തിനെത്തുന്ന ക്രിസ്തുമത പുരോഹിതന്മാരും കന്യാസ്ത്രീകളും ആക്രമിക്കപ്പെടുന്ന സംഭവങ്ങൾ ധാരാളമായുള്ളത്. ഭരണത്തിലിരിക്കുന്ന പാർട്ടി എന്ന നിലയിൽ ആർ എസ് എസ് – സംഘപരിവാർ പ്രവർത്തകർ നടത്തുന്ന എന്ത് തരത്തിലുള്ള കൊള്ളയും അനുവദിച്ചു കൊടുക്കുന്ന നിലപാടുകളാണ് ബിജെപി സർക്കാറിന്റെ ഭാഗത്തു നിന്നുള്ളത്. അക്രമം ചെയ്യുന്നവർ നിരപരാധികളും, സേവനം നടത്തുന്നവർ കുറ്റവാളികളും ആയി മാറുന്ന അവസ്ഥയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാണുന്നത്. ഇത്തരത്തിലുള്ള ഹൈന്ദവ സംഘടനകളുടെ കടന്നുകയറ്റവും അക്രമവും ഇപ്പോഴും ആവർത്തിക്കുകയാണ്. ക്രിസ്തുമതത്തിന്റെ സ്ഥാപനങ്ങളും പള്ളികളും സന്യാസിനിയും മതങ്ങളും എല്ലാം ഹൈന്ദവ സംഘടനകൾ അടിച്ചു തകർക്കുന്നു. അവിടെ പ്രവർത്തിക്കുന്നവരെ ക്രൂരമായി മർദ്ദിക്കുന്നു. ഇതെല്ലാം കഴിയുമ്പോഴാണ് പോലീസ് കേസെടുക്കുന്നതും കേസുകൾ കോടതിയിൽ എത്തുന്നതും നിരപരാധികളായ സേവന പ്രവർത്തകരെ കുറ്റവാളികൾ ആക്കി രജിസ്റ്റർ ചെയ്യപ്പെടുന്നതും. അതുകൊണ്ടുതന്നെയാണ് കേരളത്തിൽ ശക്തമായ സാമുദായിക സംഘടനയായ സീറോ മലബാർ സഭ അടക്കം ക്രൈസ്തവർ ഒന്നടങ്കം മതമേധാവികൾക്കെതിരെ തിരിയുന്ന സ്ഥിതി ഉണ്ടായിരിക്കുന്നത്. ഇപ്പോഴും രാജ്യം ഭരിക്കുന്ന ബിജെപി ക്കും അതിൻറെ നേതാക്കൾക്കും മുന്നിൽ മുട്ടുമടക്കുന്ന ഗതികേടിലാണ് മതമേധാവികൾ എന്നാണ് വിശ്വാസികൾ കുറ്റപ്പെടുത്തുന്നത്.