ഒരു കട്ടൻ ചായയും രാവിലത്തെ പത്രവും പണ്ടുകാലം മുതൽക്കേ മലയാളികളുടെ ശീലമാണ്. ഏതെങ്കിലും ഒരു പത്രം രാവിലെ വായിക്കാതെ മലയാളിയുടെ ഒരു ദിവസവും കടന്നു പോകാറില്ല. ഒരു പത്രത്തിന് പകരം ഒന്നിലധികം പത്രങ്ങൾ വരുത്തി വായനാശീലം വളർത്തുന്ന ആൾക്കാരും ഉണ്ടായിരുന്നു. രാഷ്ട്രീയ രംഗത്തുള്ളവരാണെങ്കിൽ പ്രമുഖ പത്രങ്ങളായ മാതൃഭൂമി അല്ലെങ്കിൽ മനോരമ എന്നതിന് പുറമേ സ്വന്തം പാർട്ടിയുടെ മുഖപത്രവും വരുത്തി വായിക്കുക പതിവാണ്. എന്നാൽ കേരളത്തിൽ കോവിഡ് മഹാമാരി പടർന്നുപിടിച്ച് ഒരു വർഷത്തിലധികം ജനങ്ങളെ വീട്ടുതടങ്കലിലാക്കിയപ്പോൾ പത്രവായന പോലുള്ള എല്ലാ ശീലങ്ങൾക്കും മാറ്റം വന്നു. പത്ര വിതരണം പോലും തടസ്സപ്പെട്ടപ്പോൾ മുൻ നിരപത്രങ്ങൾക്കുപോലും പതിനായിരക്കണക്കിന് കോപ്പിയുടെ കുറവാണുണ്ടായത്. കോവിഡ് കാലത്ത് വ്യാപാര വ്യവസായ സ്ഥാപനങ്ങളും സ്വകാര്യ പൊതുമേഖല ഓഫീസുകളും എല്ലാം അടച്ചു പൂട്ടപ്പെട്ടു. അതോടുകൂടി പത്ര വിതരണവും പത്രവായനയും വലിയതോതിൽ സ്തംഭിക്കുന്ന സാഹചര്യമുണ്ടായി. സമൂഹ ജീവിതത്തിൽ പഴയനിലയിലേക്കുള്ള മാറ്റം ഉണ്ടായി എങ്കിലും പത്രങ്ങളുടെ പ്രചരണകാര്യങ്ങളിൽ കാര്യമായ വളർച്ച ഉണ്ടായില്ല.
ദിനപത്രങ്ങൾ മാത്രമല്ല വലിയ പ്രചാരത്തിലിരുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങൾ പലതും നിലച്ച സ്ഥിതിയുണ്ടായി. കോവിഡ് കാലത്ത് കട കമ്പോളങ്ങൾ അടച്ചുപൂട്ടിയതോടുകൂടി സായാഹ്ന പത്രവിതരണവും നിലച്ചു. ഇതെല്ലാം കഴിഞ്ഞു നാലഞ്ചു വർഷം പിന്നിട്ടെങ്കിലും അച്ചടി മാധ്യമങ്ങളുടെ കാര്യത്തിൽ ഓരോ ദിവസം കഴിയുന്തോറും പ്രതിസന്ധികൾ കൂടിവരുന്നതായിട്ടാണ് ഈ മേഖലയിൽ കണ്ടുവരുന്നത്. ലക്ഷത്തിലധികം കോപ്പികളുടെ പ്രചാരമുണ്ടായിരുന്ന മലയാള മനോരമയുടെ ഇപ്പോഴത്തെ പ്രചാരം 15 ലക്ഷത്തിലേക്ക് കുറഞ്ഞു എന്നാണറിവ്. മാതൃഭൂമി ദിനപത്രത്തിന്റെ സ്ഥിതിയും ഇതുതന്നെയാണ്. പ്രചാരത്തിൽ ഉണ്ടായിരുന്ന കോപ്പിയുടെ കാര്യത്തിൽ 40% ത്തോളം കുറവ് വന്നിരിക്കുന്നു. രാഷ്ട്രീയ പാർട്ടികളുടെ മുഖപത്രങ്ങളായി പ്രസിദ്ധീകരിച്ചു വന്ന പത്രങ്ങളും വലിയ തകർച്ചയിലാണ്. സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനി പത്തുവർഷമായി തുടരുന്ന ഭരണത്തിന്റെ ആനുകൂല്യത്തിൽ മാത്രം ക്ഷീണം ഉണ്ടാകാതെ മുന്നോട്ടു പോകുന്നുണ്ട്. എന്നാൽ ഭരണത്തിലുള്ള സിപിഐയുടെ മുഖപത്രം ജനയുഗം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. മറുവശത്ത് കോൺഗ്രസ് പാർട്ടിയുടെ പത്രമായ വീക്ഷണം ശമ്പളം മുടക്കത്തിന്റെ തുടർക്കഥയുമായി ഇഴഞ്ഞു നീങ്ങുകയാണ്. യുഡിഎഫ് ഘടകകക്ഷിയായ മുസ്ലിംലീഗിന്റെ പത്രമായ ചന്ദ്രികയുടെ സ്ഥിതിയും ഇതുതന്നെയാണ്. മതസ്ഥാപനങ്ങളുടെ തണലിൽ പ്രവർത്തിക്കുന്ന സുപ്രഭാതം, സിറാജ്, മാധ്യമം, തുടങ്ങിയ പത്രങ്ങളും സാമ്പത്തിക തകർച്ചയിലാണ്.
മലയാളത്തിൽ ന്യൂസ് ചാനലുകൾ നിരവധിയായി കടന്നുവന്നതും, പ്രമുഖ പത്രങ്ങളടക്കം മൊബൈൽ ഫോണുകളിൽ ലഭിക്കുന്നതും, ഓൺലൈൻ പത്രങ്ങൾ പ്രസിദ്ധീകരണം നടത്തുന്നതും, അച്ചടി പത്രങ്ങളുടെ നിലനിൽപ്പിന് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ഓൺലൈനിൽ പത്രങ്ങൾ ലഭിക്കുന്നത് വരിക്കാരാകുന്നത് വഴിയാണെങ്കിലും ഓൺലൈൻ പത്രത്തിന് നൽകേണ്ടി വരുന്ന വരിസംഖ്യ വളരെ തുച്ഛമാണ്. അതുകൊണ്ട് യുവതലമുറ അതിലേക്ക് കൂടുതലായി ആകർഷിക്കപ്പെടുന്നു.ഓൺലൈൻ പത്രങ്ങളിൽ വരുന്ന വാർത്തകൾ ക്യു ആർ കോഡ് വഴി വായിച്ചു കേൾക്കുന്നതിനും അവസരം ലഭിക്കുന്നുണ്ട്. അച്ചടി മാധ്യമങ്ങളുടെ സാമ്പത്തിക വരുമാനം പരസ്യങ്ങളിൽ നിന്നുമാണ് ലഭിച്ചിരുന്നത്. കോവിഡിനുശേഷം വ്യവസായ വാണിജ്യ മേഖലകളിൽ ഉണ്ടായ വലിയ തകർച്ച വലിയ കമ്പനികളുടെ പരസ്യ വിഹിതത്തിൽ പോലും വെട്ടിക്കുറവ് വരുത്തുന്നതിന് ഇടയാക്കി. കോടിക്കണക്കിന് രൂപ വർഷംതോറും പരസ്യത്തിനായി നീക്കിവെച്ചിരുന്ന ഇൻറർനാഷണൽ കമ്പനികൾ പോലും പരസ്യ ചെലവിൽ പകുതിയിലധികം വെട്ടിക്കുറവ് വരുത്തിയിരിക്കുകയാണ്. ഇതിന് പുറമെയാണ് ചുരുങ്ങിയ കാലത്തിനിടയിൽ മലയാളികൾക്കും പ്രത്യേകിച്ച് യുവാക്കൾക്കുമിടയിൽ വലിയ പ്രചാരത്തിലേക്ക് സമൂഹമാധ്യമങ്ങളുടെ കടന്നുവരവ് ഉണ്ടായത്. പ്രമുഖ കമ്പനികൾ പോലും വലിയ സബ്സ്ക്രൈബേഴ്സ് ഉള്ള ഓൺലൈൻ youtube ചാനലുകൾക്ക് പരസ്യങ്ങൾ നൽകുന്ന രീതിയിലേക്ക് മാറിക്കഴിഞ്ഞു. ഇതുമൂലം അച്ചടി പത്രങ്ങൾക്ക് ലഭിച്ചിരുന്ന പരസ്യത്തിന്റെ അളവ് വലിയ തോതിൽ കുറയുകയും ചെയ്തു. നൂറിലധികം വർഷങ്ങളുടെ നീണ്ട ചരിത്രമുള്ള കേരളത്തിലെ പ്രമുഖ പത്രങ്ങൾ പോലും പ്രതിസന്ധിയിലാണ്. നൂറ്റാണ്ട് പിന്നിട്ട വലിയ പ്രചാരം നേടിയ മലയാള മനോരമയും, മാതൃഭൂമിയും, ദീപികയും, സാമ്പത്തിക തകർച്ചയിലാണ്. വലിയ പ്രചാരവും, സാമ്പത്തിക വരുമാനവും ഉണ്ടായിരുന്ന മലയാള മനോരമയും വരുമാനക്കുറവ് മൂലം ജീവനക്കാരെ വെട്ടിക്കുറക്കുന്ന തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ്.
അടുത്തവർഷം മാർച്ച് മാസം മുതൽ പ്രാബല്യത്തിൽ വരത്തക്ക വിധത്തിൽ ജീവനക്കാരെ നിർബന്ധിത പെൻഷനിലേക്ക് മാറ്റുന്ന തീരുമാനം മനോരമ കൈകൊണ്ടു എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഇതിന്റെ അടിസ്ഥാനത്തിൽ കമ്പനിയിലെ 230 ഓളം ജീവനക്കാർക്ക് മാനേജ്മെൻറ് നോട്ടീസ് നൽകിയിട്ടുണ്ട്. മനോരമ മാനേജ്മെന്റിൽ പുതിയ തലമുറ കടന്നുവന്നതോടുകൂടി റിട്ടയർമെൻറിനു ശേഷവും ജോലിയിൽ കോൺട്രാക്ട് ആയി പ്രമുഖരായ ജീവനക്കാരെ തുടരാൻ അനുവദിക്കുന്ന രീതി മാറുകയാണ്. റിട്ടയർമെൻറ് കഴിഞ്ഞവർക്ക് പുനർ നിയമനം നൽകുന്നത് മാത്രമല്ല പുതിയ നിയമനങ്ങളിൽ പോലും കരാർ അടിസ്ഥാനം നടപ്പിലാക്കുന്നതിനാണ് മാനേജ്മെൻറ് ആലോചിക്കുന്നത്. ജീവനക്കാരെ സ്ഥിര നിയമനം നടത്തുന്നത് ഒഴിവാക്കുന്നതിനുള്ള തീരുമാനവുമുണ്ട്. ജീവനക്കാരുടെ ശമ്പള കാര്യത്തിലും ആനുകൂല്യ വിതരണത്തിലും മാത്രമല്ല, പത്രസ്ഥാപനങ്ങൾ പ്രതിസന്ധി നേരിടുന്നത്. പത്രത്തിന് മുഖ്യമായി ഉപയോഗിക്കുന്ന ന്യൂസ് പ്രിൻറ് അഥവാ പത്രക്കടലാസിന് 300 ഇരട്ടിയോളം വിലവർധനവാണ് പത്ത് വർഷത്തിനിടയിൽ ഉണ്ടായിരിക്കുന്നത്. കടലാസിന് പുറമേ അച്ചടി മഷി, പ്രിന്റിങ്ങിന് ആവശ്യമായ മറ്റു വസ്തുക്കൾ ഇവയുടെയെല്ലാം വില വർധിച്ചിരിക്കുകയാണ്. ഇതും സ്ഥാപനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിക്കുന്നതിനു ഒരു കാരണമാണ്. നൂറ്റാണ്ടിൻറെ ചരിത്രവും പാരമ്പര്യവും പേറിക്കൊണ്ട് മുത്തശ്ശി പത്രങ്ങൾ എന്ന ഖ്യാതി നേടിയ മലയാളികളുടെ മനസ്സിലും നാവിലും പതിഞ്ഞുകിടക്കുന്ന പ്രമുഖ പത്രങ്ങൾ പോലും നിലനിൽപ്പിനു വേണ്ടി വിഷമിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. പത്രപ്രവർത്തനം പൊതുസമൂഹത്തിൽ മാന്യമായ പദവി എന്ന് കണക്കാക്കിക്കൊണ്ട് ഈ മേഖലയിലേക്ക് കടന്നുവന്ന പുതിയ തലമുറ ബിരുദവും ബിരുദാനന്തര ബിരുദവും ഒക്കെ നേടി പത്ര സ്ഥാപനങ്ങളിൽ ജോലി തേടിയെങ്കിൽ ഇപ്പോൾ പത്രപ്രവർത്തകർ എന്ന ഒരു സംഘം തന്നെ ഭാവിയെ ഓർത്ത് ആശങ്കപ്പെടുകയാണ്. അച്ചടി മാധ്യമങ്ങൾ തകർച്ചയിലേക്ക് നീങ്ങിയാൽ ആയിരക്കണക്കിന് പത്രപ്രവർത്തകർക്ക് തൊഴിലില്ലാതാകുന്ന കഷ്ടമായ അവസ്ഥയുണ്ടാകും.