കേരളത്തിലെ പ്രമുഖ ഹൈന്ദവ സമുദായമായ ഈഴവരുടെ നേതാവാണ് വെള്ളാപ്പള്ളി നടേശൻ. കേരളത്തിലെ പ്രതിപക്ഷ നേതാവാണ് വി ഡി സതീശൻ. രണ്ടുപേരും തമ്മിൽ കുറച്ചു ദിവസമായി പരസ്പരം ചെളി വാരിയെറിഞ്ഞു രസിക്കുകയാണ്. രണ്ടു കൂട്ടരും പരസ്പരം വെല്ലുവിളിയും നടത്തിയിരിക്കുന്നു. ഇരുവരുടെയും പ്രശ്നം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പാണ്. വെള്ളാപ്പള്ളി ഈ കൂട്ടരേ തോൽപ്പിക്കും എന്ന് വീരവാദം മുഴക്കുന്നു. മറുവശത്ത് തങ്ങൾ ജയിച്ച് അധികാരത്തിൽ വരികയും വെള്ളാപ്പള്ളിയെ വീട്ടിലിരുത്തുകയും ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് സതീശനും പറയുന്നു. ഇതിൽ ആരാണ് ജയിക്കുക എന്നത് യഥാർത്ഥത്തിൽ കേരളത്തിലെ ജനങ്ങൾ തീരുമാനിക്കേണ്ട കാര്യമാണ്. അതെന്തായിരിക്കും എന്നത് മുൻകൂട്ടി പറയാൻ ഒരു ജോത്സ്യനും കഴിയില്ല എന്നതാണ് മറ്റൊരു വസ്തുത.
വെള്ളാപ്പള്ളി നടേശൻ ഈഴവ സമുദായ സംഘടനയായ എസ് എൻ ഡി പി യുടെ ജനറൽ സെക്രട്ടറി കസേരയിലിരിക്കാൻ തുടങ്ങിയിട്ട് കാൽനൂറ്റാണ്ട് കഴിഞ്ഞു. വെള്ളാപ്പള്ളിയെ താഴെയിറക്കാൻ ഗോകുലം ഗോപാലനും കൂട്ടരും പലവട്ടം നോക്കിയെങ്കിലും ഒന്നും നടന്നില്ല. കൊലപാതക കേസുകളിൽ പോലും വെള്ളാപ്പള്ളിയുടെ പേര് ഈ വെള്ളാപ്പള്ളി വിരുദ്ധർ പറഞ്ഞു നടന്നിരുന്നു. എന്നിട്ടും ഒരു പോലീസും വെള്ളാപ്പള്ളിയുടെ വീട്ടിലേക്ക് എത്തിയില്ല. ഇതിൻറെ പിന്നിലെ രഹസ്യം എന്തെന്ന് കേരളത്തിലെ ജനങ്ങൾക്ക് കൃത്യമായറിയാം. വെള്ളാപ്പള്ളി ഈഴവ സമുദായത്തിന്റെ നേതാവാണെങ്കിലും നാക്കിനും വാക്കിനും ഒരു സ്ഥിരതയില്ല. ഭരണത്തിൽ കമ്മ്യൂണിസ്റ്റുകാരാണെങ്കിൽ വെള്ളാപ്പള്ളി അവരെ പുകഴ്ത്തും. കോൺഗ്രസുകാർ അധികാരത്തിൽ വരുമ്പോൾ എ കെ ആൻറണി എൻറെ ഏറ്റവും അടുത്ത കൂട്ടുകാരൻ ആണെന്നും കോൺഗ്രസ് നേതാക്കളാണ് നന്മയുള്ളവർ എന്നുമൊക്കെ ഒരു മടിയുമില്ലാതെ വിളിച്ചു പറയും. ഇതൊക്കെ അറിയാവുന്നതുകൊണ്ട് വെള്ളാപ്പള്ളി എവിടെയെങ്കിലും വോട്ട് കുത്തുവാൻ പറഞ്ഞാൽ ഈഴവർ അതൊന്നും അനുസരിക്കുന്ന പതിവ് കഴിഞ്ഞ ഒരു തെരഞ്ഞെടുപ്പിലും കണ്ടിട്ടില്ല. വെള്ളാപ്പള്ളിയുടെ തെറ്റായ കാര്യങ്ങളെ വിമർശിച്ചപ്പോൾ ആലപ്പുഴയിൽ ലോകസഭയിലേക്ക് മത്സരിക്കാൻ എത്തിയ ഈഴവനും കോൺഗ്രസ് നേതാവുമായ വി എം സുധീരനെ തോൽപ്പിച്ചേ അടങ്ങൂ എന്ന് വെള്ളാപ്പള്ളി വെല്ലുവിളിക്കുകയുണ്ടായി. ആ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ സുധീരൻ ജയിച്ചു..പിന്നീടും ഇത്തരം അനുഭവങ്ങൾ പിന്നീടും ആവർത്തിക്കപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ നേതാവായ വി ഡി സതീശൻ മറ്റു സമുദായ നേതാക്കളെയും സ്ഥാപനങ്ങളിലും മുടങ്ങാതെ കയറിയിറങ്ങുമ്പോൾ കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി ഭവനത്തിൽ മാത്രം കയറാത്തത് എന്തെന്ന ചോദ്യം ന്യായമാണ്.
പെരുന്നയിലും പാണക്കാടും മാത്രമല്ല കേരളത്തിലെ കുരിശിരിക്കുന്ന അരമനകളിലും സതീശൻ കയറി ചെന്ന് മതമേധാവികളെ വണങ്ങാറുണ്ട്. ഇതെല്ലാം കാണുന്ന ഈഴവ സമുദായംഗങ്ങൾ സതീശനോട് മുൻകാലങ്ങളിലില്ലാത്ത ഒരു അകലം പാലിക്കാൻ തീരുമാനിച്ചാൽ അതിന് കുറ്റം പറയാൻ കഴിയില്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നില്ല എങ്കിൽ താൻ രാഷ്ട്രീയം ഉപേക്ഷിച്ച് വനവാസത്തിന് പോകും എന്നാണ് സതീശൻ വെള്ളാപ്പള്ളിയോട് വെല്ലുവിളിച്ചിരിക്കുന്നത്. വെള്ളാപ്പള്ളി ഒരു സമുദായത്തിന്റെ നേതാവ് മാത്രമാണ്. എന്നാൽ വി ഡി സതീശൻ കേരളത്തിലെ നിരവധി പാർട്ടികൾ ഒത്തുചേരുന്ന യുഡിഎഫിനെ നയിക്കുന്ന നേതാവാണ്. അതുകൊണ്ടുതന്നെ സതീശൻ സാമുദായികമായും മതപരമായിട്ടും എല്ലാരുമായി ഒരുമിച്ച് നീങ്ങാനുള്ള ശൈലിയാണ് കാണിക്കേണ്ടത്. സതീശൻ പറയുന്നത് സ്വന്തം മണ്ഡലമായ വടക്കൻ പറവൂരിൽ 55 ശതമാനം ജനങ്ങളും ഈഴവരാണ്. അവിടെയാണ് ഞാൻ വലിയ ഭൂരിപക്ഷത്തിൽ ജയിക്കുന്നത്. എന്നാൽ വടക്കൻ പറവൂരിൽ തെരഞ്ഞെടുപ്പിന് മത്സരിക്കാൻ എത്തി. ആദ്യതവണ ജയിച്ചു കഴിഞ്ഞപ്പോൾ പറവൂരിലെ നായർ സമുദായത്തെ അംഗീകരിച്ചുകൊണ്ട് ഈഴവ സമുദായത്തോട് പരസ്യമായ അവഗണന കാണിച്ച അനുഭവം അവിടെ പലരുടെയും ശ്രദ്ധയിൽ പെട്ടിരുന്നു. അതുകൊണ്ടുതന്നെ രണ്ടാമത്തെ മത്സരത്തിൽ സതീശൻ പറവൂരിൽ തോൽക്കുകയും ചെയ്തു.
വെള്ളാപ്പള്ളി നടേശൻ സമുദായ നേതാവാണെങ്കിലും ഒരു വ്യക്തിയാണ്. പ്രതിപക്ഷ നേതാവ് വ്യക്തി എന്നതിന് പകരം പലപ്പോഴും പരാമർശിക്കുന്നത് ഈഴവ സമുദായത്തെ മൊത്തത്തിലാണ്. ഈഴവ സമുദായത്തിൽ വെള്ളാപ്പള്ളിയെ അംഗീകരിക്കാത്ത നല്ലൊരു വിഭാഗം ജനങ്ങളുണ്ട്. എന്നാൽ ദിവസവും പ്രതിപക്ഷ നേതാവ് വെള്ളാപ്പള്ളി വിരുദ്ധത പ്രകടിപ്പിക്കുന്നതിൽ ഇവർക്ക് ഇഷ്ടക്കേടുണ്ട്. അത് വ്യാപകമാവുകയും സാമുദായികമായ ചിന്തകളിലേക്ക് മാറുകയും ചെയ്താൽ തിരിച്ചടി ആദ്യം നേരിടുക ഈഴവ സമുദായ ഭൂരിപക്ഷമുള്ള പറവൂരിൽ സതീശൻ തന്നെ ആയിരിക്കും. സാധാരണഗതിയിലും പ്രത്യേകിച്ച് തെരഞ്ഞെടുപ്പിലും എല്ലാ രാഷ്ട്രീയ പാർട്ടികളും മത സാമുദായിക നേതാക്കൾക്ക് മുന്നിലെത്തി അവരുടെ സഹായം തേടുന്നത് കേരളത്തിൽ പുതിയ കാര്യമല്ല. പ്രതിപക്ഷ നേതാവായ സതീശൻ മറ്റു പല സമുദായ കേന്ദ്രങ്ങളിലേക്കും യാത്ര നടത്തുമ്പോൾ ഈഴവ നേതാവായ വെള്ളാപ്പള്ളിയെ മാത്രം തള്ളിപ്പറയുന്നത് വൈരാഗ്യ ബുദ്ധിയോടെയുള്ള പ്രവർത്തനമാണ്. ഈഴവ സമുദായത്തിന്റെ സംഘടനയായ എസ് എൻ ഡി പി യുടെ തലപ്പത്തിരിക്കുന്ന അത്രയും കാലം വെള്ളാപ്പള്ളി വലിയ നേതാവ് തന്നെയാണ്. അത് സതീശൻ കാണാതെ പോകരുത്. പല വിഷയങ്ങളിലും താൻ മാത്രമാണ് പഠിച്ചിട്ടുള്ളത് എന്ന രീതിയിൽ അഹങ്കാരത്തോടെ സംസാരിക്കുന്ന സതീശന്റെ ശൈലിയും ജനങ്ങൾക്ക് എതിർപ്പുണ്ടാക്കുന്നുണ്ട്. ഗുരുദേവ വചനം താൻ നന്നായി മനസ്സിലാക്കിയിട്ടുണ്ട് എന്ന് സതീശൻ പ്രഖ്യാപിക്കുമ്പോൾ വെള്ളാപ്പള്ളിയടക്കമുള്ള ഈഴവ നേതാക്കൾ അതൊന്നും പഠിക്കാത്തവരാണ് എന്ന ധ്വനിയുണ്ട്. കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ നയിക്കുന്ന നേതാവാണ് വി ഡി സതീശൻ. കോൺഗ്രസ് പാർട്ടിയാണ് കേരളത്തിലെ യുഡിഎഫിനെ നയിക്കുന്നത്. അതുകൊണ്ടുതന്നെ കോൺഗ്രസിന്റെ നേതാക്കളുടെ സംസാരവും പ്രവർത്തനവും കൃത്യമായും പക്വതയോടെയായിരിക്കണം. മത ന്യൂനപക്ഷങ്ങളും ഭൂരിപക്ഷങ്ങളും ജനസംഖ്യയിലെ പ്രധാന ഘടകമാണ്. ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം തണൽ പറ്റി കേരളത്തിൽ അധികാരത്തിലെത്താൻ കഴിയില്ല എന്ന് സതീശനും തിരിച്ചറിയേണ്ടതുണ്ട്.
കേരളത്തിലെ ഈഴവ സമുദായംഗങ്ങളെ കയ്യിലെടുക്കാൻ വെള്ളാപ്പള്ളി ഓരോ ഡയലോഗുകൾ ഇടയ്ക്കിടെ പുറത്തുവിടും. ഭൂരിപക്ഷ സമുദായങ്ങളെ രാഷ്ട്രീയപാർട്ടികൾ അവഗണിക്കുന്നു എന്നാണ് വെള്ളാപ്പള്ളിയുടെ സ്ഥിരമായ പരാതി. യഥാർത്ഥത്തിൽ കേരളത്തിൻറെ ചരിത്രത്തിൽ അങ്ങനെയാണോ ഇതുവരെ ഉണ്ടായിട്ടുള്ളത് എന്ന് വെള്ളാപ്പള്ളി തന്നെ ആലോചിക്കട്ടെ. ഐക്യ കേരള രൂപീകരണത്തിനു ശേഷമാണ് കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റുകൾ ഉണ്ടായിട്ടുള്ളത്. ഏകദേശ കണക്കിൽ ഇപ്പോൾ വരെ 22,000 ദിവസങ്ങളാണ് കേരള രൂപീകരണത്തിനു ശേഷം കടന്നു പോയിരിക്കുന്നത്. ഇതിൽ 17896 ദിവസവും കേരളം ഭരിച്ചത് ഹിന്ദു മുഖ്യമന്ത്രിമാർ ആണെന്നത് ചരിത്രമാണ്. കേരളത്തിൽ ജനാധിപത്യ സർക്കാരുകൾ രൂപപ്പെട്ട ശേഷം 81 ശതമാനം ദിവസങ്ങളിലും ഭരണം നടത്തിയത് ഹിന്ദുക്കളായ മുഖ്യമന്ത്രിമാർ ആയിരുന്നു. ജനസംഖ്യയിൽ 19 ശതമാനം വരുന്ന ക്രിസ്ത്യാനികൾക്ക് മുഖ്യമന്ത്രി കസേരയിൽ അവസരം കിട്ടിയത് 4000 ദിവസമാണ്. എടുത്തു പറയേണ്ട മറ്റൊരു കാര്യം, ജനസംഖ്യയിൽ 26 ശതമാനം വരുന്ന മുസ്ലീങ്ങൾക്ക് മുഖ്യമന്ത്രി കസേര കിട്ടിയത് ഇതുവരെ വെറും 50 ദിവസം മാത്രമാണ്. മുസ്ലിം ലീഗ് നേതാവായ സി എച്ച് മുഹമ്മദ് കോയയാണ് മുഖ്യമന്ത്രി കസേരയിൽ 50 ദിവസം ചുമതലയേറ്റത്. ഇതൊക്കെ കേരളത്തിൻറെ ചരിത്രത്തിലും നിയമസഭ രേഖകളിലുമുള്ള കാര്യങ്ങളാണ്. വസ്തുത ഇതൊക്കെ ആയിരിക്കെയാണ് നാവനക്കുമ്പോഴെല്ലാം കേരളത്തിൽ ഈഴവർ അടക്കമുള്ള ഭൂരിപക്ഷ ഹിന്ദു വിഭാഗം അവഗണിക്കപ്പെടുന്നു എന്ന് വെള്ളാപ്പള്ളി പരാതിയുമായി നടക്കുന്നത്.