മലപ്പുറം വിരോധം ചരിത്രം അറിയാത്തതിനാൽ..

രാഷ്ട്രീയ - സമുദായ നേതാക്കൾ മലപ്പുറത്തിന്റെ പശ്ചാത്തലം അറിയണം..

ണ്ടെങ്ങോ കവി കുറിച്ചുവെച്ച ഈ വാക്കുകളിൽ ഇന്നും വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. രാഷ്ട്രീയമായോ മതപരമായോ എന്ത് കേട്ടാലും ഞരമ്പുകളിൽ ചോര തിളക്കുന്നവരാണ് മലയാളികൾ. ആ സ്വഭാവഗുണം പുതിയ തലമുറകളിലേക്ക് പകർന്നു നൽകുന്നതിന് ആരും മടിച്ചില്ല. മലപ്പുറം കേരളത്തിലെ ഒരു ജില്ലയാണ്. മുസ്ലിം മത വിശ്വാസികൾക്ക് ഭൂരിപക്ഷമുള്ള ഒരു ജില്ലയാണ് മലപ്പുറം. അതിൻറെ പേരിൽ വൻതോതിൽ പഴികൾ കേട്ടുകൊണ്ടിരിക്കുന്നവരാണ് അവിടെയുള്ള മുസ്ലീമുകൾ. വന്നുവന്ന് എന്തു പറഞ്ഞാലും മലപ്പുറത്തോട്ട് ചാരുക എന്നൊരു ശൈലി പോലും ഉണ്ടായിട്ടുണ്ട്. മലപ്പുറത്ത് മുസ്ലിങ്ങൾ പെറ്റു പെരുകി ജനസംഖ്യയിൽ മുന്നിലെത്തി എല്ലാ അവകാശങ്ങളും നേടിയെടുക്കുകയാണ് എന്ന് പരസ്യമായി ഒടുവിൽ പറഞ്ഞത് ഈഴവ സമുദായ നേതാവായ വെള്ളാപ്പള്ളി നടേശനാണ്. ഇതിന് പുറമേയാണ് പലതരത്തിലുള്ള വിവാദങ്ങളും മലപ്പുറത്തിൻ്റെ പേരിൽ ഉയർന്നിട്ടുള്ളത്.

 

മലപ്പുറം ജില്ലയിൽ, മുസ്ലിം വിശ്വാസികൾക്ക് നല്ല സ്വാധീനമുള്ള അവരുടെ രാഷ്ട്രീയ പാർട്ടിയായ മുസ്ലീം ലീഗിനും വലിയ ശക്തിയുണ്ട്. ഇതും കൂടി ചേരുമ്പോഴാണ് മറ്റു മതവിശ്വാസികൾ മലപ്പുറത്തേക്ക് വിരൽ ചൂണ്ടിക്കൊണ്ട് ആക്ഷേപങ്ങൾ ഉയർത്തുന്നത്. മലപ്പുറം ജില്ലയിൽ മുസ്ലീങ്ങൾ നേടിയിട്ടുള്ള ആധിപത്യം ഉപയോഗിച്ച് ഹൈന്ദവരെയും ക്രിസ്ത്യാനികളെയും ഒതുക്കുകയാണെന്നും മറ്റു മതവിശ്വാസികൾക്ക് മലപ്പുറത്ത് പൊതു സ്ഥാപനങ്ങൾ പോലും വളരെ പരിമിതമാണ് എന്നൊക്കെയുള്ള വിമർശനങ്ങളുണ്ട് . എന്നാൽ ചരിത്രവും വസ്തുതയും പരിശോധിച്ചാൽ മലപ്പുറത്തിന്റെ കാര്യത്തിൽ മുസ്ലീങ്ങൾ അവിഹിതമായി എന്തെങ്കിലും നേടുന്നുണ്ട് എന്നത് വെറും തെറ്റായ പ്രചരണം ആണെന്ന് മനസ്സിലാക്കുവാൻ കഴിയും. മാത്രവുമല്ല മുസ്ലീങ്ങൾക്ക് ജനസംഖ്യപ്രകാരം ഭൂരിപക്ഷമുള്ള പ്രദേശം എന്ന നിലയ്ക്ക് ആ മതവിഭാഗത്തിന് സ്വാഭാവികമായും പ്രത്യേക പരിഗണന ഉണ്ടാവും എന്നത് തള്ളിക്കളയേണ്ട കാര്യമല്ല. വിമർശനം ഉയർത്തുന്നവർ മറ്റു ചില കാര്യങ്ങളും മനഃപൂർവ്വം മറക്കുകയാണ്. ക്രിസ്തുമത വിശ്വാസികളുടെ ഭൂരിപക്ഷമുള്ള കോട്ടയം, ഇടുക്കി, ജില്ലകളിൽ കൂടുതൽ ആധിപത്യം ക്രിസ്ത്യാനികൾക്കാണ് എന്ന കാര്യം വിമർശിക്കുന്നവർ അറിയുന്നുണ്ടോ എന്തോ?.. ഈ രണ്ട് ജില്ലകളിലും ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും വ്യവസായ രംഗത്തും കൂടുതൽ അവകാശവും അധികാരവും ഉറപ്പിച്ചിട്ടുള്ളത് ക്രിസ്ത്യാനികളാണ്. ഇതുപോലെതന്നെ കൊല്ലം ജില്ലയിലേക്ക് ചെന്നാൽ ഈഴവ സമുദായത്തിന്റെ ശക്തമായ ഇടപെടലുകളും നേട്ടങ്ങളും എത്രയോ അധികം കണ്ടെത്തുവാൻ കഴിയും.

ക്രിസ്തീയ വിഭാഗങ്ങളിൽ തന്നെ ലത്തീൻ സമുദായത്തിന് സ്വാധീനമുള്ള തീരദേശ ജില്ലകളിൽ അവർ നേടിയിട്ടുള്ള വിദ്യാഭ്യാസ- ആരോഗ്യ- മേഖലകളിലെ വളർച്ച ആർക്കും പരിശോധിച്ചാൽ മനസ്സിലാക്കാൻ കഴിയുന്നതാണ്. ഇതാണ് കേരളത്തിലെ ഏകദേശം സാമുദായിക പ്രാതിനിധ്യം എന്നത് തള്ളിക്കളയുന്നത് ശരിയല്ല. ഏത് മതവിഭാഗത്തിൽപ്പെട്ടവർക്കും സ്വാധീനം ഏറെയുള്ള പ്രദേശങ്ങളിൽ അവരുടെ ജനസംഖ്യയും കൂടിക്കൊണ്ടിരിക്കും. ഒരു സർക്കാർ സംവിധാനം സാധാരണഗതിയിൽ ഏത് ആനുകൂല്യം പ്രഖ്യാപിക്കുമ്പോഴും പദ്ധതികൾ നടപ്പിലാക്കുമ്പോഴും ജില്ലകളിലെ മതവിഭാഗങ്ങളിലുള്ളവരുടെ കണക്കനുസരിച്ചു ലഭ്യമാകും. ഒരു ജില്ലയിൽ ഏത് മത വിഭാഗമാണ് കൂടുതലുള്ളത് അവർക്ക് ആളിന്റെ എണ്ണമനുസരിച്ച് കൂടുതലായി ആനുകൂല്യം ലഭിച്ചു എന്നത് വ്യക്തമാകുന്നതാണ്. അത് ഏതെങ്കിലും തരത്തിലുള്ള വിവേചനമായി പറയുന്നത് വിവരക്കേട് മാത്രമാണ്.

കേരളത്തിലെ രാഷ്ട്രീയ സാമുദായിക മേഖലകളിൽ സമീപകാലത്ത് മലപ്പുറം ജില്ലയെ പറ്റി പല പരാതികളുണ്ട് . മലപ്പുറം ജില്ലക്ക് കേരളത്തിൻറെ ചരിത്ര പുസ്തകത്തിൽ വലിയ പ്രാധാന്യമുള്ള അധ്യായങ്ങൾ നിരവധി ഉണ്ട്. സ്വാതന്ത്ര്യ സമര കാലത്ത് തന്നെ മലബാറിൽ ഉൾപ്പെട്ടിരുന്ന മലപ്പുറം ജില്ലയിൽ നിരവധി സ്വാതന്ത്ര്യസമര സേനാനികൾ പ്രവർത്തിച്ചിരുന്നു. മലബാർ ലഹളയും, ട്രെയിൻ ട്രാജഡിയുമെല്ലാം ചരിത്രത്തിൽ പ്രാധാന്യമുള്ള കാര്യങ്ങളാണ്. മുസ്ലിം കേന്ദ്രം എന്നും മുസ്ലിം ആധിപത്യ ജില്ല എന്നുമൊക്കെ ഇപ്പോൾ വിമർശിക്കുന്ന രാഷ്ട്രീയ – മത നേതാക്കൾ മലപ്പുറത്തിന്റെ കഴിഞ്ഞ കാല ചരിത്രം ഒന്ന് പരിശോധിക്കണം. കേരളത്തിലെ സമാദരണീയരായ രാഷ്ട്രീയ – സാഹിത്യ – കലാപ്രതിഭകൾ പലരും മലപ്പുറത്ത് ജനിച്ചുവളർന്നു നേതൃനിരയിൽ എത്തിയവരാണ്. കേരളത്തിൻറെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാട്, മലപ്പുറം ജില്ലയിലെ ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ആളാണ്. മറ്റൊരു പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായ കെ ദാമോദരനും ഇവിടെയാണ് ജനിച്ചത്. മറ്റു മേഖലകളിൽ പരിശോധിച്ചാൽ മലയാളിയുടെ മനസ്സിലെ അക്ഷര ഗുരുവായ സാക്ഷാൽ എഴുത്തച്ഛൻ മലപ്പുറം ജില്ലയിലെ തിരൂരിൽ തുഞ്ചൻപറമ്പിലാണ് ജനിച്ചത്.

ഹിന്ദുക്കൾ ഇന്നും ജപിച്ചുകൊണ്ടിരിക്കുന്ന ജ്ഞാനപ്പാന എഴുതിയ പൂന്താനം തിരുമേനി മലപ്പുറത്തുകാരനാണ്. ഗുരുവായൂരപ്പൻ്റെ അനുഗ്രഹം നേടിയ കവി മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് മലപ്പുറം ജില്ലക്കാരനാണ്. കേരളത്തിൻറെ മഹാകവിയായ വള്ളത്തോൾ ഈ ജില്ലയിലാണ് ജനിച്ചത്. സാഹിത്യകാരന്മാരായ ഇടശ്ശേരി, ഉറൂബ്, പ്രമുഖ സോപാന കലാകാരൻ ഞരളത്ത് രാമപൊതുവാൾ, ചിത്രകാരന്മാരായ കെ സി എസ് പണിക്കർ, അതുപോലെ ആർട്ടിസ്റ്റ് നമ്പൂതിരി, തുടങ്ങിയവരും മലപ്പുറം ജില്ലക്കാരാണ്. ഇനി ഇതെല്ലാം മാറ്റിവെച്ചാൽ ഹൈന്ദവജന വിഭാഗം ഭക്തിയോടെയും ആരാധനയോടെയും ബലിതർപ്പണത്തിന് ഒഴുകിയെത്തുന്ന തിരുനാവായ മലപ്പുറം ജില്ലയിലാണ്. ഈ പറയുന്ന മഹാന്മാരും മഹത്തായ തിരുനാവായയും അവിടെയുള്ള എല്ലാ മതവിശ്വാസികളുടെയും പരസ്പര വിശ്വാസത്തിലൂടെ സ്നേഹത്തിലൂടെ വളർന്നു വന്നതാണ്. അവിടെ ഒരു മുസ്ലീമും ഒരു ഹിന്ദുവിനെ അകറ്റി നിർത്തുന്നില്ല. ആരും ആർക്കും മുന്നിലും അയിത്തം കല്പിക്കുന്നുമില്ല.

 

 

 

 

മതപരമായോ സാമുദായികമായോ വിരോധമുള്ള ഒരു മനുഷ്യമനസ്സും മലപ്പുറത്തില്ല എന്നതാണ് ശരിയായ വസ്തുത. കേരളത്തിൻറെ പൊതുസമൂഹത്തിന്റെ സവിശേഷ സ്വഭാവം എന്നത് രാഷ്ട്രീയത്തോടുള്ള പരിധിവിട്ട ആവേശമാണ്. ഈ സ്വഭാവം മലപ്പുറത്തെ ജനങ്ങൾക്കുണ്ട്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് അവസരങ്ങളിലും രാഷ്ട്രീയ കാര്യങ്ങളിലും മലപ്പുറത്തുകാർ പരസ്പരം പോരടിക്കുകയും വെല്ലുവിളിക്കുകയും ചെയ്യും. അത് ഇപ്പോഴും തുടരുന്നുണ്ട്. രാഷ്ട്രീയ വേദികളിൽ വീറും വാശിയും കാണിച്ച് മത്സരിക്കുമ്പോഴും ആ വേദി വിട്ട് സ്വന്തം കുടുംബങ്ങളിൽ എത്തുമ്പോൾ അയൽക്കാരനായ ഔസേപ്പും അയൽക്കാരനായ വാസുദേവനും ഏതു മുസൽമാനും സ്വന്തം സഹോദരങ്ങളും സുഹൃത്തുക്കളും ആകുന്നു എന്നതാണ് ഇപ്പോഴും മലപ്പുറത്തിന്റെ മനസ്സിൻറെ സവിശേഷത. ഏതൊരു രാഷ്ട്രീയക്കാരും ഏതൊരു മതവിഭാഗവും മലപ്പുറം ജില്ലയുടെ അതിരുകൾക്ക് പുറത്തുനിന്നുകൊണ്ട് മലപ്പുറത്തെ പാവം ജനങ്ങളെ ഭിന്നിപ്പിക്കാൻ അമ്പുകൾ എയ്താൽ അതൊന്നും മലപ്പുറത്തിന്റെ മനസ്സിലേക്ക് കൊള്ളില്ല എന്നും അത്രയ്ക്ക് കരുത്തുള്ള സാഹോദര്യത്തിന്റെ പുറം ചട്ടയാണ് മലപ്പുറത്തുകാർ ധരിച്ചിരിക്കുന്നത് എന്നും തിരിച്ചറിയുന്നത് നന്നായിരിക്കും.