കേന്ദ്രസർക്കാരിലെ രണ്ടാമനായ ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ ഉഗ്രരൂപം പ്രാപിച്ചിരിക്കുന്നു.ബി ജെ പി യുടെ കേരളത്തിലെ ചില മുതിർന്ന നേതാക്കളുടെ സഹായം പറ്റിയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പല കേസുകളിലും കുടുങ്ങാതെ ഇപ്പോൾ പിടിച്ചു നിൽക്കുന്നത്. കേന്ദ്ര അന്വേഷണ ഏജൻസികളുടെ മുന്നിലുള്ള കേസുകളാണ് പിണറായിക്കെതിരായി നിലവിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണയുടെ പേരിലും കേന്ദ്ര ഏജൻസി കേസെടുത്തിട്ടുണ്ട്. വീണയുടെ എക്സാലോജിക് എന്ന ബാംഗ്ലൂർ ആസ്ഥാനമായ കമ്പനി കൊച്ചിയിലെ കരിമണൽ കമ്പനിയിൽ നിന്നും കോടിക്കണക്കിന് രൂപമാസപടിയായി കൈപ്പറ്റിയതാണ് വീണയുടെ പേരിലുള്ള കേസ്.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം മുൻ എഡിജിപി അജിത് കുമാറിൻറെ സഹായത്തോടെയാണ് ബിജെപി നേതാക്കൾ വഴി പിണറായി വിജയൻ കേസുകളിൽ കുടുങ്ങാതെ പിടിച്ചുനിൽക്കുന്നത്. എന്നാൽ ഇപ്പോൾ സ്ഥിതി മാറിയതായിട്ടാണ് അമിത് ഷായുടെ പുതിയ പ്രസ്താവനകൾ വ്യക്തമാക്കുന്നത്. കേരളം ഭരിക്കുന്ന സിപിഎം ബിജെപിയുടെ മുഖ്യ ശത്രു ആണെന്നും രണ്ട് തവണയായി കേരളത്തിൽ ഭരണം നടത്തുന്ന പിണറായി സർക്കാർ അഴിമതിയുടെ കൂത്തരങ്ങാണെന്നും അമിത് ഷാ പ്രസ്താവിച്ചിരിക്കുകയാണ്.പിണറായി സർക്കാരിൻറെ പേരിൽ നിരവധി കേസുകളാണ് നിലനിൽക്കുന്നതെന്നും ഇതെല്ലാം മുഖ്യമന്ത്രിപദത്തിലിരുന്നുകൊണ്ട് പിണറായിയുടെ നേരിട്ടുള്ള ഇടപെടൽ വഴി നടന്നിട്ടുള്ളതാണെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി തുറന്നടിച്ചിരിക്കുന്നത്. കേസിൽ ഒരുത്തനെയും വിടില്ലെന്നും കേസുകൾ ശക്തമാക്കി മുന്നോട്ടു പോകാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറയുന്നുണ്ട്. ഇത് ശരിയാണെങ്കിൽ കേന്ദ്ര അന്വേഷണഏജൻസികൾ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നാല് കേസുകളെങ്കിലും പിണറായിക്കെതിരായ നടപടികളിലേക്ക് നീങ്ങും. സ്വർണക്കടത്ത്, മാസപ്പടി അഴിമതി എന്നിവയാണ് ഇതിലെ പ്രധാന കേസുകൾ. ഇതിൽ രണ്ടിലും മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിൻറെ ഓഫീസും കാര്യമായ ഇടപെടൽ നടത്തിയിട്ടുണ്ടെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയതായിട്ടും ആഭ്യന്തരമന്ത്രി അമിത് ഷാ വെളിപ്പെടുത്തിയിട്ടുണ്ട്.
മാത്രവുമല്ല മുഖ്യമന്ത്രിയുടെ അനുമതിയോടുകൂടി നടന്നിട്ടുള്ള കേസുകളിൽ കേരള ഹൈക്കോടതി സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങൾ നടത്തിയ വിവരവും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും, സ്വർണക്കടത്ത് കേസിൽ നേരിട്ട് ഇടപെട്ട ഐഎഎസ് ഉദ്യോഗസ്ഥന്റെ പേരിൽ കൃത്യമായ അന്വേഷണം നടത്തി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതിന് ഹൈക്കോടതി നേരിട്ട് നിർദ്ദേശം നൽകിയ കാര്യവും ആഭ്യന്തരമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതിയും പിണറായി വിജയന്റെയും മുഖ്യമന്ത്രിയുടെ ഓഫീസിന്റെയും അവിഹിത ഇടപെടലുകളെ നിരീക്ഷിച്ചിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ പിണറായി വിജയൻ കേസിൽ അകപ്പെട്ട് അകത്താകുമെന്നും ഇതിൽ യാതൊരു സംശയവും വേണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിരിക്കുകയാണ്. കേരളത്തിൽ ബിജെപിയുടെ സംസ്ഥാന പ്രസിഡണ്ടായി രാജീവ് ചന്ദ്രശേഖർ നിയമിക്കപ്പെട്ടപ്പോൾ പിണറായി വിജയൻ സന്തോഷത്തിലായിരുന്നു.
ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സിപിഎം എംപിയും മാധ്യമ പ്രവർത്തകനുമായ ജോൺ ബ്രിട്ടാസ് വഴി രാജീവ് ചന്ദ്രശേഖറെ സ്വാധീനിക്കുന്നതിന് ശ്രമം നടത്തുകയും അത് ഏറെക്കുറെ വിജയിക്കുകയും ചെയ്തപ്പോഴാണ് കേന്ദ്ര ഏജൻസികളുടെ തുടർനടപടികൾ മന്ദഗതിയിൽ ആയത്. എന്നാൽ കേരളത്തിലെ മുതിർന്ന ബിജെപി നേതാക്കൾ പിണറായിയോട് കേന്ദ്രസർക്കാർ അയഞ്ഞ സമീപനം കാണിച്ചാൽ കേരളത്തിൽ ബിജെപിക്ക് വലിയ ക്ഷീണം ഉണ്ടാക്കുമെന്നും കേരളത്തിലെ ആർ എസ് എസ് – ബിജെപി പ്രവർത്തകരെ കൂടുതലായി ആക്രമിച്ചിട്ടുള്ളതും പാർട്ടിയുടെ മുഖ്യ ശത്രുവും സിപിഎം ആണെന്നും അതുകൊണ്ടുതന്നെ ഇടതു സർക്കാരിനോടും മുഖ്യമന്ത്രിയോടും യാതൊരു അനുഭാവവും കാണിക്കരുതെന്നും മുതിർന്ന കേരള നേതാക്കൾ കേന്ദ്ര ബിജെപി നേതൃത്വത്തോടും അമിത് ഷായോടും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പിണറായിക്കെതിരായ കേസുകൾ ശക്തിപ്പെടുത്താൻ കേന്ദ്രമന്ത്രി ഇടപെട്ടിരിക്കുന്നത്. സ്വർണ്ണ കടത്തും മാസപ്പടിയും മാത്രമല്ല കേരളത്തിലെ പിണറായി സർക്കാർ കൊണ്ടുവന്ന എല്ലാ പദ്ധതികളും അഴിമതിക്ക് വേണ്ടി മാത്രമായിരുന്നു എന്നാണ് അമിത് ഷാ തുറന്നടിച്ചിരിക്കുന്നത്. ഭരണത്തിന്റെ മറവിൽ കേരളത്തിലെ സഹകരണ ബാങ്കുകളിലെല്ലാം സിപിഎം നേതാക്കൾ വലിയ സാമ്പത്തിക തട്ടിപ്പ് നടത്തി ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ്. സർക്കാർ കൊണ്ടുവന്ന എ – ഐ ക്യാമറ പദ്ധതിയും, കെ. ഫോൺ പദ്ധതിയും, കോവിഡ് കാലത്ത് നടത്തിയ പി പി ഇ കിറ്റ് കച്ചവടവുമെല്ലാം കോടിക്കണക്കിന് അഴിമതികൾക്കു വേണ്ടിയായിരുന്നു എന്നും അമിത് ഷാ വ്യക്തമാക്കുന്നുണ്ട്. ഇതൊന്നും തള്ളിക്കളയാൻ കേന്ദ്രസർക്കാർ തയ്യാറല്ല. സിപിഎം നേതാക്കളുടെയും മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും പേരിൽ ഉയർന്നിട്ടുള്ള എല്ലാ കേസുകളിലും നടപടികൾ വേഗത്തിലാക്കുന്നതിന് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൃത്യമായ നിർദ്ദേശം നൽകിയതായിട്ടും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നുണ്ട്.
ഇത്തരത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളും കോടതികളും ശക്തമായ നിലപാടിലേക്ക് നീങ്ങിയാൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും ജയിലിലേക്ക് പോകുന്ന സാഹചര്യം ഉണ്ടാകുമെന്നുറപ്പ്. മാത്രവുമല്ല കേസിന്റെ നടപടികൾ അവസാനഘട്ടത്തിൽ എത്തുമ്പോൾ പിണറായി വിജയൻറെ ഭരണകാലാവധി തീരുകയും ചെയ്യും. അങ്ങനെയൊരു സന്ദർഭത്തിൽ മുഖ്യമന്ത്രി പോലുമല്ലാത്ത പിണറായി വിജയനെതിരെ എന്ത് നടപടി സ്വീകരിക്കുന്നതിനും നിയമപരമായി അന്വേഷണം ഏജൻസികൾക്ക് ഒരു തടസവും ഉണ്ടാവില്ല എന്നതും എടുത്തു പറയേണ്ട കാര്യമാണ്..