ഒരു സ്വകാര്യ ചാനൽ നടത്തിയ നിയമസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച അഭിപ്രായ സർവ്വേയിൽ ചെറിയ ഭൂരിപക്ഷത്തിൽ യുഡിഎഫ് അധികാരത്തിൽ വരും എന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നു. കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ് മുന്നണി 100 സീറ്റിൽ അധികാരത്തിൽ വരും എന്നൊക്കെയുള്ള പ്രതിപക്ഷ നേതാവ് അടക്കമുള്ളവരുടെ പ്രഖ്യാപനങ്ങൾ തള്ളുന്നതാണ് പുതിയ അഭിപ്രായ സർവ്വേ റിപ്പോർട്ട്. കോൺഗ്രസ് നേതാക്കളുടെയും യുഡിഎഫ് ഘടകകക്ഷി നേതാക്കളുടെയും 100 സീറ്റിലുള്ള ഭൂരിപക്ഷം എന്നത് വെറും സ്വപ്നമായി അവശേഷിക്കും എന്നാണ് സർവ്വേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടിരിക്കുന്നത്.
എന്നാൽ നേരിയ ഭൂരിപക്ഷത്തിൽ രണ്ടാം പിണറായി സർക്കാരിനെ താഴെയിറക്കാനും ഭരണം പിടിച്ചെടുക്കാനും യുഡിഎഫിന് കഴിയും എന്നാണ് പുതിയ സർവ്വേ വ്യക്തമാക്കുന്നത്. കേരളത്തിൽ അധികാരം പിടിക്കുന്നതിന് വേണ്ട ഭൂരിപക്ഷം എന്നത് 71 സീറ്റുകളിൽ വിജയിക്കുക എന്നതാണ്. എന്നാൽ അടുത്ത വർഷം ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നയിക്കുന്ന യുഡിഎഫ് 76 സീറ്റുകൾ നേടി അധികാരം പിടിച്ചെടുക്കും എന്നാണ് സർവ്വേ റിപ്പോർട്ട്. രണ്ടുതവണയായി അധികാരത്തിൽ തുടർന്നുവരുന്ന ഇടതുമുന്നണി 64 സീറ്റുകളിൽ ഒതുങ്ങേണ്ടിവരും എന്നും സർവ്വേ പ്രവചിക്കുന്നുണ്ട്. പുതിയ സർവ്വേ പ്രവചനം അനുസരിച്ച് വലിയ തിരിച്ചടി ഇടതുമുന്നണി നേരിടാനുള്ള സാധ്യതയില്ല. മാത്രവുമല്ല ഇടതുമുന്നണിയെ നയിക്കുന്ന സിപിഎമ്മിന് കാര്യമായ വോട്ട് കുറവ് ഉണ്ടാവില്ലെന്നും പ്രവചിക്കപ്പെടുന്നുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി 52 സീറ്റുകളിൽ വിജയിക്കും എന്നാണ് പറയുന്നത്. മുസ്ലിം ലീഗ് 16 സീറ്റുകളിലും ആർ എസ് പി മൂന്ന് സീറ്റിലും ജോസഫ് കേരള കോൺഗ്രസ് ഗ്രൂപ്പ് 4 സീറ്റിലും, സി എം പി ഒരു സീറ്റിലും വിജയിക്കുമെന്നും റിപ്പോർട്ടുണ്ട്. അതേസമയം ഇടതുമുന്നണിയിൽ മുന്നണിയെ നയിക്കുന്ന സിപിഎം 48 സീറ്റും, ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ പാർട്ടിയായ സിപിഐ പത്തു സീറ്റും മാണി കേരള കോൺഗ്രസ് 4 സീറ്റും, ജനതാദളും, എൻസിപിയും, ഓരോ സീറ്റിലും വിജയിച്ചു മൊത്തത്തിൽ 64 സീറ്റുകൾ നേടും എന്നുമാണ് സർവ്വേറിപ്പോർട്ട്. കേരളത്തിൽ തുടർഭരണം നേടിയെടുത്ത പിണറായി വിജയൻറെ ഭരണത്തിനെതിരായ വികാരം ജനങ്ങളിലുണ്ടെങ്കിലും ഇപ്പോൾ പ്രതിപക്ഷത്തിരിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ സംഘടനാ ശേഷിയിലെ തകരാറുകളാണ് വൻഭൂരിപക്ഷത്തിൽ നിന്നും യുഡിഎഫിന് തകർച്ച ഉണ്ടാക്കുന്നത്.
കോൺഗ്രസ് പാർട്ടിക്ക് പ്രാദേശിക തലങ്ങളിൽ കാര്യമായ പ്രവർത്തനം നടത്തുവാൻ ആൾക്കാരില്ല എന്നതും മുഖ്യകാരണമായി സർവ്വേയിൽ ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ മറുവശത്ത് ഇടതുമുന്നണിയെ നയിക്കുന്ന സിപിഎം അതിശക്തമായ അടിത്തറയുമായിട്ടാണ് തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളിൽ നിലയുറപ്പിക്കുക എന്നതും അതിൻറെ ഗുണം ഇടതുമുന്നണിക്ക് ലഭിക്കാനാണ് സാധ്യത എന്നുമാണ് ഈ പുതിയ തെരഞ്ഞെടുപ്പ് സർവേ പ്രവചനത്തിൽ വെളിപ്പെടുന്നത്. കോൺഗ്രസ് പാർട്ടിക്കും യുഡിഎഫിനും വലിയ തലവേദനയായി മാറുവാൻ സാധ്യതയുള്ളത് സീറ്റ് നിർണായ വിഷയത്തിൽ ആയിരിക്കുമെന്നും ഇപ്പോൾ ഐക്യവും ഒരുമയും പറയുന്ന ഗ്രൂപ്പ് നേതാക്കൾ സ്ഥാനാർഥിനിർണയ ഘട്ടത്തിൽ സ്വന്തം ആളുകളെ തിരികെ കയറ്റാൻ വലിയ വാശി കാണിക്കുന്ന സാഹചര്യം ഉണ്ടാവുമെന്നും അതുകൊണ്ടുതന്നെ ജനങ്ങൾക്ക് സ്വീകാര്യതയില്ലാത്തവർ സ്ഥാനാർഥികളായി കടന്നുവറാൻ സാധ്യത യുണ്ടെന്നും സർവ്വേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടതായി ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്. കോൺഗ്രസ് പാർട്ടിയുടെ കഴിഞ്ഞകാല തെരഞ്ഞെടുപ്പ് അനുഭവങ്ങൾ പരിശോധിച്ചാൽ സർവ്വേയിൽ പങ്കെടുത്തവർ പറയുന്ന ഈ അഭിപ്രായത്തെ തള്ളിക്കളയാനാവില്ല. കോൺഗ്രസ് പാർട്ടിക്ക് മത്സരിക്കാൻ സാധ്യതയുള്ള എഴുപതിലധികം മണ്ഡലങ്ങൾ ഉണ്ടെങ്കിലും ഈ മണ്ഡലങ്ങളിലേക്ക് 200 ഓളം നേതാക്കൾ സീറ്റ് വാദവുമായി കടന്നു വരുവാൻ സാധ്യതയുണ്ട് എന്ന അഭിപ്രായവുമുണ്ട്.
പുതിയ പുറത്തുവന്ന സർവ്വേയുടെ മറ്റ് ആധികാരികതയിൽ വ്യക്തത ഇല്ലെങ്കിലും ഇപ്പോൾ കോൺഗ്രസ് നേതാക്കളും യുഡിഎഫിലെ പ്രധാന പാർട്ടി നേതാക്കളും അവകാശപ്പെടുന്നത് പോലെ 100 സീറ്റിൽ എത്തുന്ന വമ്പൻ വിജയത്തിനുള്ള രാഷ്ട്രീയ സാഹചര്യമൊന്നും കേരളത്തിൽ ഉള്ളതായി രാഷ്ട്രീയ നിരീക്ഷകർ കാണുന്നില്ല. സർക്കാർ വിരുദ്ധ വികാരം ശക്തമായി നിലനിൽക്കുന്നുണ്ടെങ്കിലും യുഡിഎഫിനെ നയിക്കുന്ന കോൺഗ്രസ് പാർട്ടിയുടെ അടിത്തട്ടു പ്രവർത്തനങ്ങളിലെ പോരായ്മകൾ മൂലം സർക്കാരിനെതിരായ പ്രചരണങ്ങൾ ഫലപ്രദമാകാൻ വഴികളില്ല എന്നത് ഒരു വസ്തുതതന്നെയാണ്. ഏതായാലും യുഡിഎഫ് നേതാക്കൾക്ക് ചെറിയതോതിലെങ്കിലും ആശ്വാസം പകരുന്നതാണ് പുതിയതായി പുറത്തുവന്നിട്ടുള്ള അഭിപ്രായ സർവ്വേ ഫലങ്ങൾ.