മഹത്തായ ചരിത്രമുള്ള പ്രസ്ഥാനമാണ് കോൺഗ്രസിൻറെ യുവജന വിഭാഗമായ യൂത്ത് കോൺഗ്രസ്. കേരളം കണ്ട പ്രഗൽഭരായ പല കോൺഗ്രസ് നേതാക്കളും യൂത്ത് കോൺഗ്രസിലൂടെ വളർന്നുവന്നവരാണ്.
കേരളം ആദരവോടെ കാണുന്ന വയലാർ രവി, എ കെ ആൻറണി, ഉമ്മൻചാണ്ടി, വി എം സുധീരൻ, എം എം ഹസ്സൻ, രമേശ് ചെന്നിത്തല, തുടങ്ങിയവരെല്ലാം യൂത്ത് കോൺഗ്രസ് സംഘടന കേരളീയ സമൂഹത്തിന് നൽകിയ നേതാക്കന്മാരാണ്. ഇവരുടെ പിന്മുറക്കാരായ ഇപ്പോഴുള്ള യൂത്ത് നേതാക്കന്മാരുടെ പേരിൽ പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്തകൾ അമ്പരപ്പിക്കുന്നതും നാണക്കേട് ഉണ്ടാക്കുന്നതുമാണ്. യൂത്ത് കോൺഗ്രസിൻറെ സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാംഗമാണ്. ഇദ്ദേഹത്തിൻറെ പേരിലാണ് ഇപ്പോൾ യൂത്ത് കോൺഗ്രസിൽ വലിയ കലഹങ്ങൾ നടക്കുന്നത്. യൂത്ത് കോൺഗ്രസിൻറെ ജില്ലാതല നേതൃത്വ സമ്മേളനങ്ങൾ നടക്കുകയാണ്. എവിടെയും യോഗത്തിൽ മുഖ്യവിഷയമായി എത്തുന്നത് രാഹുൽ മാങ്കൂട്ടത്തിലിനെ പറ്റിയുള്ള പരാതികൾ മാത്രമാണ്. മറ്റു ചില സംസ്ഥാന ജില്ലാ ഭാരവാഹികൾക്കെതിരെയും വലിയ പരാതികൾ ഉയരുന്നുണ്ട്. പഴയ കാലമല്ല, എന്ത് വിഷയവും നാട്ടിൽ ചർച്ചയാക്കാൻ സമൂഹമാധ്യമങ്ങൾക്ക് കഴിയും. മുൻകാലങ്ങളിലെ സത്യസന്ധതയും മഹത്വവും നിലനിർത്തി പോന്ന യൂത്ത് കോൺഗ്രസിൻറെ ആ നല്ല കാലത്തെ നശിപ്പിക്കുന്ന വിധത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ പലതരത്തിലുള്ള ആരോപണങ്ങൾക്കും വിധേയനായിരിക്കുകയാണ്. ജില്ലാതല സമ്മേളന വേദികളിൽ സംസ്ഥാന പ്രസിഡന്റിന് എത്തിച്ചേരാൻ പോലും കഴിയാത്ത തരത്തിലുള്ള പരാതികളാണ് ഉയരുന്നത് എന്നത് ഗൗരവമുള്ള കാര്യമാണ്. യൂത്ത് കോൺഗ്രസിൻറെ ഭാരവാഹിത്വത്തിന് മത്സരിച്ച ചില നേതാക്കൾ രാഹുലിനെതിരെയുള്ള കേസുകൾ കോടതിയിലെത്തിച്ചു. തെരഞ്ഞെടുപ്പിൽ വ്യാജ വോട്ടർ കാർഡുകൾ നിർമ്മിച്ചുവെന്നും അങ്ങനെ കൃത്രിമ വിജയം ഉണ്ടാക്കിയെടുക്കുകയാണ് രാഹുൽ ചെയ്തതെന്നുമാണ് പരാതി.
ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ വ്യാജ വോട്ടർ ഐഡികൾ ഉണ്ടാക്കിയവരെ കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് ആ വിഷയം കെട്ടടങ്ങി. യഥാർത്ഥത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ എവിടെ കാലുകുത്തിയാലും അവിടെ പ്രശ്നങ്ങൾ ഉണ്ടാകുന്നു എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ പുതിയ കാര്യമല്ല. പാലക്കാട് രാഹുൽ മത്സരിച്ചപ്പോൾ ഉയർന്നുവന്ന പെട്ടി വിവാദം വലിയ ചർച്ചയായി. ഇതിനുശേഷമാണ് യൂത്ത് കോൺഗ്രസിൻറെ യോഗ വേദികളിൽ ഉയർന്നത് സാമ്പത്തിക ക്രമക്കേടുകളുടെ വിവരമാണ്. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് വച്ചു കൊടുക്കുന്നതിന് മറ്റു സംഘടനകളെപ്പോലെ യൂത്ത് കോൺഗ്രസും തീരുമാനിക്കുകയും അതിനായി ഫണ്ട് കണ്ടെത്തുകയും ചെയ്തു. രണ്ടരക്കോടിയിലധികം രൂപ പിരിച്ചെടുത്തു എന്ന പരാതി യോഗങ്ങളിൽ ചൂണ്ടിക്കാണിച്ചത് യൂത്ത് നേതാക്കൾ തന്നെയാണ്. ഇതിന് കൃത്യമായ ഒരു വിശദീകരണം നൽകുവാൻ സംസ്ഥാന പ്രസിഡൻറ് രാഹുൽ മാങ്കൂട്ടത്തിലിന് കഴിഞ്ഞില്ല. ഇപ്പോഴും യൂത്ത് കോൺഗ്രസ് യോഗങ്ങളിൽ ഇത് സംബന്ധിച്ച തർക്കങ്ങളുണ്ട്. ഇപ്പോൾ ഒരു ചാനൽ അവതാരികയുമായി ബന്ധപ്പെടുത്തി കൊണ്ടുള്ള ആരോപണങ്ങളും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിന്റെ പേരിൽ ഉയർന്നിരിക്കുകയാണ്. എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ എന്ന് പറയുന്നത് പോലെയാണ്, എവിടെ രാഹുൽ എത്തിയാലും അവിടെയെല്ലാം മാധ്യമങ്ങൾ ഈ വിഷയം ചോദിച്ചു കൊണ്ടേയിരിക്കുന്നു. എന്നാൽ കൃത്യമായി ഒരു ഉത്തരവും നൽകുവാൻ രാഹുൽ മാങ്കുട്ടത്തിലിന് കഴിയുന്നില്ല. ഈ സംഭവം നിലനിൽക്കുമ്പോഴാണ് യൂത്ത് കോൺഗ്രസിന്റെ മറ്റു ചില ഭാരവാഹികളുടെ പേരിൽ പലതരത്തിലുള്ള ആരോപണങ്ങളുണ്ടാകുന്നത്. വിവാഹ വാഗ്ദാനം നൽകി പറ്റിച്ച സംഭവം വരെ യൂത്ത് കോൺഗ്രസ് യോഗങ്ങളിൽ സംസാരമാവുന്നുണ്ട്. ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയതും വിവാദമാണ്. യൂത്ത് കോൺഗ്രസ് എന്ന കോൺഗ്രസ് പാർട്ടിയുടെ യുവജന സംഘടന കേരളത്തിൽ കത്തിജ്വലിച്ചു നിന്ന ഒരു പഴയ കാലമുണ്ടായിരുന്നു. കലാലയങ്ങളിൽ യുവാക്കളെക്കാൾ ആവേശത്തോടെ, യുവതികൾ കടന്നു വരികയും പ്രവർത്തിക്കുകയും ചെയ്ത ഒരു നല്ല കാലം. പഴയ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് അവരുടെ സ്വഭാവശുദ്ധിയുടെ പേരിൽ സ്ത്രീകൾ മാത്രം പഠിക്കുന്ന വിമൻസ് കോളേജുകളിൽ പോലും യഥേഷ്ടം കടന്നു ചെല്ലുവാൻ അവസരം ലഭിച്ചിരുന്നു. അന്ന് ഇന്നത്തേത് പോലെ ആഡംബര ജീവിതത്തിലും ആധുനിക സൗകര്യങ്ങളിലും മയങ്ങിയിരുന്ന യുവാക്കളായിരുന്നില്ല. അന്നത്തെ യൂത്ത് നേതാക്കൾ നാട്ടിലെ ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുകയും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുകയും ചെയ്തിരുന്നു. അന്നത്തെ മുഴുവൻ യുവാക്കളും യൂത്ത് കോൺഗ്രസിൽ ചേർന്നിരുന്നു. വി എം സുധീരൻ യൂത്ത് കോൺഗ്രസ് പ്രസിഡണ്ടായിരുന്ന കാലത്ത് കേരള വ്യാപകമായി നടത്തിയ ഓണത്തിന് ഒരു മുറം അരി എന്ന കാർഷിക വിപ്ലവം പഴയ തലമുറ ഇന്നും മറന്നു കാണാൻ സാധ്യതയില്ല. ഇത്തരത്തിൽ ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച അവരുടെ സ്നേഹം പിടിച്ചു പറ്റിയവരായിരുന്നു പഴയകാല യൂത്ത് നേതാക്കൾ. ഇപ്പോൾ വലിയ ആദർശവും വീരവാദവും കോൺഗ്രസ് പാരമ്പര്യവും മഹത്വവുമൊക്കെ വിളമ്പി നടക്കുന്ന ഇപ്പോഴത്തെ യൂത്തന്മാർ പലതും മറന്നു കൊണ്ടാണ് പ്രവർത്തിക്കുന്നത്. കോൺഗ്രസ് പാർട്ടിയുടെ നിയമാവലിയിൽ പ്രധാനമായി പറയുന്ന ഒന്നാണ് നിർബന്ധമായും ഖദർ വസ്ത്രം ധരിക്കണം, ലളിത ജീവിതം നയിക്കണം എന്നത്. എന്നാൽ ഇപ്പോഴത്തെ യൂത്ത് നേതാക്കളുടെ സഞ്ചാരം തന്നെ 25 ലക്ഷത്തിലധികം വിലവരുന്ന ആഡംബര കാറുകളിലാണ്. അവരുടെ കാലിലെ ചെരുപ്പിന്റെ വില ആയിരങ്ങളാണ്. അവർ ധരിക്കുന്ന പാന്റും കോട്ടും ആയിരങ്ങൾക്ക് മുകളിലാണ്. ഇതൊക്കെ കാണിച്ചു കൂട്ടുമ്പോൾ പൊതുജനം എന്ന പാവപ്പെട്ട വിഭാഗം നിങ്ങളെ ആക്ഷേപത്തോടെ പരിഹസിക്കുന്നുണ്ട് എന്ന കാര്യം യൂത്ത് നേതാക്കൾ മറന്നുപോകരുത്. റേഷൻകടയിലെ അരിയും പഞ്ചസാരയും സപ്ലൈകോയിലെ മുളകും ഉപ്പും ഒക്കെ ക്യൂ നിന്ന് വാങ്ങി നിത്യജീവിതം കഴിക്കുന്ന ലക്ഷക്കണക്കിന് പാവങ്ങൾ ഇപ്പോഴും കേരളത്തിലുണ്ടെന്നും ഇതിൽ തന്നെ നല്ലൊരു വിഭാഗം കോൺഗ്രസിന്റെ മൂവർണ്ണ കൊടിയും കൈപ്പത്തി ചിഹ് നവും ജീവനെപ്പോലെ കാണുന്നവരാണ് എന്ന കാര്യവും തിരക്കൊഴിയുമ്പോൾ യൂത്ത് നേതാക്കന്മാർ മനസ്സിലാക്കിയാൽ അവർക്ക് തന്നെ നല്ലത്. യൂത്ത് കോൺഗ്രസ് എന്ന പ്രസ്ഥാനം അതിൻറെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതിയിട്ടുള്ള മഹത്തായ പല കാര്യങ്ങളും ചെയ്തിട്ടുള്ളവരാണ്. ആ മഹത്വം നശിപ്പിച്ചാൽ യൂത്ത് കോൺഗ്രസിൻറെ സംസ്ഥാന പ്രസിഡണ്ടായാലും ദേശീയ പ്രസിഡണ്ടായാലും വിവരമുള്ള ജനങ്ങൾ കിട്ടുന്ന അവസരത്തിൽ തിരിച്ചടിക്കുക തന്നെ ചെയ്യും എന്നതും യൂത്ത് നേതാക്കൾ മറക്കേണ്ടതില്ല. കാലത്തിൻറെ മാറ്റം എല്ലാ മേഖലയിലും വന്നിട്ടുണ്ട്. എന്നാൽ മറ്റുള്ളവർ കാലത്തിനൊപ്പം ചാടി കളിക്കുന്നത് പോലെ ജനസേവകരും പൊതുപ്രവർത്തകരുമായ യൂത്ത് കോൺഗ്രസ് നേതാക്കൾ മാറരുത് എന്നു പൊതുസമൂഹം പറഞ്ഞാൽ അത് തെറ്റാണ് എന്ന് പറയാനും കഴിയില്ല.