വേടൻ ആളൊരു വെടക്കാണ് എന്ന് പറഞ്ഞാൽ എത്രത്തോളം ശരിയുണ്ടെന്ന് പരിശോധിക്കണം.

നാറിയവനെ ചുമന്നാൽ ചുമക്കുന്നവനും നാറും.

വേടൻ എന്ന റാപ്പ് ഗായകൻ താമസിച്ചിരുന്ന കൊച്ചിയിലെ ഫ്ലാറ്റിൽ എക്സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയപ്പോൾ അവിടെ നിന്നും കഞ്ചാവും മയക്കുമരുന്നും കണ്ടെടുത്തു. ഇത് സംബന്ധിച്ച വാർത്ത വന്നപ്പോഴാണ് അറിയാത്തവരെല്ലാം വേടനെ അറിയുന്ന സ്ഥിതി ഉണ്ടായത്. പിടിയിലായ വേടൻ പിന്നീട് ജാമ്യത്തിലിറങ്ങി. പുറത്തുവന്ന വേടൻ പൊതുജനത്തോട് കുമ്പസാരിച്ചു . താൻ തെറ്റ് ചെയ്തു എന്നും, മദ്യപിച്ചിട്ടുണ്ട്, കഞ്ചാവ് വലിച്ചിട്ടുണ്ട്, ഇതെല്ലാം എൻറെ വലിയ പിഴകളാണ് ഇനി ആവർത്തിക്കില്ല എന്നൊക്കെ പറഞ്ഞപ്പോൾ ജനങ്ങളെല്ലാം വേടനെ തോളിൽ ചുമന്നു നടക്കുന്ന സ്ഥിതിയുണ്ടായി. എന്നാൽ വേടൻ ഇതൊന്നുമല്ലെന്നും, ആളൊരു തട്ടിപ്പ് വിദഗ്ധനാണ് എന്നുള്ള കഥകളാണ് പിന്നീട് ഓരോന്നായി പുറത്തുവന്നത്. ആദ്യം വേടനെ കഞ്ചാവ് കേസിൽ പിടികൂടിയപ്പോൾ ഒരു വീഡിയോ പുറത്തുവന്നു. അത് ഒരു പ്രവചനം പോലെ മാറി.

അന്നത്തെ വീഡിയോയിൽ പറഞ്ഞിരുന്നു. വേടൻ ആള് ശരിയല്ല എന്ന്. റാപ്പ് സംഗീതത്തിലൂടെ ആയിരക്കണക്കിന് യുവാക്കളെ ആകർഷിക്കുന്ന സംഗീത അഭ്യാസിയായി വേടൻ മാറിയപ്പോൾ അതിൻറെ പിന്നിൽ പല കഥകളുമുണ്ടായി. സ്റ്റേജിൽ കയറി പാടിയും ആടിയും തുള്ളിക്കളിക്കുന്ന വേടൻ സത്യത്തിൽ ഒരു യുവതലമുറയെ വഴിതെറ്റിക്കുകയായിരുന്നു. വിമർശനം വന്നപ്പോൾ വേടൻ പ്രയോഗിച്ച തന്ത്രവും രസകരമായിരുന്നു. വാക്കുകളിലും വാചകങ്ങളിലും പാട്ടിലുമെല്ലാം കണ്ണീരൊഴുക്കുന്ന പാവങ്ങളുടെ അവസ്ഥകളാണ് പറയുന്നത്. അതിന് മേമ്പൊടിയായി ദളിതൻ എന്ന പ്രയോഗവും നടത്തി. ഇതോടുകൂടി വേടൻ്റെ പേര് പറഞ്ഞ് രാഷ്ട്രീയക്കാരും സമുദായക്കാരും പുകഴ്ത്തു പാട്ടുകളുമായി രംഗത്തുവന്നു. അങ്ങനെ വഴിതെറ്റി ജീവിച്ച വേടൻ മാന്യ മഹാനായി മാറി. മദ്യം, മയക്കുമരുന്ന് ഇവയെല്ലാം കഴിഞ്ഞ് ഇപ്പോൾ വേടൻ എത്തിനിൽക്കുന്നത് ഒരു പാവം പെണ്ണിനെ പറ്റിച്ച് മാസങ്ങളോളം ലൈംഗിക പീഡനം നടത്തിയ സംഭവത്തിലാണ്. ഏതായാലും ഇരയായ യുവതിയുടെ പരാതിയിൽ എറണാകുളത്ത് വേടനെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്.വേടൻ്റെ പാട്ടുകളിലെ ഓരോ വരികളും, വേടൻ്റെ സൃഷ്ടികൾ ആയിരുന്നു. ഇതിലെല്ലാം ദുരിതമനുഭവിക്കുന്നവരെ വലയിൽ വീഴിക്കാനുള്ള പദപ്രയോഗങ്ങൾ ഉണ്ടായിരുന്നു.

കടലമ്മ കരഞ്ഞല്ലേ പെറ്റത് – കണ്ണീരെല്ലാം അവളല്ലേ കുടിച്ചത് – തുടങ്ങിയ പാവങ്ങളെ വശീകരിക്കാൻ പറ്റുന്ന വാക്കുകളും പാട്ടുമാണ് അയാൾ ടീനേജിന് മുന്നിൽ അവതരിപ്പിച്ചത്. വളരെ എളുപ്പത്തിൽ വിറ്റുപോകുന്ന ഒരു കലാപ്രകടനമാണ് തന്റേതെന്ന് വേടൻ വളരെ വേഗം മനസ്സിലാക്കി. അതുകൊണ്ട് തന്നെ ചെറുപ്പക്കാർക്ക് കള്ളും കഞ്ചാവും അകത്താക്കി ആടിത്തിമിർക്കാൻ പറ്റുന്ന കലാപ്രകടനമാക്കി വേടൻ മാറ്റിയെടുത്തു. അയാൾ പാട്ടുമായെത്തുന്ന സ്ഥലങ്ങളിൽ പതിനായിരകണക്കിന് ചെറുപ്പക്കാർ ഒഴുകിയെത്തി. പരിപാടി നടക്കുന്ന ഗ്രൗണ്ടുകൾ നിറഞ്ഞു കവിഞ്ഞു. മൈക്കിൾ ജാക്സൺ എന്ന കലാകാരനാണ് മുമ്പ് ഇതുപോലെ തുള്ളിക്കളിക്കുന്ന പാട്ടുകളുമായി യുവതി യുവാക്കളെ ആകർഷിച്ചിരുന്നത്. ഇതിൻറെ മറ്റൊരു രൂപമാണ് വേടൻ മലയാളക്കരയിൽ പ്രദർശിപ്പിച്ചത്. എന്നാൽ സ്വന്തം സംഗീത പരിപാടി വഴി നേടിയെടുക്കാൻ കഴിയാത്ത കയ്യടി അയാൾ നേടിയത് കഞ്ചാവ് കേസിൽ പിടിക്കപ്പെട്ടതിനു ശേഷമായിരുന്നു. സംഭവത്തിനുശേഷം പൊതുവേദിയിലെത്തി തൻറെ തെറ്റുകൾ ഏറ്റുപറഞ്ഞ വേടനെ സർക്കാരും രാഷ്ട്രീയ നേതാക്കളും പിന്തുണച്ചു. ഇടുക്കിയിൽ സർക്കാരിൻറെ വാർഷിക പരിപാടിയിൽ നിർബന്ധപൂർവ്വം വിളിച്ചുവരുത്തി വേടന്റെ റാപ്പ് സംഗീതം അവതരിപ്പിക്കാൻ അവസരം നൽകി . ഇതെല്ലാം കൂടുതൽ കൂടുതൽ വേടനെ പ്രശസ്തനാക്കി കൊണ്ടിരുന്നു. എന്നാൽ ഇതെല്ലാം തൻറെ വിദഗ്ധമായ കച്ചവട തന്ത്രങ്ങളുടെ ഭാഗമായിരുന്നു എന്ന് കൃത്യമായും അറിയാമായിരുന്നത് വേടനു മാത്രമായിരുന്നു. ദരിദ്ര ജനവിഭാഗങ്ങളുടെയും, ദളിതരുടെയും, പട്ടിണിപ്പാവങ്ങളുടെയും ഒക്കെ കണ്ണീരിന്റെ ഉപ്പുരസം അനുഭവിച്ച് നിറച്ചുവെച്ചതാണ് തൻറെ പാട്ടുകൾ എന്ന വീരവാദം മുഴക്കാൻ വേടന് ഒരു മടിയും ഉണ്ടായില്ല. വേടനെ വിശുദ്ധനാക്കാനും സംഗീത ലോകത്ത് അത്ഭുതപ്രതിഭയാക്കാനും നേതാക്കന്മാരും ഭരണകർത്താക്കന്മാരും വാശി പിടിക്കുകയായിരുന്നു.

ഇതൊക്കെ വേടൻ്റെ മഹത്വമായി പറഞ്ഞുകൊണ്ടിരിക്കുമ്പോഴും ഒരു സംഗീത പരിപാടിക്ക് പ്രതിഫലമായി അയാൾ ലക്ഷങ്ങൾ വാരിക്കൂട്ടിയിരുന്നു എന്നത് ആരും ശ്രദ്ധിച്ചില്ല. പണം വാരിക്കൂട്ടാനുള്ള വിദഗ്ധമായ തന്ത്രത്തെ ചായം പൂശി നിലനിർത്തി ഒപ്പം കൂട്ടി. പാവവും പരിശുദ്ധനും ഒക്കെയായി വ്യാഖ്യാനിക്കപ്പെട്ട വേടൻ്റെ തനി സ്വരൂപം വിളിച്ചുപറഞ്ഞത് വേടൻ മൂലം ജീവിതം നശിച്ച ഒരു യുവതിയാണ്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട ആ യുവതിയെ വേടൻ വശീകരിച്ച്‌, ആ യുവതിയിൽ നിന്നും കിട്ടാവുന്നത്ര പണം വാങ്ങിയെടുത്ത്, അത് ഉപയോഗിച്ച് ചാനൽ പരിപാടികൾ തയ്യാറാക്കി. അങ്ങനെ പ്രശസ്തിയിലേക്ക് എത്തിയ കപട വേഷധാരിയാണ് യഥാർത്ഥ വേടൻ എന്ന് ആ യുവതി പോലീസിൽ പരാതി അറിയിച്ചു. ഇതുമാത്രമല്ല സാമ്പത്തികമായി ഗതികെട്ട അവസരത്തിൽ ആ യുവതിയെ വശീകരിച്ച് ഒരു വർഷത്തിലധികം കേരളത്തിലെ പല ഭാഗങ്ങളിൽ കൊണ്ടുപോയി ലൈംഗിക പീഡനം നടത്തിയെന്നാണ് യുവതി പറയുന്നത്. ഇതിലെ മുഴുവൻ വസ്തുതകളും ഇനി പോലീസ് അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരേണ്ടതുണ്ട്. ഏതായാലും സംഭവത്തിൽ വേടൻ ഇതുവരെ നിഷേധ പ്രസ്താവന നടത്തിയിട്ടില്ല. ഒരു വ്യക്തിജീവിതത്തിൽ ഒരാൾക്ക് ചെയ്യുവാൻ കഴിയുന്ന എല്ലാ കൊള്ളരുതായ്മയും ചെറുപ്രായത്തിൽ തന്നെ ചെയ്ത മഹാനടനാണ് വേടൻ. റാപ്പ് സംഗീതത്തിലൂടെ കേരളത്തിലെ യുവതലമുറയെ മുഴുവൻ വശീകരിച്ച് അവരുടെ പോക്കറ്റിലെ പണം തട്ടിയെടുത്ത് ഒരു തലമുറയെ വഴിതെറ്റിച്ചു എന്നത് വേടൻ്റെ പേരിൽ ചേർത്തുവെക്കാവുന്ന ഒരു ഭീകരകുറ്റമാണ് . യുവത്വം എന്നത് മനുഷ്യജീവിതത്തിലെ തിളച്ചു മറിയുന്ന പ്രായമാണ്. എന്തിനോടും ഏതിനോടും പ്രതികരിക്കുന്നതും എന്തിനെയും ഉൾക്കൊള്ളുന്നതും ശരി- തെറ്റുകൾ തിരിച്ചറിയാതെ ഒപ്പം ചേരുന്നതുമൊക്കെ യുവത്വത്തിന്റെ ഒരു പ്രത്യേകതയാണ്. ഈ യുവാക്കളുടെ പ്രായത്തിന്റെ ബലഹീനതയെയാണ് വേടൻ എന്ന തട്ടിപ്പ് വീരൻ വിദഗ്ധമായി മുതലെടുത്തിരിക്കുന്നത്. ഓരോ സംഗീത പരിപാടികളിലൂടെയും ലക്ഷങ്ങൾ വാരിക്കൂട്ടി ആരുമറിയാതെ ലഹരിയിൽ മയങ്ങി ആഡംബര ജീവിതം നയിക്കുകയായിരുന്നു വേടൻ. ഇപ്പോഴും പുറത്തു പറയുന്നത് തൻറെ ചെറുപ്പകാലത്തെ ദുരിതങ്ങളും ദുഃഖങ്ങളും ഒക്കെ തന്നെയാണ് എന്നാണ്. ഇതുകേട്ട് വിശ്വസിച്ച് അയാൾക്ക് സിന്ദാബാദ് വിളിക്കുന്ന യുവതലമുറ ഇപ്പോൾ പുറത്തുവരുന്ന പുതിയ പീഡനക്കേസ് കൂടി അറിയേണ്ടതുണ്ട്. യുവാക്കളുടെ ആവേശത്തെ മുതലെടുത്ത് പണം വാരിക്കൂട്ടാനുള്ള തന്ത്രങ്ങൾ പയറ്റി ഏകദേശം വിജയിച്ച വേടൻ എന്ന കഥാപാത്രം എന്തായാലും പൊതുസമൂഹത്തിന് അംഗീകരിക്കാവുന്ന ഒരു കഥാപാത്രമല്ല എന്ന് മാത്രമാണ് വീണ്ടും വീണ്ടും നിങ്ങളോടു പറയാനുള്ളത്. സൂക്ഷിക്കുക..