സിപിഎമ്മിന്റെ കേരളത്തിലെ സീനിയർ നേതാക്കളിൽ പ്രധാനിയാണ് ആലപ്പുഴക്കാരൻ ആയ മുൻമന്ത്രി ജി സുധാകരൻ. കുറച്ചുകാലമായി സുധാകരൻ കേരളത്തിലെ സിപിഎം നേതാക്കളുടെയും പാർട്ടിയുടെയും പ്രവർത്തനങ്ങളിൽ കടുത്ത വിമർശനങ്ങൾ ഉയർത്തി മുന്നോട്ടു പോവുകയാണ്. സുധാകരൻ കോൺഗ്രസ് അടക്കമുള്ള മറ്റു പാർട്ടികളുടെ പരിപാടികളിൽ പങ്കെടുക്കുന്നതിന്റെ പേരിൽ സിപിഎം സൈബർ സഖാക്കൾ ക്രൂരമായ ആക്രമണം ആണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനപ്പുറമേയാണ് കഴിഞ്ഞ ദിവസം മുതിർന്ന നേതാവ് മുൻമന്ത്രി എ കെ ബാലൻ ഫേസ്ബുക്കിലൂടെ സുധാകരനെ തരംതാഴ്ത്തിക്കൊണ്ട് പ്രസ്താവന ഇറക്കിയത്. ഇതിന് പുറമേ മന്ത്രിയായ സജി ചെറിയാനും സുധാകരനെ ആക്ഷേപിച്ചുകൊണ്ട് രംഗത്ത് വന്നത്. ഇതിനുശേഷമാണ് ആലപ്പുഴയിലെ വീട്ടിൽ മാധ്യമങ്ങൾക്ക് മുന്നിൽ സുധാകരൻ സജി ചെറിയാനേയും എ കെ ബാലനേയും രൂക്ഷമായ ഭാഷയിൽ വിമർശനങ്ങൾ നടത്തിയത്. തന്നെ വിമർശിക്കാൻ യോഗ്യത മന്ത്രിയായ സജി ചെറിയാൻ എത്തിയിട്ടില്ല എന്നും, മന്ത്രി ആദ്യം കമ്മ്യൂണിസ്റ്റ് ഭരണഘടന പഠിക്കണം എന്നും, തന്നെ പാർട്ടിയിൽ നിന്നും പുകച്ചു പുറത്താക്കാൻ വ്യാജ പരാതികൾ പലതവണ പാർട്ടി നേതാക്കൾക്ക് കൈമാറിയ ആളാണ് സജി എന്നും, തന്നെ വിമർശിക്കാൻ അയാൾ ആയിട്ടില്ല എന്നുമാണ് സുധാകരൻ തുറന്നടിച്ചത്. ഇതോടൊപ്പം തന്നെ വിമർശനവുമായി രംഗത്ത് വന്ന എ കെ ബാലനെയും പുച്ഛമായി കണ്ടുകൊണ്ടാണ് സുധാകരൻ വിമർശിച്ചത്. മന്ത്രിയും പാർട്ടി നേതാവും ഒക്കെയായ ബാലൻ ആദ്യം കമ്മ്യൂണിസം പഠിക്കണം. സഖാവ് എന്ന വാക്കിൻറെ അർത്ഥം എന്താണെന്നും ബാലൻ മനസ്സിലാക്കണമെന്നും സുധാകരൻ പറഞ്ഞുവെച്ചു.
തനിക്ക് എതിരെ നിൽക്കുന്ന നേതാക്കളെയും പാർട്ടിയെയും വിമർശിക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി പറഞ്ഞു കൊണ്ടാണ് സുധാകരൻ സംസാരിച്ചത്. മന്ത്രിയായും പാർട്ടി നേതാവായും പിണറായി വിജയൻ ഒപ്പം 20 കൊല്ലത്തിലധികം പ്രവർത്തിച്ച ആളാണ് താൻ എന്നും ഇന്നും പിണറായി സഖാവ് തൻറെ നേതാവാണെന്നും ഇത് തിരിച്ചറിയാവുന്നതുകൊണ്ടാണ് നേതാക്കളിൽ ചിലർ നടത്തുന്ന തനിക്കെതിരായ ആക്രമങ്ങൾ പിണറായി വിജയൻ തള്ളിക്കളയുന്നത് എന്നും സുധാകരൻ തുറന്നു പറഞ്ഞു.
അടിക്ക് തിരിച്ചടി എന്ന രീതിയിൽ സുധാകരൻ മുന്നോട്ടുപോകുന്നുണ്ട്. എങ്കിലും സുധാകരന്റെ തുറന്നുപറച്ചിലുകൾ സിപിഎം നേതാക്കളിൽ പലർക്കും ഇഷ്ടപ്പെടുന്നില്ല എന്നതാണ് വാസ്തവം. സുധാകര വിരോധികൾ കിട്ടുന്ന അവസരങ്ങളിൽ എല്ലാം സുധാകരനെതിരെ തന്ത്രപരമായി ആഞ്ഞടിക്കുന്നുണ്ട്.
അമ്പലപ്പുഴയിൽ അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി സുധാകരൻ രംഗത്ത് വരും എന്ന പ്രചരണം സഖാക്കൾ നടത്തുന്നതിനു പിന്നിൽ ആലപ്പുഴയിലെ നേതാവും മന്ത്രിയുമായ സജി ചെറിയാൻ ആണ് എന്ന് സുധാകരൻ പറയുന്നുണ്ട്. ആലപ്പുഴയിലെ പാർട്ടിയുടെ താഴെത്തട്ടിലുള്ള പ്രവർത്തകരിലും ഭാരവാഹികളിലും സുധാകരൻ ഇഷ്ടക്കാരനായി നിൽക്കുന്നുണ്ട് എങ്കിലും ജില്ലാ നേതാക്കളിൽ പലരും സുധാകരനെ എതിരായി നീങ്ങുകയാണ്. ഈ നീക്കം സംസ്ഥാന കമ്മിറ്റിയിലേക്ക് എത്തുകയും സുധാകരന്റെ പ്രസ്താവനകളിലെ വാക്കുകളും വാചകങ്ങളും പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി നിരത്തുകയും ചെയ്താൽ പണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവായിരുന്ന കെ ആർ ഗൗരിയമ്മയ്ക്ക് ഉണ്ടായ അതേ അനുഭവം സുധാകരനും വരാൻ സാധ്യതയുണ്ട്. സിപിഎമ്മിന്റെ ഏറ്റവും മുതിർന്ന നേതാവായി നിൽക്കുമ്പോൾ ആണ് പാർട്ടിയിൽ വിഭാഗീയ പ്രവർത്തനം എന്ന് പറഞ്ഞുകൊണ്ട് ഗൗരിയമ്മയെ പാർട്ടിയിൽ നിന്നും പുറത്താക്കിയത്. അതേ തുടർന്നാണ് ഗൗരിയമ്മ ജെ എസ് എസ് എന്ന സ്വന്തം പാർട്ടിയുമായി മുന്നോട്ട് നീങ്ങിയത്.മുഖ്യമന്ത്രിയും പാർട്ടിയുടെ സർവാധിപതിയും ആയി പിണറായി വിജയൻ ഇപ്പോഴും നിലനിൽക്കുന്നതുകൊണ്ട് സുധാകരനെ അത്ര എളുപ്പത്തിൽ ഒറ്റപ്പെടുത്താൻ കഴിയില്ല. എപ്പോഴാണ് പിണറായി വിജയന് മുന്നിൽ സുധാകരൻ അനഭിമതൻ ആയി മാറുക അപ്പോൾ സുധാകരന്റെ സർവ്വ പ്രതാപവും അസ്തമിച്ച് പാർട്ടിക്ക് പുറത്താവുന്ന സ്ഥിതി ഉണ്ടാകും.