കേരളത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാൽ കോൺഗ്രസ് പാർട്ടി നയിക്കുന്ന യുഡിഎഫ് മുന്നണിയിൽ ഇപ്പോൾ തന്നെ ഘടകകക്ഷികളും കോൺഗ്രസുമായുള്ള കലഹം തുടങ്ങി കഴിഞ്ഞു. മധ്യതിരുവിതാംകൂറിൽ ആണ് യുഡിഎഫ് കക്ഷികൾ തമ്മിലുള്ള പോരാട്ടം രൂക്ഷമാകുന്നത്. യുഡിഎഫിനകത്ത് നിലയുറപ്പിച്ചിട്ടുള്ള പി ജെ ജോസഫ് നയിക്കുന്ന ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസും ജില്ലയിൽ വലിയ സ്വാധീനമില്ലാത്ത മുസ്ലീം ലീഗും മുൻകൂട്ടി തന്നെ സീറ്റുകൾക്ക് അവകാശവാദം ഉന്നയിക്കുകയും, ചിലയിടങ്ങളിൽ സ്വന്തം സ്ഥാനാർത്ഥികളെ ഇറക്കുകയും ചെയ്തിരിക്കുകയാണ്. ഇതിൻറെ പേരിൽ കോട്ടയം ജില്ലയിൽ പലയിടങ്ങളിലും ഘടക കക്ഷികളും കോൺഗ്രസും തമ്മിൽ പോര് ശക്തമാവുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇത്തരം ഭിന്നതകൾ വലിയ തിരിച്ചടി ഉണ്ടാക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
കോട്ടയം ഇടുക്കി പത്തനംതിട്ട മലപ്പുറം ആലപ്പുഴ തുടങ്ങിയ ജില്ലകളിൽ ആണ് യുഡിഎഫിന്റെ ഘടകകക്ഷികൾ കൂടുതൽ സീറ്റുകൾക്കുള്ള അവകാശവാദവുമായി നിലയുറപ്പിച്ചിട്ടുള്ളത്. ഇവരിൽ പലരും ചോദിക്കുന്ന സീറ്റുകൾ നിലവിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിച്ച സീറ്റുകളാണ്. ഇത് വിട്ടുകൊടുക്കാൻ പാടില്ല എന്ന് മാത്രമല്ല മധ്യതിരുപിതാംകൂറിൽ സ്വാധീനമുള്ള വിവിധ കേരള കോൺഗ്രസുകളിൽ, ജോസഫ് കേരള കോൺഗ്രസിന് കഴിഞ്ഞ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് ഇപ്പോൾ വലിയ തകർച്ചയിലാണ് നിൽക്കുന്നത് എന്നും, ആ പാർട്ടിയിൽ അണികൾ ഇല്ല എന്നും ജില്ലകളിലെ കോൺഗ്രസ് നേതാക്കൾ നേതൃത്വത്തോട് പറയുന്നുണ്ട്. കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളിൽ ജോസഫ് കേരള കോൺഗ്രസിൽ നിന്നും ഭിന്നതയെ തുടർന്ന് പ്രവർത്തകരും നേതാക്കളും രാജിവച്ച് മാണി കേരള കോൺഗ്രസിലും മറ്റു പാർട്ടികളിലും ചേർന്ന വിവരവും കോൺഗ്രസിന്റെ ജില്ലാ കമ്മിറ്റികൾ തുറന്നു പറയുന്നുണ്ട്.
മലപ്പുറം കോഴിക്കോട് കാസർഗോഡ് ജില്ലകളിൽ യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ ലീഗിൻറെ നിലപാടുകളും, ജോസഫ് കേരളയുടെ സമാനമായ രീതിയിൽ ആണ് ഈ ജില്ലകളിൽ കോൺഗ്രസ് പാർട്ടിയെ അവഗണിച്ചുകൊണ്ട് തദ്ദേശസ്ഥാപനങ്ങളിൽ സ്വന്തം സ്ഥാനാർത്ഥികളെ വാർഡുകൾ തിരിച്ചു പ്രഖ്യാപിച്ചു പ്രചരണം വരെ തുടങ്ങിയത് . മലപ്പുറം ജില്ല മുസ്ലിം ലീഗ് പാർട്ടിയുടെ ഉറച്ച കോട്ടയാണ്. അവിടെ ഭൂരിഭാഗം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും മുസ്ലിംലീഗ്പ്രസിഡൻറ്മാരും ചെയർമാൻമാരും ഒക്കെയാണ്. മലപ്പുറത്തെ കോൺഗ്രസിന്റെ അനിഷേധ്യ നേതാവായിരുന്ന ആര്യാടൻ മുഹമ്മദ് പാർട്ടിയെ നയിച്ച കാലത്ത് മുസ്ലീംലീഗിനെ അദ്ദേഹം ഒതുക്കി നിർത്തിയിരുന്നതാണ്. എന്നാൽ അദ്ദേഹത്തിൻറെ മരണശേഷം മലപ്പുറത്ത് ലീഗ് നേതാക്കളെ വരുതിയിൽ നടത്താൻ ശേഷിയുള്ള നേതാക്കൾ ഇല്ലാത്തതും മുസ്ലീം ലീഗിൻറെ അപ്രമാദിത്വം ശക്തമാക്കുന്നുണ്ട്.
ഇതിന് പുറമേ കൊല്ലം ജില്ലയിൽ രാഷ്ട്രീയ സ്വാധീനമുള്ള ഷിബു ബേബി ജോണിന്റെ ആർ എസ് പി യും കോൺഗ്രസിനെ തഴഞ്ഞുകൊണ്ട് പല മണ്ഡലങ്ങളിലും സ്വന്തം സ്ഥാനാർത്ഥികളുടെ പ്രചരണം നടത്തുന്നതായി വാർത്ത വരുന്നുണ്ട്. ഇവിടെ പാർട്ടിക്ക് നിലനിൽപ്പിന്റെ പ്രശ്നം ആയതിനാൽ മുൻകൂട്ടി തന്നെ തങ്ങളുടെ സ്വാധീനം വെളിപ്പെടുത്താൻ കൂടിയാണ് ആർ എസ് പി ഈ നീക്കം നടത്തിക്കൊണ്ടിരിക്കുന്നത്.
ഏതായാലും അടുത്ത മാസം നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മൊത്തം സീറ്റുകളിൽ 60%ത്തിനു മുകളിൽ യു ഡി എഫ് വിജയിച്ചു വരിക എന്ന ലക്ഷ്യമാണ് കോൺഗ്രസ് നേതാക്കൾ മുന്നോട്ടുവയ്ക്കുന്നത്. ഇപ്പോഴും കോൺഗ്രസിനകത്ത് നിലനിൽക്കുന്ന ഭിന്നതകളും സ്ഥാനാർഥിനിർണയം നടന്ന സ്ഥലങ്ങളിലെ പ്രതിഷേധങ്ങളും ഈ വിജയത്തിന് ആഘാതം ഉണ്ടാക്കും. ഈ വിഷയം യുഡിഎഫിലെ മറ്റു ഘടകകക്ഷികളും തിരിച്ചറിയുന്നുണ്ട്. കോൺഗ്രസ് ആണ് യുഡിഎഫിനെ നയിക്കുന്നത്. നയിക്കുന്ന പാർട്ടി ഐക്യത്തിൽ അല്ല എങ്കിൽ എങ്ങനെയാണ് തെരഞ്ഞെടുപ്പ് വിജയം നേടുവാൻ കഴിയുക എന്നാണ് യുഡിഎഫിലെ ഘടകകക്ഷി നേതാക്കൾ ഏക സ്വരത്തിൽ ചോദിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നുകഴിഞ്ഞാൽ കോൺഗ്രസിനകത്ത് സ്ഥാനാർഥി മോഹികൾ പലരും നോമിനേഷൻ കൊടുക്കും. ഒടുവിൽ തർക്കങ്ങൾ പരിഹരിച്ച് നോമിനേഷൻ പിൻവലിക്കുന്നതിനുള്ള അവസാന സമയത്തായിരിക്കും പലരും പിൻ വാങ്ങുക. അപ്പോഴും കുറച്ചെങ്കിലും അണികൾ ഉള്ള പ്രാദേശിക നേതാക്കൾ പാർട്ടിയിൽ സീറ്റ് നൽകാത്ത തിൻറെ പേരിൽ റിബൽ സ്ഥാനാർഥിയായി രംഗത്തുവരികയും ചെയ്യും. ഇതൊന്നും കോൺഗ്രസിനകത്തും യുഡിഎഫിനകത്തും പുതിയ കാര്യങ്ങൾ അല്ല. ഇത്തരം രീതികൾ തുടരുകയാണെങ്കിൽ യുഡിഎഫ് നേതാക്കളും കോൺഗ്രസ് നേതാക്കളും ആഗ്രഹിക്കുന്ന രീതിയിലുള്ള തെരഞ്ഞെടുപ്പ് ഫലം ആയിരിക്കില്ല തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഉണ്ടാവുക. ഈ തെരഞ്ഞെടുപ്പിനു ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജയസാധ്യതയും ഈ തെരഞ്ഞെടുപ്പിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്.