കാത്തു കാത്തിരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്നു കഴിഞ്ഞു . തദ്ദേശ തെരഞ്ഞെടുപ്പിൽ തങ്ങളാണ് മുന്നിൽ എന്ന് കാണിക്കാൻ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ അവിടെയും ഇവിടെയുമായി കുറേ സ്ഥാനാർഥികളുടെ ലിസ്റ്റ് പ്രഖ്യാപിച്ചിരുന്നു . എന്നാൽ ഇതുകൊണ്ടൊന്നും കാര്യങ്ങൾ അവസാനിക്കുന്നില്ല എന്നതിന്റെ ലക്ഷണങ്ങളാണ് എല്ലായിടത്തും കാണുന്നത്. പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ തുടങ്ങി എല്ലായിടത്തും എല്ലാ മുന്നണിയിലും സ്ഥാനാർഥികളുടെ പ്രളയമാണ്. ഓരോ വാർഡുകളിലും മണ്ഡലങ്ങളിലും അര ഡസനോളം സ്ഥാനാർഥികൾ വീതം പ്രമുഖ രാഷ്ട്രീയ പാർട്ടികൾക്കു മുന്നിൽ ക്യൂ നിൽക്കുകയാണ്. ഇവരെ സമാധാനിപ്പിച്ച് ഒരു സ്ഥാനാർഥി മാത്രമാക്കി മാറ്റിയെടുക്കുക എന്നതാണ് പ്രമുഖ രാഷ്ട്രീയപാർട്ടികൾക്കും ചെറിയ പാർട്ടികൾക്കും തലവേദനയായി മാറിയിരിക്കുന്ന കാര്യം. വിവിധതലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടെങ്കിലും കേരളത്തിലെ ആറ് കോർപ്പറേഷനുകളിലേക്കുള്ള മത്സരവേദിയിലാണ് പ്രാധാന്യം കൂടുതലുള്ളത് . കോർപ്പറേഷനുകളിൽ വെറുതെ കൗൺസിലർ ആകുന്ന കാര്യത്തിൽ മാത്രമല്ല ഭൂരിപക്ഷം കിട്ടിയാൽ മേയർമാർ ആകുന്നതിൽ വരെ ഇപ്പോൾ തന്നെ കടുത്ത മത്സരം നടക്കുകയാണ്.
മുൻകാല തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥി പെരുപ്പവും വിമത ശല്യവും ഒക്കെ പ്രധാനമായും കടന്നുവന്നിരുന്നത് കോൺഗ്രസ് പാർട്ടിക്കകത്ത് ആണ്. ഈ തെരഞ്ഞെടുപ്പിൽ ആ സ്ഥിതിയും മാറിയിരിക്കുകയാണ്. ഇടതുമുന്നണിയെ നയിക്കുന്ന സിപിഎമ്മിന് അകത്തും മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐയിലും സ്ഥാനാർഥികളുടെ കൂട്ട ഇടി നടക്കുകയാണ്. ഇതുകൊണ്ടും തീരുന്നില്ല. ഇടതുമുന്നണിയിലെ കേരള കോൺഗ്രസ്, ജനതാദൾ തുടങ്ങിയ പാർട്ടികളിലും സ്ഥാനാർഥി ബാഹുല്യം തലവേദനയായി നിൽക്കുകയാണ്. ഇത് മാത്രമല്ല പല ജില്ലകളിലും ഇടതുമുന്നണിയിലും യുഡിഎഫിലും സീറ്റ് വിഭജനം പോലും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ഘടക കക്ഷികൾ പലതും കൂടുതൽ സീറ്റുകൾക്കു വേണ്ടി സമ്മർദ്ദം തുടരുകയാണ്. സിപിഎമ്മിനും കോൺഗ്രസ് പാർട്ടിക്കും ആണ് ഈ തലവേദന പ്രശ്നമായി മാറിയിരിക്കുന്നത്. ഇടതുമുന്നണിയിൽ മധ്യകേരളത്തിലെ മൂന്ന് ജില്ലകളിൽ സിപിഐക്ക് കൊടുക്കുന്നതിനേക്കാൾ കൂടുതൽ സീറ്റുകൾ മാണി കേരള കോൺഗ്രസുകാർ ചോദിച്ചിരിക്കുകയാണ്. മുന്നണിയിലെ രണ്ടാമത്തെ പാർട്ടി തങ്ങളാണ് എന്ന രീതിയിലാണ് മാണി കേരള നേതാക്കൾ വാദം നടത്തുന്നത്.
മറുവശത്ത് കോൺഗ്രസ് നയിക്കുന്ന യുഡിഎഫിലും സ്ഥിതി ഗുരുതരമാണ്. കോൺഗ്രസ് പാർട്ടി ഒപ്പം നിൽക്കുന്ന മുസ്ലിം ലീഗ്, ജോസഫ് കേരള കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ ഉയർത്തുന്ന സീറ്റ് അവകാശവാദം മൂലം സ്ഥാനാർഥിനിർണയം പൂർത്തീകരിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്. യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗ് ഒരിക്കലും ഉണ്ടാവാത്ത വിധത്തിലുള്ള സമ്മർദ്ദം ആണ് കോൺഗ്രസ് പാർട്ടിക്ക് മേൽ ചെലുത്തിക്കൊണ്ടിരിക്കുന്നത്. കോൺഗ്രസിലെ ഗ്രൂപ്പ് തർക്കങ്ങളും മറ്റും മുതലെടുത്തുകൊണ്ട് കൂടുതൽ ജില്ലകളിൽ കൂടുതൽ സീറ്റുകൾ നേടിയെടുക്കാനുള്ള കളികളാണ് മുസ്ലിം ലീഗ് നടത്തിക്കൊണ്ടിരിക്കുന്നത്. മാത്രവുമല്ല യുഡിഎഫിലെ മൂന്നാമത്തെ പാർട്ടിയായ ജോസഫ് കേരള കോൺഗ്രസ് ഇപ്പോൾ വെറും ആളില്ല പാർട്ടി ആണ് എന്നും അവർക്ക് കൂടുതൽ സീറ്റുകൾ നൽകി മുന്നണിക്ക് ക്ഷീണം ഉണ്ടാക്കേണ്ട കാര്യമില്ല എന്ന വാദവും മുസ്ലിം ലീഗ്, കോൺഗ്രസ് നേതാക്കളുടെ മുന്നിൽ വയ്ക്കുന്നുണ്ട്.
ഈ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും തുടർന്ന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വലിയ കുതിച്ചു കയറ്റം നടത്തും എന്ന് പറഞ്ഞുകൊണ്ട് പ്രവർത്തിക്കുന്ന പാർട്ടിയാണ് ബിജെപി. എന്നാൽ ഈ പാർട്ടിയിലും അപ്രതീക്ഷിത തർക്കങ്ങൾ തുടരുകയാണ്. ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ ഈഴവ പാർട്ടി ആയ ബി ഡി ജെ എസ് മുന്നണി വിട്ടു സ്വന്തമായി സ്ഥാനാർഥികളെ നിർത്തി മത്സരിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഇത് പരിഹരിക്കാൻ ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖരന് കഴിയുമോ എന്നത് കണ്ടറിയണം. കാരണം രാജീവ് ചന്ദ്രശേഖർ പ്രസിഡണ്ടായ ശേഷമാണ് ബിജെപിയിൽ നേതാക്കന്മാർ രണ്ടുമൂന്ന് തട്ടുകളായി നിലയുറപ്പിച്ചിരിക്കുന്നത് .ഏതായാലും തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റവും കുറഞ്ഞത് പതിനായിരം വാർഡുകൾ എങ്കിലും പിടിച്ചെടുക്കും എന്ന് പറഞ്ഞ ബിജെപി നേതൃത്വത്തിന് സ്വന്തം പാർട്ടിയിലെയും മുന്നണിയിലെയും പ്രതിസന്ധികൾ വലിയ തലവേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്.