സിപിഎം നേതാവും മുഖ്യമന്ത്രി പിണറായി വിജയൻറെ വലിയ അടുപ്പക്കാരനും ശബരിമല ദേവസ്വം കമ്മീഷണറും ഒടുവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ടും ഒക്കെയായി വിലസിയ എൻ വാസുവും സ്വർണ്ണ കൊള്ള കേസിൽ അറസ്റ്റിലായി ജയിലിൽ ആയതോടുകൂടി കേസിലെ അന്വേഷണസംഘം മറ്റു പ്രമാണിമാരുടെ അടുത്തേക്ക് നീങ്ങുന്നതായിട്ടാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ശബരിമല ക്ഷേത്രകാര്യങ്ങളിൽ നേരിട്ടുള്ള ഇടപെടൽ നടത്തുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ പ്രസിഡൻറ്മാരെയാണ് കേസിന്റെ പ്രത്യേക അന്വേഷണസംഘം നോട്ടമിട്ടിരിക്കുന്നത്. അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു തുടങ്ങിയവരൊക്കെ ചോദ്യം ചെയ്തപ്പോൾ നൽകിയ മൊഴികളാണ് പിണറായി ഭരണം വന്ന ശേഷമുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് മാരെ കുരുക്കിയിരിക്കുന്നത്.
നിലവിൽ പ്രസിഡണ്ടായ പി എസ് പ്രശാന്ത് ചുമതല കേൾക്കുന്നതിന് മുൻപാണ് വാസു ദേവസ്വം ബോർഡ് പ്രസിഡൻറ് ആയിരുന്നത്. അതിനു മുൻപ് പ്രസിഡൻറ് ആയിരുന്നത് സിപിഎമ്മിന്റെ പത്തനംതിട്ടയിലെ മുതിർന്ന നേതാവും മുൻ എം എൽ എ യും ആയ എ പത്മകുമാർ ആയിരുന്നു. പത്മകുമാറിനെ ചോദ്യം ചെയ്യുന്നതിന് അന്വേഷണസംഘം നോട്ടീസ് കൊടുത്തെങ്കിലും രോഗബാധ പറഞ്ഞുകൊണ്ട് ഒഴിഞ്ഞു മാറുകയായിരുന്നു. അതിനുശേഷമാണ് വാസുവിനെ ചോദ്യം ചെയ്തത്. വാസുവിൽ നിന്നും കിട്ടിയ മൊഴികളുടെ അടിസ്ഥാനത്തിൽ പത്മകുമാറിനെ ചോദ്യം ചെയ്യുക എന്നതിന് അന്വേഷണസംഘം തീരുമാനിച്ചിരിക്കുകയാണ്. ഈ ചോദ്യം ചെയ്യൽ പൂർത്തിയായാൽ പത്മകുമാറിന്റെ അറസ്റ്റ് ഉണ്ടാകും എന്നാണ് അറിയുന്നത്. പത്മകുമാർ പ്രസിഡണ്ട് ആയിരുന്ന അവസരത്തിൽ ദേവസ്വം കമ്മീഷണർ ആയിരുന്ന ആളാണ് പിന്നീട് പ്രസിഡന്റായ ഇപ്പോൾ ജയിലിൽ അടയ്ക്കപ്പെട്ട വാസു.
പത്മകുമാറിന്റെ അറസ്റ്റും ചോദ്യം ചെയ്യലും കഴിഞ്ഞാൽ പ്രത്യേക അന്വേഷണസംഘം ഇപ്പോൾ സ്ഥാനം ഒഴിഞ്ഞ പ്രസിഡൻറ് പി എസ് പ്രശാന്തിലേക്ക് കടക്കും എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇതോടുകൂടി പിണറായി സർക്കാരിൻറെ കാലത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരിച്ച മൂന്ന് പ്രസിഡണ്ടുമാരും ജയിലിൽ ആകുന്ന അവസ്ഥയാകും ഉണ്ടാവുക. മുഖ്യമന്ത്രി പിണറായിക്കും സിപിഎം പാർട്ടി നേതാക്കൾക്കും ഇടതുമുന്നണിക്കും തന്നെ ശബരിമല സ്വർണ്ണ കൊള്ളയും അറസ്റ്റുകളും വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമായി ശബരിമല സ്വർണക്കൊള്ള മാറിക്കഴിഞ്ഞു. സിപിഎമ്മിന്റെ മുതിർന്ന നേതാക്കളാണ് ഈ കേസുകളിൽ അഴികൾക്കുള്ളിൽ ആയിട്ടുള്ളത്. അതുകൊണ്ടുതന്നെ സിപിഎം സഖാക്കൾക്ക് ന്യായവാദങ്ങൾ നിരത്തി സംഭവത്തെ മായിക്കുവാൻ കഴിയില്ല.
രണ്ടാം പിണറായി സർക്കാരിൻറെ പ്രവർത്തനകാലത്ത് സിപിഎമ്മിന്റെ നിരവധി നേതാക്കൾ അഴിമതി സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കേസുകളിൽ കുടുങ്ങുകയുണ്ടായി. സഹകരണ ബാങ്കുകളിലെ തട്ടിപ്പുകൾ കേരളത്തിൽ പലയിടത്തും ഉണ്ടായി. ഇതെല്ലാം കെട്ടിടങ്ങിയപ്പോൾ ആണ് ശബരിമലയിലെ സ്വർണ്ണ കൊള്ള സംബന്ധിച്ച കേസുകൾ പുറത്തുവന്നത്. ഭരണത്തിന്റെ സ്വാധീനത്താൽ ഒരു വിധത്തിലും രക്ഷപ്പെടാൻ കഴിയാത്ത വിധത്തിലേക്ക് സ്വർണ്ണ കൊള്ള കേസ് മാറിയതാണ് പിണറായി വിജയനും സിപിഎം നേതാക്കൾക്കും തലവേദന ഉണ്ടാക്കുന്നത്. ശബരിമല സ്വർണ്ണപ്പാളി മോഷണം സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലും നടപടികളിലും ആണ്. അതുകൊണ്ടുതന്നെ അധികാരം ഉപയോഗിച്ച് എന്തെങ്കിലും തടയിടാൻ ഒരു സാധ്യതയും ഇല്ലാതെയും വന്നു. ഇതാണ് ഇടതുമുന്നണിയെയും മുഖ്യമന്ത്രിയെയും അങ്കലാപ്പിൽ ആക്കുന്നത്.
കേരളത്തിൻറെ ചരിത്രത്തിൽ ഒരിക്കലും ഉണ്ടാവാത്ത സംഭവങ്ങളും കേസുകളും ആണ് ശബരിമല ധർമ്മശാസ്താ ക്ഷേത്രത്തിൽ നടന്ന സ്വർണ്ണ കൊള്ളയുടെ പേരിൽ പുറത്തുവന്നിരിക്കുന്നത്. സർക്കാരിനും പാർട്ടിക്കും എതിരെ ഉയരുന്ന ഏത് ആരോപണവും ന്യായീകരിച്ച് വിജയിക്കുന്ന സിപിഎമ്മിന്റെ സൈബർ പോരാളികൾ പോലും ശബരിമല വിഷയത്തിൽ നാവനക്കാതെ മൗനത്തിൽ ആയിരിക്കുകയാണ്. ഇതും സിപിഎമ്മിനെ വിഷമിപ്പിക്കുന്നുണ്ട്. ഇതിനിടയിലാണ് കമ്മ്യൂണിസ്റ്റുകാരായ ഈശ്വര വിശ്വാസികൾ പോലും ശബരിമല വിഷയത്തിൽ എതിരായ നിലപാട് സ്വീകരിക്കുന്നത്. മാത്രവുമല്ല കോടിക്കണക്കിന് വിശ്വാസികളുടെ ഇഷ്ട ദേവനായ ശബരിമല അയ്യപ്പസ്വാമി കള്ളന്മാരെ കയ്യോടെ പിടികൂടുകയാണ് ചെയ്യുന്നത് എന്ന് പറയുന്ന സ്ഥിതിയും വന്നിരിക്കുകയാണ്.